2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ആര്‍ജവം കാണിക്കണം, തലയുയര്‍ത്തി നില്‍ക്കണം

അമീര്‍#

 

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഇതാ വന്നെത്തി. ഇരുമുന്നണികളും മുന്നണികളിലെ പ്രധാന പാര്‍ട്ടികളും മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. കേരളത്തില്‍ എങ്ങനെയും ജയിച്ച് അക്കൗണ്ട് തുടങ്ങാനുള്ള തത്രപ്പാടിലാണ് ബി.ജെ.പിയും. എന്തു വിലകൊടുത്തും അതു തടയാനുള്ള തയാറെടുപ്പിലാണ് യു.ഡി.എഫും എല്‍.ഡി.എഫും. സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇരു മുന്നണികളിലും തുടങ്ങിക്കഴിഞ്ഞു. യു.ഡി.എഫ്, എല്‍.ഡി.എഫ് യോഗങ്ങള്‍ കഴിഞ്ഞദിവസം നടന്നു. എല്‍.ഡി.എഫ് നാലു പുതിയ ഘടകകക്ഷികളെ ഉള്‍പ്പെടുത്തി മുന്നണി വികസിപ്പിച്ചു. യു.ഡി.എഫ് ഘടകകക്ഷികളുടെ ശക്തിയിലുള്ള ആത്മവിശ്വാസവുമായി മുന്നോട്ടുപോകുന്നു.

യു.ഡി.എഫ് യോഗത്തില്‍ കേരള കോണ്‍ഗ്രസ് (എം) ഒരു സീറ്റ് കൂടുതല്‍ ചോദിച്ചിരിക്കുന്നു. മുസ്്‌ലിംലീഗാവട്ടെ സീറ്റ് കൂടുതല്‍ ചോദിച്ചിട്ടുമില്ല. ഉഭയകക്ഷി ചര്‍ച്ചയില്‍ ചോദിക്കുമെന്നാണ് കേള്‍ക്കുന്നത്. പക്ഷെ ദീര്‍ഘകാലത്തെ അനുഭവ വെളിച്ചത്തില്‍ ഒന്നു പറഞ്ഞോട്ടെ, ലീഗ് കൂടുതല്‍ സീറ്റ് ചോദിക്കില്ല. അണികളുടെ നിര്‍ബന്ധം സഹിക്കവയ്യാതാകുമ്പോള്‍ മൂന്നാമതൊരു സീറ്റ് കൂടി ചോദിച്ചു എന്ന് വരുത്തി ചര്‍ച്ചകള്‍ നടക്കും. ഒടുവില്‍ മുന്നണിയാണ് പ്രധാനമെന്നും ബി.ജെ.പിക്കെതിരേ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തലാണ് കാലഘട്ടത്തിനാവശ്യമെന്നും പറഞ്ഞു പ്രവര്‍ത്തകരെ സാന്ത്വനിപ്പിക്കുകയും രണ്ടു സീറ്റില്‍ ഒതുങ്ങുകയും ചെയ്യും.

കേരളപ്പിറവിക്കു ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പിലും മുസ്്‌ലിംലീഗിന് രണ്ടു സീറ്റുകള്‍ ഉണ്ടായിരുന്നു കേരളത്തില്‍. 18 പാര്‍ലമെന്റ് മണ്ഡലങ്ങള്‍ മാത്രം ഉണ്ടായിരുന്നപ്പോഴും മുസ്്‌ലിംലീഗിന് രണ്ടു സീറ്റും ഉണ്ടായിരുന്നു. കേരളപ്പിറവിക്കു മുമ്പ് മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നപ്പോള്‍ നിയമസഭയില്‍ അഞ്ചു സീറ്റുകളം പാര്‍ലമെന്റില്‍ ഒരു സീറ്റും ലീഗിനു സ്വന്തമായി ഉണ്ടായിരുന്നു. ബി. പോക്കര്‍ സാഹിബ് ആയിരുന്നു അന്ന് പാര്‍ലമെന്റ് അംഗം.

1956ല്‍ കേരളം പിറവികൊണ്ട ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പിലും ലീഗ് രണ്ടു സീറ്റുകളില്‍ മത്സരിച്ചിരുന്നു. മഞ്ചേരി, പൊന്നാനി സീറ്റുകളില്‍. പിന്നീട് മഞ്ചേരി മലപ്പുറമായി മാറിയപ്പോള്‍ മലപ്പുറം, പൊന്നാനി സീറ്റുകള്‍. ന്യായമായും ലീഗിന് അഞ്ചു സീറ്റുകള്‍ക്കുള്ള അര്‍ഹതയുണ്ട്. ജനസംഖ്യാനുപാതികമായി നോക്കിയാലും നിയമസഭയിലെ അംഗബലം വച്ചു നോക്കിയാലും. പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പാണ്. അവിടെ കോണ്‍ഗ്രസിനാണ് കൂടുതല്‍ സീറ്റു വേണ്ടത് എന്ന സാമാന്യമര്യാദ വച്ച് രണ്ടു സീറ്റുകളില്‍ ഒതുങ്ങി. ഇപ്പോള്‍ പക്ഷെ, കേന്ദ്രത്തിലും മുന്നണി സംവിധാനം വന്ന സ്ഥിതിക്ക് കോണ്‍ഗ്രസിനു തനിച്ചു ഭരിക്കാന്‍ കഴിയില്ല എന്നുറപ്പുള്ള സാഹചര്യത്തില്‍ ലീഗിനു ശക്തമായ വേരുകളുള്ള കേരളത്തില്‍ ന്യായമായും കൂടുതല്‍ സീറ്റുകള്‍ ലഭിക്കേണ്ടതാണ്. സി.പി.ഐ മുന്നണിയില്‍ ഉണ്ടായിരുന്നപ്പോഴും ലീഗിനു രണ്ടുസീറ്റുകളുണ്ടായിരുന്നു. അവര്‍ പോയപ്പോള്‍ അവര്‍ക്കുണ്ടായിരുന്ന സീറ്റുകള്‍ ആനുപാതികമായി ഘടകകക്ഷികള്‍ക്ക് അവകാശപ്പെട്ടതായിരുന്നു.

ഇതേക്കാളൊക്കെ അഭിമാനകരമായ ഒരു കാര്യം 1962ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റില്‍ മുസ്്‌ലിംലീഗ് തനിച്ചു മത്സരിച്ച് കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, ജനസംഘം എന്നീ പ്രബല ശക്തികളെയെല്ലാം പരാജയപ്പെടുത്തിയിരുന്നു എന്നതാണ്. ലീഗിന് എക്കാലത്തെയും അഭിമാനമായ സി.എച്ച് മുഹമ്മദ് കോയയായിരുന്നു ചരിത്രനേട്ടം നേടിക്കൊടുത്തത്. കോണ്‍ഗ്രസിന്റെ കെ.പി കുട്ടികൃഷ്ണന്‍ നായരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മഞ്ജുനാഥ റാവുവും ബി.ജെ.പിയുടെ ഭരതനുമായിരുന്നു അന്നത്തെ പ്രമുഖരായ മറ്റു സ്ഥാനാര്‍ഥികള്‍. അന്ന് സി.എച്ചിന് 1,04,277 വോട്ടും കുട്ടികൃഷ്ണന്‍ നായര്‍ക്ക് 89,332 വോട്ടും മഞ്ജുനാഥ റാവുവിന് 1,03,514 വോട്ടുമായിരുന്നു ലഭിച്ചത്. ഈ ചരിത്ര വിജയം ആഹ്ലാദാഭിമാനത്തോടെ ലീഗ് പ്രവര്‍ത്തകര്‍ മനസില്‍ സൂക്ഷിക്കുന്നു. അന്ന് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പിളര്‍ന്നിരുന്നില്ല. ജനസംഘം എന്നത് ഇന്നത്തെ ബി.ജെ.പിയുടെ പഴയ രൂപവും. അന്ന് ലീഗ് തനിച്ചു നേടിയ കോഴിക്കോട് സീറ്റെങ്കിലും ഈ മുന്നണി സംവിധാനത്തില്‍ ലീഗിന് അവകാശപ്പെട്ടതല്ലേ? ലീഗിന് ഏറെ വേരോട്ടമുള്ള വയനാട് സീറ്റിനും ന്യായമായും അവകാശവാദമുന്നയിക്കാവുന്നതല്ലേ?

മുന്നണി സംവിധാനത്തില്‍ വന്ന ശേഷം വിട്ടുവീഴ്ച എന്ന നിലയില്‍ കോഴിക്കോട് സീറ്റ് വിട്ടുകൊടുക്കുകയാണുണ്ടായത്. അനിവാര്യമായ ഒരു വിട്ടുവീഴ്ച തിരിച്ചും കാണിക്കാവുന്നതല്ലേ? ഓരോ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരുമ്പോഴും മൂന്നാമതൊരു സീറ്റ്, കോഴിക്കോട് സീറ്റ് എന്നൊക്കെ വാദങ്ങള്‍ ഉയര്‍ന്നുവരാറുണ്ട്. ഒടുവില്‍ അതൊക്കെ ആറിത്തണുക്കും. അല്ലെങ്കില്‍ തണുപ്പിക്കും. പാര്‍ലമെന്റ് മണ്ഡലങ്ങള്‍ 18ല്‍ നിന്ന് 20 ആയപ്പോള്‍ സ്വാഭാവികമായും മൂന്നു സീറ്റുകള്‍ ചോദിച്ചതാണ്. ഇതറിഞ്ഞിട്ടും അറിയാത്തതായി ഭാവിച്ചു പലരും. അര്‍ഹതയുണ്ടായിട്ടും കോഴിക്കോടും വയനാടും നല്‍കാതെ ഒരിക്കല്‍ വടകര സീറ്റ് കൊടുത്തു. ഒടുവിലത് സ്വതന്ത്രനു കൊടുക്കുകയും സീറ്റ് നഷ്ടപ്പെടുകയും ചെയ്തു. വടകര, കാസര്‍കോട് സീറ്റുകളല്ല കോഴിക്കോട്, വയനാട് സീറ്റുകളില്‍ ഏതെങ്കിലുമൊന്ന് ഇത്തവണ വേണമെന്ന് ലീഗ് അണികള്‍, പ്രത്യേകിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ശക്തമായി വാദിച്ചുതുടങ്ങിയിട്ടുണ്ട്. പക്ഷെ ഇതു പറഞ്ഞൊതുക്കാന്‍ നേതാക്കള്‍ക്കു കഴിയും. വടകരയും കാസര്‍കോടും മത്സരിച്ചാല്‍ ജയിക്കാന്‍ സാധ്യത കുറയുമെന്നും ഭീമമായ തുക ആവശ്യമായി വരുമെന്നും പറഞ്ഞു നേതാക്കള്‍ അണികളെ ശാന്തരാക്കും. ജയിക്കുന്നതു മാത്രമല്ലല്ലോ തെരഞ്ഞെടുപ്പ്. പരാജയപ്പെടുന്നതും പാര്‍ട്ടി പ്രവര്‍ത്തനത്തിന്, രാഷ്ട്രീയപ്രവര്‍ത്തനത്തിന് ആവശ്യമല്ലേ? ആത്മവിശ്വാസത്തോടെ പുതിയൊരു സീറ്റ് വാങ്ങാനുള്ള ആര്‍ജവം മുസ്‌ലിംലീഗ് നേതൃത്വം കാണിക്കേണ്ടിയിരിക്കുന്നു. സ്വന്തം ശക്തിയും വലിപ്പവും അറിയാതെപോകുന്നത് മാന്യതയല്ല, മാനക്കേടാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News