2019 February 20 Wednesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

അക്ഷരമുറ്റത്തും തീവ്രവാദത്തിന്റെ രൗദ്രത

അഭിമന്യുവിന്റെ വധം മതവിശ്വാസവുമായി കൂട്ടി വായിക്കുന്നതും അതിനെ ആരോപിക്കുന്നതും ശരിയല്ല. പോപ്പുലര്‍ ഫ്രണ്ടിന് ഫാസിസത്തെ നേരിടുമ്പോള്‍ ജിഹാദും മതേതരത്വത്തോട് ഏറ്റുമുട്ടുമ്പോള്‍ രാഷ്ട്രീയവും സമുദായത്തോട് നേരിടുമ്പോള്‍ പുരോഗമനവുമാണ്. അഭിമന്യുവിന്റെ കൊല വാഗ്ദത്ത സ്വര്‍ഗം നേടാനല്ല. അങ്ങനെ ഒരു സ്വര്‍ഗം എവിടെയും മതം വച്ചുനീട്ടുന്നില്ല. കാംപസിനകത്ത് ഇടം നേടാന്‍ കൊന്നിട്ടാണെങ്കിലും റൂട്ട് തെളിയിക്കുകയാണ് തീവ്രവാദ നേതൃത്വം
.

നാസര്‍ ഫൈസി കൂടത്തായി 94473382466

”അനൈവരും ജീവിക്കാന്‍ ഏറ്റ ഊരാക സമൂഹമാകെമാറാന്‍ പുതുതലമുറ തയ്യാറാകണം. മത-തീവ്രവാദത്തില്‍നിന്നും നാട്ടെ നാം പാതുകാക്കണം. ജാതി മതം ചിന്തനൈ പുതുതലമുറക്കും വളാകത്തുക്കള്‍ കടത്തിവിടുന്നവര്‍ക്കെതിരെ മുന്‍ എച്ചിരി മുതയാ ഇരിക്കണം” അഭിമന്യു മരണത്തിന് മുമ്പ് കോവിലൂരില്‍ നടത്തിയ പ്രസംഗമാണ് ഈ തമിവും മലയാളവും കലര്‍ന്ന വാക്കുകള്‍. മണിക്കൂറുകള്‍ക്ക് ശേഷം തീവ്രവാദത്തിന്റെ അതേ കഠാര തനിക്ക് നേരെ കുത്തിയിറങ്ങി. പഠിക്കാന്‍ മിടുക്കനും സല്‍സ്വഭാവിയുമായ ഈ അഭിമന്യു പ്രാരാബ്ധത്തിന്റെ പത്മവ്യൂഹം ഭേദിച്ചാണ് മഹാരാജാസിലെത്തുന്നത്. നിറഞ്ഞ ചിരിയിലൂടെ കാംപസിന്റെ മനം കവര്‍ന്ന ചെറുപ്പക്കാരന്‍. രാഷ്ട്രീയമായ എന്തൊക്കെ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും കൊന്ന് തള്ളാന്‍ മാത്രം അപരാധിയായി വേട്ടക്കാരുടെ മനസ്സില്‍ സ്ഥാനം പിടിച്ചെങ്കില്‍ തങ്ങളല്ലാത്ത എല്ലാവരെയും പകയോടെയും വിദ്വേഷത്തോടെയും സമീപിക്കുന്ന തീവ്രവാദം രൗദ്രഭാവം പൂണ്ടിരിക്കുന്നു എന്നതിന് തെളിവായി വേണം ഇതിനെ കാണാന്‍. തീവ്രവാദികളുടെ പൊതുസ്വഭാവം വെറുപ്പും ശത്രുതയും യാതൊരു വിനയവുമില്ലായ്മയുമാണ്. അവര്‍ക്ക് ആരെയും വിമര്‍ശിക്കാം. എന്നാല്‍ അവരെ വിമര്‍ശിക്കുന്നവരെ അവര്‍ ഭത്സിക്കുകതന്നെ ചെയ്യും.

ആഗോള ഭീകര സംഘങ്ങളെയും നേതാക്കളെയും റോള്‍മോഡലാക്കിയാണ് ഇവര്‍ അവതരിപ്പിക്കുന്നത്. എന്‍.ഡി.എഫിന്റെ മുഖപത്രമായ തേജസിന്റെ പത്രാധിപ സമിതി അംഗമായിരുന്ന ആസിഫ് എഴുതിയ ‘താലിബാന്‍ നേര്‍ചിത്രങ്ങളുടെ ആല്‍ബം’ എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ താലിബാന്‍ നായകന്‍ മുല്ല ഉമറിനെ അമീറുല്‍ മുഅ്മിനീന്‍ മുഹമ്മദ് ഉമര്‍’ എന്നാണ് തുടര്‍ന്ന് എഴുതുന്നത്. ’21 ാം നൂറ്റാണ്ടിലെ സൈനിക ശാസ്ത്രീയ സാമ്പത്തിക രാഷ്ട്രീയ ശക്തിയായ അമേരിക്കയുടെ മൂക്കിനിടിച്ച് ചോരയൊലിപ്പിച്ച ഈ തെമ്മാടികള്‍, അല്ലെങ്കില്‍ ചുണക്കുട്ടികള്‍ ആരാണെന്ന നിഷ്പക്ഷ ലോകത്തിന്റെ കൗതുകമാണ് ഈ കൃതിക്ക് പ്രചോദനം’ (സര്‍ജ് ബുക്‌സ്, ചാവക്കാട് 2003).
ഇത്തരം കാര്യങ്ങളോട് സംഘടനക്ക് ഉത്തരവാദിത്വമില്ലെന്ന് പറഞ്ഞൊഴിയുന്നവരാകാം എന്‍.ഡി.എഫ് നേതൃത്വം. അഭിമന്യുവിന്റെ കൊല നടത്തിയ കാംപസ് ഫ്രണ്ടും സ്വതന്ത്ര സംഘടനയാണ് പോപുലര്‍ ഫ്രണ്ടിന് അതില്‍ ഉത്തരവാദിത്വമില്ലെന്ന് പറഞ്ഞതും വിസ്മരിച്ചു കൂടാ. അഭിമന്യു കൊല്ലപ്പെട്ടത് പ്രതിരോധത്തിന്റെ ഭാഗമായി ചിത്രീകരിക്കാനും ഇതേ നേതൃത്വം തൊലിക്കട്ടി കാട്ടിയിട്ടുണ്ട്. നാട്യങ്ങളും പൊയ്മുഖങ്ങളും പൊളിഞ്ഞുവീണിട്ടുണ്ട് പലപ്പോഴും. വേളത്ത് നസ്‌റുദ്ദീന്‍ എന്ന മുസ്്‌ലിം യുവാവിനെ അടിവയറ്റില്‍ കുത്തി കുടല്‍ പുറത്ത് ചാടിച്ചുകൊല നടത്തിയ നരാധമന്മാരെ തുടക്കത്തില്‍ തള്ളിപ്പറയാനും ഒരു ഘട്ടം സംഘടനയില്‍നിന്ന് പുറത്താക്കാനും നേതൃത്വം നടാകം കളിച്ചു. നസ്‌റുദ്ദീന്റെ കൊലയെ തുടര്‍ന്ന് ജനകീയ ഉപരോധത്താല്‍ ശ്വാസം മുട്ടിയ സംഘം ഒളിഞ്ഞുനിന്ന് എല്ലാം കാണുകയായിരുന്നു. നാടകത്തിന് തിരശ്ശീല വീണപ്പോള്‍ കൊലയാളി സംഘത്തെ രക്ഷിക്കാന്‍ അണിയറയില്‍ കോപ്പുകൂട്ടി. നസീറുദ്ദീന്റെ ഘാതകര്‍ക്ക് വേണ്ടി ലക്ഷങ്ങള്‍ ചെലവിടുന്നതും പണക്കെട്ടില്‍ പ്രഗത്ഭ വക്കീലിനെ നല്‍കി കേസ് നടത്തുന്നതും ആരാണെന്ന് അന്വേഷിച്ചാല്‍ ഈ നാടകം പൊളിച്ചെഴുതാനാകും.

അഭിമന്യുവിനെ കൊന്നത് പ്രതിരോധത്തിന്റെ ഭാഗമാണെന്നാണ് നേതൃത്വത്തിന്റെ ന്യായീകരണം. കാംപസിലെ അടിപിടിയില്‍ ഭയന്നോടിയ സംഘത്തെ ആയുധവുമായി പിന്തുടര്‍ന്ന് പുറമെയുള്ള സംഘം കുത്തി ക്കൊലപ്പെടുത്തുന്നത് എങ്ങനെയാണ് പ്രതിരോധമാവുന്നത് എന്ന് മനസിലാവുന്നില്ല. പ്രതിരോധത്തിന്റെ നിര്‍വചനം തലകീഴായി മറിക്കപ്പെടുന്നതാണിവിടെ. തങ്ങള്‍ ചെയ്തുകൂട്ടുന്ന കലാപങ്ങളും പ്രതിരോധത്തിന്റെ ലിസ്റ്റില്‍പ്പെടുത്താന്‍ പാടുപെടുകയാണിവര്‍. മുമ്പ് 2007 ല്‍ ‘പ്രതിരോധം അപരാധമല്ല’ എന്ന പേരില്‍ ഒരു കാംപയിന്‍ ആചരിച്ചിരുന്നു എന്‍.ഡി.എഫ്. അതിന്റെ ലഘുലേഖയില്‍ എട്ടാം പേജില്‍ അവകാശപ്പെട്ടത് ഇങ്ങനെ: ‘മൂന്ന് തരത്തിലാണ് എന്‍.ഡി.എഫ് രാജ്യവും മുസ്്‌ലിം സമൂഹവും നേരിടുന്ന വെല്ലുവിളിയെ അഭിമുഖീകരിച്ചത്. അതില്‍ പ്രധാനമായത് പേടിച്ചരണ്ട ഒരു സമൂഹത്തെ ധീരരാക്കി മാറ്റി എന്നതായിരുന്നു. കേരളത്തിലെ മുസ്്‌ലിം സമൂഹത്തിന്റെ ആത്മവിശ്വാസം പുനഃസ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ ഒരു വ്യാഴവട്ടത്തിനിടയില്‍ എന്‍.ഡി.എഫ് ചെയ്തത്.’

എന്‍.ഡി.എഫ് ഏറ്റെടുത്തതും മറ്റുള്ളവര്‍ കൃത്യമായി ആരോപിക്കുന്നതുമായ നിരവധി ഓപ്പറേഷനുകള്‍ ഇവര്‍ നടത്തി. മാറാടിന്റെ ഉത്തരവാദിത്വം എറ്റെടുക്കില്ലെങ്കിലും പരോക്ഷമായ ബന്ധം സര്‍വാംഗീകൃതമാണ്. സ്വന്തം വീടും സ്വത്തുംവിട്ട് മാറാട്ടുകാര്‍ അഭയാര്‍ഥികളായി. സര്‍ക്കാരിന്റെ നോട്ടുകെട്ടിന്റെ ബലത്തിലാണ് അവര്‍ക്ക് തിരിച്ചുവരാന്‍ കഴിഞ്ഞത്. പുന്നാട് അശ്വനികുമാര്‍ കൊല്ലപ്പെട്ടത് ആഘോഷമാക്കിയ സംഘ്പരിവാര്‍ മുസ്്‌ലിംകളുടെ വീടുകള്‍ തെരഞ്ഞ് അക്രമിച്ചപ്പോള്‍ പേടിച്ചരണ്ട സ്ത്രീകള്‍ ഉള്‍പ്പടെയുള്ള മുസ്്‌ലിം സമൂഹത്തെ ധീരരാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ലെന്ന് മാത്രമല്ല, കേഡറുകളെല്ലാം നാടുവിട്ടു. തിരൂരും താനൂരും കോട്ടക്കലും സംഘ്പരിവാറും പൊലിസും അഴിഞ്ഞാടാന്‍ അവസരം നല്‍കിയ മതതീവ്രവാദികള്‍ സ്വയം രക്ഷതേടി ഓടിപ്പോയപ്പോള്‍ ഇരകളായി വേട്ടക്കാര്‍ക്ക് മുന്‍പില്‍ പെട്ടത് നിരപരാധികളായ മുസ്്‌ലിം സമുദായമാണ്. നിര്‍ഭയത്വവും നിസാഹയതയും ക്ഷണിച്ചുവരുത്തി സമര്‍പ്പിച്ചവര്‍ അതിനെയൊക്കെ പ്രതിരോധമെന്ന് പേരിട്ട് വിളിക്കുമ്പോള്‍ കാംപസിലെ രാഷ്ട്രീയ അടിപിടിയില്‍ അവസാനിക്കേണ്ട വിഷയത്തെ പിന്തുടര്‍ന്ന് അഭിമന്യുവിനെയും മറ്റുള്ളവരെയും കൊല്ലാന്‍ കഠാര ഉയര്‍ത്തിയതിനെ പ്രതിരോധമായ ചിത്രീകരിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
ഒരു വ്യക്തിയെ അന്യായമായി കൊലപ്പെടുത്തുന്നത് മനുഷ്യരെ ഒന്നടങ്കം കൊലപ്പെടുത്തുന്നതിന് തുല്യമായിട്ടാണ് ഇസ്്‌ലാം കാണുന്നത്. മനുഷ്യനെ കൊലപ്പെടുത്തുന്നത് നിഷിദ്ധമാക്കുന്ന നിരവധി സൂക്തങ്ങള്‍ ഖുര്‍ആനിലും പ്രവാചകാധ്യാപനത്തിലും കാണാം. മതപരമോ രാഷ്ട്രീയമോ ആയ ഏത് പദവിയിലായിരിക്കുന്ന ആള്‍ക്കും മറ്റൊരാളെ കൊല്ലുവാന്‍ അധികാരം നല്‍കിയിട്ടില്ല. ന്യായത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഇസ്്‌ലാം ഒരാളുടെ ജീവഹത്യക്ക് അനുവാദം നല്‍കിയിട്ടുള്ളൂ. ഖുര്‍ആന്‍ പറയുന്നു: അല്ലാഹു പവിത്രമാക്കിയ ഒരു ജീവനേയും അന്യായമായി കൊന്ന് കളയരുത്.” (അല്‍അന്‍ആം 151)

ന്യായമായ വധം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് വധശിക്ഷയാണ്. അതിനുള്ള അധികാരമാകട്ടെ ഭരണകൂടത്തിന് മാത്രമുള്ളതാണ്. ഏതെങ്കിലും വ്യക്തികള്‍ക്കോ സംഘടനക്കോ അതിനുള്ള അധികാരം നല്‍കിയിട്ടില്ല. ഭരണകൂടം ഏതെങ്കിലും വ്യക്തിയെ വധിക്കാന്‍ തീരുമാനമെടുക്കുന്നത് കോടതി മുഖേനയായിരിക്കണം. നിയമപ്രകാരമുള്ള നടപടികളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം കോടതി വധശിക്ഷ വിധിച്ചാല്‍ ആ വിധി നടപ്പിലാക്കേണ്ടത് ഭരണകൂടമാണ്. കോടതി വധശിക്ഷ വിധിക്കാത്ത കാലത്തോളം വധിക്കാന്‍ ഭരണകൂടത്തിന് പോലും അധികാരമില്ല. കുറ്റം സംശയാതീതമായി തെളിയിക്കുകയോ കുറ്റുവാളിയുടെ അനന്തരാവകാശികള്‍ നഷ്ടപരിഹാരംകൊണ്ട് തൃപ്തിപ്പെടുകയോ അനന്തരാവകാശികള്‍ കുറ്റവാളിക്ക് മാപ്പ് കൊടുക്കുകയോ ചെയ്താലും വധശിക്ഷ നടപ്പിലാക്കുവാന്‍ പാടില്ല. ഇവിടെ അന്യരായ സംഘടനക്കോ സംഘത്തിനോ യാതൊരു ഇടപെടലുമില്ല. കൊല ചെയ്യപ്പെട്ടവന്റെ വിശ്വാസമാണ് എന്ന് കരുതി തന്റെ സംഘടനയില്‍ പെട്ടവര്‍ കൊലയാളിയെ തിരിച്ചുകൊല്ലാന്‍ യാതൊരു ന്യായവും ഇസ്്‌ലാമില്ല.’ പ്രതിക്രിയയില്‍ ജീവിതമുണ്ടെന്ന്’ ഖുര്‍ആന്‍ പറഞ്ഞതും ഇതേ അര്‍ഥത്തിലാണ്.

ഒരിടത്ത് നടക്കുന്ന അക്രമത്തിന് മറ്റൊരിടത്ത് പ്രതികാരം ചെയ്യുന്നതാണ് തീവ്രവാദത്തിന്റെ വേറൊരു നിലപാട്. ഇതിന് പല രൂപങ്ങളുമുണ്ട്. മതപരമോ ഭാഷാപരമോ ഭൂമിശാസ്ത്രപരമോ ആയ വ്യത്യസ്തതയുടെ അടിസ്ഥാനത്തില്‍ ഒരിടത്ത് ഒരുവിഭാഗം മറ്റൊരു വിഭാഗത്തെ അക്രമിക്കുന്നു. അക്രമിക്കപ്പെട്ട വിഭാഗം അവിടെ ന്യൂനപക്ഷവും ദുര്‍ബലവുമാണ്. എന്നാല്‍ മറ്റൊരിടത്ത് ഇവരോട് ബന്ധമുള്ള ആളുകള്‍ ശക്തരാണ്. അക്രമികളുമായി ബന്ധമുള്ള വിഭാഗം ബലഹീനരും. അതിനാല്‍ ആ പ്രദേശത്ത് അക്രമിക്കപ്പെട്ടവരുമായി ബന്ധമുള്ള ആളുകള്‍ അക്രമികളുമായി ബന്ധമുള്ളവരോട് പ്രതികാരം ചെയ്യുന്നു. ഇതിനെ ഒരുനിലക്കും ഇസ്‌ലാം അംഗീകരിക്കുന്നില്ല. അക്രമം ചെയ്തവരോട് മാത്രമേ ഇസ്്‌ലാമികദൃഷ്ട്യാ പകരം ചെയ്യാന്‍ അവകാശമുള്ളൂ. ഈ അവകാശത്തിന് തന്നെ നിയമപരിരക്ഷയുണ്ട്. അക്രമികളോട് പ്രതികാരം ചെയ്യുന്നതിന് പകരം അവരുമായി മതപരമോ വംശപരമോ ഭൂമിശാസ്ത്രപരമോ ആയ ബന്ധമുണ്ടെന്നതിന്റെ പേരില്‍ മറ്റുള്ളവരോട് പ്രതികാരം ചെയ്യുന്നത് ഇസ്്‌ലാം അനുവദിക്കുന്നില്ല. അക്രമികളെ മാത്രം പ്രതികാരം ചെയ്യാം. അതും ഭരണകൂടത്തിന്. ഭരണകൂടത്തിനുപോലും അക്രമിയെ കിട്ടിയില്ലെങ്കില്‍ തന്റെ സംഘത്തിലെ സമാനരായ ആരെയെങ്കിലും വധിക്കാന്‍, പ്രതികാരം ചെയ്യാന്‍ അനുവദനീയമല്ലതാനും.

തീവ്രവാദം പല പേരുകളിലുമാണ് രംഗപ്രവേശം ചെയ്യുന്നത്. ഓരോ രാജ്യത്തിനും പ്രവര്‍ത്തിക്കാവുന്ന രീതിയില്‍ അജണ്ടയും മുന്നോട്ടുവയ്ക്കും. എവിടെയാണോ തങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ആ പ്രദേശത്തിന്റെ സ്വഭാവത്തിനും കാലഘട്ടത്തിനും അനുസരിച്ച് രൂപം മാറാന്‍ അതിനു കഴിയും. 1999 ല്‍ അബൂമുസ്അബ് സര്‍ഖാവിയുടെ ജമാഅത്തു തൗഹീദ്, തുടര്‍ന്ന് ഇറാഖിലെ അല്‍ഖൈദ, 2006 ലെ മജ്‌ലിസ് ശൂറ അല്‍മുജാഹിദ്, സര്‍ഖാവിക്കുശേഷം 2006 ഇറാഖിലെ ഇസ്്‌ലാമിക് സ്റ്റേറ്റ്, 2013 ല്‍ രൂപം കൊണ്ട ഇറാഖിലെയും സിറിയയിലെയും ഐ.എസ്.ഐ.എസ്, ഇത്തരം പടംപൊഴിക്കലുകള്‍ തീവ്രവാദത്തിന്റെ പൊതുസ്വഭാവമാണ്. കേരളത്തിന്റെ പശ്ചാത്തലത്തില്‍ 1990 ല്‍ രഹസ്യവിങും തുടര്‍ന്ന് ജില്ലകളില്‍ മൈമയും വൈമയും തൈമയും കൈമയുമായി പ്രവര്‍ത്തിച്ചുവന്നു.1993 ല്‍ എന്‍.ഡി.എഫും പിന്നീട് 2006 ല്‍ പോപ്പുലര്‍ ഫ്രണ്ടായിരുന്ന രൂപ്പപെട്ടു. എന്‍.ഡി.എഫിനെപോലെ വിവിധ സംസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സംഘങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടായി പിന്നെ രൂപം പ്രാപിച്ചു. 2009 ജൂണില്‍ ഇതിന്റെ രാഷ്ട്രീയ രൂപമായ എസ്.ഡി.പി.ഐ നിലവില്‍ വന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ഥി പ്രസ്ഥാനമാണ് കാംപസ് ഫ്രണ്ട്. വനിതകള്‍ക്ക് നാഷനല്‍ വിമെന്‍സ് ഫ്രണ്ടും പണ്ഡിതന്മാര്‍ക്ക് ഇമാം കൗണ്‍സിലും തൊഴിലാളികള്‍ക്ക് സ്വന്തമായും ഒക്കെ സംഘടനകളുണ്ട്. തീവ്രവാദത്തെ നിരോധിക്കുന്നത് ഫലപ്രദമാണെന്ന് തോന്നുന്നില്ല. ഫാസിസവും തീവ്രവാദവും രൂപപരിണാമം നേടി ഇവിടെ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കും. പിരിഞ്ഞുപോവാന്‍ കാരണം കിട്ടാന്‍ കൊതിച്ച ഐ.എസ്.എസ് ബാബരി ധ്വംസനത്തില്‍ ആര്‍.എസ്.എസിനെ നിരോധിച്ചപ്പോള്‍ തൂക്കമൊപ്പിക്കാന്‍ ഐ.എസ്.എസും ഉള്‍പ്പെട്ടത് അനുഗ്രഹമായി. എന്നാല്‍ ആര്‍.എസ്.എസിന് അതൊരു കോട്ടവും ഉണ്ടാക്കിയിട്ടില്ല. ഐ.എസ്.എസിന്റെയും സിമിയുടെയും പരാജയം പഠിച്ചു തിരുത്തിയും പോരായ്മകള്‍ പരിഹരിക്കാന്‍ തികഞ്ഞ ഹോംവര്‍ക്കും നടത്തിയാണ് എന്‍.ഡി.എഫ് ഉണ്ടാക്കിയത്. നിരോധനം ആര്‍.എസ്.എസിന് ഭീഷണിയല്ലെന്നപോലെ എന്‍.ഡി.എഫിന് അത് ഭീഷണിയല്ല. മറ്റൊരു രൂപത്തില്‍ രംഗപ്രവേശം ചെയ്യും.

തീവ്രവാദത്തെ സഹായിക്കുന്ന സാംസ്‌കാരിക മതേതര നായകന്മാരുണ്ട്. അവരുടെ വേദികളില്‍ പങ്കെടുത്ത് തീവ്രവാദപ്രവണതകളെ പുരോഗമനമായി മാര്‍ക്കിട്ട് കൈയടിയും കൈപ്പടിയും വാങ്ങിക്കൊടുത്ത വേദിയും തേടി നടക്കുന്നവര്‍. ഇത്തരക്കാരെ മതേതര വിശ്വാസികള്‍ മാറ്റിനിര്‍ത്തണം. അഭിമന്യുവിന്റെ വധം മതവിശ്വാസവുമായി കൂട്ടി വായിക്കുന്നതും അതിനെ ആരോപിക്കുന്നതും ശരിയല്ല. പോപ്പുലര്‍ ഫ്രണ്ടിന് ഫാസിസത്തെ നേരിടുമ്പോള്‍ ജിഹാദും മതേതരത്വത്തോട് ഏറ്റുമുട്ടുമ്പോള്‍ രാഷ്ട്രീയവും സമുദായത്തോട് നേരിടുമ്പോള്‍ പുരോഗമനവുമാണ്. അഭിമന്യുവിന്റെ കൊല വാഗ്ദത്ത സ്വര്‍ഗം നേടാനല്ല. അങ്ങനെ ഒരു സ്വര്‍ഗം എവിടെയും മതം വച്ചുനീട്ടുന്നില്ല. കാംപസിനകത്ത് ഇടം നേടാന്‍ കൊന്നിട്ടാണെങ്കിലും റൂട്ട് തെളിയിക്കുകയാണ് തീവ്രവാദ നേതൃത്വം.

കാംപസ് പശ്ചാത്തലവും തിരുത്തപ്പെടേണ്ടതുണ്ട്. തങ്ങളുടേതല്ലാത്ത കൊടിയും ചുമരെഴുത്തും തെരഞ്ഞെടുപ്പും പാടില്ലെന്ന രാഷ്ട്രീയ ഫാസിസം പല കാംപസിലും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കോളജില്‍ ഹീറോയാവാന്‍ കൈയൂക്ക് രാഷ്ട്രീയത്തെ പുല്‍കി സാന്നിധ്യം അറിയിക്കാം. അല്ലെങ്കില്‍ അന്തര്‍മുഖനായി ഒതുങ്ങിക്കൂടാം. ഈ പ്രവണതയാണ് ഫാസിസ്റ്റ് തീവ്രവാദ സംഘങ്ങളെ വളര്‍ത്താന്‍ ഇടയാക്കുന്നത്. ഇത് എസ്.എഫ്.ഐ അവസാനിപ്പിച്ചേ മതിയാകൂ. എല്ലാവരേയും ഉള്‍ക്കൊള്ളാനുള്ള മനസ്ഥിതി ഉണ്ടാവണം. പഠിക്കാനും പോരാടാനും കഴിയണം. അന്യനെ തകര്‍ക്കലും മസില്‍പവര്‍ കാണിക്കലും അല്ല പോരാട്ടം. നീതിയുടെയും മാനവികതയുടെയും സഹിഷ്ണുതയുടെയും കൂടെ നിന്നാവണം സമരം. രക്തരൂക്ഷിതമല്ല; രക്തരഹിതമാവണം വിപ്ലവം. കാംപസുകള്‍ അതായാല്‍ അഭിമന്യുമാര്‍ നമുക്ക് നഷ്ടപ്പെടില്ല.

 


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.