2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ആയര്‍ പെണ്‍കൊടി

കശ്മിരില്‍ ക്രൂരബലാത്സംഗത്തിനിരയായി മരണപ്പെട്ട 'ആസിഫ'യുടെ കണ്ണീര്‍സ്മരണകള്‍ക്ക്

 

ശ്രീകുമാര്‍ ചേര്‍ത്തല

 

ആയിരമഗ്നി സ്ഫുലിംഗങ്ങള്‍ തന്നുടെ,
പിംഗലജിഹ്വയായിന്നു നീ ആസിഫ.
വിശ്വത്തിന്‍ രണഭൂവില്‍ ആവേശജ്വാലയായ്,
അണയാത്ത താരകക്കതിരായ് നീ ആസിഫ.
ആകാശമാകെയും വിടരുന്ന സൂര്യന്റെ
പ്രഭ പോലെ, പെണ്ണിന്റെ വ്രതശക്തി ആസിഫ.

ആയര്‍പ്പെണ്‍കിടാവേ നിന്‍ ആത്മാവില്‍ പാവനം,
അശ്രു പുഷ്പങ്ങളര്‍പ്പിച്ചു ഞാന്‍ കൂപ്പുന്നു…
എരിയുന്ന വേനലിലൊരു കുളിര്‍മാരിയായ്,
‘കശ്യപ ദേശ’ത്തില്‍ പുളകം വിതച്ചോളേ,
ഇരവിന്‍ കരിമ്പടം വകഞ്ഞുമാറ്റിപ്പനി-
മതി തന്‍ പാല്‍നുര ചിന്തിയൊഴിച്ചോളേ…

വെണ്‍മേഘശകലങ്ങള്‍ വാനിലൊഴുകും പോലെ
പുല്‍പ്പരപ്പുകളിലാടിനെ മേച്ചോളേ,
ഒരു കുഞ്ഞു പൂവിന്റെ തരളദലങ്ങള്‍ തന്‍
മൃദുലത നെഞ്ചിലും മെയ്യിലും വഹിച്ചോളേ,
കൈതവമേശാപ്പൈതലേ, പുണരുന്ന
തെന്നലിന്‍ സുഖദമാം സൗരഭ്യ വീചിയേ…

കളങ്കമേല്‍ക്കാത്ത പെണ്‍കൊടീ,
നന്മതന്‍ തൂമലര്‍ക്കെട്ടുകള്‍ കരളില്‍ നിറച്ചോളേ,
പരിശുദ്ധി നീഹാര കണമായ് നിറഞ്ഞോളേ,
പരിരംഭണത്തിന്‍ കുതന്ത്രമറിയാത്തോളേ,
ദുര മൂത്ത ദേഹത്തിന്നടിയിലായൊരു മാത്ര,
ശ്വാസം കഴിക്കാന്‍ നീ ഇടറിവെമ്പീടവേ,

കാലുകള്‍ക്കിടയില്‍ നീയുതിര്‍ത്തൊരു രോദനം
മൗനത്തിന്‍ സാഗരത്തിരയിലന്നാഴുമ്പോള്‍,
പിച്ചിപ്പറിച്ചോരു കലികയായ് നീ വെറും
പൊടിമണ്ണില്‍ ചിതറിക്കിടക്കേ,
ദേവാലയത്തില്‍ നീ തേടിയുഴന്നൊരു
ഈശ്വരനൊരു മാത്ര നിദ്രയെപ്പൂകിയോ ?
കശ്മിരില്‍, പുല്‍മേട്ടില്‍, പൊഴിയുന്ന മഞ്ഞിന്റെ
വെണ്‍ഹൃദയ സോപാനം മൗനത്തിലാണ്ടുവോ?

ഉണരുക ആസിഫ, തുടിതാളമായിന്ന്
ഉടയാത്ത പെണ്‍നോവിന്‍ പ്രതീകമായ് നിറയുക.
വിടരുക ആസിഫ, ഹൃദ്‌സ്പന്ദനങ്ങളില്‍
നിറവാര്‍ന്ന സ്ത്രീത്വത്തിന്‍
നിറവായി വാഴുക…


ആസിഫ: അറബി ഭാഷയില്‍ പരിശുദ്ധ,
കളങ്കരഹിത, നന്മ നിറഞ്ഞവള്‍
എന്നൊക്കെ അര്‍ഥം.
കശ്യപ ദേശം: കശ്മിര്‍


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.