2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

അലിന്‍ഡ് ഭൂമി: യു.ഡി.എഫ് സര്‍ക്കാര്‍ വീഴ്ചവരുത്തിയിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: അലിന്‍ഡ് ഫാക്ടറി തുറപ്പിക്കാന്‍ ശ്രമിച്ചത് ജീവനക്കാര്‍ക്ക് തൊഴില്‍ ഉറപ്പാക്കാന്‍ മാത്രമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതില്‍ യു.ഡി.എഫ് സര്‍ക്കാര്‍ വീഴ്്ച വരുത്തിയിട്ടില്ല. ഭൂമി വില്‍ക്കാന്‍ മാനേജ്‌മെന്റിന് അനുവാദം നല്‍കിയിട്ടില്ല. എല്ലാ തീരുമാനങ്ങളും എടുത്തത് തൊഴിലാളികളുമായി ആലോചിച്ചാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

പതിറ്റാണ്ടുകളോളം കൊല്ലത്തിന്റെ വ്യവസായ ഭൂപടത്തില്‍ തലയുയര്‍ത്തി നിന്നിരുന്ന കുണ്ടറയിലെ അലിന്‍ഡ് വീണ്ടും തുറന്നത് വിവാദത്തിലായിരിക്കുകയാണ്. വര്‍ഷങ്ങളോളം പൂട്ടിക്കിടന്ന കമ്പനി വീണ്ടും തുറന്നതിനു പിന്നില്‍ സ്ഥാപനത്തിന്റെ ഭൂമി വില്‍പന നടത്തി പണം തട്ടാനുള്ള സ്വകാര്യ ഗ്രൂപ്പിന്റെ ശ്രമമെന്ന ആരോപണമാണ് കമ്പനിയെ വിവദാത്തിന്റെ മുള്‍മുനയിലാക്കിയത്.

കമ്പനിയുടെ കോടിക്കണക്കിന് വിലവരുന്ന ഭൂമി വ്യവസായലോബി തട്ടിയെടുക്കാനുള്ള ശ്രമം നടക്കുന്നതായുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ അവഗണിച്ചെന്നാണ് വിവാദം.
ഒരുകാലത്ത് ജില്ലയുടെ ജീവനാഡിയായ അലുമിനിയം ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (അലിന്‍ഡ്) വീണ്ടും തുറന്നപ്പോള്‍ ഏറെ പ്രതീക്ഷകളാണ് നല്‍കിയത്. പാട്ടക്കാലാവധി കഴിഞ്ഞ കഴിഞ്ഞ സര്‍ക്കാര്‍ ഭൂമിയിലാണ് ഫാക്റ്ററി തുറക്കാന്‍ സൊമാനി ഗ്രൂപ്പിന് അനുമതി നല്‍കിയത്. വിവാദം ശക്തമായതോടെ വിവിധ കോണുകളില്‍ നിന്ന് വന്‍തോതിലുള്ള ഏതിര്‍പ്പുകളാണ് ഉണ്ടായിരിക്കുന്നത്.

സര്‍ക്കാര്‍ നടപടിക്കെതിരേ വി.എസ് അച്യുതാനന്ദന്‍ രംഗത്ത് വരികയും ഭൂമികച്ചവടമാണ് പ്രൊമോട്ടര്‍മാരുടെ ലക്ഷ്യമെന്ന് തുറന്നടിക്കുകയും ചെയ്തു. പാര്‍ട്ടിയുടെയും മുന്നണിയുടെയും നിലപാടുകളെ തുടര്‍ന്നാണ് കമ്പനി കൈമാറ്റത്തെ എതിര്‍ത്ത് സംസാരിച്ചതെന്നുമായിരുന്നു വി.എസ് വ്യക്തമാക്കിയത്. അലിന്‍ഡ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് മുന്‍ വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ പ്രതികരിച്ചത്. എന്നാല്‍ മണ്ഡലത്തിലെ ജനപ്രതിനിധിയായ മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മ ഇരുവരുടെയും നിലപാടുകളെ തള്ളി സൊമാലി ഗ്രൂപ്പിനെ ന്യായീകരിക്കുകയായിരുന്നു. തൊഴിലാളികളുടേയും സര്‍ക്കാരിന്റെയും കുടിശിക വ്യവസായഗ്രൂപ്പ് നല്‍കിയെന്നാണ് മന്ത്രി പ്രതികരിച്ചത്.

1948ല്‍ തിരുവിതാംകൂറിന്റെ വൈദ്യുതീകരണത്തിനാണ് അലിന്‍ഡ് സ്ഥാപിച്ചത്. 1984 ഓടെ നഷ്ടത്തിലായ കമ്പനിയെ പീഡിത വ്യവസായമായി പ്രഖ്യാപിക്കുകയും കമ്പനികളുടെ കേസുകള്‍ പ രിഗണിക്കുന്ന കോടതി ബി.ഐ.എഫ്.ആര്‍ അലിന്‍ഡയെ 10 വര്‍ഷം കൊണ്ട് ലാഭത്തിലാക്കാന്‍ സോമാനി ഗ്രൂപ്പിനെ ഏല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ കമ്പനിക്ക് 141 കോടി ബാധ്യതയുണ്ടാക്കി ആസ്തിയും കൈക്കലാക്കി സോമാനി കടന്നു. ഇവരാണ് ഭൂമി വിലയിലുണ്ടായ വര്‍ധനയെത്തുടര്‍ന്ന് കമ്പനിയുടെ 152 ഏക്കറില്‍ കണ്ണുംനട്ട് ഇപ്പോള്‍ കമ്പനിയെ വിഴുങ്ങാന്‍ എത്തിയിരിക്കുന്നതെന്ന് ആരോപണം.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.