2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ബദല്‍രേഖയുടെ പൊരുളും ന്യൂനപക്ഷ ദൈന്യതയും

അഡ്വ. ജി. സുഗുണന്‍#

 

ഫാസിസ്റ്റ് ശക്തികള്‍ ഇന്ത്യയുടെ ഭരണാധികാരം പിടിച്ചടക്കിയത് ഭൂരിപക്ഷ മതവിഭാഗങ്ങളില്‍ ന്യൂനപക്ഷ വിരുദ്ധ മനോഭാവം അടിച്ചേല്‍പ്പിച്ചുകൊണ്ടായിരുന്നു. അതി രൂക്ഷമായ വര്‍ഗീയത ഉത്തരേന്ത്യയിലെ ഹിന്ദുക്കള്‍ക്കിടയില്‍ പടര്‍ത്തിയ അവരുടെ ഇനിയുള്ള ലക്ഷ്യം വരാനിരിക്കുന്ന ദേശീയ തെരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്തലാണ്. ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ കോടതി വിധിക്കുപോലും കാത്തുനില്‍ക്കാതെ രാമക്ഷേത്രം പണിയാന്‍ നീക്കം നടത്തുന്നതും ശബരിമലയില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതുമെല്ലാം വര്‍ഗീയവികാരം ആളിക്കത്തിക്കുന്നതിന്റെ ഭാഗമാണ്.
ഈയൊരു പ്രതിസന്ധി ഘട്ടത്തില്‍ രാജ്യത്തെ ന്യൂനപക്ഷങ്ങളാകെ അസ്വസ്ഥരും അനാഥാവസ്ഥയിലുള്ളവരുമാണ്. തങ്ങള്‍ ഏതു നിമിഷവും വേട്ടയാടപ്പെടാമെന്ന ഭീതി അവര്‍ക്കുണ്ട്. ഭൂരിപക്ഷ മതമൗലികവാദികള്‍ ദേശീയ രാഷ്ട്രീയം മലീമസമാക്കുകയാണ്. അതിന്റെ പ്രതിധ്വനി കേരളത്തിലും ആഞ്ഞടിക്കുന്നുണ്ട്. ന്യൂനപക്ഷങ്ങളെ അനാഥാവസ്ഥയില്‍ നിര്‍ത്തുകയെന്നത് മതേതര, ജനാധിപത്യ വ്യവസ്ഥയില്‍ വിശ്വസിക്കുന്ന രാഷ്ട്രീയകക്ഷികള്‍ക്കു ഭൂഷണമല്ല.
ഉത്തരവാദിത്വബോധമുള്ള ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും നേതാവും കര്‍ത്തവ്യനിര്‍വഹണത്തില്‍ നിന്നു മാറിനില്‍ക്കരുത്. ആ പാഠം നമ്മെ പഠിപ്പിച്ച ഒരു നേതാവുണ്ടായിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കൊപ്പമായിരിക്കണം ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ നില്‍പ്പ് എന്ന ശരിയായ നിലപാടിനൊപ്പം സ്വന്തം പാര്‍ട്ടിയിലെ ഭൂരിപക്ഷം നേതാക്കളും യോജിക്കാന്‍ മടിച്ച കാലത്ത് പാര്‍ട്ടി വേദിയില്‍ ബദല്‍രേഖ അവതരിപ്പിച്ചു സധൈര്യം ‘പാര്‍ട്ടി ഭ്രഷ്ട് ‘ ഏറ്റുവാങ്ങിയ നേതാവ്. എം.വി രാഘവന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. അദ്ദേഹത്തിന്റെ വേര്‍പാടിന് നാലാണ്ടു പൂര്‍ത്തിയാവുന്ന ഇന്ന് എം.വി.ആറിന്റെ ബദല്‍രേഖയുടെ പ്രസക്തി ഓര്‍മിക്കാതെ വയ്യ.
കേരളത്തില്‍ സി.പി.എം സ്വീകരിക്കേണ്ട ഐക്യമുന്നണി അടവുകളെപ്പറ്റി വലിയ അഭിപ്രായവ്യത്യാസങ്ങള്‍ 1985-86 കാലത്ത് ആ പാര്‍ട്ടിയിലുണ്ടായി. അക്കാലത്തു യു.ഡി.എഫ് ശക്തവും എല്‍.ഡി.എഫ് താരതമ്യേന ദുര്‍ബലവുമായിരുന്നു. ഇടതുമുന്നണിയെ എങ്ങനെ ശക്തിപ്പെടുത്താമെന്ന ചര്‍ച്ച പാര്‍ട്ടിയില്‍ നടന്നു. വിവിധ ഘടകങ്ങളിലും സംഘടനകളിലും പാര്‍ട്ടി നയത്തെപ്പറ്റി സ്വതന്ത്രവും കാര്യമാത്രപ്രസക്തവുമായ ചര്‍ച്ച നടത്തുന്നതു പാര്‍ട്ടിയെ ഏകീകരിക്കുന്നതിനു സഹായകമാണെന്നു സി.പി.എം ഭരണഘടനയില്‍ പറയുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷ പാര്‍ട്ടികളുമായുള്ള ബന്ധത്തെക്കുറിച്ചു ചര്‍ച്ചയുണ്ടായി. മുസ്‌ലിംലീഗ്, കേരളകോണ്‍ഗ്രസ് എന്നിവയുമായി സഖ്യമുണ്ടാക്കുന്നത് സി.പി.എമ്മിനെ ഒറ്റപ്പെടുത്താനേ വഴിവയ്ക്കൂവെന്നായിരുന്നു കേന്ദ്രനിലപാട്. കേന്ദ്രത്തിന്റെ കത്ത് സംസ്ഥാന കമ്മിറ്റിയിലും പാര്‍ട്ടി സമ്മേളനത്തിലും അവതരിപ്പിക്കപ്പെട്ടു. അതിനെ തുണയ്ക്കുന്നവരായിരുന്നു ഇവിടെയും പലരും. ഇതിനെതിരേ എം.വി. രാഘവന്റെ നേതൃത്വത്തില്‍ കുറേ നേതാക്കള്‍ ബദല്‍ രേഖയുമായി രംഗത്തുവന്നു. കേരളത്തില്‍ മുസ്‌ലിംലീഗ്, കേരളകോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുമായുള്ള മുന്നണി ബന്ധം സി.പി.എമ്മിന് പ്രയോജനപ്പെടുമെന്നും കേന്ദ്രകമ്മിറ്റിയുടെ വാദം അടിസ്ഥാനരഹിതമാണെന്നും സമര്‍ഥിച്ചുകൊണ്ടായിരുന്നു അവരുടെ ഭിന്നാഭിപ്രായക്കുറിപ്പ്. പുത്തലത്ത് നാരായണന്‍, പി.വി കുഞ്ഞിക്കണ്ണന്‍, ഇ.കെ ഇമ്പിച്ചിബാവ, ടി. ശിവദാസമേനോന്‍, വി.ദക്ഷിണാമൂര്‍ത്തി, പാട്യം രാജന്‍, പി.വി മൂസാംകുട്ടി, സി.കെ ചക്രപാണി എന്നീ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ എം.വി.ആറിനൊപ്പമുണ്ടായിരുന്നു.
നമ്മുടെ ഭരണഘടന രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് ഉറപ്പുനല്‍കിയ മൗലികമായ അവകാശങ്ങള്‍ പോലും ഇന്നവര്‍ക്കു ലഭിക്കുന്നില്ലെന്നും ഈ വിഭാഗത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തയ്യാറാകണമെന്നും സി.പി.എം പാര്‍ട്ടി പരിപാടിയില്‍(1968 -ല്‍) അടിവരയിട്ടു പറഞ്ഞ കാര്യം ബദല്‍രേഖയില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. വസ്തുത ഇതായിരിക്കെ ന്യൂനപക്ഷങ്ങളുടെ പൊതുവായ താല്‍പ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാല്‍ അത് ന്യൂനപക്ഷ പ്രീണനമാകുമെന്നും ഭൂരിപക്ഷവിഭാഗങ്ങള്‍ക്ക് എതിരാകുമെന്നുള്ള വാദത്തിന് അടിസ്ഥാനവുമില്ല.
രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ ഇന്ന് ഏറ്റവും കടുത്ത വെല്ലുവിളിയെ നേരിടുകയാണ്. ന്യൂനപക്ഷ വിരുദ്ധരുടെ ഭരണമാണിവിടെയുള്ളത്. സി.പി.എം പാര്‍ട്ടി പരിപാടിയില്‍ അടിവരയിട്ടു പറയുന്നപോലെ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ പോലും അനുസ്യൂതം ന്യൂനപക്ഷങ്ങള്‍ക്ക് ഇന്നു നിഷേധിച്ചുകൊണ്ടിരിക്കുകയാണ്. കേരളം പോലുള്ള ചുരുക്കം ചില സംസ്ഥാനങ്ങളില്‍ മാത്രമാണ് അവരുടെ നില കുറച്ചെങ്കിലും മെച്ചപ്പെടുത്തിയിട്ടുള്ളത്. മഹാഭൂരിപക്ഷം സംസ്ഥാനങ്ങളിലും അവകാശങ്ങള്‍ നിഷ്‌കരുണം നിഷേധിക്കപ്പെട്ട വിഭാഗമാണവര്‍. ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളില്‍ ഇവര്‍ കൂട്ടക്കൊലയ്ക്കു വരെ നിരന്തരം ഇരയാകുന്നു. ന്യൂനപക്ഷ വിഭാഗക്കാര്‍ പരമ്പരാഗതമായി ചെയ്തുകൊണ്ടിരിക്കുന്ന തൊഴിലുകളായ കന്നുകാലി കച്ചവടവും മാംസക്കച്ചവടവും അതുപോലുള്ള തൊഴിലുകളും ചെയ്യാന്‍ അനുവദിക്കാതെ ജീവനോപാധി ഇല്ലാതാക്കുകയാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരായി കൊലക്കത്തി ഉയര്‍ത്തുന്നവര്‍ക്ക് ഇന്നത്തെ ഭരണകൂടം സംരക്ഷണം നല്‍കുകയും ഇത്തരം സംഭവങ്ങള്‍ ഭൂരിപക്ഷത്തിന്റെ പിന്തുണ പിടിച്ചുപറ്റുന്നതിനുള്ള ആയുധമാക്കി ഉപയോഗിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. ഏറ്റവുമൊടുവില്‍ അയോധ്യയില്‍ ബാബരി മസ്ജിദ് പൊളിച്ച ശക്തികള്‍ അവിടെ രാമക്ഷേത്രം നിര്‍മിക്കാനുള്ള ഏറ്റവും ശക്തമായ രീതിയിലുള്ള പുറപ്പാടും തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.
ഇതു സംബന്ധിച്ചു സുപ്രിംകോടതിയില്‍ നടക്കുന്ന കേസ് നീണ്ടു പോകുന്നതു കൊണ്ടു കോടതിയെത്തന്നെ നോക്കുകുത്തിയാക്കി രാമക്ഷേത്രം സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് കൊണ്ടുവരാനാണു സംഘ്പരിവാര്‍ തീരുമാനിച്ചിരിക്കുന്നത്. 1992ല്‍ ബാബരി മസ്ജിദ് തകര്‍ന്നതോടുകൂടി ഇന്ത്യന്‍ മതേതരത്വം യഥാര്‍ഥത്തില്‍ വെറും കടലാസില്‍ മാത്രമുള്ള ഒന്നായി മാറിയിരിക്കുകയാണല്ലോ. രാജ്യത്തെ ഭരണകൂടം ജുഡീഷ്യറിയെ വിശ്വാസത്തില്‍ എടുക്കാനേ തയാറാകുന്നില്ല. സര്‍ക്കാരിനെ താങ്ങിനിര്‍ത്തുന്ന മൂന്നു നെടും തൂണുകളാണ് എക്‌സിക്യൂട്ടിവ്, പാര്‍ലമെന്റ്, ജ്യുഡിഷ്യറി എന്നിവ. ഈ മൂന്നു ഘടകങ്ങള്‍ക്കും തുല്യ പ്രാധാന്യമാണു ഭരണഘടന നല്‍കിയിരിക്കുന്നത്. ജ്യുഡിഷ്യറിയെ നോക്കുകുത്തിയാക്കി എക്‌സിക്യൂട്ടിവ് തന്നെ കാര്യങ്ങള്‍ ആകെ ചെയ്യുന്ന സമീപനമാണു കേന്ദ്രത്തിലെ മോദിസര്‍ക്കാരിനുള്ളതെന്ന കാര്യം വളരെ വ്യക്തമാണ്. ജഡ്ജിമാരുടെ നിയമനത്തിലും മറ്റും കൊളീജിയം തീരുമാനത്തെപോലും അംഗീകരിക്കാന്‍ കേന്ദ്ര ഭരണകൂടം വൈമുഖ്യം കാട്ടുന്നു. ജ്യുഡിഷ്യറിയെ നോക്കുകുത്തിയാക്കുന്ന നിലയിലേയ്ക്കാണു കാര്യങ്ങള്‍ പോകുന്നത്.
രാജ്യത്തെ കോടാനുകോടി വരുന്ന ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷത്തിന്റെ കടുത്ത വെല്ലുവിളിയെയും കിരാതമായ കടന്നാക്രമണങ്ങളെയും നേരിടാന്‍ പോകുകയാണ്. ഇവരെ ആരു സംരക്ഷിക്കുമെന്നുള്ളതു പ്രസക്തമായ ചോദ്യമാണ്. 1992ല്‍ ബാബരി മസ്ജിത് പൊളിക്കാന്‍ കൂട്ടുനിന്നത് അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഭരണകൂടമാണ്. ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി തങ്ങള്‍ നിലകൊള്ളുമെന്നു രാഹുല്‍ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് എത്രത്തോളം വിശ്വാസയോഗ്യമാണെന്നു തെളിയിക്കപ്പെടേണ്ടതാണ്.
ഇവിടെയാണ് എം.വി.ആറിന്റെ ബദല്‍രേഖയുടെ പ്രസക്തി. ഭരണഘടന ഉറപ്പുനല്‍കിയിട്ടുള്ള അവകാശങ്ങള്‍പോലും നിര്‍ദയം നിഷേധിക്കപ്പെട്ട വിഭാഗങ്ങളാണ് ന്യൂനപക്ഷങ്ങളെന്ന് അദ്ദേഹം തന്റെ രേഖയില്‍ അടിവരയിട്ടു പറയുന്നു. ഇവരെ സംരക്ഷിച്ചേ മതിയാകൂ. ബദല്‍രേഖയെഴുതിയ കാലഘട്ടത്തേക്കാള്‍ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സ്ഥിതി ഇന്നു കൂടുതല്‍ ദയനീയമായി മാറിയിരിക്കുകയാണ്.
ഈ ന്യൂനപക്ഷങ്ങളെ തങ്ങളോടൊപ്പം നിര്‍ത്താന്‍ ഇടതുപക്ഷം, പ്രത്യേകിച്ചു സി.പി.എം തയ്യാറാകണമെന്നുള്ളതാണ് ബദല്‍രേഖയുടെ സാരം. കേരളത്തെ സംബന്ധിച്ചിടത്തോളം ന്യൂനപക്ഷങ്ങളെ ഒപ്പം കൂട്ടാന്‍ ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളായ കേരളാകോണ്‍ഗ്രസിനെയും മുസ്‌ലിംലീഗിനെയും ഇടതുമുന്നണിയോടൊപ്പം നിര്‍ത്തണമെന്നും മൂന്നു പതിറ്റാണ്ടിനു മുമ്പാണ് ബദല്‍ രേഖയില്‍ എം.വി.ആര്‍ ചൂണ്ടിക്കാട്ടിയത്. ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണങ്ങള്‍ തങ്ങളുടെ പരിപാടിയായി സംഘ്പരിവാര്‍ പരസ്യമായി പ്രസ്താവിച്ച ഇന്നത്തെ അവസ്ഥയില്‍ ന്യൂനപക്ഷസംരക്ഷണമെന്ന ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടരുത് സി.പി.എമ്മിനെയും സി.പി.ഐയെയും പോലുള്ള പാര്‍ട്ടികള്‍. ന്യൂനപക്ഷങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ സഹായകമായ നിലയില്‍ ന്യൂനപക്ഷപാര്‍ട്ടികളുമായി എല്ലാ നിലയിലും സഹകരിക്കേണ്ടിവരും. ഇക്കാര്യത്തില്‍ തുറന്ന ചര്‍ച്ചകളും രാഷ്ട്രീയവിശകലനങ്ങളും നടക്കേണ്ടതുണ്ട്. ന്യൂനപക്ഷ പാര്‍ട്ടികളായ മുസ്‌ലിംലീഗും കേരളാകോണ്‍ഗ്രസുമെല്ലാം പുനഃപരിശോധനയ്ക്കു തയ്യാറാകണം. മൂന്നു പതിറ്റാണ്ടുമുമ്പ് എം.വി. രാഘവന്‍ ബദല്‍രേഖയില്‍ ചൂണ്ടിക്കാട്ടിയ ന്യൂനപക്ഷങ്ങളെ ഇടതുപക്ഷവുമായി ബന്ധപ്പെടുത്തണമെന്ന വാദത്തിന്റെ പ്രസക്തി കൂടുതല്‍ വര്‍ധിച്ച സാഹചര്യവുമാണിത്.

(ലേഖകന്‍ സി.എം.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമാണ്)

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.