
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ധമാന് വീര്‍ ചക്ര ബഹുമതിക്കര്‍ഹനായി. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സൈനിക ബഹുമതിയാണ് വീര്‍ ചക്ര. വ്യോമസേനയാണ് അഭിനന്ദനെ വീര്‍ ചക്രയ്ക്ക് ശുപാര്‍ശ ചെയ്തത്. യുദ്ധ മുഖത്ത് ശത്രുവിനെതിരെ പ്രകടിപ്പിച്ച ധീരത കണക്കിലെടുത്താണ് സൈനികര്‍ക്ക് വീര്‍ചക്ര സമ്മാനിക്കുന്നത്. പുല്‍വാമാ ഭീകരാക്രമണത്തിന് പിന്നാലെ പാക് അതിര്‍ത്തിയില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ഇരുരാജ്യങ്ങള്‍ക്കിടയിലും രൂപപ്പെട്ട യുദ്ധ സമാന സാഹചര്യത്തിന്റെ മുഖമായിരുന്നു അഭിനന്ദന്. പാക് ആക്രമണങ്ങളെ ചെറുക്കുന്നതിനിടെ വിമാനം തകര്‍ന്ന് പാകിസ്താന്റെ പിടിയിലായ അഭിനന്ദന് വര്‍ധമാനെ രണ്ടുദിവസം കഴിഞ്ഞ് പാകിസ്താന് വിട്ടയക്കുകയും ചെയ്തു.
വ്യോമസേന സ്ക്വാഡ്രന്‍ ലീഡര്‍ മിന്റി അഗര്‍വാള്‍ യുദ്ധ സേവ മെഡലിനും അര്‍ഹയായി. ബാലാകോട്ട് ആക്രമണത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചതിനാണ് എയര്‍ ഫോഴ്സ് സ്ക്വാഡ്രന്‍ ലീഡര്‍ മിന്റി അഗര്‍വാള്‍ യുദ്ധസേവാ മെഡലിന് അര്‍ഹനായത്. രാഷ്ട്രീയ റൈഫില്‍സിലെ പ്രകാശ് ജാദവിന് മരണാനന്തരബഹുമതിയായി കീര്‍ത്തിചക്രയും ലഭിക്കും.
സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും.
abhinandan vardhaman honored with veer chakra