2019 August 23 Friday
നീ വിധിപറയുകയാണെങ്കില്‍ നീതിപൂര്‍വം വിധിപറയുക. നിശ്ചയം, അല്ലാഹു നീതിമാന്മാരെ സ്‌നേഹിക്കുന്നു. ഖുര്‍ആന്‍ (5:42)

അഭിനന്ദന്‍ വര്‍ധമാന് വീര്‍ചക്ര

 

ന്യൂഡല്‍ഹി: ബാലാക്കോട്ട് ആക്രമണത്തിന് പിന്നാലെ നിയന്ത്രണരേഖയിലുണ്ടായ ഏറ്റുമുട്ടലില്‍ പാകിസ്താന്‍ വിമാനം വെടിവച്ചു വീഴ്ത്തുകയും പിന്നീട് പാകിസ്താന്‍ പിടിയിലാവുകയും ചെയ്ത രാജ്യത്തിന്റെ വീരപുത്രന്‍ അഭിനന്ദന്‍ വര്‍ധമാന് വീര്‍ചക്ര ബഹുമതി.
പരംവീര്‍ ചക്ര, മഹാവീര്‍ ചക്ര പുരസ്‌കാരങ്ങള്‍ക്ക് പിന്നാലെ യുദ്ധമുഖത്തെ ധീരതയ്ക്കുള്ള ഏറ്റവും വലിയ മൂന്നാമത്തെ സൈനിക ബഹുമതിയാണ് വീര്‍ചക്ര. വ്യോമസേനയാണ് അഭിനന്ദന്‍ വര്‍ധമാന്റെ പേര് പുരസ്‌കാരത്തിന് നിര്‍ദേശിച്ചത്.
മിഗ് 21 ഉപയോഗിച്ച് പാകിസ്താന്റെ കരുത്തുറ്റ എഫ് 16 വിമാനം വെടിവച്ചിട്ടതിനാണ് പുരസ്‌കാരം. ആക്രമണത്തിനിടയില്‍ അഭിനന്ദന്റെ മിഗ്21 ബൈസണ്‍ പാക് മിസൈലാക്രമണത്തില്‍ തകരുകയും വിമാനത്തില്‍ നിന്നും പാരച്യൂട്ടില്‍ ഇറങ്ങിയ അഭിനന്ദന്‍ പാക് അധീന കശ്മിരില്‍ എത്തിപ്പെടുകയുമായിരുന്നു.
പിന്നീട് അന്താരാഷ്ട്ര സമ്മര്‍ദങ്ങളെത്തുടര്‍ന്നാണ് അഭിനന്ദന്‍ തിരിച്ചെത്തിയത്. കുല്‍ഗാമില്‍ 2018 നവംബറില്‍ ഭീകരവാദികളോടുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രകാശ് ജാദവ്, സി.ആര്‍.പി.എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് ഹര്‍ഷ്പാല്‍ സിംഗ് എന്നിവര്‍ക്ക് കീര്‍ത്തി ചക്ര പുരസ്‌കാരവും പ്രഖ്യാപിച്ചു.
2016 സപ്റ്റംബറിലെ മിന്നലാക്രമണത്തിന് നേതൃത്വം നല്‍കിയവരിലൊരാളായ ലാന്‍സ് നായിക് സന്ദീപ് സിങ് ഉള്‍പ്പെടെ 14 സൈനികര്‍ക്ക് ശൗര്യ ചക്രയും ലഭിക്കും. സന്ദീപുള്‍പ്പെടെ ഏഴു പേര്‍ക്ക് മരണാനന്തര ബഹുമതിയായാണ് ശൗര്യചക്ര സമ്മാനിക്കുന്നത്. വ്യോമസേന സ്‌ക്വാഡ്രണ്‍ ലീഡര്‍ മിന്റി അഗര്‍വാളിന് യുദ്ധ സേവാ മെഡലും പ്രഖ്യാപിച്ചു. ഫെബ്രുവരി 27ന് പാകിസ്താന്‍ യുദ്ധവിമാനങ്ങളെ നേരിട്ട സംഭവത്തില്‍ ഫൈറ്റര്‍ കണ്‍ട്രോളര്‍ മിന്റി ആയിരുന്നു.
ബാലാകോട്ടിലെ ജെയ്‌ഷെ ക്യാംപുകള്‍ക്ക് നേരെ നടത്തിയ ആക്രമണത്തിന് ഇന്ത്യയുടെ മിറാഷ് 2000 പറത്തിയ പൈലറ്റുമാര്‍ക്ക് വായുസേന മെഡലുകള്‍ സമ്മാനിക്കും.
9 സൈനികര്‍ക്ക് ബാര്‍ ടു സേന മെഡലും 89 പേര്‍ക്ക് സേനാ മെഡലും പ്രഖ്യാപിച്ചു. ഏഴ് സൈനികര്‍ക്ക് യുവ സേനാ മെഡലും അഞ്ച് പേര്‍ക്ക് നവോ സേന മെഡലും അഞ്ച് പേര്‍ക്ക് യുദ്ധസേവാ മെഡലും സമ്മാനിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.