2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

മണ്ണിനെയും കൃഷിയേയും സ്‌നേഹിച്ച് അബ്ദുല്‍ ഹകീം

ഫാറൂഖ്. എടത്തറ

നഗരജീവിതത്തിന്റെ തിരക്കിനിടയിലും മനസ്സില്‍ സൂക്ഷിച്ചുവച്ചൊരിഷ്ടമുണ്ടായിരുന്നു പെരിന്തല്‍മണ്ണ തേക്കിന്‍കോട പെഴുംകളത്തില്‍ അബ്ദുല്‍ ഹകീമിന് കൃഷിയോട്. പാരമ്പര്യമായി കൃഷിയുമായി ബന്ധമുള്ള ഹകീം കൃഷി അനുബന്ധ പരിപാടികള്‍ കാണാന്‍ എപ്പോഴും ശ്രമിച്ചിരുന്നു. സമയം കിട്ടുമ്പോഴെല്ലാം വ്യത്യസ്ത കൃഷിരീതികളും പരീക്ഷിച്ചു. കൃഷിയോടുള്ള ഭര്‍ത്താവിന്റെ ഇഷ്ടത്തിനു പൂര്‍ണ പിന്തുണയുമായി ഭാര്യയും വന്നതോടെ പുത്തന്‍ കൃഷിരീതികളെല്ലാം വീട്ടുമുറ്റത്ത് പടര്‍ന്നുപന്തലിക്കാന്‍ തുടങ്ങി.

വീടും ചുറ്റുപാടുമൊക്കെ ശരിയായപ്പോള്‍ ദുബൈ റിജന്‍സി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ എച്ച്.ആര്‍ മാനേജരായി ജോലിചെയ്തിരുന്ന ഹകീം തൊഴില്‍ ഉപേക്ഷിച്ച് നാട്ടിലേക്കു തിരിക്കുകയായിരുന്നു. തുടര്‍ന്നു പ്രവാസിസംഘത്തിന്റെ നേതൃത്വം ഏറ്റെടുത്തു. കുറച്ചുകാലം വീട്ടു പരിസരങ്ങളില്‍ പുത്തന്‍കൃഷിരീതികള്‍ പരീക്ഷിച്ചു. പലരും ഇതു കാമറയില്‍ പകര്‍ത്തി. ചിലര്‍ കൃഷിരീതി പഠിക്കാനെത്തി. മറ്റു ചിലര്‍ വിത്തും തൈകളും കൊണ്ടണ്ടുപോയി. കൃഷിക്കൊപ്പം പൊതുപ്രവര്‍ത്തനത്തിനും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും സമയം കണ്ടെത്തുന്നതിലും ഹകീം മാതൃകയാകുന്നു.
കൃഷിയോടുള്ള ഇഷ്ടം കണ്ടണ്ട് ‘ഇതൊന്നു വിപുലപ്പെടുത്തിക്കൂടേ ഹകീമേ’ എന്ന് ഒട്ടേറെപേര്‍ ചോദിച്ചു. അങ്ങനെയിരിക്കെയാണ് കേരള പ്രവാസിസംഘത്തിനു കീഴില്‍ സ്വയംസഹായ സംഘം രൂപീകരിച്ച് പച്ചക്കറി കൃഷി ചെയ്യാന്‍ തുടങ്ങിയത്. ഇപ്പേള്‍ വര്‍ഷം ഒന്നുകഴിഞ്ഞു. പയര്‍, കുമ്പളം, മത്തന്‍, വെള്ളരി, വഴുതന, വെണ്ട, മുളക്, കയ്പ്പ, ചിരങ്ങ തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളും നാലു തവണ വിളവെടുത്തു. കേരള പ്രവാസിസംഘം കൂട്ടായ്മയുടേയും കൃഷിഭവന്റെയും സഹകരണത്തോടെ അഞ്ചര ഏക്കര്‍ ഭൂമിയിലാണ് കൃഷി.

പരമ്പരാഗതമായി കൃഷിയോടു താല്‍പര്യമുള്ള കുടുംബമായിരുന്നു ഹകീമിന്റേത്. ഉപ്പയും ഉമ്മയും സഹോദരങ്ങളും അത്യാവശ്യം കൃഷിയൊക്കെ ചെയ്തിരുന്നു. അവരില്‍നിന്നു സിരകളിലേക്ക് പകര്‍ന്നുകിട്ടിയതാണു ഹകീമിനു കൃഷിയോടുള്ള പ്രണയം. മണ്ണിന്റെ നിറവും ഗന്ധവും രുചിയും നോക്കി അതില്‍ വിളയുന്ന ഉല്‍പ്പന്നങ്ങളുടെ അളവ് എത്രയാകും എന്നു പറയാന്‍ കഴിയുന്ന ജൈവബന്ധം മണ്ണുമായി അദ്ദേഹത്തിനുണ്ട്. മണ്ണില്‍ ചേര്‍ക്കേണ്ട വളങ്ങളേതൊക്കെയെന്നും ഏതളവിലെന്നും മണ്ണു രുചിച്ചുനോക്കി ഹകീം പറയും. തന്റെ കൃഷിയിടത്തിലേക്ക് കീടനാശിനി അടുപ്പിക്കില്ലെന്ന ദൃഢനിശ്ചയത്തിലാണു ഹകീമെന്ന ഈ യുവകര്‍ഷകന്‍. കീടങ്ങളെ നിയന്ത്രിക്കാന്‍ നിരവധി ജൈവമാര്‍ഗങ്ങളാണ് അദ്ദേഹം ഉപയോഗപ്പെടുത്തുന്നത്.

മഴയുടെ പോക്കുവരവു നോക്കിയും വെയിലേറിന്റെ ചായവു നോക്കിയും വിത്തിടലിന്റെയും വിളവെടുപ്പിന്റെയും കണക്കുണ്ടാക്കുന്നു, മണ്ണിന്റെ മനസ്സറിയുന്ന ഈ കര്‍ഷകന്‍. പുലര്‍ച്ചെ അഞ്ചിന് എഴുന്നേല്‍ക്കും. പ്രാഥമികകൃത്യങ്ങള്‍ക്കു ശേഷം നേരെ വീടിനു തൊട്ടുള്ള കൃഷിയിടത്തില്‍ വെള്ളംതേവലും കിളയും മറ്റു പരിചരണങ്ങളും. എട്ടുമണിയോടെ ചായയും പലഹാരവും കഴിച്ചു നേരെ പ്രവാസസംഘത്തിന്റെ കൃഷിയിടത്തിലേക്ക്. പുത്തന്‍ കര്‍ഷകരോടെല്ലാം ഒരു കാര്യമേ ഹകീമിന് പറയാനുള്ളൂ.. ‘നല്ലതു കൊടുത്താല്‍ ഭൂമി നല്ലതു തിരികെ തരും,  മോശമായതു കൊടുത്താല്‍ ഫലം മോശം തന്നെ’ നല്ല മനസ്സോടെ ഭൂമിയില്‍ നല്ലതു മാത്രം ചേര്‍ത്തു നന്മവിളയിക്കുന്ന കൃഷിരീതിയുടെ നാട്ടുനന്മകളിലേക്കു നമ്മുടെ കാര്‍ഷികമേഖല മടങ്ങിപ്പോകണമെന്നാണു ഹകീമിന്റെ പ്രാര്‍ഥന.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News