2018 October 23 Tuesday
നമ്മള്‍ നമ്മുടെ ചിന്തകളുടെ നിര്‍മിതിയാണ്. അതുകൊണ്ട്, ചിന്തിക്കുന്നതിനെക്കുറിച്ച് സൂക്ഷ്മത പുലര്‍ത്തുക

അഫ്ഗാന്‍ മന്ത്രാലയത്തില്‍ ചാവേറാക്രമണം: 12 പേര്‍ കൊല്ലപ്പെട്ടു

കാബൂളില്‍ സര്‍ക്കാര്‍ കെട്ടിടത്തിന്റെ കവാടത്തിലുണ്ടായ ചാവേറാക്രമണത്തില്‍ 30 ല്‍ ഏറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള ചാവേറാക്രമണങ്ങള്‍ തുടരുന്നു. ഗ്രാമ പുനരധിവാസ- വികസന മന്ത്രാലയത്തിന്റെ പുറത്താണ് തിങ്കളാഴ്ച ചാവേര്‍ പൊട്ടിത്തെറിച്ചത്. കാബൂളിന്റെ പടിഞ്ഞാര്‍ വശത്താണ് ഇത്.

സ്ത്രീകളും കുട്ടികളും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

കാബൂളില്‍ സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ആക്രമണങ്ങള്‍ നടത്തിയിരുന്ന താലിബാന്‍, ശനിയാഴ്ച മൂന്നുദിവസത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. പെരുന്നാള്‍ അവധി പ്രമാണിച്ചായിരുന്നു ഇത്.

താലിബാനെതിരെ അഫ്ഗാന്‍ സൈന്യം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു ഇത്. സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ 20 വരെ തുടരുമെങ്കിലും താലിബാന്‍ പ്രഖ്യാപിച്ചത് ഏതു ദിവസങ്ങളിലാണെന്ന് വ്യക്തമല്ല.

കഴിഞ്ഞയാഴ്ച, കാബൂളില്‍ മുസ്‌ലിം നേതാക്കളുടെ യോഗത്തിനിടയില്‍ മോട്ടോര്‍സൈക്കിള്‍ ചാവേര്‍ പൊട്ടിത്തെറിച്ച് 14 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഏപ്രിലില്‍ ഇരട്ടസ്‌ഫോടനങ്ങളില്‍ 26 പേര്‍ കൊല്ലപ്പെട്ടു. ആദ്യ സ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഒന്‍പത് മാധ്യമപ്രവര്‍ത്തകര്‍ അടക്കമാണ് കൊല്ലപ്പെട്ടത്.

അതിനിടെ, ഇന്ന് കുന്ദുസ് പ്രവിശ്യയില്‍ നടത്തിയ ആക്രമണത്തില്‍ 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. അര്‍ഗന്ദബ് ജില്ലയിലെ സുരക്ഷാ ചെക്ക് പോയിന്റിനു നേരെയാണ് ആക്രമണമുണ്ടായത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.