2019 August 20 Tuesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

അകം ചുവപ്പെങ്കിലും വിജയം യു.ഡി.എഫിന്; ഇത്തവണ ചിത്രം മാറുമോ ?

#കെ. ജംഷാദ്

 

ഇടതുപക്ഷത്തിന് വേരോട്ടമുണ്ടെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനൊപ്പം നില്‍ക്കുന്ന മണ്ഡലമാണ് കോഴിക്കോട്. മണ്ഡലം തിരിച്ചുപിടിക്കാനുള്ള ഇടതു സ്വപ്നം പലപ്പോഴായി പാളിയെങ്കിലും ഇത്തവണ ശക്തമായ മത്സരത്തിന് സ്ഥാനാര്‍ഥിയെ തേടുകയാണ് ഇടതുപക്ഷം. എന്നാല്‍ വീണ്ടും വിജയമുറപ്പിക്കാന്‍ യു.ഡി.എഫും രംഗത്തുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയം കഴിഞ്ഞിട്ടില്ലെങ്കിലും സിറ്റിങ് എം.പിയെ ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രചാരണ ആവേശത്തിലാണ്. ഇത്തവണ ഇടതുപക്ഷം മിന്നുന്ന മത്സരം കാഴ്ചവയ്ക്കാനുമാണ് സാധ്യതയെങ്കിലും തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാകും.
മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായ ആദ്യ തെരഞ്ഞെടുപ്പില്‍ കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടിയുടെ അച്യുതന്‍ ദാമോദരന്‍ മേനോനെയാണ് കോഴിക്കോട് ആദ്യം പാര്‍ലമെന്റിലേക്കയച്ചത്. കോണ്‍ഗ്രസിലെ പരപ്പില്‍ ഉമ്മര്‍ കോയയെ പരാജയപ്പെടുത്തിയായിരുന്നു ദാമോദരന്‍ മേനോന്റെ വിജയം. 1957ല്‍ കെ.പി കുട്ടികൃഷ്ണന്‍ നായരിലൂടെ മണ്ഡലം കോണ്‍ഗ്രസ് പിടിച്ചു. തുടര്‍ന്ന് കെ.ജി അടിയോടി, സി.എച്ച് മുഹമ്മദ് കോയ, ഡോ. സെയ്തുമുഹമ്മദ് തുടങ്ങിയ പ്രമുഖരുടെ നിരയെ കോഴിക്കോട് ലോക്‌സഭയിലേക്കയച്ചു. കോണ്‍ഗ്രസും ലീഗും കൈയടക്കിയ കോഴിക്കോട് സി.പി.എം പിടിച്ചെടുക്കുന്നത് 1980 ലാണ്. ഇ.കെ ഇമ്പിച്ചിബാവയിലൂടെ കോഴിക്കോട്ട് സി.പി.എം ചെങ്കൊടിയുയര്‍ത്തി. പക്ഷേ 1984 ല്‍ കെ.ജി അടിയോടിയിലൂടെ കോണ്‍ഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു.
1989ല്‍ സി.പി.എമ്മിലെ കരുത്തനായ ഇമ്പിച്ചിബാവയെ പരാജയപ്പെടുത്തി കെ. മുരളീധരന്‍ എം.പിയായി. 13 തവണ യു.ഡി.എഫ് ജയിച്ച മണ്ഡലത്തില്‍ നാലു തവണ മാത്രമാണ് എല്‍.ഡി.എഫിനു വിജയിക്കാനായത്. 2009ല്‍ ആദ്യമായെത്തിയ കണ്ണൂര്‍ ജില്ലക്കാരനായ എം.കെ രാഘവനെ കോഴിക്കോട് സ്വന്തം നാട്ടുകാരനാക്കി രണ്ടു തവണ ലോക്‌സഭയിലേക്കയച്ചു. 2009ല്‍ സി.പി.എമ്മിലെ മുഹമ്മദ് റിയാസിനെയും 2014ല്‍ എ. വിജയരാഘവനെയും പരാജയപ്പെടുത്തിയാണ് രാഘവന്‍ വിജയം കൊയ്തത്.

യു.ഡി.എഫിനു വേണ്ടി ഇത്തവണയും എം.കെ രാഘവനാണ് രംഗത്തിറങ്ങുക. ഇക്കാര്യം പാര്‍ട്ടി ഉറപ്പിച്ചുകഴിഞ്ഞതായാണ് വിവരം. രാഘവന്റെ മൂന്നാമങ്കമാണിത്. മണ്ഡലത്തില്‍ രാഘവന്റെ ചിത്രം വച്ച് ചിലയിടങ്ങളില്‍ പ്രചാരണവും തുടങ്ങിക്കഴിഞ്ഞു. കോഴിക്കോടിന് ആധുനിക മുഖം നല്‍കാന്‍ രാഘവനു കഴിഞ്ഞെന്നാണ് കോണ്‍ഗ്രസിന്റെ വാദം. ഒട്ടേറെ വികസനപദ്ധതികള്‍ അദ്ദേഹം കോഴിക്കോട്ടെത്തിച്ചു. മെഡിക്കല്‍ കോളജ് ത്രിതല കാന്‍സര്‍ സെന്ററിന് 120 കോടി, റെയില്‍വേ സ്റ്റേഷന്‍, ഇംഹാന്‍സ് എന്നിവയുടെ രാജ്യാന്തര നിലവാരത്തിലുള്ള വികസനം, വിമാനത്താവള ടെര്‍മിനലിന് 120 കോടി തുടങ്ങിയ പദ്ധതികള്‍ കൊണ്ടുവരാന്‍ കഴിഞ്ഞെന്നത് അദ്ദേഹത്തിന്റെ നേട്ടമാണ്. ഇതെല്ലാം മുന്‍നിര്‍ത്തിയാണ് യു.ഡി.എഫ് പ്രചാരണത്തിനിറങ്ങുക.
സി.പി.എം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2009ല്‍ രാഘവനോട് മത്സരിച്ച പി.എ മുഹമ്മദ് റിയാസിന്റെ പേരാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. എന്നാല്‍ സീറ്റ് വേണമെന്ന ആവശ്യം മറ്റു ഘടകകക്ഷികളും ഉന്നയിച്ചതോടെ സി.പി.എം വിഷമവൃത്തത്തിലാണ്. എല്‍.ജെ.ഡിയും ഈയിടെ മുന്നണി പ്രവേശം നേടിയ ഐ.എന്‍.എല്ലുമാണ് കോഴിക്കോട് സീറ്റ് ആവശ്യപ്പെടുന്നത്. ഐ.എന്‍.എല്‍ കഴിഞ്ഞദിവസം ഉഭയകക്ഷി ചര്‍ച്ച നടത്തി. മുഹമ്മദ് റിയാസിനു പകരം കൂടുതല്‍ ജനപിന്തുണയുള്ള എ. പ്രദീപ്കുമാറിനെ മത്സരിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. മൂന്നു തവണ എം.എല്‍.എ ആയതിനാല്‍ ഇനി അദ്ദേഹത്തിന് ലോക്‌സഭയിലേക്ക് അവസരം നല്‍കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.

വീരേന്ദ്ര കുമാറിന്റെ നേതൃത്വത്തിലുള്ള ലോക് താന്ത്രിക് ജനതാദളിന്റെ (എല്‍.ജെ.ഡി) മുന്നണി പ്രവേശം എല്‍.ഡി.എഫിന് ഇത്തവണ കോഴിക്കോട്ട് ആത്മവിശ്വാസം പകരുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഭരണപരാജയവും ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയവുമെല്ലാം എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ജനക്ഷേമ പരിപാടികളുടെ പിന്തുണ കൂടി തെരഞ്ഞെടുപ്പില്‍ ലഭിക്കുമെന്ന് സി.പി.എം ജില്ലാ നേതൃത്വം വിലയിരുത്തുന്നു. എം.പി എന്ന നിലയില്‍ എം.കെ രാഘവന്‍ പരാജയമാണെന്നാണ് സി.പി.എം നിലപാട്. അദ്ദേഹം ഉയര്‍ത്തിക്കാട്ടുന്ന പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞില്ലെന്നും ഇത് ഇടതുമുന്നണിക്ക് അനുകൂലമാകുമെന്നും സി.പി.എം ജില്ലാ നേതൃത്വം പറയുന്നു.
കഴിഞ്ഞ നിയമസഭാ, തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ മണ്ഡലത്തില്‍ ഇടതുപക്ഷത്തിനാണ് മുന്‍തൂക്കം. കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, ബാലുശ്ശേരി, എലത്തൂര്‍, ബേപ്പൂര്‍, കുന്ദമംഗലം, കൊടുവള്ളി എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ കോഴിക്കോട് സൗത്തില്‍ മാത്രമാണ് യു.ഡി.എഫ് വിജയിച്ചത്. എലത്തൂരില്‍ ജെ.ഡി.യുവിലെ കിഷന്‍ ചന്ദിനെ 29,057 വോട്ടുകള്‍ക്കാണ് മന്ത്രി എ.കെ ശശീന്ദ്രന്‍ തോല്‍പിച്ചത്. തൊട്ടടുത്ത ബാലുശ്ശേരിയില്‍ എല്‍.ഡി.എഫിലെ പുരുഷന്‍ കടലുണ്ടി മുസ്‌ലിം ലീഗിലെ യു.സി രാമനെ 15,464 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. കോഴിക്കോട് സൗത്തില്‍ മുസ്‌ലിം ലീഗിലെ എം.കെ മുനീര്‍ ജയിച്ചത് 6,327 വോട്ടുകള്‍ക്കാണ്. കോഴിക്കോട് നോര്‍ത്തില്‍ 27,873 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ സി.പി.എമ്മിലെ എ. പ്രദീപ്കുമാര്‍ വിജയിച്ചു. ഈ കണക്കുകള്‍ പറയുന്നതനുസരിച്ച് മണ്ഡലത്തിലെ എല്‍.ഡി.എഫ് ആധിപത്യമാണെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം വിയര്‍ക്കുന്ന കാഴ്ചയാണ് കാണാറുള്ളത്.
1980ല്‍ ഇമ്പിച്ചിബാവ അരങ്ങില്‍ ശ്രീധരനെ തോല്‍പിച്ച ശേഷം ഇവിടെ സി.പി.എം സ്ഥാനാര്‍ഥി വിജയിച്ചിട്ടില്ല. 1989ല്‍ കെ. മുരളീധരനോട് ഇമ്പിച്ചിബാവ തോറ്റതിനു ശേഷം സീറ്റ് ജനതാദളിനു നല്‍കുകയായിരുന്നു. 2009ല്‍ ലോക്‌സഭാ സീറ്റ് ലഭിക്കാത്തിന്റെ പേരില്‍ എം.പി വീരേന്ദ്രകുമാര്‍ മുന്നണി വിടുന്നതുവരെ സി.പി.എം സ്ഥാനാര്‍ഥികളെ നിര്‍ത്തിയില്ല. 2009 മുതല്‍ സി.പി.എം വീണ്ടും സ്ഥാനാര്‍ഥികളെ പരീക്ഷിച്ചെങ്കിലും പരാജയമായിരുന്നു ഫലം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.