2019 August 26 Monday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

വീട് വാഗ്ദാനം ചെയ്ത് മഞ്ജുവാര്യര്‍ വഞ്ചിച്ചെന്ന്; നാളെ തൃശൂരിലെ നടിയുടെ വസതിക്ക് മുന്നില്‍ സമരം

കല്‍പ്പറ്റ: നടി മഞ്ജു വാര്യരുടെ വീടിനു മുന്നില്‍ കുടില്‍കെട്ടി സമരം നടത്താനൊരുങ്ങി വയനാട് പനമരത്തെ പരക്കുനി കോളനി വാസികള്‍. മഞ്ജുവാര്യര്‍ ഫൗണ്ടേഷന്റെ പേരില്‍ പരക്കുനി പണിയ കോളനിയിലെ 57 കുടുംബങ്ങള്‍ക്ക് 1.88 കോടി രൂപ ചെലവില്‍ വീടും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കികൊടുക്കാമെന്ന് പറഞ്ഞ് വഞ്ചിച്ചെന്ന് ആരോപിച്ചാണ് സമരമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരക്കലും പനമരം പഞ്ചായത്തംഗം എം.എ ചാക്കോയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഏറ്റവും പിന്നാക്കം നില്‍ക്കുന്ന പണിയ കോളനികളിലൊന്നാണ് പനമരം പരക്കുനി ആദിവാസി കോളനി. നടി മഞ്ജു വാര്യര്‍ രേഖാമൂലം വയനാട് ജില്ലാ കലക്ടര്‍ക്കും പട്ടികജാതി പട്ടിക വര്‍ഗ വകുപ്പ് മന്ത്രിക്കും പനമരം ഗ്രാമപഞ്ചായത്തിലും 2017 ജനുവരി 20ന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇതിന് അനുമതിയും നല്‍കിയിരുന്നു. എന്നാല്‍ മഞ്ജു വാര്യര്‍ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്ന് ഇവര്‍ കുറ്റപ്പെടുത്തി.

ഗോത്രവര്‍ഗ വിഭാഗത്തെ വഞ്ചിച്ചതില്‍ പ്രതിഷേധിച്ചാണ് നാളെ രാവിലെ 11 മുതല്‍ മഞ്ജു വാര്യരുടെ തൃശൂരിലുള്ള വീടിന് മുന്നില്‍ ആദിവാസികള്‍ കുടില്‍കെട്ടി സത്യഗ്രഹം നടത്തുന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത കോളനിയിലെ മണി, ഇന്ദിര, പാറ്റ വെള്ളന്‍, മിനി കുമാരന്‍ എന്നിവര്‍ പറഞ്ഞു. മഞ്ജു വാര്യരുടെ വാഗ്ദാനം വിശ്വസിച്ച ഇവര്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ അര്‍ഹതപ്രകാരം ലഭിക്കേണ്ടിയിരുന്ന വിവിധ ഏജന്‍സികളുടെ ധനസഹായം നിഷേധിക്കപ്പെട്ടു.

പ്രളയം കൂടുതല്‍ ബാധിച്ച പരക്കുനിയിലെ ആദിവാസികളുടെ ജീവിതവും ഇതോടെ കൂടുതല്‍ പ്രയാസമായി. കോളനിയില്‍ സാംസ്‌കാരിക കേന്ദ്രം, പഠന പരിശീലന കേന്ദ്രങ്ങള്‍, തൊഴില്‍ നൈപുണ്യ കേന്ദ്രം തുടങ്ങി ഏഴിന വികസന പദ്ധതിയാണ് മഞ്ജു വാര്യര്‍ പ്രഖ്യാപിച്ചത്. 2017 ജനുവരി 21ന് പനമരം പഞ്ചായത്ത് സെക്രട്ടറിക്കും അവര്‍ ഇതുസംബന്ധിച്ച് കത്ത് നല്‍കിയതായും ജോമോന്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.