2019 January 16 Wednesday
ഉള്ളില്‍ തട്ടിയുള്ള പ്രാര്‍ത്ഥന ചുണ്ടുകള്‍ കൊണ്ടുള്ള ഏറ്റുപറച്ചിലല്ല. അന്തര്‍മണ്ഡലത്തില്‍ നിന്നുള്ള തീവ്രാഭിലാഷമത്രെ.

Editorial

ആര് ജഡ്ജിയാകണം മോദി സര്‍ക്കാര്‍ തീരുമാനിക്കും


കഴിവിലും യോഗ്യതയിലും രാജ്യത്ത് ഒന്നാമന്‍ എന്ന വിലയിരുത്തലോടെയാണ് ഇക്കഴിഞ്ഞ ജനുവരി 10ന് കെ.എം ജോസഫിനെ സുപ്രിം കോടതി ജഡ്ജിയാക്കണമെന്ന ശുപാര്‍ശ കൊളിജിയം ഏകകണ്ഠമായി തീരുമാനിച്ച് സര്‍ക്കാരിന് നല്‍കിയത്. എന്നാല്‍, കഴിഞ്ഞദിവസം ഇതേ ശുപാര്‍ശ വീണ്ടും ആവര്‍ത്തിക്കാന്‍ ചേര്‍ന്ന യോഗം തീരുമാനമെടുക്കാനാകാതെ പിരിഞ്ഞത് കൊളിജിയത്തിന്റെ തകര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്. നേരത്തേ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയടക്കമുള്ള അഞ്ചംഗ കൊളിജിയം അംഗീകരിച്ച തീരുമാനം കഴിഞ്ഞ ദിവസത്തെ കൊളിജിയം യോഗത്തില്‍ ദീപക്മിശ്ര അഭിപ്രായ ഭിന്നത രേഖപ്പെടുത്തിയെന്നത് ശരിയാണെങ്കില്‍ എന്തിന്റെ പേരിലായാലും വരും കാലത്തോട് അദ്ദേഹം അത് വിശദീകരിക്കേണ്ടിവരും.

ബാലിശമായ കാരണങ്ങള്‍ നിരത്തിയാണ് ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം ജോസഫിന്റെ സുപ്രിംകോടതി ജഡ്ജിയായുള്ള നിയമനം ബി.ജെ.പി സര്‍ക്കാര്‍ തടഞ്ഞുകൊണ്ടിരിക്കുന്നത്. കൊളിജിയത്തെ കൂടി ബി.ജെ.പിയുടെ വഴിക്ക് കൊണ്ടുവരുന്നതില്‍ അവര്‍ താല്‍ക്കാലികമായി വിജയിച്ചിരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ കൊളിജിയം തീരുമാനം നിരസിക്കുകയും അതേ തീരുമാനം വീണ്ടും കൊളിജിയം ആവര്‍ത്തിക്കുകയും ചെയ്താല്‍ സര്‍ക്കാര്‍ അത് അംഗീകരിക്കല്‍ നിര്‍ബന്ധമാണ്. കെ.എം ജോസഫിനെതിരെ കേസോ ഐബി റിപ്പോര്‍ട്ടോ ഇല്ല. അതിനാല്‍ കഴിഞ്ഞദിവസം കൊളിജിയം നേരത്തെയെടുത്ത തീരുമാനം ആവര്‍ത്തിക്കേണ്ടതായിരുന്നു.
കെ.എം ജോസഫിന്റെ നിയമനം സംബന്ധിച്ച ഒരൊറ്റ അജണ്ട മാത്രമായിരുന്നു കൊളിജിയത്തിന്റെ മുന്നിലുണ്ടായിരുന്നത്. എന്നാല്‍, കൊല്‍ക്കത്ത, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ്, തെലുങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ കൂടി സുപ്രിം കോടതി ജഡ്ജിമാരാക്കാനുള്ള അജണ്ട പിന്നീടാണ് കയറിവന്നത്. കെ.എം ജോസഫിന്റെ നിയമനം വൈകിപ്പിക്കുവാനോ അദ്ദേഹത്തെ സുപ്രിംകോടതി ജഡ്ജി പദവിയില്‍ നിന്നു എന്നന്നേക്കുമായി ഒഴിവാക്കാനോ ആയിരിക്കണം ഈ അജണ്ട കയറിക്കൂടിയത്. ബി.ജെ.പി സര്‍ക്കാര്‍ എന്ത് ആഗ്രഹിച്ചുവോ കൊളിജിയം അത് പ്രാവര്‍ത്തികമാക്കി. ചീഫ് ജസ്റ്റിസ് ദീപക്മിശ്ര, മുതിര്‍ന്ന ജഡ്ജിമാരായ ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബിലാക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരടങ്ങിയതാണ് കൊളിജിയം.
തീരുമാനം ഏകകണ്ഠമാവുന്നില്ലെങ്കില്‍ നടപ്പാവുകയില്ല. അതാണ് കഴിഞ്ഞ ദിവസത്തെ കൊളിജിയത്തില്‍ സംഭവിച്ചതും. കേസുകള്‍ വീതിച്ചുനല്‍കുന്നതിലും ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച അന്വേഷണ വിധിയിലും ലഖ്‌നൊ മെഡിക്കല്‍ കോളജ് അഴിമതി വിവാദങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഒരവസരത്തിലും ചീഫ് ജസ്റ്റിസ് എന്ത് താല്‍പര്യത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് ദുരൂഹമായിത്തുടരുകയാണ്. വിരമിക്കുന്ന ജഡ്ജിമാര്‍ സര്‍ക്കാരില്‍ നിന്ന് ഒരു പദവിയും സ്വീകരിക്കുന്നത് ഉചിതമല്ല. താന്‍ റിട്ടയര്‍ ചെയ്തതിന് ശേഷം സര്‍ക്കാരില്‍ നിന്ന് ഒരു പദവിയും സ്വീകരിക്കുകയില്ലെന്ന് ജസ്റ്റിസ് ജെ. ചെലമേശ്വര്‍ ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞത് അദ്ദേഹത്തെ മാത്രം ഉദ്ദേശിച്ചല്ല.
കെ.എം ജോസഫിന് നിയമനം നല്‍കിയാല്‍ പ്രാദേശിക പ്രാതിനിധ്യത്തില്‍ വ്യത്യാസം വരും, വേറെയും സീനിയോറിറ്റിയുള്ള ജഡ്ജിമാരുണ്ട്, ദലിത് പ്രാതിനിധ്യം ഇല്ല തുടങ്ങിയ ബാലിശമായ കാരണങ്ങളാണ് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് കെ.എം ജോസഫിന്റെ നിയമനത്തിനെതിരെ പ്രസംഗിച്ചുകൊണ്ടിരിക്കുന്നത്.
സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാന്‍ നിയമപരമായ അവകാശങ്ങളുള്ള സുപ്രിംകോടതി കൊളിജിയത്തെ സംബന്ധിച്ച് അഭിപ്രായം പറയാന്‍ നിയമമന്ത്രിക്ക് എന്ത് അവകാശമാണുള്ളത്.
എല്ലാ സംസ്ഥാനങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കണമെന്നത് സുപ്രിം കോടതിക്ക് ബാധകമല്ല. എങ്കില്‍ ഓരോ സംസ്ഥാനങ്ങളിലെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രിംകോടതി ജഡ്ജിമാരായി നിയമിക്കാമായിരുന്നുവല്ലോ. ഈ സര്‍ക്കാര്‍ നിലവില്‍ വന്നതിന് ശേഷം 16 പേരെ സുപ്രിംകോടതി ജഡ്ജിമാരായി നിയമിച്ചു.
അന്ന് എന്തേ സീനിയോറിറ്റി പരിഗണിച്ചില്ല. 2017ല്‍ 40 ജഡ്ജിമാരെ ബി.ജെ.പി സര്‍ക്കാര്‍ നിയമിച്ചത് സീനിയോറിറ്റി മറികടന്നായിരുന്നില്ലേ. കെ.എം ജോസഫിന്റെ കാര്യം വന്നപ്പോള്‍ മാത്രം എന്തേ ഈ ബോധോദയം. 31 ജഡ്ജിമാരുടെ ഒഴിവുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. എന്തേ ദലിത് ജഡ്ജിമാരെ നിയമിക്കുവാന്‍ ബി.ജെ.പി സര്‍ക്കാര്‍ തയ്യാറാകുന്നില്ല.
ബി.ജെ.പി സര്‍ക്കാരിന്റെ ഈ നീക്കം കേവലം കെ.എം ജോസഫിന്റെ നിയമനവുമായി ചുരുക്കി കാണേണ്ടതല്ല. ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തിന്റെ ഓരോ തൂണുകളും തകര്‍ത്തുകൊണ്ടിരിക്കുകയാണ് ബി.ജെ.പി സര്‍ക്കാര്‍. ആ നിലക്ക് വേണം ഇതിനെയും കാണാന്‍. ലോക്‌സഭയില്‍ അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കാന്‍ സമ്മതിക്കാതെ സ്പീക്കര്‍ സുമിത്ര മഹാജന്‍, രാജ്യസഭയില്‍ ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള എം.പിമാരുടെ അവകാശത്തെ പിച്ചിച്ചീന്തിയ രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യനായിഡു, തെരഞ്ഞെടുപ്പ് കമ്മീഷനെ ചൊല്‍പടിക്ക് നിര്‍ത്തുന്നത് ഇതെല്ലാം രാജ്യത്തെ ഭരണഘടനാസ്ഥാപനങ്ങളെ തകര്‍ക്കുന്നതിന്റെ നേര്‍ചിത്രങ്ങളാണ്. ഇപ്പോഴിതാ സുപ്രിംകോടതിയിലും ഫാസിസ്റ്റ് കരങ്ങള്‍ എത്തിയിരിക്കുന്നു.
ഫാസിസ്റ്റ് സ്റ്റേറ്റില്‍ സുപ്രിംകോടതി അനാവശ്യമാണ്. ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും തൂണുകള്‍ തകര്‍ക്കുക എന്നത് മാത്രമാണ് അതിന്റെ ലക്ഷ്യം. ഇതിഹാസപുരുഷന്മാര്‍ നിര്‍മിച്ചെടുത്ത മഹത്തായ ഇന്ത്യ അതിന്റെ തകര്‍ച്ചയുടെ ഇരുണ്ട നാളുകളിലൂടെയാണ് കടന്ന്‌പൊയ്‌ക്കൊണ്ടിരിക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.