2019 March 24 Sunday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

ഒന്നിച്ചു നേരിടും; യു.പിയില്‍ എസ്.പി-ബി.എസ്.പി സഖ്യം

  • സഖ്യം മോദിയുടെ ഉറക്കം കെടുത്തുമെന്ന് മായാവതി

ലഖ്‌നോ: ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ മഹാസഖ്യം പ്രഖ്യാപിച്ച് ബി.എസ്.പിയും സമാജ് വാദി പാര്‍ട്ടിയും. എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബി.എസ്.പി നേതാവ് മായാവതിയാണ് സഖ്യം പ്രഖ്യാപിച്ചത്.

മഹാസഖ്യം മോദിയുടേയും അമിത്ഷായുടേയും ഉറക്കം കെടുത്തുമെന്ന് ഇരുനേതാക്കളും പറഞ്ഞു.

ഇരുകക്ഷികളും 38 വീതം സീറ്റുകളിലാവും മത്സരിക്കുക. സോണിയാ ഗാന്ധിയുടെയും രാഹുല്‍ഗാന്ധിയുടെയും പരമ്പരാഗത മണ്ഡലങ്ങളായ റായ്ബറേലിയും അമേത്തിയും ഇരുകക്ഷികളും ഒഴിച്ചിടും. ബാക്കിവരുന്ന നാലുസീറ്റുകള്‍ ആര്‍.എല്‍.ഡിക്കും നല്‍കിയേക്കും.

കഴിഞ്ഞ വര്‍ഷമാണ് അഭിപ്രായഭിന്നതകള്‍ മാറ്റിവെച്ച് എസ് പിയും ബി എസ് പിയും കൈകോര്‍ത്തത്. സഖ്യം മൂന്ന് ഉപതിരഞ്ഞെടുപ്പുകളില്‍ വിജയം നേടുകയും ചെയ്തിരുന്നു.

80 ലോക്‌സഭാ സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ 71 സീറ്റുകളിലാണ് ബി.ജെ.പി വിജയിച്ചത്. ദക്ഷിണേന്ത്യയില്‍നിന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നും കാര്യമായ പിന്തുണ ലഭിക്കാനിടയില്ലാത്ത സാഹചര്യത്തില്‍ ബി.ജെ.പി ഏറ്റവുമധികം പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന ഉത്തര്‍പ്രദേശില്‍ എസ്.പിയും ബി.എസ്.പിയും ഒന്നിക്കുന്നത് പാര്‍ട്ടിയുടെ നിലപരുങ്ങലിലാക്കും.

അതേസമയം കോണ്‍ഗ്രസിനെ പുറത്തുനിര്‍ത്തിയുള്ള സഖ്യരൂപീകരണം ദേശീയതലത്തില്‍ രൂപപ്പെട്ടുവരുന്ന മതേതരചേരിയെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമല്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.