2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

അയ്യരുടെയും സിബലിന്റെയും പരാമര്‍ശം ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബാധിച്ചുവെന്ന് വീരപ്പ മൊയ്‌ലി

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടാകുമായിരുന്ന അനുകൂല സാഹചര്യത്തെ ഇല്ലാതാക്കിയത് മണിശങ്കര്‍ അയ്യരുടെയും കപില്‍ സിബലിന്റെയും വിവാദ പരാമര്‍ശങ്ങളെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വീരപ്പമൊയ്‌ലി.

ഗുജറാത്ത് തെരഞ്ഞെടുപ്പു ഫലത്തില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിലയിരുത്തിക്കൊണ്ടാണ് മുന്‍കേന്ദ്രമന്ത്രികൂടിയായ മൊയ്‌ലിയുടെ പരാമര്‍ശം.

തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി ഇരു നേതാക്കളും നടത്തിയ പ്രസ്താവനകള്‍ പാര്‍ട്ടിക്ക് വലിയ ക്ഷതമാണ് ഏല്‍പ്പിച്ചത്. ഇത് പ്രധാനമന്ത്രി നരേന്ദ്രമോദി പരമാവധി ഉപയോഗപ്പെടുത്തി കോണ്‍ഗ്രസ് അനുകൂല സാഹച്യത്തെ ഇല്ലാതാക്കുകയാണ് ചെയ്തത്.

തെരഞ്ഞെടുപ്പ് വിലയിരുത്തലിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ ഗുജറാത്ത് സന്ദര്‍ശിക്കാനിരിക്കെയാണ് മൊയ്‌ലിയുടെ പ്രതികരണം വന്നത്.

അയ്യർ പറഞ്ഞത്

പ്രധാനമന്ത്രിക്കെതിരെ നീചന്‍ എന്ന വാക്കുപയോഗിച്ചാണ് അയ്യര്‍ വിവാദത്തില്‍പ്പെട്ടത്. തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെടുകയുമുണ്ടായി. എന്നാല്‍ താന്‍ താഴ്ന്ന ജാതിക്കാരനായതു കൊണ്ടാണ് അയ്യര്‍ അങ്ങനെ വിളിച്ചതെന്ന് മോദി തെരഞ്ഞെടുപ്പു പ്രചരണങ്ങളില്‍ പറഞ്ഞു.

സിബല്‍ പറഞ്ഞത്

രാഹുല്‍ ഗാന്ധി ഗുജറാത്തിലെ വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചതിനെ വിമര്‍ശിച്ച ബി.ജെ.പിക്കെതിരേ ആരോപണം ഉന്നയിച്ച കപില്‍ സിബല്‍, മോദി യഥാര്‍ഥ ഹിന്ദുവല്ലെന്നാണ് പറഞ്ഞിരുന്നത്. ഇതേതുടര്‍ന്ന് അദ്ദേഹത്തെ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് കോണ്‍ഗ്രസ് മാറ്റി നിര്‍ത്തുകയും ചെയ്തിരുന്നു. അനവസരത്തിലുള്ളതാണ് ഇരു നേതാക്കളും നടത്തിയ പ്രസ്താവനകളെന്നാണ് മൊയ്‌ലി ചൂണ്ടിക്കാട്ടിയത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.