2019 June 18 Tuesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

Editorial

അലോക് വര്‍മയെ വീണ്ടും പുറത്താക്കിയത് സുപ്രിംകോടതി വിധി മറികടന്ന്


സുപ്രിംകോടതി വിധിയെതുടര്‍ന്ന് സി.ബി.ഐ ഡയരക്ടര്‍ അലോക് വര്‍മ തന്റെ സീറ്റില്‍ തിരിച്ചെത്തിയതായിരുന്നു. നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്ന് കോടതി വര്‍മയെ വിലക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിനെതിരേയുള്ള പരാതി പരിശോധിക്കാന്‍ സുപ്രിംകോടതി അധികാരപ്പെടുത്തിയ സെലക്്ഷന്‍ സമിതിയുടെ ഇന്നലെ രാത്രി ചേര്‍ന്ന യോഗത്തില്‍ ജസ്റ്റിസ് സിക്രിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ചേര്‍ന്ന് വര്‍മയെ വീണ്ടും പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കോടതി വിധിയുടെ മഷിയുണങ്ങും മുന്‍പ് ഇത്തരമൊരു തീരുമാനം വന്നത് സമിതിയിലെ മറ്റൊരംഗമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ എതിര്‍പ്പിനെ മറികടന്നാണ്. താല്‍കാലിക ഡയരക്ടര്‍ നാഗേശ്വര്‍റാവു പുറപ്പെടുവിച്ച സ്ഥലംമാറ്റ ഉത്തരവ് ജോലിയില്‍ പ്രവേശിച്ച ഉടന്‍ തന്നെ വര്‍മ റദ്ദാക്കിയതായിരുന്നു. കേന്ദ്ര സര്‍ക്കാരിന് അഭികാമ്യനാണ് റാവു. അദ്ദേഹത്തിന്റെ സ്ഥലംമാറ്റ ഉത്തരവുകള്‍ വര്‍മ റദ്ദാക്കിയതിലൂടെ കേന്ദ്രസര്‍ക്കാരുമായി യാതൊരു ഒത്തുതീര്‍പ്പിനുമില്ലെന്ന സന്ദേശമാണ് അദ്ദേഹം നല്‍കിയത്. എന്നാല്‍ ഇതേകാരണം കൊണ്ടു തന്നെയായിരിക്കണം അദ്ദേഹത്തെ പുറത്താക്കിയിട്ടുണ്ടാവുക.
വര്‍മയ്‌ക്കെതിരായ പരാതി മുദ്രവച്ച കവറിലാണ് വിജിലന്‍സ് കമ്മിഷണര്‍ നല്‍കിയിരുന്നത്. ആ റിപ്പോര്‍ട്ട് പരിശോധിച്ചാണ് വീണ്ടും വര്‍മയെപുറത്താക്കിയത്. അദ്ദേഹത്തെ ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ കേന്ദ്ര സര്‍ക്കാറിനു കഴിയാത്തതിനാലായിരിക്കണം സമിതി ഇത്തരമൊരു തീരുമാനമെടുത്തിട്ടുണ്ടാവുക. ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന്റെ ഉത്തരവിന്റെ മഹത്വം കളഞ്ഞുകുളിക്കുന്നതായി സമിതിയുടെ തീരുമാനം. ഈ മാസം അവസാനം വരെയായിരുന്നു വര്‍മയുടെ കാലാവധി. പക്ഷെ വീണ്ടുമൊരു പുറത്താക്കലിലൂടെ ഒരു തിരിച്ചുവരവ് ഇനി അദ്ദേഹത്തിന് അസാധ്യമായിരിക്കും.
ഗുജറാത്ത് കേഡറിലെ ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന രാകേഷ് അസ്താന സി.ബി.ഐയില്‍ സ്‌പെഷ്യല്‍ ഡയരക്ടറായി വന്നതിനു ശേഷമാണ് വര്‍മയും അസ്താനയും തമ്മിലുള്ള പോരു തുടങ്ങുന്നത്. മോദിക്ക് വളരെ പ്രിയപ്പെട്ട പൊലിസ് ഓഫിസറാണ് അസ്താന. പ്രധാനമന്ത്രിയുടെ താല്‍പര്യത്താലാണ് വളഞ്ഞ വഴിയിലൂടെ അസ്താന സി.ബി.ഐയില്‍ കയറിയതും. നേരത്തെ ഗോധ്ര കേസ് അന്വേഷണം അസ്താനയുടെ നേതൃത്വത്തിലാണ് നടന്നിരുന്നത്. അന്വേഷണത്തിനൊടുവില്‍ ഗുജറാത്തിലെ അന്നത്തെ നരേന്ദ്രമോദി സര്‍ക്കാറിന് ക്ലീന്‍ചിറ്റാണ് അസ്താന നല്‍കിയത്. ഇതിനുള്ള പാരിതോഷികമായിട്ടാണ് അസ്താനയ്ക്ക് സി.ബി.ഐയില്‍ നിയമനം നല്‍കിയത്. ഇതുകൊണ്ട് ബി.ജെ.പിക്ക് രണ്ടു ലക്ഷ്യമുണ്ടായിരുന്നു. ഗുജറാത്ത് കേഡറിലുള്ളവരെ സി.ബി.ഐയില്‍ നിറയ്ക്കുകയും അവരെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെയും അനുസരിക്കാത്ത മാധ്യമങ്ങളെയും റെയിഡുകള്‍ നടത്തി തകര്‍ക്കുകയും.
രണ്ടു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന വ്യവസായിയുടെ പരാതിയില്‍ അസ്താനയ്‌ക്കെതിരെ സി.ബി.ഐ കേസെടുത്തു. തനിക്കെതിരേ കേസ് വന്നപ്പോള്‍ ഡയരക്ടര്‍ അലോക് വര്‍മ അഴിമതിക്കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് അസ്താന പരാതി നല്‍കി. മൊഴി രേഖപ്പെടുത്തിയ സി.ബി.ഐ ഡി.വൈ.എസ്.പി ദേവേന്ദര്‍ കുമാറിനെ സി.ബി.ഐ തന്നെ അറസ്റ്റ് ചെയ്തു. വര്‍മയ്‌ക്കെതിരായ വ്യാജ പരാതിയുടെ കോപ്പി അസ്താന കാബിനറ്റ് സെക്രട്ടറിക്കു നല്‍കുകയും സെക്രട്ടറി അത് കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ക്കു കൈമാറുകയും ചെയ്തു. കമ്മിഷണറുടെ ശുപാര്‍ശയനുസരിച്ച് മോദി അസ്താനയ്ക്കു നിര്‍ബന്ധിത അവധി നല്‍കുകയും വര്‍മയെ ഡയരക്ടര്‍ സ്ഥാനത്തുനിന്ന് നീക്കുകയുമായിരുന്നു.
ഇതെല്ലാം ഒരു ഗൂഢാലോചനയുടെ ഫലമായിരുന്നുവെന്നാണ് വര്‍മയെ വീണ്ടും പുറത്താക്കിയതിലൂടെ തെളിയുന്നത്. വര്‍മ റാഫേല്‍ യുദ്ധവിമാന ഇടപാടു സംബന്ധിച്ച കേസിന്റെ ഫയല്‍ തുറക്കുമെന്ന സൂചന കിട്ടിയതിനെതുടര്‍ന്ന് സര്‍ക്കാരും കേന്ദ്ര വിജിലന്‍സ് കമ്മിഷനും എടുത്ത പാതിരാനടപടിയായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനഭ്രംശം. ഇതിനെതിരേയാണ് വര്‍മ സുപ്രിംകോടതിയെ സമീപിച്ചതും അനുകൂല വിധി സമ്പാദിച്ചതും. പക്ഷെ ഇന്നലെ രാത്രി ചേര്‍ന്ന മൂന്നംഗ സെലക്്ഷന്‍ സമിതിയില്‍ മോദിയും ജസ്റ്റിസ് സിക്രിയും അദ്ദേഹത്തെ വീണ്ടും പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു. വര്‍മയ്ക്കു പറയാനുള്ളതു കേള്‍ക്കാതെയാണ് അദ്ദേഹത്തെ പുറത്താക്കിയത്. അസ്താന നല്‍കിയ വ്യാജ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നടപടി വീണ്ടും വര്‍മയ്‌ക്കെതിരേ വന്നത്.
രാജ്യത്തെ പ്രമുഖ കുറ്റാന്വേഷണ ഏജന്‍സിയായ സി.ബി.ഐയെ പൊതുസമൂഹത്തിനിടയില്‍ വീണ്ടും വിശ്വാസ്യത നഷ്ടപ്പെട്ട സ്ഥാപനമാക്കി മാറ്റുകയാണ് ഇത്തരമൊരു നടപടിയിലൂടെ ബി.ജെ.പി സര്‍ക്കാര്‍. സി.ബി.ഐയെ കൈപ്പിടിയിലൊതുക്കാന്‍ ഇഷ്ടപ്പെട്ടവരെ സി.ബി.ഐയില്‍ കുത്തിനിറയ്ക്കുകയായിരുന്നു. അതില്‍ അസ്താനയെപ്പോലുള്ള അഴിമതിക്കാരുമുണ്ടായി. സി.ബി.ഐ തന്നെ രജിസ്റ്റര്‍ ചെയ്ത ആറ് അഴിമതിക്കേസില്‍ പ്രതിയാണ് സി.ബി.ഐയിലെ രണ്ടാമനായ അസ്താന എന്ന് വരുമ്പോള്‍ മഹത്തായ ഒരു സ്ഥാപനത്തിന്റെ ഇന്നത്തെ അവസ്ഥ കൂടുതല്‍ പരിതാപകരമാവാനാണ് ഇനി സാധ്യത. സത്യസന്ധമായ നിലപാടെടുക്കുന്നവരെ തന്നിഷ്ടപ്രകാരം നീക്കംചെയ്യുമ്പോള്‍ രാജ്യത്തെ നിയമസംവിധാനം നോക്കുകുത്തിയായി നില്‍ക്കില്ല എന്ന സന്ദേശം അലോക് വര്‍മ്മയുടെ തിരിച്ചുവരവിലൂടെ സുപ്രിംകോടതി നല്‍കിയിരുന്നു. എന്നാല്‍ ആ വിധിയാണിപ്പോള്‍ അട്ടിമറിക്കപ്പെട്ടിരിക്കുന്നത്.
ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വതന്ത്രവും ധീരവുമായ നിലപാടുകളാണ് ജനാധിപത്യ സംവിധാനത്തെ അര്‍ഥപൂര്‍ണമാക്കുന്നത്. ജനാധിപത്യത്തിനു പരുക്കേല്‍ക്കുമ്പോള്‍ ജനാധിപത്യത്തിലും ഭരണഘടനയിലുമുള്ള പൗരന്റെ വിശ്വാസ്യത അരക്കിട്ടുറപ്പിക്കാന്‍ സുപ്രിംകോടതിയുടെ ഇത്തരം വിധിപ്രസ്താവങ്ങള്‍ കാരണമാകാറുണ്ട്. എന്നാല്‍ അത്തരം പ്രതീക്ഷകള്‍ക്കു പോലും മങ്ങലേല്‍പ്പിക്കുന്നതായി രുന്നു ഇന്നലെ സെലക്ഷന്‍ സമിതിയെടുത്ത തീരുമാനം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.