2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ഇടവേളയ്ക്ക് ശേഷം ഈജിപ്ത്

അറബ് വസന്തമെന്ന പേരില്‍ അറിയപ്പെട്ട വിപ്ലവ മുന്നേറ്റ സമര പരമ്പരകളുടെ പേരിലാണ് വര്‍ത്തമാനകാല ചരിത്രത്തില്‍ ഈജിപ്ത് നിറഞ്ഞു നിന്നത്. സപ്താത്ഭുതങ്ങളില്‍ ഒന്നായ പിരമിഡുകള്‍ സ്ഥിതി ചെയ്യുന്ന നാടെന്ന ഖ്യാതിയും അവര്‍ക്ക് സ്വന്തം. ലോകത്തിന്റെ ഇത്തരം ശ്രദ്ധകളിലേക്ക് സമീപ കാലത്ത് കടന്നെത്തിയ ഒരാളുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെ ചാംപ്യന്‍സ് ലീഗ് ഫൈനലിലേക്ക് നയിച്ച മുഹമ്മദ് സലാഹെന്ന ചുരുളന്‍ മുടിക്കാരന്‍. ഇടംകാല്‍ കൊണ്ട് മാസ്മരിക ഗോളുകള്‍ നേടി ലോകത്തിലെ മികച്ച മുന്നേറ്റക്കാരുടെ മുന്‍പന്തിയില്‍ നില്‍ക്കുന്ന സലാഹിന്റെ ചിറകിലേറി ഇടവേളയ്ക്ക് ശേഷം ഈജിപ്ത് ലോകകപ്പ് കളിക്കാനെത്തുന്നു.

നൂല്‍പ്പാലത്തിലേറിയാണ് ഈജിപ്തിന്റെ വരവ്. ആഫ്രിക്കന്‍ യോഗ്യതാ പോരാട്ടത്തില്‍ കോംഗോയ്‌ക്കെതിരേ നേടിയ വിജയത്തിന്റെ ബലത്തിലാണ് അവരുടെ ലോകകപ്പ് പ്രവേശം. നടകീയത നിറഞ്ഞ പോരാട്ടത്തിന്റെ അവസാന നിമിഷം ഗോള്‍ മടക്കി വിജയം പിടിച്ചെടുത്താണ് വരവ്. തങ്ങളുടെ ടീം ഇടവേളയ്ക്ക് ശേഷം ലോകകപ്പിലേക്ക് പ്രവേശം നേടുന്നത് കാണാന്‍ ഈജിപ്തിലെ അലക്‌സാന്‍ഡ്രിയ സ്റ്റേഡിയത്തില്‍ എത്തിയത് 86,000 കാണികളായിരുന്നു. ആദ്യ പകുതി ഗോള്‍രഹിതം. 63ാം മിനുട്ടില്‍ മുഹമ്മദ് സലാഹ് ഈജിപ്തിനെ മുന്നിലെത്തിക്കുന്നു. കളി അവര്‍ ജയിക്കുമെന്ന നിലയില്‍ പോകവേ അപ്രതീക്ഷിതമായി 88ാം മിനുട്ടില്‍ ബൗക മൗടുവിലൂടെ കോംഗോ ഗോള്‍ മടക്കി. വിജയിച്ചാല്‍ മാത്രം യോഗ്യതയെന്ന നിലയായിരുന്നു ഈജിപ്തിന്. അവര്‍ക്ക് മുന്നില്‍ നിമിഷങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. എന്നാല്‍ ഭാഗ്യം ഒപ്പമുണ്ടായിരുന്നു.

ഇഞ്ച്വറി ടൈമിന്റെ അഞ്ചാം മിനുട്ടില്‍ വീണുകിട്ടിയ പെനാല്‍റ്റി സലാഹ് വലയിലാക്കി. സ്റ്റേഡിയം പൊട്ടിത്തെറിച്ചു.
നീണ്ട 27 വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങളുടെ രാജ്യം ലോകകപ്പിനെത്തുന്നത് അവിടുത്തെ ജനത ശരിക്കും ആഘോഷിച്ചു. ആ രാത്രി ഈജിപ്തിലെ ജനങ്ങള്‍ ഉറങ്ങിയില്ല. കെയ്‌റോയിലെ തെഹ്‌രിര്‍ ചത്വരത്തില്‍ അവര്‍ ആനന്ദ നൃത്തം ചവിട്ടി. അവരുടെ വീര പുരുഷനാണ് ഇന്ന് മുഹമ്മദ് സലാഹെന്ന 25കാരന്‍. സലാഹിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കണമെന്ന് വരെ ഒരുകൂട്ടം ജനങ്ങള്‍ ഇപ്പോള്‍ വാദിക്കുന്നു. ഈജിപ്തിന്റെ മെസ്സിയെന്നും സലാഹ് വിശേഷിപ്പിക്കപ്പെടുന്നു.
ലോകകപ്പില്‍ ഗ്രൂപ്പ് എയിലാണ് ഈജിപ്ത് മത്സരിക്കുന്നത്. ആതിഥേയരായ റഷ്യ, സഊദി അറേബ്യ, ഉറുഗ്വെ ടീമുകളാണ് എതിരാളികള്‍. ഉറുഗ്വെ ഒഴികെയുള്ള ടീമുകളെ കീഴടക്കാനുള്ള കരുത്ത് ഈജിപ്തിനുണ്ടെന്ന് കരുതാം. അര്‍ജന്റീനക്കാരനായ ഹെക്ടര്‍ കുപറാണ് പരിശീലകന്‍. ഇന്റര്‍ മിലാന്‍, വലന്‍സിയ, മയ്യോര്‍ക്ക ടീമുകളെയൊക്കെ പരിശീലിപ്പിച്ചിട്ടുള്ള അദ്ദേഹം 2015 മുതല്‍ ടീമിനായി തന്ത്രങ്ങളോതുന്നു.
മുഹമ്മദ് സാലഹിനെ കേന്ദ്രീകരിച്ചാണ് അവരുടെ കളി രൂപപ്പെടുന്നത്. ഒപ്പം മധ്യനിരയില്‍ ആഴ്‌സനല്‍ താരം മുഹമ്മദ് എല്‍ നെനിയും സ്റ്റോക് സിറ്റി താരം റമദാന്‍ സോഭിയുമുണ്ട്. പരിചയ സമ്പന്നനായ ഗോള്‍ കീപ്പര്‍ എസ്സം എല്‍ ഹദരിയാണ് ടീമിന്റെ നായകന്‍. പരിചയ സമ്പത്ത് ഏറെയുള്ള പ്രതിരോധ താരം അഹമ്മദ് ഫാതിയാണ് വൈസ് ക്യാപ്റ്റന്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News