2019 January 16 Wednesday
ഉള്ളില്‍ തട്ടിയുള്ള പ്രാര്‍ത്ഥന ചുണ്ടുകള്‍ കൊണ്ടുള്ള ഏറ്റുപറച്ചിലല്ല. അന്തര്‍മണ്ഡലത്തില്‍ നിന്നുള്ള തീവ്രാഭിലാഷമത്രെ.

Editorial

ആസൂത്രിത പ്രകോപനങ്ങളെ കരുതിയിരിക്കുക


ഹരിയാനയിലെ ചിലയിടങ്ങളില്‍ വെള്ളിയാഴ്ച പൊതുസ്ഥലത്ത് മുസ്്‌ലിംകള്‍ ജുമുഅ നമസ്‌കരിക്കുന്നത് സംഘ്പരിവാര്‍ സംഘടനകള്‍ ബലം പ്രയോഗിച്ചു തടഞ്ഞത് ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ല. ഗുഡ്ഗാവ്, അതുല്‍ കതാരിയ ചൗക്ക്, സിക്കന്ദര്‍പൂര്‍, ഇഫ്‌കോ ചൗക്ക്, എം.ജി റോഡ്, സൈബര്‍ പാര്‍ക്കിനടുത്തുള്ള ഒഴിഞ്ഞ സ്ഥലം എന്നിവിടങ്ങളിലെല്ലാം ഈ അതിക്രമം അരങ്ങേറിയതില്‍ നിന്ന് വ്യക്തമാകുന്നത് അതു തികച്ചും ആസൂത്രിതമാണെന്നു തന്നെയാണ്. അതിനെ ന്യായീകരിച്ചുകൊണ്ട് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ രംഗത്തുവന്നതോടെ ഭരണകൂടത്തിന്റെ പിന്തുണയോടു കൂടി തന്നെയാണ് ഈ അതിക്രമം അരങ്ങേറുന്നതെന്നു കൂടി വ്യക്തമാവുകയാണ്.

സംയുക്ത ഹിന്ദു സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തില്‍ സംഘ്പരിവാര്‍ സംഘടനകള്‍ ചേര്‍ന്നാണ് നമസ്‌കാരം തടഞ്ഞത്. അഖില ഭാരതീയ ഹിന്ദു ക്രാന്തി ദള്‍, ബജ്‌റംഗ് ദള്‍, സ്വദേശി ജാഗരണ്‍ മഞ്ച്, ശിവസേന, ഹിന്ദു സേന, ഗുരുഗ്രാം സാംസ്‌കൃതിക് ഗൗരവ് സമതി തുടങ്ങിയ സംഘടനകളാണ് സംഘര്‍ഷ് സേനയിലുള്ളത്. ഇത് ആദ്യമായല്ല അവിടെ സംഭവിക്കുന്നത്. ഏപ്രില്‍ 20നും പൊതുസ്ഥലത്തെ നമസ്‌കാരചടങ്ങുകള്‍ ഹിന്ദുത്വ സംഘടനകള്‍ തടസ്സപ്പെടുത്തിയിരുന്നു. അത് അധികമൊന്നും പുറംലോകം അറിഞ്ഞിരുന്നില്ലെന്നു മാത്രം.
തൊട്ടുമുമ്പ് ഡല്‍ഹിയിലുമുണ്ടായി മറ്റൊരു സംഘ്പരിവാര്‍ പ്രകോപനം. സഫ്ദര്‍ജംഗ് എന്‍ക്ലേവിലെ ഹുമയൂണ്‍പൂരില്‍ തുഗ്ലക്ക് ഭരണകാലത്തു നിര്‍മിച്ചതെന്നു കരുതുന്ന മഖ്ബറ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ കൈയേറി കാവി പൂശി ക്ഷേത്രമാക്കി മാറ്റി. ഇതു സ്ഥലത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുമെന്ന സൂചനകള്‍ ലഭിച്ചതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കയാണ്. ഹരിയാനയിലെയും ഡല്‍ഹിയിലെയും സംഭവങ്ങള്‍ മതവിശ്വാസവുമായി ബന്ധപ്പെട്ടതായതിനാല്‍ എളുപ്പത്തില്‍ സംഘര്‍ഷത്തിനു വഴിയൊരുക്കാവുന്നതാണെങ്കിലും മഹാഭാഗ്യത്തിന് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല.
അലിഗഡ് സര്‍വകലാശാലയില്‍ സംഘ്പരിവാര്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളിലും സമാന ഗൂഢലക്ഷ്യം മണക്കുന്നുണ്ട്. സര്‍വകലാശാലയിലെ വിദ്യാര്‍ഥി യൂനിയന്‍ ഹാളില്‍ നിന്ന് മുഹമ്മദലി ജിന്നയുടെ ചിത്രം നീക്കം ചെയ്യണമെന്ന ആവശ്യവുമായി വന്‍ പ്രക്ഷോഭത്തിനു കോപ്പുകൂട്ടുകയാണ് സംഘ്പരിവാര്‍. ജിന്ന ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ആരുമല്ലെങ്കിലും അദ്ദേഹത്തിന്റെ പേരിനെ മുസ്‌ലിം സമുദായവുമായി ബന്ധപ്പെടുത്തി കടുത്ത വര്‍ഗീയവിദ്വേഷ പ്രചാരണമാണ് അവിടെ സംഘ്പരിവാര്‍ നടത്തുന്നത്. ഈ കോലാഹലത്തിനിടയില്‍ സര്‍വകലാശാലയുടെ സ്ഥാപകന്‍ സര്‍ സയ്യിദ് അഹമ്മദ് ഖാന്റെ ചിത്രം ഹാളില്‍ നിന്ന് കാണാതായത് വിവാദത്തിനു പുതിയ മാനം പകര്‍ന്നിട്ടുണ്ട്.
സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ഇങ്ങനെ വിവിധ സംസ്ഥാനങ്ങളില്‍ വര്‍ഗീയ ശല്യങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോള്‍ അക്കാര്യത്തില്‍ അവര്‍ക്കു മുന്നില്‍ ഓടുകയാണ് സംഘത്തിന്റെ പരമോന്നത നേതാവും ഇന്ത്യയുടെ പ്രധാനമന്ത്രിയുമായ നരേന്ദ്രമോദി. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ പിടിച്ചുനില്‍ക്കാന്‍ സംസ്ഥാനത്തെ വര്‍ത്തമാനകാല രാഷ്ട്രീയം പറയുന്നതിനു പകരം ടിപ്പുസുല്‍ത്താനെ പഴിപറഞ്ഞ് അതിന്റെ മറവില്‍ മുസ്‌ലിം വിരുദ്ധ വികാരം ഇളക്കിവിടാന്‍ ശ്രമിക്കുകയാണ് മോദി. എല്ലാംകൂടി ചേര്‍ത്തുവച്ചു നോക്കുമ്പോള്‍ സംഘ്പരിവാര്‍ കേന്ദ്ര നേതൃതലത്തില്‍ ആലോചിച്ചുറച്ച് രാജ്യവ്യാപകമായി നടപ്പാക്കുന്ന ഒരു രാഷ്ട്രീയ ഗൂഢതന്ത്രത്തിന്റെ ചിത്രമാണ് തെളിഞ്ഞുവരുന്നത്.
മോദി സര്‍ക്കാരിനതിരെ രാജ്യവ്യാപകമായി കടുത്ത ജനരോഷമുയരുകയും ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുവരികയും ചെയ്യുന്ന ഘട്ടത്തിലാണ് രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി ഇത്തരം വാര്‍ത്തകള്‍ വരുന്നത് എന്നതും ശ്രദ്ധേയമാണ്. ബി.ജെ.പിയുടെ കാലിനടയില്‍ നിന്ന് വന്‍തോതില്‍ മണ്ണൊലിച്ചുപോകുന്നത് മറ്റാരെക്കാളും നന്നായി മനസിലാക്കുന്നത് അതിന്റെ നേതാക്കള്‍ തന്നെയാണ്. വരാനിരിക്കുന്ന തിരിച്ചടിയെ മറികടക്കാന്‍ ഏതു തന്ത്രവും സംഘ്പരിവാര്‍ പയറ്റിയേക്കും. അവരുടെ ചരിത്രം അതു സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.
വര്‍ഗീയ സംഘര്‍ഷങ്ങളിലൂടെ സമൂഹത്തില്‍ സൃഷ്ടിച്ചെടുത്ത ചേരിതിരിവ് മുതലെടുത്താണ് അവര്‍ ഇന്നത്തെ നില വരെ വളര്‍ന്നത്. അതേ തന്ത്രം തന്നെ വീണ്ടും പ്രയോഗിക്കാനുള്ള അപകടകരമായ നീക്കമാണവര്‍ നടത്തുന്നതെന്ന് സംശയിക്കേണ്ടതുണ്ട്. വലിയ ദുരന്തങ്ങള്‍ക്ക് ഇടയാക്കിയേക്കാവുന്ന ഈ ഗൂഢതന്ത്രത്തില്‍ വീണുപോകാതിരിക്കാന്‍ രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങളും മതേതര വിശ്വാസികളും അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.