2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

കേന്ദ്രമന്ത്രി കോടികള്‍ കൈക്കൂലി വാങ്ങി; കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അട്ടിമറിക്കാന്‍ അജിത് ദോവല്‍ ഇടപെട്ടു

സുപ്രിംകോടതിയില്‍ സ്ഥലംമാറ്റപ്പെട്ട സി.ബി.ഐ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍

 

#യു.എം മുഖ്താര്‍

 

ന്യൂഡല്‍ഹി: സി.ബി.ഐ തലപ്പത്ത് നരേന്ദ്രമോദി സര്‍ക്കാര്‍ അര്‍ധരാത്രി കൊണ്ടുവന്ന സ്ഥലംമാറ്റം സംബന്ധിച്ചു സുപ്രിംകോടതി മുന്‍പാകെ ഗുരുതര വെളിപ്പെടുത്തലുമായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍. സി.ബി.ഐയുടെ അന്വേഷണപരിധിയിലുള്ള വ്യവസായിക്കെതിരായ കേസില്‍ ഇടപെടുന്നതിന് അദ്ദേഹത്തില്‍ നിന്ന് കേന്ദ്ര കല്‍ക്കരി സഹമന്ത്രി ഹരിഭായ് പാര്‍ഥിഭായ് ചൗധരി കൈക്കൂലി വാങ്ങിയെന്ന് സി.ബി.ഐ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ മനീഷ്‌കുമാര്‍ സിന്‍ഹ വെളിപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുപ്പക്കാരനായ ബി.ജെ.പി നേതാവാണ് ഗുജറാത്തില്‍ നിന്നുള്ള ഹരിഭായ്. സി.ബി.ഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനക്കെതിരായ കൈക്കൂലി കേസിന്റെ അന്വേഷണചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് മനീഷ്‌കുമാര്‍ സിന്‍ഹ.

കേന്ദ്രമന്ത്രി കോടികള്‍ കൈക്കൂലി വാങ്ങിയ കാര്യം ഹൈദരാബാദ് സ്വദേശിയായ വ്യവസായി സതീഷ് ബാബുവാണ് തന്നോട് പറഞ്ഞത്. അഹമ്മദാബാദ് സ്വദേശി വിപുല്‍ എന്ന വ്യക്തി മുഖേനയാണ് കൈക്കൂലി ഇടപാട് നടന്നത്. മാംസകയറ്റുമതി വ്യാപാരി മുഈന്‍ ഖുറേഷിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അട്ടിമറിക്കാന്‍ സി.ബി.ഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന മൂന്നുകോടി രൂപ കൈക്കൂലി വാങ്ങിയതിലെ ഇടനിലക്കാരനാണ് സതീഷ് ബാബു. ഈ കേസില്‍ സതീഷ് ബാബുവും പ്രതിയാണ്. കൈക്കൂലി കേസിന്റെ അന്വേഷണച്ചുമതല സിന്‍ഹക്കായിരുന്നു. ഇതിലെ അന്വേഷണം നടന്നുവരുന്നതിനിടെ നാഗ്പൂരിലേക്കു സ്ഥലംമാറ്റിയ നടപടി ചോദ്യം ചെയ്തു ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ മൂന്നംഗബെഞ്ച് മുന്‍പാകെ സമര്‍പ്പിച്ച ഹരജിയിലാണ് ഈ വെളിപ്പെടുത്തലുകളുള്ളത്. ആയിരക്കണക്കിനു കോടി രൂപ ബാങ്ക് വായ്പയെടുത്തു മുങ്ങിയ നീരവ് മോദിക്കും മെഹുല്‍ ചോക്‌സിക്കുമെതിരായ സാമ്പത്തിക തട്ടിപ്പുകള്‍ അന്വേഷിച്ച സംഘത്തിലും സിന്‍ഹയുണ്ടായിരുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അട്ടിമറിക്കാന്‍ കൈക്കൂലി വാങ്ങിയ കേസില്‍ ഒന്നാംപ്രതിയായ സി.ബി.ഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനക്കെതിരായ അന്വേഷണത്തില്‍ ഇടപെടാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ ശ്രമിച്ചെന്നും മനീഷ് കുമാര്‍ സിന്‍ഹ ആരോപിച്ചു. പത്തോളം ആരോപണങ്ങളാണ് അസ്താനക്കെതിരെയുള്ളത്. ഇതിലൊന്നായ കൈക്കൂലി കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ അസ്താനയുടെ വസതിയിലും ഓഫിസിലും പരിശോധന നടത്താന്‍ തീരുമാനിച്ചപ്പോള്‍ അതുതടയാനും അജിത് ദോവല്‍ ശ്രമിച്ചെന്നും സിന്‍ഹ വിശദീകരിച്ചു. തന്റെ സ്ഥലംമാറ്റം ഏകപക്ഷീയവും വഞ്ചനാപരവും രാഷ്ട്രീയ പ്രേരിതവുമാണെന്നും വന്‍സ്വാധീനമുള്ള വ്യക്തികള്‍ക്കെതിരെ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരെ ഇരകളാക്കുക എന്ന ഉദ്ദേശത്തോടെയുള്ളതുമാണ്. അന്വേഷണങ്ങള്‍ അട്ടിമറിക്കാന്‍ വേണ്ടിയാണ് തന്നെ സ്ഥലംമാറ്റിയതെന്നും അദ്ദേഹം ആരോപിച്ചു. ഇതുള്‍പ്പെടെയുള്ള കേസന്വേഷണങ്ങളില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടതുസംബന്ധിച്ചും സിന്‍ഹ കോടതിയില്‍ വിശദീകരിച്ചു.

നിയമമന്ത്രാലയ സെക്രട്ടറി സുരേഷ്ചന്ദ്ര ഉള്‍പ്പെടെയുള്ള സര്‍ക്കാരിലെ വിവിധ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും സിന്‍ഹ ആരോപണം ഉന്നയിക്കുന്നുണ്ട്.

സുരേഷ്ചന്ദ്രയ്‌ക്കെതിരായ ആരോപണം ഇങ്ങനെ: നീരവ് മോദിയുമായി ബന്ധപ്പെട്ട കേസ് നടപടികള്‍ നീക്കാനായി താന്‍ ലണ്ടനിലാണെന്ന് സുരേഷ്ചന്ദ്ര പറഞ്ഞു. സതീഷ് ബാബുവിന് എല്ലാ സുരക്ഷയും കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്യുമെന്നുള്ള കാബിനറ്റ് സെക്രട്ടറി പി.കെ സിന്‍ഹയുടെ സന്ദേശം കൈമാറാന്‍ അദ്ദേഹത്തെ നാലഞ്ചു ദിവസമായി ബന്ധപ്പെടാന്‍ ശ്രമിച്ചുവരികയാണ്. പക്ഷേ ഇതുവരെ കിട്ടിയില്ല എന്നും സുരേഷ് ചന്ദ്ര പറഞ്ഞു. അടുത്ത ദിവസം തന്നെ സതീഷ്ബാബുവും സുരേഷ് ചന്ദ്രയും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുകയുണ്ടായെന്നും സിന്‍ഹ വ്യക്തമാക്കി. കേന്ദ്രമന്ത്രിക്കെതിരെ ഞെട്ടിക്കുന്ന തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് സിന്‍ഹ പറഞ്ഞെങ്കിലും ഒന്നും തങ്ങളെ ഞെട്ടിക്കില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. തന്റെ ഹരജി വേഗം പരിഗണിക്കണമെന്ന് സിന്‍ഹ ആവശ്യപ്പെട്ടെങ്കിലും കോടതി അതും തള്ളി.

അതേസമയം, തന്നെ അര്‍ധരാത്രി സി.ബി.ഐ ഡയറക്ടര്‍ പദവിയില്‍ നിന്നു നീക്കംചെയ്ത കേന്ദ്രസര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്ത് അലോക് വര്‍മ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി ഇന്നു പരിഗണിക്കും. തനിക്കെതിരേ കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ (സി.വി.സി) നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടില്‍ തന്റെ ഭാഗം വിശദീകരിക്കാന്‍ വര്‍മ കൂടുതല്‍ സമയം ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.