2019 December 12 Thursday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

ഉരുളക്കിഴങ്ങ് ഇനത്തിലെ അവകാശം: കര്‍ഷകരില്‍നിന്ന് ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട പെപ്‌സികോക്കെതിരേ സാമൂഹിക പ്രവര്‍ത്തകര്‍

അഹമ്മദാബാദ്: ഗുജറാത്തിലെ കര്‍ഷകര്‍ക്കെതിരേ കള്ളക്കേസ് നല്‍കിയ നടപടിയില്‍നിന്ന് പെപ്‌സികോ പിന്‍മാറണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് കൃഷി മന്ത്രാലയത്തിന് കൈമാറുകയാണെന്ന്‌ അവര്‍ അറിയിച്ചു. സാമൂഹിക പ്രവര്‍ത്തകരും കര്‍ഷക സംഘടനാ പ്രതിനിധികളും അടക്കം 194 പേര്‍ കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്.

ഉരുളക്കിഴങ്ങ് ഇനത്തിന്‍മേലുള്ള ഉല്‍പാദന അവകാശം ലംഘിച്ചതിന് ഗുജറാത്തിലെ ഒന്‍പത് കര്‍ഷകര്‍ ഒരു കോടി വരെ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് ആഗോള ഭക്ഷ്യ സംസ്‌കരണ ഭീമന്‍മാരായ പെപ്‌സികോ കേസുമായി മുന്നോട്ടുപോവുന്നത്. പെപ്‌സികോക്ക് സസ്യ ഇന സംരക്ഷണ (പ്ലാന്റ് വെറൈറ്റി പ്രൊട്ടക്ഷന്‍- പിവിപി) പ്രകാരം അവകാശമുള്ള ഉരുളക്കിഴങ്ങ് ചെടികള്‍ കൃഷിചെയ്തു എന്നാണ് കര്‍ഷകര്‍ക്കെതിരായ കേസ്.
ലെയ്‌സ് എന്ന ബ്രാന്‍ഡ് നാമത്തില്‍ പെപ്‌സികോ ഇന്ത്യയില്‍ വില്‍ക്കുന്ന ചിപ്പ്‌സ് ഉണ്ടാക്കുന്ന എഫ്‌സി -5 എന്ന ഇനം ഉരുളക്കിഴങ്ങ് കൃഷിയിറക്കി എന്ന് കര്‍ഷകര്‍ക്കെതിരായ പരാതിയില്‍ പറയുന്നു. ഈ ഉരുളക്കിഴങ്ങ് ഇനത്തിന് പിവിപി പ്രകാരമുള്ള അവകാശം നേടിയിരുന്നെന്ന് പെപ്‌സികോ അവകാശപ്പെടുന്നു. നാലുകര്‍ഷകരില്‍ നിന്ന് ഒരുകോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഹമ്മദാബാദ് കോടതിയെയും മറ്റുകര്‍ഷകരില്‍നിന്ന് 20 ലക്ഷം വീതം നഷ്ടപരിഹാരം തേടി മൊഡാസ കോടതിയെയുമാണ് പെപ്‌സികോ സമീപിച്ചിട്ടുള്ളത്.
സബര്‍കന്ദ, ആരവല്ലി ജില്ലകളിലെ കര്‍ഷകരാണ് പെപ്‌സിയുടെ പരാതിയില്‍ കോടതി കയറേണ്ട അവസ്ഥയിലെത്തിയതെന്ന് സാമൂഹിക പ്രവര്‍ത്തകരും കര്‍ഷക സംഘടനാ പ്രതിനിധികളും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാളെയാണ് (ഏപ്രില്‍ 26) അഹമ്മദാബാദ് കോടതിയലെ കേസ് പരിഗണിക്കുക. 2011ലെ സസ്യ ഇന കര്‍ഷകാവകാശ ചട്ട പ്രകാരം കര്‍ഷകരെ പിവിപി അവകാശത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ജൈവ കൃഷിക്കായി പ്രവര്‍ത്തിക്കുന്ന ജതന്‍ സംഘടനയുടെ നേതാവ് കപില്‍ ഷാ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കര്‍ഷകര്‍ പീഡിപ്പിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും കേസില്‍ നിന്ന് കമ്പനി ഉടന്‍ പിന്‍മാറണമെന്നും ഗുജറാത്ത് ഖേദൂത് സമാജ് പ്രതിനിധികളായ സാഗര്‍ റബാരി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.