2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

ശരീഅത്ത്: കേരള റൂള്‍സ് 2018 അത്യാപല്‍ക്കരം

#അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി
9946 888 444

 

സ്വമേധയാ മതം മാറുന്നവര്‍ക്ക് ആശ്രയിക്കാവുന്ന നിരവധി സ്ഥാപനങ്ങള്‍ കേരളത്തില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചുവന്നിരിന്നു. എങ്കിലും 1987 ഡിസംബര്‍ 15ന് കേരള സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച സര്‍ക്കുലര്‍ നമ്പര്‍ 18421 പ്രകാരം കേരളത്തിലെ അഞ്ചു സ്ഥാപനങ്ങള്‍ ഹിന്ദു മതത്തിലേക്കുള്ള മതമാറ്റത്തിന് അംഗീകാരം നല്‍കാനുള്ള നിയമപരമായ ആധികാരികത കൈവരിച്ചു. ക്രിസ്ത്യന്‍ ദേവാലയ സഭകളില്‍ നിന്ന് ബാപ്റ്റിസം സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയാല്‍ യഥേഷ്ടം ആര്‍ക്കും അനായാസം ക്രിസ്തു മതാശ്ലേഷണം നടത്താം എന്നതാണ് നിലവിലുള്ള നിയമം.
അപ്രകാരം 2004 ഒക്‌ടോബര്‍ 30ന് 75ാം നമ്പര്‍ ഉത്തരവിലൂടെ മഊനത്തുല്‍ ഇസ്‌ലാം അസോസിയേഷന്‍ പൊന്നാനി, മലപ്പുറം ജില്ല എന്ന സ്ഥാപനത്തിനും 2004 നവംബര്‍ ഒന്‍പതിന് 80ാം നമ്പര്‍ ഉത്തരവിലൂടെ തര്‍ബിയത്തുല്‍ ഇസ്‌ലാം സഭ, പി.ഐ റോഡ,് മുഖദാര്‍, കോഴിക്കോട് ജില്ല എന്ന സ്ഥാപനത്തിനും ഇസ്‌ലാം മതത്തിലേക്കുള്ള മതപരിവര്‍ത്തിന് അംഗീകാരം നല്‍കാന്‍ നിയപരമായ ആധികാരികത കൈവരിച്ചു. ശേഷം മേല്‍പറയപ്പെട്ട സ്ഥാപനങ്ങളെല്ലാം നിയമപരമായി പ്രവര്‍ത്തിച്ചു വരുന്നതിനിടയില്‍ 2009 ജൂണ്‍ 15ന് മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ സ്വദേശിനിയും ശങ്കരന്‍ നമ്പീശന്റെ മകളുമായ ആയിശ എന്നവര്‍ കേരള ഹൈക്കോടതി മുന്‍പാകെ റിട്ട് പെറ്റീഷന്‍ സിവില്‍ 16515 ഓഫ് 2009 ഫയല്‍ ചെയ്യുകയുണ്ടായി. ഈ ഹരജിയില്‍ മേല്‍പറഞ്ഞ മഊനത്തുല്‍ ഇസ്‌ലാം അസോസിയേഷന്റെയും തര്‍ബിയത്തുല്‍ ഇസ്‌ലാം സഭയുടെയും ഔദ്യോഗികത ചോദ്യം ചെയ്യുകയും ഈ വാദം ഹൈക്കോടതി അംഗീകരിക്കുകയും ചെയ്തു.
ഈ കേസില്‍ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് 2018 ജനുവരി 15ന് പുറപ്പെടുവിച്ച വിധിയില്‍ ഇസ്‌ലാം മതാശ്ലേഷണം നടത്തിയവരുടെ മതപരിവര്‍ത്തനത്തിന് നിയമപരമായ ഔദ്യോഗികത ലഭിക്കുന്നതിനു മേല്‍ പറഞ്ഞ മഊനത്തുല്‍ ഇസ്‌ലാം അസോസിയേഷനില്‍ നിന്നും തര്‍ബിയത്തുല്‍ ഇസ്‌ലാം സഭയില്‍ നിന്നുമുള്ള രേഖകള്‍ കാണിക്കാന്‍ ഗവണ്‍മെന്റ് നിര്‍ബന്ധിക്കുന്നത് വിലക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. കൂടാതെ വ്യക്തികള്‍ നേരിട്ടു നല്‍കുന്ന ഡിക്ലറേഷന്‍ മാത്രം പരിഗണിച്ച് സര്‍ക്കാരിനു മതംമാറ്റം നിയമപരമായി അംഗീകരിക്കപ്പെടുന്നതിനു വേണ്ട കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ ബാധ്യതയുണ്ടെന്നും വിധിക്കുകയുണ്ടായി.
ഈ വിധിപ്രകാരം മഊനത്തുല്‍ ഇസ്‌ലാം അസോസിയേഷനില്‍ നിന്നും തര്‍ബിയത്തുല്‍ ഇസ്‌ലാം സഭയില്‍ നിന്നും മുസ്‌ലിം ആവാനുള്ള അവസരങ്ങള്‍ക്കു പുറമെ, കേരള ഗവണ്‍മെന്റ് പ്രിന്റിങ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയരക്ടര്‍ മുന്‍പാകെ ഒരു ഡിക്ലറേഷന്‍ നല്‍കുക മാത്രം ചെയ്യുന്നതിലൂടെ ഇസ്‌ലാം മതത്തിലേക്ക് അനായാസമായി കടന്നുവരാനുള്ള അവസരമാണ് കേരളീയര്‍ക്കു ലഭിച്ചത്.
പക്ഷെ 2018 ഫെബ്രുവരി 23ന് എറണാകുളം ജില്ലയിലെ മുവാറ്റുപുഴ സ്വദേശി റാഫേലിന്റെ മകന്‍ അബൂത്വാലിബ് കേരള ഹൈക്കോടതി മുന്‍പാകെ റിട്ട് പെറ്റീഷന്‍ സിവില്‍ 6403 ഓഫ് 2018 ഫയല്‍ ചെയ്യുകയും മഊനത്തുല്‍ ഇസ്‌ലാം അസോസിയേഷന്റെയും തര്‍ബിയത്തുല്‍ ഇസ്‌ലാം സഭയുടെയും ഔദ്യോഗികത ചോദ്യം ചെയ്യുന്നതോടൊപ്പം ദ മുസ്‌ലിം പെഴ്‌സണല്‍ ലോ ശരീഅത്ത് അപ്ലിക്കേഷന്‍ ആക്ട് 1937 വകുപ്പ് 4 പ്രകാരം കേരള ഗവണ്‍മെന്റിനോട് ചട്ടങ്ങളുണ്ടാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തു. ഇസ്‌ലാമിലേക്കു മതംമാറി വരുന്നവരുടെ മരണത്തിനു ശേഷം ഇസ്‌ലാം മതാചാരപ്രകാരം മരണാന്തര ചടങ്ങുകള്‍ നടത്തപ്പെടും എന്ന് ഉറപ്പുവരുത്തുന്നതിന് വേണ്ടിയുള്ള നിയമ സാഹചര്യം ഒരുക്കുക എന്നതായിരുന്നു പരാതിക്കാരന്റെ ഉദ്ദേശ്യം.
2018 ജൂണ്‍ 26ന് വിധി പുറപ്പെടുവിച്ച ഈ കേസില്‍ മഊനത്തുല്‍ ഇസ്‌ലാം അസോസിയേഷന്റെയും തര്‍ബിയത്തുല്‍ ഇസ്‌ലാം സഭയുടെയും ഔദ്യോഗികത ചോദ്യം ചെയ്തതിനെ ഹൈകോടതി ശരിവച്ചു. കൂടാതെ കേരള സര്‍ക്കാരിനോട് ശരീഅത്ത് ആക്ട് 1937 വകുപ്പ് 4 പ്രകാരം ചട്ടങ്ങളുണ്ടാക്കാന്‍ ജസ്റ്റിസുമാരായ സി.ടി രവികുമാര്‍ എ.എം ബാബു എന്നിവര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. അതു പ്രകാരം നിയമവകുപ്പ് 2018 ഡിസംബര്‍ 21ന് ജി. ഒ. (പി) 13/2018/ ലോ – നമ്പര്‍ ഉത്തരവിലൂടെ ദ മുസ്‌ലിം പേഴ്‌സണല്‍ ലോ(ശരീഅത്ത്) അപ്ലിക്കേഷന്‍ (കേരള) റൂള്‍സ് 2018 ഗസറ്റില്‍ പ്രസിദ്ധീകരിച്ച് പ്രാബല്യത്തില്‍ വരുത്തുകയുണ്ടായി.
ശരീഅത്ത് അപ്ലിക്കേഷന്‍ കേരള റൂള്‍സ് 2018 നിരവധി നിയമ പ്രശ്‌നങ്ങളാണ് കേരള മുസ്‌ലിംകള്‍ക്കു മുന്‍പാകെ സംജാതമാക്കിയിരിക്കുന്നത്. മഊനത്തുല്‍ ഇസ്‌ലാം അസോസിയേഷന്റെയും തര്‍ബിയത്തുല്‍ ഇസ്‌ലാം സഭയുടെയും നിയമപരമായ നിലനില്‍പ്പ് ചോദ്യം ചെയ്തതിനെ ഹൈക്കോടതി അംഗീകരിക്കുക മാത്രമല്ല സമാന്തരമായി തഹസില്‍ദാരെ സ്ഥാപിക്കുകയും ചെയ്തിരിക്കുകയാണ്. ഇതുവഴി ഈ സ്ഥാപനങ്ങളുടെ നിയമപരമായ നിലനില്‍പ്പ് തന്നെ അനിശ്ചിതത്വത്തില്‍ ആയിരിക്കുകയാണ്. രാജ്യത്തെ എല്ലാ അതോറിറ്റികള്‍ക്കു മുന്‍പിലും ആക്ഷേപമേതുമില്ലാതെ അംഗീകരിക്കപ്പെട്ടിരുന്ന ഈ സ്ഥാപനങ്ങളുടെ ഔദ്യോഗികത നഷ്ടപ്പെടുന്നതിലൂടെ മുസ്‌ലിം സമുദായത്തിനു വലിയ നഷ്ടമാണ് സംഭവിക്കുന്നത്.

ശരീഅത്ത് അപ്ലിക്കേഷന്‍ ആക്ട് വകുപ്പ് മൂന്നില്‍ പറയുന്ന ഡിക്ലറേഷന്‍ വകുപ്പ് 2ല്‍ പറയുന്ന മൗലികാവകാശങ്ങളുടെ കൂടെ ദത്തെടുക്കുന്ന കാര്യത്തിലും ഒസ്യത്തിന്റെ കാര്യത്തിലും കൂടി ഇസ്‌ലാമിക ശരീഅത്ത് വിധിപ്രകാരം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കു വേണ്ടി മാത്രമാണ്. അല്ലാതെ വകുപ്പ് രണ്ടില്‍ പറയുന്ന മൗലികാവകാശങ്ങള്‍ മാത്രം ഉദ്ദേശിക്കുന്നവര്‍ക്ക് വേണ്ടിയുള്ളതല്ല എന്നത് ഈ ആക്ടിന്റെ രൂപീകരണ പശ്ചാത്തല ചര്‍ച്ചകള്‍ പരിശോധിച്ചാല്‍ ആര്‍ക്കും മനസിലാക്കാവുന്നതാണ്. 1948 നവംബര്‍ 23ന് കോണ്‍സ്റ്റിറ്റിയുന്റ് അസംബ്ലി ഓഫ്ഇന്ത്യ വൈസ് പ്രസിഡന്റായിരുന്ന ഡോ. എച്ച്.സി മുഖര്‍ജി അധ്യക്ഷനായ ഭരണഘടനാ നിര്‍മാണ ചര്‍ച്ചയില്‍ ശരീഅത്ത് അപ്ലിക്കേഷന്‍ ആക്ട് 1937 വകുപ്പ് രണ്ട് പ്രകാരമുള്ള കാര്യങ്ങള്‍ ശരീഅത്ത് നിയമ പ്രകാരം നടപ്പില്‍ വരാന്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് ശരീഅത്ത് അപ്ലിക്കേഷന്‍ ആക്ട് 1937 വകുപ്പ് മൂന്ന് പ്രകാരമുള്ള ഡിക്ലറേഷന്‍ ബാധകമാക്കണമെന്ന് ഡോ. ബി.ആര്‍ അംബേദ്കര്‍ വാദിച്ചിരുന്നു.
കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലി ഓഫ് ഇന്ത്യ ഡിബേറ്റ്‌സ് പ്രോസീഡിങ്‌സ് വാള്യം ഏഴ് ആര്‍ട്ടിക്ക്ള്‍ 35 രൂപീകരണ ചര്‍ച്ചയിലായിരുന്നു ഈ പരാമര്‍ശം. മുസ്‌ലിംകള്‍ക്ക് ഏക സിവില്‍കോഡില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരു മാര്‍ഗമായിട്ടായിരുന്നു ഡോ. അംബേദ്കര്‍ ഡിക്ലറേഷനെ കണ്ടിരുന്നത്. പക്ഷെ ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്ക്ള്‍ 25 പ്രകാരം ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ശരീഅത്ത് പ്രകാരം കാര്യങ്ങള്‍ നടത്താന്‍ യാതൊരു വിധ ഡിക്ലറേഷന്റെയും ആവശ്യം ഇല്ലാതാകുകയാണുണ്ടായത്.

ഭരണഘടന നിലവില്‍ വന്ന അതേ വര്‍ഷം തന്നെ തമിഴ്‌നാട്ടിലെ ചമ്പകം ദുരൈരാജന്‍ എന്ന വ്യക്തി സ്റ്റേറ്റ് ഓഫ് മദ്രാസിനെതിരേ ഫയല്‍ ചെയ്ത കേസിന്റെ അപ്പീല്‍ എ.ഐ.ആര്‍ 1951 എസ്.സി 226 കേസിലും മൗലികാവകാശങ്ങളെ മറികടക്കാന്‍ മാര്‍ഗനിര്‍ദേശക തത്ത്വങ്ങള്‍ക്ക് നിയമസാധുതയില്ല എന്ന വിധിയാണുണ്ടായത്. അതുകൊണ്ടാണ് ഇന്ന് ഇന്ത്യന്‍ മുസ്‌ലിംകള്‍ നിരുപാധികം മതസ്വാതന്ത്ര്യം അനുഭവിച്ചുവരുന്നത്. മേല്‍പറഞ്ഞ കാരണങ്ങളാല്‍ ശരീഅത്ത് കേരള റൂള്‍സ് 2018 പ്രകാരം തഹസില്‍ദാര്‍ക്കോ അഡിഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിനോ ഒരാളുടെ ഇസ്‌ലാം മതാശ്ലേഷണം തടയാന്‍ അധികാരമില്ല.
ശരീഅത്ത് ആപ്ലിക്കേഷന്‍ ആക്ട് വകുപ്പ് രണ്ടില്‍ പറഞ്ഞ കാര്യങ്ങള്‍ക്കും കൂടാതെ ദത്തെടുക്കല്‍, ഒസ്യത്ത് തുടങ്ങിയകാര്യങ്ങള്‍ക്കും വേണ്ടിമാത്രമാണ് ഡിക്ലറേഷന്‍ നല്‍കുന്നതെങ്കില്‍ മരണാന്തര കര്‍മ്മങ്ങള്‍ ശരീഅത്ത് ആപ്ലിക്കേഷന്‍ ആക്ട് വകുപ്പ് രണ്ടില്‍ ഉള്‍പെടാത്തതിനാല്‍ ഡിക്ലറേഷന്റെ പരിധിയില്‍ മരണാന്തര കര്‍മങ്ങള്‍ വരില്ലതാനും. ഫലത്തില്‍ അബൂത്വാലിബിന്റെ നിയമപരമായ നീക്കം തീര്‍ത്തും നിഷ്ഫലമാണ്.
ഇസ്‌ലാമിലേക്കു മതപരിവര്‍ത്തനം നടത്തിയവര്‍ക്കു മാത്രം മതപരമായ അനുഷ്ഠാനങ്ങള്‍ അംഗീകരിച്ചുകിട്ടുന്നതിനു വേണ്ടിയാണ് ഡിക്ലറേഷന്‍ നിയമമാക്കിയതെങ്കിലും നിലവിലുള്ള മറ്റു മുസ്‌ലിംകള്‍ക്കു കൂടി ഡിക്ലറേഷന്‍ നിര്‍ബന്ധമാക്കപ്പെടുകയെന്ന വലിയ പ്രത്യാഘാതമാണ് ഈ ചട്ടങ്ങളിലൂടെ ഉണ്ടായിരിക്കുന്നത്. ആയിശ കേസ് വിധി പ്രകാരം മതം മാറിയെന്ന സത്യവാങ്മൂലം കൊടുത്താല്‍ എല്ലാകാര്യങ്ങളും ശരിയാകുമായിരുന്ന സാഹചര്യം അബൂത്വാലിബ് കേസ് വിധിയിലൂടെയും കേരള റൂള്‍സിലൂടെയും ഇല്ലായ്മ ചെയ്യപ്പെട്ടിരിക്കുകയാണ്. ഇസ്‌ലാമിലേക്കുള്ള മതപരിവര്‍ത്തനം ഈ ചട്ടത്തിലൂടെ കൂടുതല്‍ സങ്കീര്‍ണമായി മാറി. കൂടാതെ ഇതുവരെ കേരളത്തിലെ മുസ്‌ലിംകള്‍ അനായാസേന ശരീഅത്ത് നിയമം ബാധകമാക്കിയിരുന്ന കാര്യങ്ങളില്‍ ഇനി മുതല്‍ ഡിക്ലറേഷന്‍ ഇല്ലാതെ വന്നാല്‍ പൊതുനിയമം ബാധകമാക്കാന്‍ ജുഡിഷ്യറിക്ക് ഈ റൂള്‍സ് പ്രകാരം സാധിക്കും.
മൗലികമായ ഈ മാറ്റത്തിന്റെ പ്രത്യാഘാതങ്ങള്‍ ദൂരവ്യാപകമാണ്. ഇത്‌വരെ മതം മാറ്റം നടത്തുമ്പോള്‍ മുസ്‌ലിമായി അംഗീകരിക്കപ്പെട്ടതിനു ശേഷം മാത്രമാണ് വിവരാവകാശത്തിന്റെ പരിധിയില്‍ വന്നിരുന്നത്. ഇനി മുതല്‍ മുസ്‌ലിമായി അംഗീകരിക്കപ്പെടുന്നതിന്റെ 45 ദിവസം മുന്‍പുതന്നെ നല്‍കുന്ന അപേക്ഷ വിവരാവകാശത്തിന്റെ പരിധിയില്‍ വരുന്നതാണ്. കേരളത്തില്‍ ഇസ്‌ലാംമതാശ്ലേഷണത്തിനു മാത്രമാണ് ഈ ബുദ്ധിമുട്ടുള്ളത്. ഇനി ഇസ്‌ലാം മതാശ്ലേഷണം എന്നത് മാസങ്ങളോളം എടുക്കുന്ന ഒരു പ്രക്രിയയായി മാറിയിരിക്കുന്നു. ശരീഅത്ത് കേരള റൂള്‍സ് 2018 വകുപ്പ് 5(2) പ്രകാരം ജമാഅത്തിന്റെ സര്‍ട്ടിഫിക്കറ്റും ജാതി സര്‍ട്ടിഫിക്കറ്റും തഹസില്‍ദാര്‍ക്ക് ബോധ്യമാകുന്നത്ര മറ്റു തെളിവുകളും ഹാജരാക്കിയാല്‍ മാത്രമെ തഹസില്‍ദാര്‍ക്ക് അപേക്ഷ പരിഗണിക്കേണ്ടതുള്ളൂ.

മേല്‍പറഞ്ഞ റൂളിലെ തേര്‍ഡ് പേഴ്‌സന്‍ സിംഗുലറായ പാര്‍ട്ടി എന്ന നാമത്തിന് ‘ഷാള്‍’ എന്ന സഹായക ക്രിയ നിര്‍ബന്ധത്തിനെയാണ് സൂചിപ്പിക്കുന്നത്. അതുപോലെ ‘ആസ് വെല്‍ ആസ് ‘എന്നത് കൊണ്ട് ജാതി സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കാന്‍ തഹസില്‍ദാര്‍ക്കു സാധിക്കും. ഒരാള്‍ മുസ്‌ലിമാണ് എന്ന നിലയ്ക്കു മാത്രമേ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ. എങ്കില്‍ മുസ്‌ലിമിന്റെ ജാതീയത എങ്ങനെയാണ് നിര്‍ണയിക്കുക എന്ന ചോദ്യം വളരെ പ്രസക്തമാണ്. അതോടൊപ്പം ആരാണ് മുസ്‌ലിം എന്ന ഒരു ചോദ്യവും ഇവിടെ ഉയര്‍ന്ന് വരുന്നു. ജുഡിഷ്യറി കീഴ്്‌വഴക്ക പ്രകാരം ദൈവം ഒന്നാണെന്നു മാത്രം വിശ്വസിക്കുകയും മുഹമ്മദ് നബി പ്രവാചകകാര്യങ്ങള്‍ ചെയ്ത വ്യക്തിയാണെന്ന് വിശ്വസിക്കുകയും ചെയ്താല്‍ ആ വ്യക്തി മുസ്‌ലിമാകും എന്നാണ് നാരന്റകത്ത് വേഴ്‌സസ് പാറക്കല്‍ (1922) 45 മദ്രാസ് കോര്‍ട്ട് 986 എന്ന കേസില്‍ പരാമര്‍ശിച്ചിട്ടുള്ളത്. നിരവധി സാഹചര്യങ്ങളില്‍ മുസ്‌ലിമല്ലാത്ത ഒരാള്‍ക്കും ഈ ഡിക്ലറേഷന്‍ മൂലം നേടാവുന്ന അനുകൂല ഘടകങ്ങള്‍ നേടിയെടുക്കാനും ഈ റൂള്‍സ് ദുരുപയോഗം ചെയ്യാനും യഥേഷ്ടം സാധിക്കും.
കൂടാതെ മേല്‍പറഞ്ഞ റൂളിലെ ‘സഫിഷ്യന്റ്എവിഡന്‍സ് ‘ എന്നത്‌കൊണ്ട് തഹസില്‍ദാര്‍ ആവശ്യപ്പെടുന്ന മറ്റു രേഖകളെല്ലാം ഹാജരാക്കേണ്ടതാണ്. ഇതെല്ലാം സമര്‍പ്പിച്ചതിനു ശേഷം ഒരു മാസക്കാലം വിചാരണ കാലഘട്ടമാണ്. അതു കഴിഞ്ഞ് 15 ദിവസം വിധി പറയുന്ന സമയമാണ്. അതു കഴിഞ്ഞാല്‍ അഡിഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് മുന്‍പാകെയുള്ള അപ്പീല്‍ സമയം ആരംഭിക്കും. അപ്പീല്‍ കാലാവധി ഒരു മാസമാണ്. ശേഷം അപ്പീല്‍ തീര്‍പ്പാക്കാന്‍ ഒരു മാസക്കാലമാണ് സമയം അനുവദിച്ചിട്ടുള്ളത്. ശേഷം അപ്പീലിന്‍മേലിലുള്ള വിധിയുടെ സമയം ഒരാഴ്ചയായി നിര്‍ണയിച്ചിട്ടുണ്ട്. അതിനു ശേഷം ഹൈക്കോടതിയെ സമീപിക്കാം. ചുരുക്കിപ്പറഞ്ഞാല്‍ പൊന്നാനിയിലോ കോഴിക്കോട്ടോ ചെന്നാല്‍ ശരിയാകുമായിരുന്ന കാര്യങ്ങള്‍ക്ക് മാസങ്ങളോളം സര്‍ക്കാര്‍ ഓഫിസുകളിലും കോടതികളിലും കയറിയിറങ്ങേണ്ട അവസ്ഥയാണ് കേരള മുസ്‌ലിംകള്‍ക്കു വന്നുപെട്ടിരിക്കുന്നത്.
ശരീഅത്ത് ആക്ട് 37ലെ വകുപ്പ് മൂന്നില്‍ പറയുന്ന വസ്യത്ത് വകുപ്പ് രണ്ടിലെ അനന്തരാവകാശത്തിന്റെ പരിധിയില്‍ വരുത്താവുന്നതാണ്. വകുപ്പ് മൂന്നിലെ ദത്തെടുക്കലിന് ഉപയോഗപ്പെടുത്താവുന്ന ഒരുപാട് നിയമ സാഹചര്യങ്ങള്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കും നിലവില്‍ പ്രാപ്യമാണ്. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് 1954 മുസ്‌ലിംകള്‍ നിലവില്‍ ഉപയോഗപ്പെടുത്തുന്നപോലെ ജുവനൈല്‍ ജസ്റ്റിസ് കെയര്‍ ആന്റ് പ്രൊട്ടക്്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ആക്ട് 2015ഉം അഡോപ്ഷന്‍ റഗുലേഷന്‍സ് 2017ഉം മുസ്‌ലിംകള്‍ക്കു സ്വീകരിക്കാവുന്നതാണ്. കൂടാതെ മാപ്പിള സക്‌സഷന്‍ ആക്ട് 1918, മാപ്പിള വില്‍സ് ആക്ട് 1928, മാപ്പിള മരുമക്കത്തായം ആക്ട് 1939 എന്നീ നിയമങ്ങളും റദ്ദാക്കിയിട്ടില്ലെന്നതും അനുകൂലമായ ഘടകങ്ങളാണ്. ഇത്തരം അനുകൂല സാഹചര്യങ്ങള്‍ എല്ലാം ഉണ്ടായിട്ടും ശരീഅത്ത് ആക്ട് വസ്യത്തിനും ദത്തിനും കൊണ്ടുവന്ന ഡിക്ലറേഷന്‍ കേരള റൂള്‍സ് മറ്റെല്ലാ മൗലികാവകാശങ്ങളുടെയും മേല്‍ ബാധകമാക്കിയതുകൊണ്ട് കേരളത്തിലെ മുഴുവന്‍ മുസ്‌ലിംകള്‍ക്കും വളരെ കൂടുതല്‍ ദോഷമുണ്ടാകും എന്നതില്‍ സംശയമില്ല.

ഇന്ത്യന്‍ മുസ്‌ലിംകളുടെ മൗലികാവകാവശങ്ങള്‍ എന്ന വളരെ വിശാലമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ആക്ടിന്റെ സ്റ്റേറ്റ് റൂളിനെ ഒരു ഡിക്ലറേഷന്‍ കാര്യത്തില്‍ മാത്രം ഒതുക്കിയെന്നത് നിയമപരമായ വലിയൊരു പോരായ്മയാണ്. ഈ പ്രതിസന്ധി മറികടക്കാന്‍ പ്രസ്തുത മൗലികാവകാശങ്ങളില്‍ സംസ്ഥാനത്തിനു നിയമ നിര്‍മ്മാണം നടത്താനുള്ള സാഹചര്യവും നിലവിലില്ല. കണ്‍കറന്റ് ലിസ്റ്റിലെ അഞ്ചാം എന്‍ട്രിയിലുള്ള മൗലികാവകാശങ്ങളില്‍ സ്റ്റേറ്റിന് നിയമനിര്‍മാണം നടത്തണമെങ്കില്‍ ഇന്ത്യന്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ ആര്‍ട്ടിക്ക്ള്‍14 ലംഘിക്കപ്പെടുന്ന സാഹചര്യം ഉണ്ടായിരിക്കണമെന്ന സ്റ്റേറ്റ് ഓഫ് ബോംബെ വേഴ്‌സസ് നരസു അപ്പമാലി എ.ഐ.ആര്‍ 1952 ബോംബെ 84 കേസിലെ ജസ്റ്റിസ് ചഗ്ലയുടെ വിധി ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്.
അതോടൊപ്പം ശരീഅത്ത് ആക്ട് 1937 എന്നത് ഒരു ആക്ട് എന്നതിനപ്പുറം ഇസ്‌ലാമിക ശരീഅത്തിന്റെ ഒരു കേന്ദ്രീകൃത സത്തയാണ് എന്ന സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലിന്റെ വാദം മുത്വലാഖ് കേസില്‍ സുപ്രിംകോടതി അംഗീകരിച്ചിരുന്നു എന്ന വസ്തുത നിലവിലുള്ളപ്പോള്‍ ഈ ആക്ട് പ്രകാരമുള്ള സ്റ്റേറ്റ് ചട്ടങ്ങള്‍ ഇറക്കാനുള്ള സാഹചര്യം നാം ഒഴിവാക്കേണ്ടതായിരുന്നു.
ചുരുക്കിപ്പറഞ്ഞാല്‍ ഇസ്‌ലാം മതാശ്ലേഷണത്തിന്റെ അംഗീകാരത്തിനു വേണ്ടി മാസങ്ങളോളം ഉദ്യോഗസ്ഥര്‍ മുന്‍പാകെ കാത്തുകെട്ടിക്കിടക്കേണ്ടിവരുന്ന സാഹചര്യമാണ് ഭാവിയില്‍ നാം അഭിമുഖീകരിക്കാന്‍ പോകുന്നത്. ഗവണ്‍മെന്റ് തലത്തില്‍ സമാന്തര സംവിധാനം സൃഷ്ടിക്കപ്പെടുക വഴി മഊനത്തുല്‍ ഇസ്‌ലാം അസോസിയേഷനും തര്‍ബിയത്തുല്‍ ഇസ്‌ലാം സഭയ്ക്കും ഔദ്യോഗികത നഷ്ടപ്പെടാനുള്ള സാധ്യത വര്‍ധിച്ചിരിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ക്ക് മറ്റു മതങ്ങളില്‍ നിന്ന് സുരക്ഷിതമായി ഇസ്‌ലാമിലേക്കു കടന്നുവരാനുള്ള മാര്‍ഗമാണ് നഷ്ടമാകുന്നത്.
ആയതിനാല്‍, ശരീഅത്ത് ആക്ട് 1937 വകുപ്പ് രണ്ടില്‍ പറഞ്ഞതും കൂടാതെ മരണാനന്തര കര്‍മം തുടങ്ങിയ ഒരു മുസ്‌ലിമിന്റെ മറ്റു മുഴുവന്‍ മൗലികാവകാശങ്ങളും ഉള്‍പ്പെടുന്ന നിലക്ക് പുതുതായി ഇസ്‌ലാമിലേക്കു കടന്നുവരുന്നവര്‍ക്ക് മാത്രം ബാധകമാകുന്ന രീതിയിലും മറ്റു പോരായ്മകള്‍ പരിഹരിച്ചും ദ മുസ്‌ലിം പേഴ്‌സണല്‍ ലോ (ശരീഅത്ത്) അപ്ലിക്കേഷന്‍ (കേരള) റൂള്‍സ് 2018 ഭേദഗതി ചെയ്യുക എന്നതാണ് നമ്മുടെ മുന്‍പിലുള്ള ഏക പരിഹാരം. മന്ത്രി കെ.ടി ജലീല്‍ പ്രസ്താവിച്ച പ്രകാരമുള്ള വിസമ്മതപത്രം നിയമപരമായി നിലനില്‍ക്കുന്നതോ പ്രസക്തിയുള്ളതോ അല്ല. ഇന്ത്യയിലെ പൊതുവായ നിയമങ്ങള്‍ എല്ലാ ഇന്ത്യക്കാരനും യഥേഷ്ടം മതത്തിനതീതമായി സ്വീകരിക്കാവുന്നതാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.