2020 June 05 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

അഖിലേഷ് മുസ്‌ലിം വിരുദ്ധനെന്നും മുസ്‌ലിംകള്‍ക്ക് ടിക്കറ്റ് കൊടുക്കരുതെന്ന് ആവശ്യപ്പെട്ടുവെന്നും മായാവതി; ചേരാനാവാത്ത വിധം അകന്ന് അഖിലേഷും മായാവതിയും

ലഖ്‌നോ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സഖ്യപരീക്ഷണം കാര്യമായ ഫലംചെയ്യാതിരുന്നതോടെ എസ്.പിയുമായി ഉടക്കിപ്പിരിഞ്ഞ ബി.എസ്.പി നേതാവ് മായാവതി, അഖിലേഷ് യാദവിനെതിരെ അതിനിശിതമായ വിമര്‍ശനവുമായി രംഗത്ത്. എസ്.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് മുസ്‌ലിം വിരുദ്ധനാണെന്നും മുസ്ലിംകള്‍ക്ക് ടിക്കറ്റ് നല്‍കരുതെന്ന് ആവശ്യപ്പെട്ടുവെന്നും മായാവതി ആരോപിച്ചു.

‘മുസ്‌ലിംകള്‍ക്ക് സീറ്റ് നല്‍കരുതെന്നും നല്‍കിയാല്‍ അത് സാമുദായിക ധ്രുവീകരണത്തിന് വഴിവയ്ക്കുമെന്നും എന്നോട് അഖിലേഷ് പറഞ്ഞു. പക്ഷേ അദ്ദേഹം പറഞ്ഞത് ഞാന്‍ അനുസരിച്ചില്ല. അഖിലേഷ് മുഖ്യമന്ത്രിയായ സമയത്ത് യാദവര്‍ ഒഴികെയുള്ളവരോട്, പ്രത്യേകിച്ച് ദലിതരോട് അനീതി കാട്ടിയ ആളാണ്. അതിനാലാണ് ദലിതര്‍ എസ്.പിക്കു വോട്ട് ചെയ്യാതിരുന്നത്. ദലിതരുടെ ഉയര്‍ച്ചയ്‌ക്കെതിരെയും എസ്.പി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു- മായാവതി പറഞ്ഞു. ബി.എസ്.പിയുടെ അടച്ചിട്ടമുറിയില്‍ നടന്ന പാര്‍ട്ടി യോഗത്തില്‍ മായാവതി നടത്തിയ പ്രസംഗം ഇന്ത്യാ ടുഡേ ആണ് പുറത്തുവിട്ടത്.

വോട്ടെണ്ണല്‍ നടന്ന ദിവസം അഖിലേഷ് യാദവിനെ വിളിച്ചെങ്കിലും അദ്ദേഹം ഫോണ്‍ എടുത്തില്ല. എന്തുകൊണ്ടാണ് എന്റെ പാര്‍ട്ടിയായ ബി.എസ്.പി പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയെ പിന്തുണയ്ക്കാതിരുന്നതെന്ന് അഖിലേഷ് പറയണമായിരുന്നു. തുടര്‍ന്ന് വരാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ തനിച്ചു മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ച ശേഷവും അഖിലേഷ് വിളിച്ചില്ല. തനിക്കു പകരം പാര്‍ട്ടിയുടെ സതീഷ് ചന്ദ്രമിശ്രയെയാണ് അദ്ദേഹം വിളിച്ചത്. പത്തുസീറ്റിലെങ്കിലും അധികമായി ബി.എസ്.പിയുടെ പിന്തുണയോടെ എസ്.പി ജയിക്കേണ്ടതായിരുന്നു. എന്നാലിപ്പോള്‍ അവര്‍ക്കാകെ അഞ്ചുസീറ്റാണ് കിട്ടിയത്. അതുതന്നെ ബി.എസ്.പി കാരണമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

താജ് ഇടനാഴി കേസില്‍ തന്നെ കുടുക്കാന്‍ ബി.ജെ.പിയോടൊപ്പം എസ്.പി സ്ഥാപകനായ അഖിലേഷിന്റെ അച്ഛന്‍ മുലായം സിങ് കൂട്ടുനിന്നുവെന്നും മായാവതി ആരോപിച്ചു. താജ് മഹലിനു സമീപമുള്ള സ്ഥലങ്ങള്‍ നവീകരിക്കാനാണ് മുഖ്യമന്ത്രിയായിരിക്കെ മായാവതി താജ് ഇടനാഴി പദ്ധതി കൊണ്ടുവന്നത്. 17 കോടി രൂപ ചെലവുവരുന്ന പദ്ധതിയെക്കുറിച്ച് അന്വേഷിക്കാന്‍ 2013ല്‍ സുപ്രീം കോടതി സി.ബി.ഐയ്ക്കു നിര്‍ദേശം നല്‍കുകയായിരുന്നു. കോടതിയുടെ ഈ നടപടിയില്‍ അന്ന് യു.പി ഭരിച്ച എസ്.പിക്കു പങ്കുണ്ടെന്നാണ് മായാവതിയുടെ ആരോപണം.

സംസ്ഥാനത്ത് എസ്.പിക്ക് ആകെയുള്ള അഞ്ച് എം.പിമാരില്‍ മൂന്നുപേരും മുസലിംകളാണ്, മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ അഅ്‌സം ഖാനും ഷഫീഖുര്‍റഹ്മാന്‍ ബര്‍ഖും എസ്.ടി ഹസനും.

Akhilesh anti-Muslim, Mulayam in cahoots with BJP, says Mayawati


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.