2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

അമേരിക്ക-താലിബാന്‍ ചര്‍ച്ചയ്ക്കു സമാപനം

 

ദോഹ: ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ രണ്ടാഴ്ചയിലേറെ നീണ്ടുനിന്ന അമേരിക്കയും താലിബാനും തമ്മിലുള്ള ചര്‍ച്ച ധാരണയിലെത്താതെ പിരിഞ്ഞു. സുപ്രധാന ഉടമ്പടികളിലോ ധാരണകളിലോ എത്തിയില്ലെങ്കിലും അന്തിമകരാര്‍ എന്ന ലക്ഷ്യത്തോട് അടുത്തതായി അമേരിക്കന്‍ വൃത്തങ്ങള്‍ അറിയിച്ചു.

ചര്‍ച്ച പൂര്‍ത്തിയാക്കി അഫ്ഗാന്‍ കാര്യങ്ങള്‍ സംബന്ധിച്ച അമേരിക്കയുടെ പ്രത്യേക പ്രതിനിധി സല്‍മയ് ഖാലിസാദ് ഇന്നലെ നാട്ടിലേക്കു മടങ്ങി. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അദ്ദേഹം വിദേശകാര്യ സെക്രട്ടറി മൈക് പോംപയോയെ ധരിപ്പിക്കും.
നേരത്തെ നടന്ന ചര്‍ച്ചകളുടെ രണ്ടാംഘട്ടമാണ് ഇന്നലെ സമാപിച്ചത്. നിശ്ചിത ദിവസങ്ങളുടെ ഇടവേളകള്‍ വിട്ട് 16 ദിവസമാണ് ആകെ ചര്‍ച്ച നീണ്ടത്. രാജ്യത്ത് സമാധാനം പുനസ്ഥാപിക്കലാണ് ആത്യന്തിക ലക്ഷ്യമെന്ന് ചര്‍ച്ചയില്‍ ഇരുവിഭാഗവും അംഗീകരിച്ചു.
ആക്രമണം അവസാനിപ്പിക്കല്‍, അധിനിവേശ സൈന്യത്തിന്റെ സമ്പൂര്‍ണ പിന്‍മാറ്റം, അഫ്ഗാന്‍ ആഭ്യന്തര സംവാദം, വ്യക്തമായ വെടിനിര്‍ത്തല്‍ എന്നീ നാലുഘടകങ്ങളെ കേന്ദ്രീകരിച്ചാണ് ചര്‍ച്ച പുരോഗമിച്ചത്. ഈ നാലുവിഷയങ്ങള്‍ സംബന്ധിച്ചും ഇരുവിഭാഗങ്ങള്‍ക്കിടയിലും തത്വത്തില്‍ ധാരണയായതായി ഖാലിസാദ് പിന്നീട് ട്വിറ്ററില്‍ കുറിച്ചു.
അഫ്ഗാനില്‍നിന്ന് മുഴുവന്‍ അധിനിവേശ സൈന്യത്തിന്റെയും പിന്‍മാറ്റത്തിനനുസരിച്ചാവും ചര്‍ച്ചയുടെ ഫലമെന്ന് താലിബാനും പ്രതികരിച്ചു.

കനത്ത സുരക്ഷയ്ക്കിടെ ദോഹയിലെ റിസോര്‍ട്ടിലാണ് ചര്‍ച്ചകള്‍ നടന്നത്. റിസോര്‍ട്ടില്‍ നിന്ന് അമേരിക്കന്‍ പ്രതിനിധികള്‍ പുറത്തുപോയതിനു പിന്നാലെ ചര്‍ച്ചയുടെ ഫലംസംബന്ധിച്ച് താലിബാന്‍ നേതാക്കള്‍ വിശകലനം നടത്തി.
അഫ്ഗാനില്‍നിന്ന് വിദേശസൈന്യം പൂര്‍ണമായും പിന്‍മാറണം, അഫ്ഗാന്റെ മണ്ണ് ഇനിയൊരു വിദേശരാജ്യം കളങ്കപ്പെടുത്തില്ലെന്നുമുള്ള ആവശ്യങ്ങളാണ് തങ്ങള്‍ മുന്നോട്ടുവച്ചതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത താലിബാന്‍ വക്താവ് സബീഹുല്ലാ മുജാഹിദ് പറഞ്ഞു.
ചര്‍ച്ചയില്‍ പുരോഗതിയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം അവസാനം ഇപ്പോള്‍ നടന്ന ചര്‍ച്ചകളുടെ ബാക്കിയുണ്ടാവുമെന്നാണ് കരുതുന്നത്. ചര്‍ച്ചയില്‍ ഒരിടത്തും അഫ്ഗാന്‍ സര്‍ക്കാര്‍ ഭാഗം അല്ലെങ്കിലും ചര്‍ച്ചയിലെ പുരോഗതിയെ പ്രസിഡന്റിന്റെ ഓഫിസ് സ്വാഗതം ചെയ്തു.

അതേസമയം യാതൊരു ധാരണകളുമില്ലാതെയാണ് ചര്‍ച്ച അവസാനിച്ചതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. സമ്പൂര്‍ണ സൈനിക പിന്‍മാറ്റത്തില്‍ താലിബാന്‍ ഉറച്ചുനിന്നതാണ് ചര്‍ച്ച നിശ്ചയിച്ചതിലും നീണ്ടുപോവാന്‍ കാരണമായത്.
2001ല്‍ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററിനു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട അല്‍ഖാഇദാ നേതാവ് ഉസാമാ ബിന്‍ലാദനെ പിടികൂടാന്‍ വേണ്ടിയെന്നവകാശപ്പെട്ടാണ് അഫ്ഗാനില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ അധിനിവേശം തുടങ്ങിയത്.
നീണ്ട അധിനിവേശത്തിനിടെ ഒരുലക്ഷത്തിലേറെ സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. ഇക്കാലയളവില്‍ 2,400 യു.എസ് സൈനികരും ആയിരത്തിലേറെ മറ്റു രാജ്യങ്ങളിലെ സൈനികരും കൊല്ലപ്പെട്ടു.

ഇതോടെയാണ് യു.എസ് തന്നെ ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചത്. നിലവില്‍ 14,000 യു.എസ് സൈനികരാണ് അഫ്ഗാനില്‍ കഴിയുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.