2019 June 15 Saturday
കാരുണ്യമില്ലാത്തവന് ദൈവത്തിന്റെ കാരുണ്യവുമില്ല – മുഹമ്മദ് നബി (സ)

Editorial

കരിപ്പൂര്‍: സംസ്ഥാന സര്‍ക്കാര്‍ ഉണരണം


രാജ്യത്തെ വിമാനത്താവളങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ ലാഭം നേടിക്കൊടുക്കുന്ന കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കുവാന്‍ അണിയറയില്‍ നടക്കുന്ന നിഗൂഢ നീക്കങ്ങള്‍ക്ക് ആക്കം കൂടിയിരിക്കുകയാണ്.ഭരണ കൂടവും ഉദ്യോഗസ്ഥരും സംയുക്തമായി നടത്തുന്ന ഈ ശ്രമത്തിനെതിരെ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുവാന്‍ ഒരുങ്ങുകയാണ് മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് വലിയ വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയും തരം താഴ്ത്തുന്നതിന് കൃത്രിമ രേഖകള്‍ ചമച്ചും വിമാനത്താവളത്തെ ഞെക്കിക്കൊല്ലാന്‍ ശ്രമം തുടങ്ങിയിട്ട് ഏറെ കാലമായി
ഇതില്‍ ഏറ്റവും അവസാനത്തേതായിരുന്നു അഗ്‌നിശമന സേനയെ തരംതാഴ്ത്തിയ നടപടി.ഇങ്ങിനെയൊക്കെ ചെയ്തിട്ടും കോടികളുടെ ലാഭമാണ് കഴിഞ്ഞ വര്‍ഷവും ഈ വിമാനത്താവളം കേന്ദ്രസര്‍ക്കാരിന് നേടിക്കൊടുത്തത്.എന്നിട്ടു പോലും ഈ വിമാനത്താവളത്തെ കൊന്ന് കുഴിച്ചുമൂടുന്ന ജോലി ദ്രുതഗതിയില്‍ നടത്തുകയാണ് എയര്‍പോര്‍ട്ട് അതോറിറ്റി. അതോറിറ്റിയിലെ ഉയര്‍ന്ന ഒരു ഉദ്യോഗസ്ഥനാണ് ഈ പ്രക്രിയക്ക് ചുക്കാന്‍ പിടിക്കുന്നതെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റി മുന്‍ ഡയരക്ടര്‍ വി.വിജയകുമാര്‍ ആരോപിക്കുന്നത് ഒരു ലോബി അണിയറയില്‍ ഇതിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിജയകുമാര്‍ ചൂണ്ടിക്കാട്ടുന്നു.
നടന്ന് കൊണ്ടി രിക്കുന്നതൊന്നും യാദൃച്ഛികമല്ലെന്ന് ഇതില്‍ നിന്ന് തന്നെ വ്യക്തമാണ്. ഇത്തരമൊരു പശ്ചാതലത്തിലാണ് ബഹുജന മാര്‍ച്ചും ജനകീയ പ്രതിഷേധ കൂട്ടായ്മയും ജുലൈ 30ന് സംഘടിപ്പിക്കുവാന്‍ മുസ്‌ലിം ലീഗ് ഒരുങ്ങുന്നത്. എയര്‍പോര്‍ട്ടിനെ സംരംക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി മുസ്‌ലിം യൂത്ത് ലീഗും ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന സമരങ്ങള്‍ക്കൊരുങ്ങുകയാണ്. സമരവേലിയേറ്റങ്ങള്‍ക്ക് അവസരം കൊടുക്കാതെ വിമാനത്താവളത്തെ തകര്‍ക്കുന്ന നിലപാടില്‍ നിന്നു പിന്‍ വാങ്ങലായിരിക്കും എയര്‍പോര്‍ട്ട് അതോറിറ്റിക്ക് ഉചിതം.
റണ്‍വേ വിപുലീകരണമെന്ന് പറഞ്ഞാണ് ഈ വിമാനത്താവളത്തിന്റെ തകര്‍ച്ചക്ക് തുടക്കം കുറിച്ചത്.തുടര്‍ന്ന് വലിയ വിമാനങ്ങളുടെ പോക്കുവരവ് വളരെ വിദഗ്ധമായി അതോറിറ്റി നിര്‍ത്തലാക്കി.അറ്റകുറ്റപ്പണികളെല്ലാം തീര്‍ത്തിട്ടും വലിയ വിമാനങ്ങള്‍ക്കുള്ള നിരോധനം തുടര്‍ന്നപ്പോഴാണ് വിമാനത്താവളം തകര്‍ക്കാനുള്ള ഗൂഢ പദ്ധതികളാണ് അകത്തളങ്ങളില്‍ നടക്കുന്നതെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടത്. ഹജ്ജ് എംബാര്‍ക്കേഷന്‍ കരിപ്പൂരില്‍ നിന്നും എടുത്തു മാറ്റിയത് വിമാനത്താവളത്തെ നശിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നുവെന്ന യാഥാര്‍ഥ്യവും ഇതോടൊപ്പം വെളിപ്പെട്ടു. തരംതാഴ്ത്തല്‍ കൂടി വന്നതോടെ എയര്‍പോര്‍ട്ടിന് എതിരായി പ്രവര്‍ത്തിക്കുന്ന ലോബി ശക്തമായി തന്നെ അവരുടെ നിഗൂഢ പദ്ധതിയുമായി മുന്നോട്ട് പോവുകയാണെന്നും ബോധ്യപ്പെട്ടിരിക്കുകയാണ്.
ജനകീയ കൂട്ടായ്മയോടെ ലോകത്ത് ആദ്യമായി നിര്‍മിച്ച വിമാനത്താവളമാണ് കരിപ്പൂരിലേത്. അത് നശിപ്പിക്കാനാണ് ലോബികള്‍ ഭഗീരഥ യത്‌നം നടത്തിക്കൊണ്ടിരിക്കുന്നത്. കരിപ്പൂരിന് കിട്ടി കൊണ്ടിരിക്കുന്ന ജനകീയ പിന്തുണയും കോടികളുടെ ലാഭവും ഇതര വിമാനത്താവളങ്ങളിലേക്ക് തിരിച്ച് വിടാനുള്ള ഗൂഢ പദ്ധതികളാണ് വിമാനത്താവളത്തിന്റെ നശീകരണത്തിലൂടെ തല്‍പരകക്ഷികള്‍ ലക്ഷ്യം വയ്ക്കുന്നത്.
വിമാനത്താവളത്തെ ഇല്ലാതാക്കുന്ന പ്രവര്‍ത്തികളെ ചെറുക്കുവാന്‍ സംസ്ഥാന സര്‍ക്കാരും വലിയ താല്‍പര്യം കാണിക്കുന്നില്ല. സി പി എമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂരില്‍ പിറക്കാനിരിക്കുന്ന വിമാനത്താവളത്തിന് വേണ്ടിയായിരിക്കണം ഇടത് മുന്നണി സര്‍ക്കാറിന്റെ ഈ മൗനം എന്ന് കരുതേണ്ടിയിരിക്കുന്നു. നിക്ഷിപ്ത താല്‍പര്യക്കാര്‍ ഒരു വിമാനത്താവളത്തെ കഴുത്ത് ഞെരിച്ചു കൊല്ലാന്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ അത് കണ്ണൂര്‍ വിമാനത്താവളത്തിന് ഗുണകരമാവുമെന്ന വിചാരത്താല്‍ മൗനം പാലിക്കുന്നത് സംസ്ഥാന സര്‍ക്കാറിന്റെ തെറ്റായ നിലപാടാണ്. കഞ്ചിക്കോട് കോച്ച് ഫാക്ടറി നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നത് പോലെ കണ്ണൂര്‍ വിമാനത്താവളത്തിനെതിരേയും ലോബികള്‍ വരും കാലങ്ങളില്‍ പ്രവര്‍ത്തിച്ചുകൂടെന്നില്ല. കരിപ്പൂര്‍ വിമാനത്താവളം നശിപ്പിക്കുന്നതിനെതിരേ ഇനിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം.ഇന്ന് കരിപ്പൂരാണെങ്കില്‍ നാളെയത് കണ്ണൂരാകുമെന്നതില്‍ സംശയിക്കേണ്ടതില്ല.
മൂന്ന് വര്‍ഷം മുന്‍പ് 2015ല്‍ ആണ് നവീകരണം എന്ന പേരില്‍ റണ്‍വേയില്‍ അറ്റകുറ്റപ്പണി തുടങ്ങിയത്.ഇതിന്റെ പേരില്‍ റണ്‍വേ ഭാഗികമായി അടച്ചിട്ടു. അതോടെ വലിയ വിമാനങ്ങളെ കരിപ്പൂരില്‍ വിലക്കി. റണ്‍വേ പണി തീര്‍ന്നിട്ടും വിലക്ക് നീങ്ങിയില്ല. പിന്നാലെ വന്നു തരംതാഴ്ത്തല്‍ എല്ലാറ്റിനും പിന്നില്‍ വിമാനത്താവളത്തിനെതിരേ പ്രവര്‍ത്തിച്ച ലോബിയുടെ കരങ്ങളാണുണ്ടായിരുന്നത്. എയര്‍പോര്‍ട്ട് അതോറിറ്റിയിലെ ഉന്നതന്റെ പൂര്‍ണ പിന്തുണയും കൂടി ലഭിച്ചതോടെ വിമാനത്താവള വിരുദ്ധ ലോബിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും വേഗമേറി. എമിറേറ്റ്‌സ്, സഊദി എയര്‍ലൈന്‍സ്,എയര്‍ ഇന്ത്യ തുടങ്ങിയ കമ്പനികളുടെ വിമാനങ്ങളെല്ലാം കരിപ്പൂരിനെ വിട്ടകന്നു. കരിപ്പൂര്‍ ജിദ്ദ സര്‍വിസ് ഇല്ലാതായി, യാത്രക്കാരെല്ലാം പലവഴിക്ക് തിരിഞ്ഞു. കരിപ്പൂര്‍ വിമാനത്താവളം നിര്‍ജീവമായി. വിമാനത്താവളത്തിനെതിരേ പ്രവര്‍ത്തിച്ച ലോബി എന്താഗ്രഹിച്ചുവോ അത് നടന്നു.എന്നിട്ടും കഴിഞ്ഞവര്‍ഷം92 കോടി യുടെ ലാഭമാണ് കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രസര്‍ക്കാറിന് നേടിക്കൊടുത്തത്. കരിപ്പൂരിനെ നശിപ്പിക്കുവാന്‍ ചുക്കാന്‍ പിടിക്കുന്നത് ഉദ്യോഗസ്ഥരും കേ ന്ദ്ര സര്‍ക്കാറും തന്നെ യാണെന്ന ബോധ്യത്താല്‍ ആണ് ബഹുജന പ്രക്ഷോഭത്തിന് അരങ്ങുണരുന്നത്.
മലബാറിന്റെ വികസനക്കുതിപ്പില്‍ നിര്‍ണായക പങ്കു വഹിക്കുന്ന കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന നിഗൂഢ ശക്തികളുടെ ശ്രമത്തെ ചെറുത്ത് തോല്‍പ്പിക്കുന്നതിനും,അതിനു നേതൃപരമായ പങ്ക് വഹിക്കുന്നതിനും മലബാറില്‍ നിന്നുള്ള എം.പിമാര്‍ക്കും മറ്റ് ജനപ്രതിനിധികള്‍ക്കും ബാധ്യതയുണ്ട്.സംസ്ഥാന സര്‍ക്കാരിന്റെ ക്രിയാത്മക ഇടപെടലും അനിവാര്യമായിരിക്കുന്നു. അതെല്ലാം ബന്ധപ്പെട്ടവര്‍ നിര്‍വഹിക്കുമെന്ന് പ്രതീക്ഷിക്കാം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.