2020 January 29 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍, മാധ്യമങ്ങളും ഏറ്റുപിടിച്ചില്ല, ഭീകരര്‍ക്ക് ആയുധവും പണവും നല്‍കിയതിന് അറസ്റ്റിലായവരില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകരും, ആര്‍ക്കും യു.എ.പി.എ ഇല്ല; യു.എ.പി.എ മുസ്‌ലിംകള്‍ക്ക് സംവരണംചെയ്തതാണോയെന്ന് ഉവൈസി

 

ന്യൂഡല്‍ഹി: പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐക്ക് രാജ്യരഹസ്യങ്ങളും ലശ്കറെ തൊയ്യിബ പോലുള്ള ഭീകരസംഘടനകള്‍ക്ക് സാമ്പത്തിക സഹായങ്ങളും ആയുധങ്ങളും നല്‍കിയ കേസില്‍ മധ്യപ്രദേശ് പൊലിസ് കഴിഞ്ഞദിവസം ഝാന്‍സിയില്‍ അറസ്റ്റ്‌ചെയ്തവരില്‍ സംഘ്പരിവാര്‍ സംഘനടകളിലെ സജീവ പ്രവര്‍ത്തകരും. സുനില്‍ സിങ്, ശുഭം തിവാരി, ബല്‍റാം സിങ് പട്ടേല്‍, ഭഗവേന്ദ്ര സിങ് പട്ടേല്‍ എന്നിവരടക്കം അഞ്ചുപേരെ മധ്യപ്രദേശ് ഭീകരവിരുദ്ധ സേന (എ.ടി.എസ് ആണ് അറസ്റ്റ്‌ചെയ്തത്. പിടിയിലായ അഞ്ചാമന്റെ പേര് വ്യക്തമല്ല. ബിഹാര്‍, ഝാര്‍ഖണ്ഡ്, ഛത്തിസ്ഗഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണിവര്‍. കോടതിയില്‍ ഹാജരാക്കിയ ഇവരെ നാളെ വരെ എ.ടി.എസിന്റെ കസ്റ്റഡിയില്‍ വിട്ട് ഭോപ്പാല്‍ കോടതി ഉത്തരവിട്ടു. നിലവില്‍ ഇവരെ എ.ടി.എസ് ചോദ്യംചെയ്തുവരികയാണ്.

ചാരപ്രവര്‍ത്തന റാക്കറ്റുമായും ഭീകരസംഘടനകളെ സഹായിച്ചതിനും ആര്‍.എസ്.എസ്- ബി.ജെ.പി സംഘടനാബന്ധമുള്ളവരെ അറസ്റ്റ് ചെയ്തതിലൂടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പിടിയിലാവുമ്പോള്‍ ഇവരില്‍ നിന്ന് 13 പാകിസ്താന്‍ ആസ്ഥാനമായ സിംകാര്‍ഡുകളും നിരവധി മൊബൈല്‍ ഫോണുകളും പണവും കണ്ടെടുത്തു. ഈ ഫോണ്‍ നമ്പറുകള്‍ മുഖേന ഇവര്‍ പതിവായി പാകിസ്താനിലുള്ളവരുമായി ബന്ധപ്പെട്ടിരുന്നതായും എ.ടി.എസ് കണ്ടെത്തി. ചൈനീസ് നിര്‍മിത ഉപകരണങ്ങള്‍ ഉപയോഗിച്ച് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളും ഇവര്‍ നിര്‍മിച്ചിരുന്നു. സംശയത്തെത്തുടര്‍ന്ന് നിരീക്ഷിച്ചതോടെയാണ് എ.ടി.എസിന്റെ കെണിയില്‍ ഇവര്‍ അകപ്പെട്ടത്. ഇന്ത്യയുടെ സൈനികരഹസ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ ശത്രുരാജ്യത്തിന് ഒറ്റിക്കൊടുത്തതിന് ഐ.എസ്.ഐയില്‍ നിന്ന് വന്‍തോതില്‍ പണവും ഇവര്‍ കൈപ്പറ്റിയിരുട്ടുണ്ട്.

 

ഐ.എസ്.ഐക്ക് സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ 2017 ഫെബ്രുവരിയില്‍ ബി.ജെ.പി ഐ.ടി സെല്ല് മേധാവി ധ്രുവ് സക്‌സേനക്കൊപ്പം പിടിയിലായ ആളാണ് ബല്‍റാം സിങ്. സത്‌നയിലെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ ബല്‍റാം സിങ് ആണ് ചാര/ഭീകര സംഘങ്ങളുടെ മുഖ്യ കണ്ണി. ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായിട്ടും ഇയാല്‍ക്ക് അതിവേഗം ജാമ്യം ലഭിച്ചു. ജാമ്യത്തിലിറങ്ങിയ ശേഷവും ഇയാള്‍ രാജ്യത്തെ ഒറ്റിക്കൊടുക്കുകയായിരുന്നു. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ബല്‍റാം പിന്നീട് നേരിട്ട് ചാരപ്രവര്‍ത്തനത്തിന് ഇറങ്ങിയില്ലെങ്കിലും പുതിയ യുവാക്കളെ റിക്രൂട്ട്‌ചെയ്യുകയായിരുന്നു.

ബല്‍റാമിന്റെ കൈവശമുള്ള നൂറുകണക്കിനുവരുന്ന എ.ടി.എം കാര്‍ഡുകളുടെ രഹസ്യകോഡുകള്‍ അദ്ദേഹത്തിന്റെ തന്നെ ഡയറിയില്‍ എഴുതിവച്ചിട്ടുണ്ട്. മുന്നൂറോളം എ.ടി.എം കാര്‍ഡുകളും നിരവധി സിമ്മുകളും ബല്‍റാമില്‍ നിന്നു കണ്ടെടുത്തിരുന്നു. ദുബയില്‍ നിന്ന് അസ്ഹര്‍ മുഹമ്മദ് എന്ന ഐ.എസ്.ഐ ഏജന്റില്‍ നിന്നാണ് ബല്‍റാം സിങ് ചാരപ്രവര്‍ത്തനത്തില്‍ പരിശീലനം ലഭിച്ചത്. ഐ.എസ്.ഐ നിര്‍ദേശപ്രകാരം സാങ്കേതികവിദ്യയില്‍ നിപുണരായ ഹിന്ദുയുവാക്കളെ മാത്രമാണ് ഇയാള്‍ ചാര ഏജന്റുമാരായി തെരഞ്ഞെടുത്തത്. മുസ്‌ലിംകള്‍ക്കു പകരം ഹിന്ദുയുവാക്കളെ റിക്രൂട്ട്‌ചെയ്താല്‍ അവരുടെ പ്രവര്‍ത്തനം സംശയത്തിനിടയാക്കില്ലെന്ന തിരിച്ചറിവിലാണ് ഇതെന്ന് ഇയാള്‍ നേരത്തെ എ.ടി.എസിനോട് പറഞ്ഞിരുന്നു. ഊര്‍ജ്വസ്വലരായ നിരവധി യുവാക്കളെ ബല്‍റാം റിക്രൂട്ട്‌ചെയ്‌തെങ്കിലും അവരെയെല്ലാം എ.ടി.എസിനു പിടിക്കാനായിട്ടില്ല.

 

ധ്രുവ് സക്‌സേന

പത്താന്‍കോട്ടിലെയും ഉറിയിലെയും സൈനികകേന്ദ്രങ്ങള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണങ്ങള്‍ക്ക് ധ്രുവ് സക്‌സേനയും ബല്‍റാം സിങ്ങും നേതൃത്വം നല്‍കുന്ന പാക് ചാരന്‍മാരില്‍ നിന്നു ചോര്‍ത്തികിട്ടിയ വിവരങ്ങളും സഹായകരമായിട്ടുണ്ടാവുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നുണ്ട്.

ഈ കേസില്‍ മധ്യപ്രദേശ് ബി.ജെ.പി ഐ.ടി സെല്ല് കണ്‍വീനര്‍ ധ്രുവ് സക്‌സേനക്കു പുറമെ ബി.ജെ.പി കൗണ്‍സിലറുടെ ബന്ധുവും ഉള്‍പ്പെട്ടിരുന്നു. അതേസമയം, അതിദേശീയതയുടെ പേരില്‍ പ്രതിപക്ഷകക്ഷികള്‍ക്കെതിരേയും ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്ക് എതിരെ ആഞ്ഞടിച്ചുവരാറുള്ള സംഘ്പരിവാരിന്റെ പ്രവര്‍ത്തകര്‍ രാജ്യദ്രോഹക്കേസില്‍ പിടിയിലായ സംഭവത്തിന് മാധ്യമങ്ങളില്‍ മതിയായ വാര്‍ത്താ പ്രധാന്യം ലഭിച്ചിട്ടില്ല ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, പിടിയിലായവര്‍ക്കെതിരെ യു.എ.പി.എ പോലുള്ള കടുത്ത വകുപ്പുകള്‍ ചുമത്താതിരുന്ന പൊലിസ് നടപടിക്കെതിരെ മജ്‌ലിസേ ഇത്തിഹാദുല്‍ മുസലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി രംഗത്തുവന്നു. യു.എ.പി.എ നിയമം ഏതെങ്കിലും പ്രത്യേക സമുദായത്തിന് മാത്രം സംവരണംചെയ്യപ്പെട്ടതാണോയെന്ന് ഉവൈസി ചോദിച്ചു.

Accused in Pakistan linked terror funding case Bajrang Dal member


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News