2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

നൊബേല്‍ ജേതാവ് അഭിജിത്ത് ബാനര്‍ജി ‘ന്യായ്’ പദ്ധതിക്കു പിന്നിലെ ബുദ്ധികേന്ദ്രം; നോട്ട് നിരോധനത്തിന്റെ കടുത്ത വിമര്‍ശകന്‍

 

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിന്റെ വാഗ്ദാനമായി പുറത്തുവന്ന ‘ന്യായ്’ പദ്ധതിയുടെ ബുദ്ധികേന്ദ്രമായും നോട്ട് നിരോധനത്തിന്റെ വിമര്‍ശകനായും ഇന്ത്യക്കാര്‍ക്ക് സുപരിചിതനാണ് സാമ്പത്തിക ശാസ്ത്രത്തിലെ നൊബേല്‍ ജേതാവ് അഭിജിത്ത് ബാനര്‍ജി. പ്രമുഖ ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞന്‍ പ്രൊഫ. തോമസ് പിക്കെറ്റിയാണ് ന്യായ് പദ്ധതി തയാറാക്കാന്‍ കോണ്‍ഗ്രസിനെ സഹായിച്ചതെങ്കിലും അതിനുപിന്നിലെ പ്രധാനി അഭിജിത് ബാനര്‍ജിയായിരുന്നു. രാജ്യത്തെ അഞ്ചിലൊന്ന് വരുന്ന ദരിദ്രകുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ അല്ലെങ്കില്‍ പ്രതിമാസം 6000 രൂപ വരുമാനം ഉറപ്പാക്കുന്നതായിരുന്നു ന്യൂനതം ആയോജ് യോജന (ന്യായ്) പദ്ധതി. മൈക്കല്‍ക്രെമറിനൊപ്പം തന്റെ രണ്ടാംഭാര്യയായ എസ്തര്‍ ഡഫ്‌ലോക്കുമൊപ്പമാണ് ഈ വര്‍ഷത്തെ പുരസ്‌കാരം അഭിജിത്ത് പങ്കിട്ടത്.

ഒന്നാം മോദി സര്‍ക്കാര്‍ നടപ്പാക്കിയ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ നിരോധിച്ച നടപടിയെ അഭിജിത്ത് ബാനര്‍ജി വിമര്‍ശിച്ചിരുന്നു. 2017 ജനുവരിയില്‍ ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു നോട്ട് നിരോധനവിഷയത്തില്‍ അഭിജിത്ത് ബാനര്‍ജി തന്റെ നിലപാട് വ്യക്തമാക്കിയത്. നോട്ട് നിരോധനം നടപ്പാക്കിയതിന് പിന്നിലെ യുക്തി എന്താണെന്ന് തനിക്ക് മനസിലാകുന്നില്ല. കള്ളനോട്ട് തടയാന്‍ ആണ് നോട്ട് നിരോധനം എങ്കില്‍ 2,000 രൂപയുടെ നോട്ടുകള്‍ ഇറക്കിയത് എന്തിനാണ്? നിലവില്‍ കരുതുന്നതിനേക്കാള്‍ വലിയ പ്രശ്‌നങ്ങളാകും ഇനിയുണ്ടാവാന്‍ പോവുന്നതെന്ന് സംശയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ആഗോള ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള പരീക്ഷണാത്മക പ്രവര്‍ത്തനങ്ങളാണ് നൊബേല്‍ പുരസ്‌കാരത്തിനായി പരിഗണിച്ചത്. ഇവരുടെ ഗവേഷണം ആഗോള ദാരിദ്ര്യത്തിനെതിരെ പോരാടാനുള്ള നമ്മുടെ കഴിവിനെ ഗണ്യമായി മെച്ചപ്പെടുത്തിയെന്നും നൊബേല്‍ പുരസ്‌കാര സമിതി നിരീക്ഷിച്ചിരുന്നു. സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട് നാലു പുസ്തകങ്ങള്‍ അഭിജിത്ത് എഴുതിയിട്ടിട്ടുണ്ട്. ഇതില്‍ പുവര്‍ ഇക്കണോമിക്‌സ് എന്ന പുസ്തകത്തിന് ഗോള്‍ഡ്മാന്‍ സാച്ച്‌സ് ബിസിനസ്സ് ബുക്ക് ഓഫ് ദി ഇയര്‍ പുരസ്‌കാരവും ലഭിച്ചു.

അമര്‍ത്യ സെന്നിന് ശേഷം സാമ്പത്തികശാസ്ത്രത്തിന് നോബേല്‍ സമ്മാനം ലഭിക്കുന്ന ഇന്ത്യക്കാരനായ അഭിജിത്ത്, നൊബേല്‍ ലഭിക്കുന്ന ഒമ്പതാമത്തെ ഇന്ത്യക്കാരനാണ്. രവീന്ദ്രനാഥ് ടാഗോര്‍ (1913, സാഹിത്യം), സി.വി രാമന്‍ (1930, ഭൗതികശാസ്ത്രം), മദര്‍ തെരേസ (1979, സമാധാനം), അമര്‍ത്യാസെന്‍ (1998, സാമ്പത്തിക ശാസ്ത്രം), കൈലാശ് സത്യാര്‍ത്ഥി (2014, സമാധാനം) എന്നിവരാണ് നൊബേല്‍ ജേതാക്കളായ ഇന്ത്യന്‍ പൗരന്‍മാര്‍. നൊബേല്‍ പുരസ്‌കാരം ലഭിച്ച ഹര്‍ഗോവിന്ദ് ഖൊറാന (1968, വൈദ്യശാസ്ത്രം), സുബ്രഹ്മണ്യം ചന്ദ്രശേഖര്‍ (1983, ഭൗതിക ശാസ്ത്രം), വെങ്കട്ടരാമന്‍, രാമകൃഷ്ണന്‍ (2009, രസതന്ത്രം) എന്നിവര്‍ വിദേശത്ത് കഴിയുന്ന ഇന്ത്യന്‍ വംശജരുമാണ്.

അഭിജിതിനെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി അഭിനന്ദിച്ചു. രാജ്യത്തെ പുരോഗതിയിലേക്കു നയിക്കാന്‍ കാരണമാവുന്ന വിധത്തിലുള്ള ന്യായ് പദ്ധതി തയാറാക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. നിര്‍ഭാഗ്യവശാല്‍ ‘മോദിനോമിക്‌സ്’ ആണ് ഇന്ത്യക്ക് ലഭിച്ചതെന്നും അത് രാജ്യത്തെ തകര്‍ക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.

Abhijit Banerjee. The Nobel laureate who warned India of note ban pain


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.