2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

പിണറായിയുടെ ഉപദേശികള്‍ പ്രതിപക്ഷത്തിന്റെ ഐശ്വര്യം

വി. അബ്ദുല്‍ മജീദ് 8589984470

മുഖ്യമന്ത്രി പിണറായി വിജയന് എത്ര ഉപദേശികളുണ്ടെന്ന് അദ്ദേഹത്തിനു തന്നെ കൃത്യമായി അറിയില്ല. നിയമസഭയില്‍ എം.എല്‍.എമാര്‍ ഇതിനെക്കുറിച്ചു മുഖ്യമന്ത്രിയോടു ചോദിച്ചപ്പോള്‍ ഒരാള്‍ക്കു കിട്ടിയ ഉത്തരം ആറ്. മറ്റൊരാള്‍ക്കു കിട്ടിയ ഉത്തരം എട്ട്. ഏതായാലും ആവശ്യത്തിലധികം ഉപദേശകരുണ്ടെന്ന് വ്യക്തം. ജഡ്ജിയെ ശുംഭനെന്നു വിളിച്ച് ജയിലില്‍ പോയ എം.വി ജയരാജനുമുണ്ട് അക്കൂട്ടത്തില്‍, സാങ്കേതികമായി അദ്ദേഹത്തിന്റെ തസ്തിക ഉപദേഷ്ടാവ് എന്നല്ലെങ്കിലും.
ഉപദേശം അമൃത് പോലെയാണ്. ആവശ്യത്തിനാണെങ്കില്‍ വളരെ നല്ലത്. അമിതമായാല്‍ ദോഷവും. കാര്യങ്ങള്‍ അമിതോപദേശത്തിന്റെ ദോഷം അനുഭവിച്ചുകൊണ്ടിരിക്കുകയാണ് മുഖ്യമന്ത്രിയിപ്പോള്‍. കൂട്ടത്തില്‍ സ്വതസിദ്ധമായ കാര്‍ക്കശ്യവും ധിക്കാരവുമെല്ലാം ചേരുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നു. പറയുന്നതും പ്രവര്‍ത്തിക്കുന്നതുമെല്ലാം അബദ്ധമാകുന്നു. തുടരെത്തുടരെ തിരിച്ചടികള്‍ കിട്ടുന്നു. അതില്‍ അടുത്ത കാലത്തു കിട്ടിയ ഏറ്റവും വലിയ തിരിച്ചടി സുപ്രിം കോടതിയില്‍ നിന്നാണ്. ഡി.ജി.പി സെന്‍കുമാറിന്റെ കേസില്‍. ഇടതുമുന്നണി അധികാരത്തില്‍ വന്നയുടന്‍ സെന്‍കുമാറിനെ പൊലിസ് മേധാവിയുടെ പദവിയില്‍ നിന്ന് മാറ്റിയത് രാഷ്ട്രീയ വിരോധത്തിന്റെ പേരിലാണെന്ന് അന്നു തന്നെ ആരോപണമുയര്‍ന്നിരുന്നു. കാരണങ്ങള്‍ പലതാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സി.പി.എമ്മിന് ഏറ്റവുമധികം രാഷ്ട്രീയ തിരിച്ചടികളുണ്ടാക്കിയ ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സെന്‍കുമാര്‍ സ്വീകരിച്ചത് കര്‍ശന നിലപാടാണ്. അരിയില്‍ ഷുക്കൂര്‍, കതിരൂര്‍ മനോജ് വധക്കേസുകളിലും അനുഭവം സമാനമായിരുന്നു. കണ്ണൂരില്‍ പാര്‍ട്ടിയുടെ സര്‍വാധിപതിയായ പി. ജയരാജന്റെ അറസ്റ്റ് വരെയെത്തി കാര്യങ്ങള്‍.
ഇങ്ങനെയൊക്കെയുള്ള ഒരാളെ ഇനി ആ കസേരയിലിരുത്തേണ്ടെന്ന മുഖ്യമന്ത്രിയുടെ കടുത്ത നിലപാടാണ് സെന്‍കുമാറിന്റെ കസേര തെറിപ്പിച്ചതെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ പറഞ്ഞ കാരണങ്ങള്‍ വേറെയാണ്. പുറ്റിങ്ങല്‍ ദുരന്തത്തിലും ജിഷ കേസിലും പൊലിസിനു സംഭവിച്ച വീഴ്ചയുടെ കാരണം പറഞ്ഞാണ് സെന്‍കുമാറിനെ നീക്കിയത്. നടപടിക്രമങ്ങള്‍ പാലിച്ചല്ല ഇതു ചെയ്തതെന്ന ഉപദേശം നിയമവകുപ്പിലെ ഉന്നതോദ്യോഗസ്ഥര്‍ അന്നു തന്നെ നല്‍കിയിരുന്നു. എന്നാല്‍ അതിനെക്കാള്‍ ജ്ഞാനികളായ ഉപദേഷ്ടാക്കള്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ തന്നെ ഉള്ളതുകൊണ്ട് ഉദ്യോഗസ്ഥരുടെ ഉപദേശത്തിനു വിലയുണ്ടായില്ല. സെന്‍കുമാര്‍ കോടതിയില്‍ പോയപ്പോഴും കേളന്‍ കുലുങ്ങിയില്ല. സെന്‍കുമാറിനെ പൊലിസ് മേധാവി പദവിയില്‍ തിരിച്ചെടുക്കണമെന്ന് സുപ്രിം കോടതി വിധി വന്നപ്പോള്‍ ഉടന്‍ വിധി നടപ്പാക്കണമെന്ന് നിയമവകുപ്പ് സെക്രട്ടറി ഉപദേശിച്ചെങ്കിലും ഫലമുണ്ടായില്ല. ബൂര്‍ഷ്വാ കോടതിയുടെ വിധി വിപ്ലവകാരികള്‍ പാലിക്കേണ്ടതില്ലെന്ന് കോടതിയെ ധിക്കരിച്ച് ജയിലില്‍ പോയയാളുള്‍പ്പെടെയുള്ള ഉപദേശി വൃന്ദം മുഖ്യമന്ത്രിയെ ഉപദേശിച്ചിരിക്കണം. ഒടുവില്‍ കോടതിയലക്ഷ്യക്കേസുമായി സെന്‍കുമാര്‍ വീണ്ടും സുപ്രിം കോടതിയില്‍ പോയപ്പോള്‍ സര്‍ക്കാരിനു കിട്ടിയത് കനത്ത പ്രഹരം. കോടതിയലക്ഷ്യ നോട്ടീസിനു പുറമെ സര്‍ക്കാരിനു കോടതി 25,000 രൂപ പിഴയും വിധിച്ചു. ഗത്യന്തരമില്ലാതെ സെന്‍കുമാറിനെ തിരിച്ചെടുക്കേണ്ടിയും വന്നു. കേരള ചരിത്രത്തില്‍ മറ്റൊരു സര്‍ക്കാരിനും കിട്ടാത്ത കനത്ത തിരിച്ചടി.
ഇതുപോലുള്ള ഉപദേശം കേട്ടാണെന്നു തോന്നുന്നു എറണാകുളം മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐക്കാര്‍ താമസിച്ച മുറിയില്‍ നിന്ന് പൊലിസ് കണ്ടെടുത്തത് കെട്ടിടനിര്‍മാണ ഉപകരണങ്ങളാണെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്. തൊട്ടടുത്ത ദിവസം മുഖ്യമന്ത്രി നിയന്ത്രിക്കുന്ന പൊലിസ് തന്നെ അത് മാരകായുധങ്ങളാണെന്ന് സ്ഥിരീകരിച്ചു. ഏതായാലും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാക്കള്‍ ഈ വീടിന്റെ ഐശ്വര്യം എന്ന് കെ.പി.സി.സി ഓഫിസിലും മാരാര്‍ജി ഭവനിലുമൊക്കെ എഴുതിവയ്ക്കാവുന്നതാണ്. ഈ ഉപദേഷ്ടാക്കള്‍ ഉപദേശം തുടര്‍ന്നാല്‍ പ്രതിപക്ഷത്തിന് അധികമൊന്നും അദ്ധ്വാനിക്കേണ്ടി വരില്ല.
*******
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ പ്രതിപക്ഷവും ഇന്നത്തെ ഭരണപക്ഷവുമായ ഇടതുമുന്നണി ഏറ്റവുമധികം വിയര്‍പ്പൊഴുക്കിയത് അന്നത്തെ ധനമന്ത്രിയായിരുന്ന കെ.എം മാണിക്കെതിരായ പ്രക്ഷോഭങ്ങള്‍ക്കാണ്. ബാര്‍കോഴ ആരോപണത്തിനു വിധേയനായ മാണിയുടെ രാജിക്കു വേണ്ടി ഇടതുമുന്നണി നടത്തിയ സമരങ്ങള്‍ക്കു കണക്കില്ല. പലയിടങ്ങളിലും മാണിയുടെ വാഹനം ഇടതു പ്രവര്‍ത്തകര്‍ ഉപരോധിച്ചു. നിയമസഭയില്‍ മാണി ബജറ്റ് അവതരിപ്പിക്കുന്നതു തടയാന്‍ കയ്യാങ്കളി വരെ നടത്തി. ഒടുവില്‍ മാണി രാജിവച്ചിട്ടും പോര് നിര്‍ത്തിയില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാര്‍കോഴ അടക്കമുള്ള മാണിയുടെ അഴിമതിക്കഥകളായിരുന്നു ഇടതുപക്ഷത്തിന്റെ പ്രധാന പ്രചാരണായുധം. അതിനു ഫലവുമുണ്ടായി. അഴിമതി വിരുദ്ധരായ ജനങ്ങളുടെ വോട്ടു വാങ്ങി വന്‍ ഭൂരിപക്ഷത്തോടെ ഇടതുമുന്നണി അധികാരത്തിലെത്തി.
എന്നാല്‍ തെരഞ്ഞടുപ്പിനു ശേഷം കേരള രാഷ്ട്രീയം ഏറെ മാറി. തൊടുന്യായങ്ങള്‍ പറഞ്ഞ് മാണി യു.ഡി.എഫ് വിട്ട് നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി. സൗകര്യം പോലെ ഇടതുമുന്നണിയിലേക്കോ ബി.ജെ.പി ചേരിയിലേക്കോ ചെന്നു കയറാന്‍ പാകത്തിലുള്ള പാലം പണിയാന്‍ മാണി ശ്രമം തുടങ്ങിയതായി വാര്‍ത്തകള്‍ പരന്നു. ഒടുവില്‍ യു.ഡി.എഫിനെ ഞെട്ടിച്ച് കോട്ടയം ജില്ലാ പഞ്ചായത്തില്‍ മലക്കം മറിഞ്ഞ് സി.പി.എമ്മിന്റെ പിന്തുണയോടെ മാണിയുടെ പാര്‍ട്ടിക്കാരന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. രാഷ്ട്രീയ ധാര്‍മികതയെക്കുറിച്ചുള്ള ചര്‍ച്ചയാല്‍ മാധ്യമങ്ങള്‍ നിറഞ്ഞു. തന്നെ രാഷ്ട്രീയമായി ഏറെ ദ്രോഹിച്ച സി.പി.എമ്മിനൊപ്പം ചേര്‍ന്ന മാണിയുടെ രാഷ്ട്രീയ ധാര്‍മികത ഒരു വശത്തു ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ മാണി അഴിമതിക്കാരനാണെന്ന് മൈക്കു കെട്ടി നാടാകെ പ്രസംഗിച്ചു നടന്ന സി.പി.എമ്മുകാര്‍ മാണിയെ കൂടെ കൂട്ടിയതിലെ മൂല്യച്യുതി മറുവശത്തും വിമര്‍ശനവിധേയമായി. ഇതു സൃഷ്ടിച്ച രാഷ്ട്രീയ കോലാഹലങ്ങള്‍ സ്വന്തം പാര്‍ട്ടിയില്‍ പോലും തുടരുമ്പോഴും മാണിക്ക് കുലുക്കമില്ല. പരസ്യ എതിര്‍പ്പുമായി രംഗത്തുവന്ന സ്വന്തം ചേരിയിലെ സി.പി.ഐ എന്നല്ല, ആന തന്നെ കുത്തിയാലും കുലുങ്ങില്ലെന്ന നിലപാടിലാണ് എ.കെ.ജി സെന്ററും. രണ്ടു കൂട്ടര്‍ക്കുമുണ്ട് അവരുടേതായ ന്യായങ്ങള്‍.
കാലത്തിനു ചേരാത്ത രാഷ്ട്രീയ ധാര്‍മികതയുടെ ചൊറിച്ചിലുള്ളവര്‍ എന്തുതന്നെ പറഞ്ഞാലും ഈ കൂട്ടുകെട്ടിന് വേറെ ചില രാഷ്ട്രീയ മാനങ്ങളുണ്ട്. മാണിയുടെ പേരിലുള്ള കേസ് നിലവിലുണ്ട്. അതില്‍ നിന്ന് തടിയൂരാന്‍ ഇപ്പോള്‍ ഭരിക്കുന്നവരുടെ സഹായം ആവശ്യമുണ്ട്. പിന്നെ മാണിക്ക് മകന്‍ ജോസ് കെ. മാണിയെ എവിടെയെങ്കിലും എത്തിക്കുകയും വേണം. യു.ഡി.എഫുമായി തെറ്റിപ്പിരിഞ്ഞ സാഹചര്യത്തില്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജോസ് കെ. മാണിയുടെ സ്ഥിതി അത്ര സുരക്ഷിതമാവാനിടയില്ല. ഇടതുമുന്നണി സഹായിച്ചാല്‍ രക്ഷപ്പെടാം. ജയിച്ച് ലോക്‌സഭയിലെത്തുകയും ബി.ജെ.പി വീണ്ടും അധികാരത്തിലെത്തുകയും ചെയ്താല്‍ ഒന്നുകൂടി മലക്കംമറിഞ്ഞ് മകനെ മന്ത്രിയാക്കാം. സി.പി.എമ്മിനാകട്ടെ, മാണിയുടെ കൂട്ട് അദ്ദേഹത്തിനു സ്വാധീനമുള്ള മേഖലയില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ വഴിയൊരുക്കുകയും ചെയ്യും.
ഇതിനൊക്കെ പുറമെ മറ്റൊരു രാഷ്ട്രീയവുമുണ്ട്. ഏതു ചേരിയില്‍ നിന്നാലും നമ്മുടെ നാട്ടിലെ ഭരണവര്‍ഗ രാഷ്ട്രീയ കക്ഷികളുടെ അടിസ്ഥാന നിലപാടുകളില്‍ ഏറെ സമാനതകളുണ്ട്. പശ്ചിമഘട്ടത്തിലെ പ്രകൃതിചൂഷണം, ഭൂമി കൈയേറ്റം തുടങ്ങിയ ചില വിഷയങ്ങളില്‍ ഏറെക്കുറെ സമാനമാണ് മാണിയുടെ പാര്‍ട്ടിയുടെയും സി.പി.എമ്മിന്റെയും നിലപാടുകള്‍. അധികാര രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ലല്ലോ. താല്‍പര്യങ്ങളാണ് അവിടെ പ്രധാനം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.