2019 December 06 Friday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

ഈ അലര്‍ച്ചക്ക് മറുപടിയുണ്ടോ

 

കെ.എ സലിം

1996 ജൂലൈയില്‍, ജയിലില്‍ നിന്ന് അലി മുഹമ്മദ് ഭട്ട് ആദ്യമായും അവസാനമായും കത്തെഴുതിയത് ജയില്‍ വളപ്പില്‍ വന്നു വീണ ഒരു പട്ടത്തിന്റെ കടലാസിലാണ്. അതിനായി സഹതടവുകാരിലൊരാള്‍ അയാള്‍ക്ക് ഒളിപ്പിച്ചുവച്ചിരുന്ന പെന്‍സില്‍ കുറ്റി സമ്മാനിച്ചു. ഞാന്‍ വൈകാതെ തിരിച്ചുവരും. ഞാന്‍ നിരപരാധിയാണെന്ന് പൊലിസ് തന്നെ പറയുന്നുണ്ട്, അലി എഴുതി. കശ്മീരിലെ റയ്ന്‍വാരിയിലുള്ള ഹസാനാബാദിലെ വീട്ടില്‍ പിതാവ് ഷേര്‍ അലി ഭട്ട് ആ കത്ത് വായിച്ചത് വിറക്കുന്ന കൈകളോടെയായിരിക്കണം. എന്നാല്‍ അലി തിരിച്ചുവന്നില്ല. വസന്തവും പുല്‍മേടുകളും ശൂന്യതയില്‍ നഷ്ടപ്പെട്ട 23 വര്‍ഷങ്ങള്‍ക്ക് ശേഷം അലി തിരികെയെത്തുമ്പോള്‍ കശ്മീരിലെ ജര്‍മ്മന്‍ ഇറിഷ് പൂക്കള്‍ നിറഞ്ഞ ശ്മശാനങ്ങളിലൊന്നിലുറങ്ങുകയായിരുന്നു ഷേര്‍ അലി ഭട്ട്.

1996ലെ രാജസ്ഥാനിലെ സാംലേതി സ്‌ഫോടനക്കേസില്‍ പരോളോ ജാമ്യമോ ഇല്ലാതെ 23 വര്‍ഷം ജയിലില്‍ക്കിടന്ന ശേഷം നിരപരാധികളെന്ന് കണ്ട് ഹൈക്കോടതി വിട്ടയച്ച ആറു പേരിലൊരാളാണ് അലി. അലിക്ക് പുറമെ ലത്തീഫ് അഹമ്മദ് ബേജ(42), മീര്‍സാ നിസാര്‍ ഹുസൈന്‍ (39), അബ്ദുല്‍ ഗനി(57), റഈസ് ബേഗ്(56) ജാവേദ് ഖാന്‍ എന്നിവരെയാണ് 23 വര്‍ഷത്തിനു ശേഷം രാജസ്ഥാന്‍ ഹൈക്കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെവിട്ടത്. ഇതില്‍ ജാവേദ് ഖാന്‍ ഇപ്പോഴും മറ്റൊരു കേസില്‍ ജയിലിലാണ്.

കേസിന്റെ വഴി ഇങ്ങനെ

1996 മെയ് 22നാണ് ജയ്പൂര്‍- ആഗ്ര ഹൈവേയില്‍ ദൗസയിലെ സാംലേതി ഗ്രാമത്തിനടുത്ത് ബസില്‍ സ്‌ഫോടനമുണ്ടാകുന്നത്. സംഭവത്തില്‍ 14 പേര്‍ കൊല്ലപ്പെടുകയും 37 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഡല്‍ഹി ലജ്പത് നഗറില്‍ 13 പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനമുണ്ടായതിന് ഒരു ദിവസം കഴിഞ്ഞായിരുന്നു സാംലേതി സ്‌ഫോടനം. ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത 12 പേരെ പലയിടങ്ങളില്‍ നിന്നായി പിടിച്ചുകൊണ്ടുവന്ന് പ്രതി ചേര്‍ക്കുകയായിരുന്നു പൊലിസ്. കശ്മീരികളായിരുന്നു ഭൂരിഭാഗവും.
സാംലേതി മാത്രമല്ല, ഡല്‍ഹിയിലെ ലജ്പത് നഗറിലെയും രാജസ്ഥാനിലെ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തിലെയും സ്‌ഫോടനക്കേസുകളില്‍ ഒന്നിനു പിറകെ ഒന്നായി അലിയെയും മറ്റുള്ളവരെയും പൊലിസ് കുടുക്കിയിട്ടു. ഓരോ കേസുകളിലും നിരപരാധിയാണെന്ന് കണ്ടെത്തുമ്പോള്‍ അടുത്തത് ബാക്കിയുണ്ടായിരുന്നു. ആദ്യത്തെ കത്തിനു ശേഷം അലിക്ക് ഒരിക്കല്‍പ്പോലും മറ്റൊരു കത്തെഴുതാന്‍ അനുമതിയുണ്ടായില്ല. കുടുംബാംഗങ്ങളിലാരെയും കാണാനും സാധിച്ചില്ല. അറസ്റ്റിലാവുമ്പോള്‍ 24 വയസായിരുന്നു അലിയുടെ പ്രായം. ശ്രീനഗറില്‍ നിന്ന് പരവതാനികള്‍ തുന്നി നേപ്പാളിലെ കാഠ്മണ്ഡുവില്‍ വില്‍പ്പന നടത്തലായിരുന്നു തൊഴില്‍. അവസാനമായി അലി കാഠ്മണ്ഡുവിലേക്കു പുറപ്പെടും മുന്‍പ് അയാള്‍ക്കായി അവരൊരു പെണ്‍കുട്ടിയെ കണ്ടുവച്ചിരുന്നു കുടുംബം. തിരികെയെത്തിയാല്‍ വിവാഹം, അവര്‍ അലിയോട് പറഞ്ഞു.
അലി തിരികെ വന്നില്ല. കാഠ്മണ്ഡുവിലെ വാടകവീട്ടില്‍ നിന്ന് പിടിച്ചുകൊണ്ടുവന്ന അലിയെ ആദ്യം അവര്‍ ലജ്പത് നഗര്‍ കേസില്‍ കുടുക്കി. പിന്നാലെ സാംലേതി, സവായ് മാന്‍സിങ് സ്‌റ്റേഡിയം കേസുകളിലും കുടുക്കി. സ്‌ഫോടനക്കേസുകളില്‍ ആളുകള്‍ അറസ്റ്റിലായെന്ന് കേള്‍ക്കുമ്പോള്‍ അവര്‍ കുറ്റം ചെയ്തിരിക്കാമെന്നാണ് മറ്റുള്ളവരെപ്പോലെ താനും കരുതിയിരുന്നത്. എന്നാല്‍ തനിക്കെതിരെയും കേസ് വന്നപ്പോഴാണ് എല്ലാം കള്ളമാണെന്ന് അലി മനസിലാക്കുന്നത്. സവായ് മാന്‍സിങ് സ്‌റ്റേഡിയം കേസ് ആദ്യം ഇല്ലാതായി. വര്‍ഷങ്ങള്‍ക്ക് ശേഷം ലജ്പത് നഗര്‍ കേസിലും നിരപരാധിയെന്ന് തെളിഞ്ഞു. പിന്നെയും കാത്തിരിപ്പ്. 23 വര്‍ഷങ്ങള്‍ക്ക് ശേഷം തുന്നിച്ചേര്‍ക്കാനാവാത്ത നഷ്ടങ്ങളുടെ ഒരുപിടി ഓര്‍മകളും ചേര്‍ത്തുപിടിച്ചാണ് കുന്നുകളും പുല്‍പ്രദേശങ്ങളും ഒന്നായിത്തീരുന്ന ചെരുവുകളും പൈന്‍മരങ്ങളും നിറഞ്ഞ ഹസാനാബാദിലെ സ്വാതന്ത്ര്യത്തിന്റെ വിശാലമായ തുറസിലേക്ക് അലി തിരികെയെത്തുന്നത്.

സ്വീകരിച്ചത്
മാതാപിതാക്കളുടെ ഖബറിടം

അവിടെ അയാള്‍ തിരിച്ചറിയുന്നവര്‍ ആരുമുണ്ടായിരുന്നില്ല. ബന്ധുക്കളിലൊരാള്‍ അലിയെ മാതാപിതാക്കളുടെ ഖബറിടത്തിലേക്ക് നയിച്ചു. ഹൃദയം പൊട്ടുംവിധം താന്‍ അവിടെ അലറിക്കരഞ്ഞുവെന്ന് അലി പറയുന്നു. ഞാന്‍ തിരികെയെത്തിയെന്ന് എനിക്കവരോട് പറയണമെന്നുണ്ടായിരുന്നു. ഞാനത് അലറിപ്പറഞ്ഞു. അവര്‍ ഒരിക്കലെങ്കിലും മറുപടി പറഞ്ഞെങ്കിലെന്ന് ഞാനാശിച്ചു. മറുപടി ലഭിക്കാതായപ്പോള്‍ മണ്ണില്‍ അവരുടെ നെഞ്ചിലേക്ക് വീണ് ഞാന്‍ പൊട്ടിക്കരഞ്ഞുപോയി. അലിയെക്കാണാന്‍ ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രവാഹമായിരുന്നു ഹസാനാബാദിലെ വീട്ടിലേക്ക്. എന്നാല്‍ അയാളാരെയും തിരിച്ചറിയുന്നുണ്ടായിരുന്നില്ല. വീടും നാടും അലി മറന്നുപോയിരുന്നു. മാതൃഭാഷയായ കശ്മീരി സംസാരിക്കാന്‍ പോലും പ്രയാസപ്പെട്ടു. അന്ന് രാത്രി കുടുംബം അലിക്കായി ഒരുക്കിയ മെത്തയില്‍ അയാള്‍ക്കുറങ്ങാന്‍ സാധിച്ചില്ല. വീട്ടിലെ ഏറ്റവും പരുത്ത തറയിലായിരുന്നു അലി ഉറങ്ങിയത്. 23 വര്‍ഷം അങ്ങനെയായിരുന്നല്ലോ ജയിലില്‍ അലി ഉറങ്ങിയിരുന്നത്.
കഴിഞ്ഞ 23 വര്‍ഷവും വീടിനെക്കുറിച്ചു തന്നെയായിരുന്നു താന്‍ ചിന്തിച്ചിരുന്നതെന്ന് അലി പറയുന്നു. 2000 ത്തില്‍ ഉമ്മ മരിച്ചതായി തനിക്ക് കത്ത് കിട്ടിയപ്പോഴാണ് താന്‍ ഏറ്റവും തകര്‍ന്നുപോയത്. ഒരു കുന്നിടിഞ്ഞു മേലില്‍ പതിച്ച പോലെയായിരുന്നു അത്. ഒന്ന് അലറിക്കരയാന്‍ പോലും കഴിയാതെ മരവിച്ചിരുന്നു. അലി നെടുവീര്‍പ്പിടുന്നു. ജയില്‍ ഡയറിയില്‍ കുടുംബത്തെക്കുറിച്ച് മാത്രമായിരുന്നു അലി എഴുതിയത്. മാതാപിതാക്കളെക്കുറിച്ചുള്ള ഓര്‍മകളായിരുന്നു അയാളെ ജീവിപ്പിച്ചു നിര്‍ത്തിയത്. മരണംവരെ അലിയെക്കുറിച്ചോര്‍ത്തു കരയുകയായിരുന്നു ഉമ്മയെന്ന് സഹോദരന്‍ അജാസ് അഹമ്മദ് ഭട്ട് ഓര്‍ക്കുന്നു. അവനായി കാത്തിരുന്ന് മാനസിക നില തെറ്റിയിരുന്നു അവര്‍ക്ക്. കരഞ്ഞു തളര്‍ന്നാണ് അവര്‍ മരിച്ചത്.

കള്ളത്തിനു മുന്‍പിന്‍
തോറ്റ പ്രായം

ഹസാനാബാദിന് അല്‍പമകലെ ശ്രീനഗറിലെ ഫത്തഹ് കദലിലെ മീര്‍സാ നിസാര്‍ ഹുസൈന്റെ വീട്ടില്‍ ഇതേ കഥയുടെ ആവര്‍ത്തനമായിരുന്നു. അറസ്റ്റിലാകുമ്പോള്‍ 16 വയസായിരുന്നു നിസാറിന്റെ പ്രായം. ഇപ്പോള്‍ 39 വയസ്. പൊലിസ് നിസാറിന് 19 വയസായെന്ന് കോടതിയില്‍ കള്ളം പറഞ്ഞു. കള്ളരേഖകളുമുണ്ടാക്കി. എന്താണ് തനിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് മനസിലാകാനുള്ള പ്രായം പോലുമായിരുന്നില്ലെന്ന് നിസാര്‍ പറയുന്നു. ജയിലിലാണ് താന്‍ വളര്‍ന്നത്. ആദ്യമായി ഷേവ് ചെയ്തത് ജയിലില്‍ വച്ചാണ്. നിസാറിന്റെ മൂത്ത സഹോദരനും ഇതേ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. 2000ത്തില്‍ വെറുതെ വിട്ടു. കുറ്റം സമ്മതിക്കാന്‍ കടുത്ത പീഡനമായിരുന്നുവെന്ന് നിസാര്‍ പറയുന്നു. മൂന്നുമാസം വസ്ത്രം മാറാനോ കുളിക്കാനോ സമ്മതിച്ചില്ല. മുടിയിലും പുരികത്തിലും വരെ പേന്‍ നിറഞ്ഞു. ഒടുവില്‍ പുരികം വടിച്ചു കളഞ്ഞു. സാംലേതി സ്‌ഫോടനത്തെക്കുറിച്ച് താന്‍ കേട്ടിട്ടുപോലുമുണ്ടായിരുന്നില്ലെന്നും നിസാര്‍ പറയുന്നു.

ലത്തീഫിന്റെ കഥയും
വ്യത്യസ്തമല്ല

ശ്രീനഗറിലെ തന്നെ ലത്തീഫ് അഹമ്മദ് ബേജയുടെ വീട്ടിലും ആവര്‍ത്തനമാണ്. കാഠ്മണ്ഡുവില്‍ വച്ചാണ് ലത്തീഫിനെ പിടിച്ചുകൊണ്ടുവരുന്നത്. അവിടെ കശ്മീരി പരവതാനിയും കരകൗശല വസ്തുക്കളും വില്‍ക്കുന്ന കടനടത്തുകയായിരുന്നു അദ്ദേഹം. ആഴ്ചകളോളം ജയിലില്‍ പീഡിപ്പിച്ചാണ് കുറ്റസമ്മതത്തില്‍ ഒപ്പിടീച്ചത്. കാലു തല്ലിയൊടിച്ചതിനാല്‍ മാസങ്ങളോളം ജയിലില്‍ നടക്കാനായില്ല. അബ്ദുല്‍ ഗനിക്കും ഇതേ കഥ തന്നെയാണ് പറയാനുള്ളത്. വിശാഖ പട്ടണത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് ട്രയിനില്‍ യാത്ര ചെയ്യുകയായിരുന്ന ഗനിയെ കശ്മീരിയാണെന്ന് കണ്ടാണ് പൊലിസ് ചോദ്യംചെയ്യാന്‍ കൊണ്ടുപോയത്. നിരപരാധിയെന്ന് കണ്ട് വിട്ടയയ്ക്കാനൊരുങ്ങിയപ്പോള്‍ സാംലേതി കേസിലെ പ്രതികളെ തേടി നടന്ന ഉദ്യോഗസ്ഥരിലൊരാളുടെ ആശയമായിരുന്നു ഗനിയെ പ്രതി ചേര്‍ക്കാമെന്നത്. എല്ലാവര്‍ക്കും പൊതുവായൊന്നുണ്ട്. പൊലിസിനറിയാമായിരുന്നു എല്ലാവരും നിരപരാധികളാണെന്ന്.

അലിയും നിസാറും മാത്രമല്ല, 1980കള്‍ക്ക് ശേഷം മാത്രം 70,000 പേര്‍ കൊല്ലപ്പെടുകയും 8000 പേര്‍ ശൂന്യതയിലേക്ക് ലയിച്ചു പോകുകയും ചെയ്ത കശ്മീരില്‍, നൂറുകണക്കിന് പേരുണ്ട് ഇതുപോലെ ഇപ്പോഴും. സഞ്ചാരികള്‍ക്ക് കശ്മീര്‍ അതിശയങ്ങളുടെ ലോകമാണ്. ഇന്ത്യയുടെ പൂന്തോട്ടമാണ്. എന്നാല്‍, ലോകത്തെങ്ങുമുള്ള മനുഷ്യരുടെ കഥയല്ല കശ്മീരിന്റേത്. ഓരോ കശ്മീരിയ്ക്കും ഒരു മനുഷ്യാവകാശ ലംഘനത്തിന്റെയെങ്കിലും കഥപറയാനുണ്ടാകും. പട്ടിണിയും പൂതികളുമായി തളര്‍ന്നുറങ്ങുന്ന കുട്ടികള്‍, രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷവും കാണാതായ ഉറ്റവര്‍ക്കായി കാത്തിരിക്കുന്നവര്‍ ഇന്നും കശ്മീരിന്റെ കാഴ്ചയാണ്. ഹസാനാബാദിലെ വീട്ടില്‍ മാധ്യമപ്രവര്‍ത്തകരിലൊരാള്‍ അലിയോട് ചോദിച്ചു. സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ എന്തു തോന്നി? എന്തു തോന്നാന്‍, അലി പറഞ്ഞു: എന്നെ കാണണമെന്ന മാതാപിതാക്കളുടെ പൂര്‍ത്തിയാകാത്ത സ്വപ്നത്തിനു മേല്‍ എനിക്കീ സ്വാതന്ത്ര്യം കൊണ്ട് ഇനിയെന്ത് അര്‍ഥമാണുള്ളത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.