2018 November 14 Wednesday
യഥാര്‍ഥ സൗഹൃദത്തേക്കാള്‍ വില നല്‍കാവുന്ന ഒന്നും തന്നെ ഈ ലോകത്തിലില്ല.

ആള്‍ക്കൂട്ടക്കൊല: സംസ്ഥാനങ്ങള്‍ക്ക് അന്ത്യശാസനം

യു.എം മുഖ്താര്‍

ന്യൂഡല്‍ഹി: രാജ്യത്തു വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അവസാനിപ്പിക്കുന്നതിനായി പുറപ്പെടുവിച്ച ഉത്തരവ് ഒരാഴ്ചക്കുള്ളില്‍ നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സുപ്രിംകോടതിയുടെ അന്ത്യശാസനം. 

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയുന്നതിനായി ജൂലൈ 17നു സുപ്രിംകോടതി പുറപ്പെടുവിച്ച വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാനാണ് ചീഫ്ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നിര്‍ദേശം. ഏഴു കേന്ദ്ര ഭരണ പ്രദേശങ്ങളും 11 സംസ്ഥാനങ്ങളുമാണ് ഇതിനകം നടപടികള്‍ തുടങ്ങിയത്. ബാക്കിയുള്ള 18 സംസ്ഥാനങ്ങള്‍ക്കാണ് സുപ്രിംകോടതി അന്ത്യശാസനം നല്‍കിയത്. ഉത്തരവ് നടപ്പാക്കി അതിന്റെ റിപ്പോര്‍ട്ട് ഒരാഴ്ചക്കുള്ളില്‍ സമര്‍പ്പിച്ചില്ലെങ്കില്‍ ആഭ്യന്തരവകുപ്പ് സെക്രട്ടറി നേരിട്ടെത്തി വിശദീകരണം നല്‍കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.
പശുസംരക്ഷണത്തിന്റെ മറവില്‍ നടക്കുന്ന ആക്രമണങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് പ്രമുഖ മാധ്യമപ്രവര്‍ത്തകനും മഹാത്മാഗാന്ധിയുടെ കൊച്ചുമകനുമായ തുഷാര്‍ ഗാന്ധി, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ തഹ്‌സീന്‍ പൂനേവാല എന്നിവര്‍ നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ഹരജി പരിഗണിച്ച കോടതി, വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരേ പലതവണ കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.
ഇതിനൊടുവിലാണ് ജൂലൈയില്‍ വിശദ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്. കൂടാതെ ആക്രമണങ്ങള്‍ തടയുന്നതിനു കോടതി മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചു. ആക്രമണങ്ങള്‍ തടയാന്‍ എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഓരോ ജില്ലകളിലും നോഡല്‍ ഓഫിസറായി നിയമിക്കണം, കേസുകള്‍ പരിഗണിക്കാന്‍ അതിവേഗ കോടതി സ്ഥാപിക്കണം, ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണം തുടങ്ങിയ സുപ്രധാന നിര്‍ദേശങ്ങളായിരുന്നു കോടതി പുറപ്പെടുവിച്ചത്. ജൂലൈയിലെ ഉത്തരവിനു ശേഷവും വിവിധയിടങ്ങളില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടന്നതോടെയാണ് ഇപ്പോള്‍ സുപ്രിംകോടതി അന്ത്യശാസനം നല്‍കിയിരിക്കുന്നത്. ഇന്നലെ ഹരജി പരിഗണിക്കവെ, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയുന്നതിനായി നിയമനിര്‍മാണം നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും ഇതിനായി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ കോടതിയെ അറിയിച്ചു.
2001ലെ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരം ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ ചുമതലപ്പെടുത്തിയ സമിതിയുടെ പേരുകള്‍ വെളിപ്പെടുത്താന്‍ കോടതി നിര്‍ദേശം നല്‍കണമെന്ന് ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ ഇന്ദിരാ ജയ്‌സിങ് ആവശ്യപ്പെട്ടു. ജൂലൈയിലെ സുപ്രിംകോടതി ഉത്തരവിനു പിന്നാലെ രാജസ്ഥാനിലെ ആല്‍വാറില്‍ മധ്യവയസ്‌കനെ തല്ലിക്കൊന്നതു സംബന്ധിച്ച് സര്‍ക്കാരിനെതിരായ കോടതിയലക്ഷ്യക്കേസും ഇന്നലെ ചീഫ്ജസ്റ്റിസിന്റെ ബെഞ്ച് പരിഗണിച്ചു.
ആള്‍ക്കൂട്ട ആക്രമണത്തിനിരയായ മധ്യവയസ്‌കനെ ആശുപത്രിയിലെത്തിക്കുന്നതിനു മുമ്പ് കന്നുകാലികളെ ഗോശാലയിലെത്തിക്കാന്‍ തിടുക്കം കാണിച്ച മൂന്നുപൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ഇന്ദിരാ ജയ്‌സിങ് ചൂണ്ടിക്കാട്ടി. ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. സംഭവസ്ഥലത്തിന്റെ അധികാരമുള്ള പൊലിസ് സ്റ്റേഷന്‍ മേധാവിയെ സസ്‌പെന്‍ഡ് ചെയ്തതായും മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതായും മൂന്നുപ്രതികളെ അറസ്റ്റ്‌ചെയ്തതായും രാജസ്ഥാന്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു.
ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും അവസാനിപ്പിക്കണമെന്ന് ആഹ്വാനംചെയ്തും അതിന്റെ പ്രത്യാഘാതങ്ങള്‍ വിശദീകരിച്ചും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ എത്രയും വേഗം റേഡിയോയിലൂടെയും ടെലിവിഷനിലൂടെയും പ്രസ്താവനകള്‍ നടത്തണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.