2019 April 22 Monday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് ലഭിച്ചേക്കും; ലേലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്ഥാപനം രണ്ടാം സ്ഥാനത്ത്

 

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് ലഭിച്ചേക്കും. ഇതിനായുള്ള ലേലത്തില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി പങ്കെടുത്ത പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഡി.സിയെ പിന്തള്ളി അദാനി ഒന്നാമതെത്തി.

ഡല്‍ഹി, ഹൈദരാബാദ് വിമാനത്താവളങ്ങളുടെ നടത്തിപ്പുകാരായ ജി.എം.ആര്‍ ഗ്രൂപ്പാണ് മൂന്നാംസ്ഥാനത്തുള്ളത്. ഔദ്യോഗിക പ്രഖ്യാപനം 28ന് നടക്കും. തിരുവനന്തപുരത്തിനു പുറമെ അഹമ്മദാബാദ്, ജയ്പൂര്‍, ലക്‌നൗ, മംഗളൂരു വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതലയും അദാനി ഗ്രൂപ്പിന് ലഭിക്കും. ഇതിനിടെ മംഗളൂരു വിമാനത്താവളത്തിനായി ടെണ്ടറില്‍ പങ്കെടുത്ത സിയാല്‍ രണ്ടാം സ്ഥാനത്തെത്തി.

തിരുവനന്തപുരം ഉള്‍പ്പെടെ ആറു വിമാനത്താവളങ്ങളുടെ നടത്തിപ്പാണ് സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് കൈമാറുന്നത്. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ നടത്തിപ്പ് ചുമതലയുള്ള പശ്ചാത്തലത്തിലാണ് വിമാനത്താവളം കൂടി ഏറ്റെടുക്കാന്‍ അദാനി ഗ്രൂപ്പ് രംഗത്തെത്തിയതെന്നതും ശ്രദ്ധേയമാണ്.

രാജ്യാന്തരവിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. പിന്നീട് തിരുവനന്തപുരം ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (ടിയാല്‍) എന്ന കമ്പനിയുണ്ടാക്കി ലേലത്തില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ കെ.എസ്.ഐ.ഡി.സിയുടെ പേരിലാണു ലേലത്തില്‍ പങ്കെടുത്തത്.

സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കെ.എസ്.ഐ.ഡി.സിക്ക് 10% റൈറ്റ് ഓഫ് ഫസ്റ്റ് റഫ്യൂസലും കേന്ദ്രം അനുവദിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ടെണ്ടറിനു ശേഷവും തുക വര്‍ധിപ്പിച്ച് നടത്തിപ്പ് ചുമതല ഏറ്റെടുക്കാന്‍ കെ.എസ്.ഐ.ഡി.സിക്ക് അവസരമുണ്ടാകുമെന്നാണ് സൂചന.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.