2019 February 21 Thursday
ശരീരത്തിനു സൗന്ദര്യം എന്നതുപോലെയാണ് മനസ്സിന് തെളിമയാര്‍ന്ന ചിന്ത -ലാറേഷ് ഫുക്കോള്‍ഡ്

ആദിവാസി ചിന്തകളും അധികാരികളുടെ നിലപാടുകളും

ലെജി കൃഷ്ണന്‍

ഇന്നു ലോകമെമ്പാടും ആദിവാസി ദിനം ആഘോഷിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ കേരളത്തിലെയും കേന്ദ്രത്തിലെയും ലോകതലത്തില്‍ തന്നെയുമുള്ള ഭരണവര്‍ഗത്തിന്റെ ആദിവാസികളോടുള്ള നിലപാടുകളും നിസ്സംഗതയും ഓര്‍മപ്പെടുത്തുകയാണ ്ഈ കുറിപ്പിന്റെ ലക്ഷ്യം. 

 

വിവിധ രാജ്യങ്ങളിലെ 370 ദശലക്ഷം ആദിവാസികളുടെ ക്ഷേമം മുന്‍നിര്‍ത്തിയാണ് 1994 ല്‍ ഐക്യരാഷ്ട്രസഭയുടെ നിര്‍ദേശാനുസരണം ആദിവാസി ദിനാചരണം തുടങ്ങിയത്. ഗോത്രത്തലവന്മാരുമായുള്ള കൂടിക്കാഴ്ചയ്‌ക്കൊടുവിലാണു യു.എന്‍ ജനറല്‍ അസംബ്ലി ആദിവാസി ദിനാചരണ തീരുമാനത്തിലെത്തിയത്. ഇതിന്റെ ഭാഗമായി ലോകമെങ്ങും അത് ആചരിക്കപ്പെടുന്നു.
എന്നാല്‍, ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്യുന്ന ദിനാചരണങ്ങള്‍ അതിപ്രാധാന്യത്തോടെ ആഘോഷിക്കപ്പെടാറുള്ള ഇന്ത്യയിലെ ഔദ്യോഗിക കേന്ദ്രങ്ങള്‍ ആദിവാസി ദിനാചരണത്തെപ്പറ്റി കേട്ടഭാവംപോലും നടിക്കുന്നില്ല. ഈ അവഗണന ക്രൂരമാണ്, ദുരൂഹതയുള്ളതുമാണ്. ഇന്ത്യയിലെ ആദിമ ജനത നേരിടുന്ന അവകാശപ്രശ്‌നങ്ങളും അതിജീവന സമരങ്ങളും ചര്‍ച്ചചെയ്യപ്പെടുന്ന സാഹചര്യമൊഴിവാക്കാനുള്ള തന്ത്രമാണത്. അതില്‍ അങ്ങേയറ്റം അനൗചിത്യമുണ്ട്.

ആദിവാസികളുടെ മൊത്തം എണ്ണം ലോകജനസംഖ്യയുടെ അഞ്ചുശതമാനത്തില്‍ താഴെയാണ്. അതേസമയം,ലോകത്തു ദാരിദ്ര്യമനുഭവിക്കുന്നവരില്‍ 15 ശതമാനവും ആദിവാസികളാണ്.ഇന്ത്യയില്‍ 10.45 കോടി ആദിമനിവാസികളാണുള്ളത്, നമ്മുടെ ജനസംഖ്യയുടെ 8.6 ശതമാനം. എന്നാല്‍, പട്ടിണിയുടെയും ദുരിതത്തിന്റെയും ശതമാനക്കണക്കു വരുമ്പോള്‍ ഇതുവളരെ കൂടും.
മുഖ്യധാരാസമൂഹത്തില്‍ നിന്ന് അകന്നു തനതുസംസ്‌കാരത്തോടെ മലഞ്ചെരുവുകളിലും വനാന്തര്‍ഭാഗത്തും ജീവിച്ച ഗോത്രജനത ബ്രിട്ടീഷ് വന നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെ വഴിയാധാരമാക്കപ്പെട്ടു. വനത്തില്‍ സ്വതന്ത്രരായി വിഹരിച്ചവരുടെ മേല്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെട്ടു.

ദുരിതങ്ങള്‍ വിട്ടൊഴിയാതിരുന്ന അവരെ സ്വാതന്ത്ര്യാനന്തര കാലത്തു വികസനത്തിന്റെ പേരില്‍ തനത് ആവാസവ്യവസ്ഥയില്‍ നിന്നു കുടിയൊഴിപ്പിച്ചു അവര്‍ക്കൊരിക്കലും പരിചിതമല്ലാത്തിടത്തേയ്ക്കു പറിച്ചു നട്ടു. അത് അവരുടെ ദൈനംദിന ജീവിതത്തെ ദുസ്സഹമാക്കി.

അണക്കെട്ടുകള്‍, ജലവൈദ്യുതപദ്ധതികള്‍, ഖന പ്രവര്‍ത്തനങ്ങള്‍, വ്യവസായം, സംരക്ഷിത വനപ്രദേശങ്ങള്‍ എന്നിവയുടെ പേരില്‍ കുടിയൊഴിപ്പിക്കപ്പെട്ട 60 ദശലക്ഷത്തോളം പേരില്‍ 57 ശതമാനവും ആദിവാസികളാണ്. ‘നര്‍മദാ ബച്ചാവോ ആന്ദോളന്‍’ സമരകാലത്ത് അവരുടെ ദൈന്യതയുടെ വ്യാപ്തി നാം ചര്‍ച്ച ചെയ്തതാണ്. കുടിയൊഴിപ്പിച്ചതു വാഗ്ദാനങ്ങളേറെ നല്‍കിയാണെങ്കിലും പുനരധിവസിപ്പിക്കാന്‍പോലും ഇന്നേവരെ ഭരണകൂടത്തിനു കഴിഞ്ഞിട്ടില്ല.

പരമ്പരാഗത ആവാസവ്യവസ്ഥയില്‍ നിന്നുള്ള കുടിയൊഴിപ്പിക്കലും ദാരിദ്ര്യവും വന നശീകരണവും വനവിഭവങ്ങളുടെ ദൗര്‍ലഭ്യവും പ്രകൃതിദുരന്തങ്ങളും ആദിവാസികളെ നഗരങ്ങളിലേയ്ക്കു കുടിയേറാന്‍ നിര്‍ബന്ധിതരാക്കി. ആ കുടിയേറ്റ നിരക്കു വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

ഈ വര്‍ഷത്തെ ആദിവാസിദിനത്തില്‍ ചര്‍ച്ചചെയ്യുന്നതിന് ഐക്യരാഷ്ട്രസഭ നിര്‍ദ്ദേശിച്ച വിഷയം കുടിയേറ്റമാണ്. നഗരങ്ങളിലെത്തുന്ന ആദിവാസികള്‍ തെരുവോരത്തു കുടില്‍കെട്ടിയാണു താമസിക്കുന്നത്. തൊഴില്‍ നൈപുണ്യക്കുറവുള്ളതുകൊണ്ടു കെട്ടിടനിര്‍മാണത്തിലും ക്വാറികളിലും ഇഷ്ടികക്കളത്തിലും മറ്റും കുറഞ്ഞ വേതനമാണു ലഭിക്കുന്നത്. തൊഴില്‍കരാറുകാരുടെ ചൂഷണത്തിനും വിധേയരാകുന്നു.

തൊഴില്‍ സുരക്ഷാനിയമങ്ങളൊന്നും രക്ഷയ്‌ക്കെത്താറില്ല. പ്രാഥമിക ജീവിതസൗകര്യങ്ങള്‍ പോലുമില്ല. പാതയോരങ്ങളില്‍ അന്തിയുറങ്ങുന്ന ആദിവാസി സ്ത്രീകളുടെ സുരക്ഷയില്‍ ആരും ആശങ്കപ്പെടുന്നില്ല. മേല്‍വിലാസമില്ലാത്ത ഇവര്‍ക്ക് തെരഞ്ഞെടുപ്പു തിരിച്ചറിയല്‍ കാര്‍ഡോ, റേഷന്‍ കാര്‍ഡോ ഇല്ല. വോട്ടല്ലാത്തതിനാല്‍ രാഷ്ട്രീയ യജമാനന്മാരും തിരിഞ്ഞുനോക്കില്ല. കുട്ടികളെ വിദ്യാലയത്തിലയക്കാന്‍ സൗകര്യമില്ല. അതിനാല്‍, തൊഴിലിടത്തിലേയ്ക്കു തെളിക്കും. അങ്ങനെ ദുരിതങ്ങള്‍ അടുത്തതലമുറയിലേയ്ക്കു കൈമാറ്റം ചെയ്യപ്പെടും.
നഗരങ്ങളില്‍ കുടിയേറാന്‍ കഴിയാത്തവരുടെ ജീവിതം കരളലയിപ്പിക്കുന്നതാണ്. രോഗങ്ങളും ദാരിദ്ര്യവും നിരന്തരമായി അലട്ടുന്നു. കുടിക്കാന്‍ ശുദ്ധജലമില്ല. ധരിക്കാന്‍ വസ്ത്രമില്ല. ഒരു തുണ്ടു ഭൂമിയോ വാസയോഗ്യമായ വീടോ ഇല്ല.

ആദിവാസികളെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍ക്കു യാഥാര്‍ഥ്യവുമായി പുലബന്ധംപോലുമില്ല.നരകതുല്യജീവിതം നയിക്കുന്ന ഇവരുടെ ആവശ്യങ്ങള്‍ക്കു സമരരൂപം പ്രാപിക്കണമെങ്കില്‍പ്പോലും ഇതര സമൂഹങ്ങളിലുള്ളവരുടെ നേതൃത്വവും സഹകരണവും വേണ്ട അവസ്ഥയാണ്. തങ്ങളുടെ സ്വത്വവും സംസ്‌കാരവും കവര്‍ന്നെടുത്തതു തിരിച്ചറിയാനാവാത്ത നിരക്ഷരരും നിസ്വരുമാണവര്‍.

ഗോത്രസമൂഹത്തിന്റെ വികസനത്തിനും ക്ഷേമത്തിനുമായി സഹസ്രകോടികള്‍ ചെലവഴിച്ചിട്ടും ഇവരുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കഴിയുന്നില്ലെന്നത് അഭിമാനകരമല്ല. സ്വാതന്ത്ര്യസമരത്തില്‍ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരേ ആയുധമെടുത്തു പോരാടിയ പാരമ്പര്യമുള്ള ഗോത്രസമൂഹത്തിനു സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ നീതി നല്‍കാന്‍ കഴിഞ്ഞില്ലെന്നത് അക്ഷന്തവ്യമായ അപരാധമാണ്. ആഗോളവ്യാപകമായി ആദിവാസി ദിനം കൊണ്ടാടുമ്പോള്‍ ഇവിടെ അതിനെ തമസ്‌കരിക്കുന്ന ഭരണകൂട സമീപനം നാളിതുവരെ അവരോടു ചെയ്ത അപരാധങ്ങളിലുള്ള കുറ്റബോധം കൊണ്ടാകാമെന്നു കരുതുന്നു.

1946 ഡിസംബര്‍ 19 നു ബിഹാറില്‍ നിന്നുള്ള ആദിവാസി നേതാവ് ജയ്പാല്‍ സിങ് മുണ്ട ഭരണഘടനാ സമിതിയുടെ ചര്‍ച്ചയില്‍ പറഞ്ഞത് ഇന്നും പ്രസക്തമാണ്:”എന്റെ ജനങ്ങളുടെ ചരിത്രം, കുടിയേറിവന്നവരാല്‍ നയിക്കപ്പെട്ട കലാപങ്ങളുടെയും ക്രമരാഹിത്യങ്ങളുടെയും ഫലമായി നിരന്തരമായ ചൂഷണങ്ങള്‍ക്കും കുടിയിറക്കലിനും വിധേയമാക്കപ്പെട്ടതിന്റെ ചരിത്രമാണ്…”
ആ ചരിത്രം ആവര്‍ത്തിക്കപ്പെടുകയാണ്. അതിനിയും തുടരണമോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ ദിനത്തില്‍ പരിഷ്‌കൃത സമൂഹം നല്‍കേണ്ടത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.