2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ഇസ്‌ലാമിക ഭീകരതയോട് ഇടതുപക്ഷത്തിന് മൃദുസമീപനം; ഇടതിനെ പിന്തുണയ്ക്കാനുള്ള കെജ്‌രിവാളിന്റെ ആഹ്വാനത്തിനൊപ്പം ചര്‍ച്ചയായി എ.എ.പി നേതാവിന്റെ ജന്‍മഭൂമി ലേഖനം

കോഴിക്കോട്: കേരളത്തില്‍ ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ച് എ.എ.പി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ പുറപ്പെടുവിച്ച പ്രസ്താവനയ്ക്കു പിന്നാലെ, ‘ഇസ്ലാമിക ഭീകരതയോട് മൃദുസമീപനം പുലര്‍ത്തുകയാണ് ഇടതുപക്ഷം’ എന്നു ചൂണ്ടിക്കാട്ടി സംഘ്പരിവാര്‍ മുഖപത്രം ജന്‍മഭൂമിയില്‍ എ.എ.പി നേതാവ് എഴുതിയ ലേഖനം കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ. മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി കേരളത്തില്‍ എ.എ.പി പ്രവര്‍ത്തകര്‍ ഇടതുപക്ഷത്തിനു വോട്ട്‌ചെയ്യണമെന്ന് ഇന്നലെയാണ് കെജ്രിവാള്‍ അഭ്യര്‍ത്ഥിച്ചത്. ഇതിനു പിന്നാലെയാണ് കഴിഞ്ഞവര്‍ഷം ജൂലൈ 11ന് ജന്‍മഭൂമിയില്‍ ‘അവസാന മുന്നറിയിപ്പ്’ എന്ന തലക്കെട്ടില്‍ എ.എ.പി കേരളാ ഘടകം കണ്‍വീനര്‍ പി.ടി തുഫൈല്‍ എഴുതിയ ലേഖനം സോഷ്യല്‍മീഡിയ കുത്തിപ്പൊക്കിയത്. യു.ഡി.എഫ് അനുകൂല നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ കടുത്ത സംഘ്പരിവാര്‍ വിരുദ്ധനായ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഡനെ പുറത്താക്കുകയും ജന്‍മഭൂമിയില്‍ ഇടതുപക്ഷത്തിനെതിരെ ലേഖനമെഴുതിയ തുഫൈലിന് എ.എ.പിയില്‍ ആധിപത്യം ലഭിക്കുകയും ചെയ്യുന്ന വൈരുധ്യവും സോഷ്യല്‍മീഡിയ ചൂണ്ടിക്കാട്ടുന്നു.

 

പി.ടി തുഫൈല്‍

 

മഹാരാജാസില്‍ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ പോപുലര്‍ഫ്രണ്ട് വിദ്യാര്‍ത്ഥിസംഘടന കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ സാഹചര്യത്തിലായിരുന്നു തുഫൈലിന്റെ ലേഖനം. അഭിമന്യൂവിന്റെ കൊലപാതകം കേരളത്തിനുള്ള അവസാന മുന്നറിയിപ്പാണെന്നും ഇസ്ലാമിക തീവ്രവാദത്തിനെതിരെ ഇനിയെങ്കിലും ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നുവെന്നും പറഞ്ഞാണ് ലേഖനം തുടങ്ങുന്നത്.

‘ഇതിനു പിന്നില്‍ പലതരത്തിലുള്ള രാഷ്ട്രീയ- സാമ്പത്തിക കാരണങ്ങള്‍ കെട്ടുപിണഞ്ഞു കിടക്കുന്നുണ്ടെന്ന് അനുമാനിക്കേണ്ടി വരും. കേരളത്തില്‍ മുസ്ലീം ലീഗിന്റെ വോട്ടുബാങ്കുകള്‍ നേടിയെടുക്കുവാന്‍ ഇടതുപക്ഷത്തിന് അവശേഷിക്കുന്ന മുസ്ലീം സംഘടനകളുടെ പിന്തുണ തേടുകയേ മാര്‍ഗമുള്ളൂ. അതുകൊണ്ടു തന്നെ അവര്‍ ജമാഅത്തെ ഇസ്ലാമി, പിഡിപി തുടങ്ങിയ തീവ്ര ആശയക്കാരോട് മൃദു സമീപനം പുലര്‍ത്തുകയും കൂട്ടുകൂടുകയും ചെയ്യുന്നു’- ലേഖനത്തില്‍ പറയുന്നു.

 

 

ഇസ്ലാമിനകത്തു തന്നെ തീവ്ര ചിന്താഗതിക്കാര്‍, പൊതുവെ മോഡറേറ്റെന്ന് കരുതിയിരുന്ന മുസ്ലീം ലീഗിലേക്കും വ്യാപിക്കുന്നതും ശക്തി പ്രാപിക്കുന്നതും നാം കാണുന്നുണ്ട്. പൊതുവെ വര്‍ഗീയസംഘര്‍ഷങ്ങളില്ലാത്ത കേരളത്തിലേക്ക് മറ്റു സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങള്‍ വലിച്ചിഴച്ചു കൊണ്ടു വന്ന് ഇവിടുത്തെ രാഷ്ട്രീയവും സാമ്പത്തികവുമായി മുന്നിട്ടു നില്‍ക്കുന്ന മുസ്ലീങ്ങള്‍ക്കിടയില്‍ ഇരവാദവും വര്‍ഗീയചിന്തയും വളര്‍ത്താന്‍ കിട്ടുന്ന ഒരവസരവും മുസ്ലീം സംഘടനകള്‍ നഷ്ടമാക്കാറില്ല. ലീഗിനും യുഡിഎഫിനും വോട്ട് ചെയ്യാത്ത തീവ്ര നിലപാടുകാരായ മൗദൂദിസ്റ്റ് ധാരകളില്‍ നിന്നു വരുന്ന മുസ്ലീങ്ങളുടെ വോട്ട് പിടിക്കുക, ബിജെപിയെ കേരളത്തില്‍ വളരാന്‍ അനുവദിക്കാതിരിക്കുക എന്നീ രണ്ട് ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഇടതുപക്ഷവും അതേ പണി തന്നെ ചെയ്തു കൊണ്ടിരിക്കുന്നുവെന്നും തുഫൈല്‍ ലേഖനത്തില്‍ ആരോപിക്കുന്നുണ്ട്.

 

 

മുസ്ലീം വര്‍ഗീയതയെക്കുറിച്ച് സംസാരിക്കുമ്പോഴേക്ക് ഇസ്ലാമോഫോബിയ എന്ന് നിലവിളിക്കുന്ന ഇവിടുത്തെ ഇടത് മാധ്യമപ്രവര്‍ത്തകരും ബുദ്ധിജീവികളുമെല്ലാം അതിന്റെ ഭാഗമാണ്. അതുകൊണ്ടാണ് മറ്റു സംസഥാനങ്ങളിലെ ഹിന്ദു വര്‍ഗീയതയുടെ പേരു പറഞ്ഞ് ഇനി ക്ഷേത്രത്തില്‍ പോകില്ലെന്ന് പ്രഖ്യാപിച്ച മലയാളി ബുദ്ധിജീവികള്‍ക്ക് അഭിമന്യൂവിന്റെ കൊലപാതകത്തെ അപലപിക്കുമ്പോള്‍ കുറേ ന്യായീകരണങ്ങളും വിശദീകരണങ്ങളും വേണ്ടി വന്നത്. സോഷ്യല്‍മീഡിയ ഹര്‍ത്താലില്‍ അറസ്റ്റിലായവരെ മാത്രം ശ്രദ്ധിച്ചാലറിയാം ഇടതു പാര്‍ട്ടികളിലേക്കും ലീഗിലേക്കും തീവ്രനിലപാടുള്ള മുസ്ലീങ്ങള്‍ എത്രത്തോളം നുഴഞ്ഞു കയറിയിട്ടുണ്ടെന്ന്. ആശയപരമായും സംഘടനാപരമായും അവരെ ചെറുക്കുന്നതിനു പകരം ഇടതുപക്ഷവും ലീഗും അവരോട് മൃദു സമീപനം സ്വീകരിക്കുകയാണെന്നും ലേഖനത്തില്‍ തുഫൈല്‍ കുറ്റപ്പെടുത്തുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.