2020 April 08 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

തുണി മില്ല് വ്യവസായം തകര്‍ന്നടിയുന്നു, ജോലി നഷ്ടമായത് മൂന്നുകോടിയാളുകള്‍ക്ക്; ഇത് ഇനിയും കൂടും

 

ന്യൂഡല്‍ഹി: നോട്ട് നിരോധനവും ധൃതിപിടിച്ച് ജി.എസ്.ടി നടപ്പാക്കിയതും മൂലം രാജ്യത്തെ സാമ്പത്തിക നിലയിലുണ്ടായ മാന്ദ്യം ഏറ്റവും അധികം ബാധിച്ചത് തുണിമില്ല് വ്യവസായത്തെ. തുണിമില്ല് മേഖലയില്‍ ജോലിചെയ്യുന്ന മൂന്നിലൊന്ന് ആളുകള്‍ക്ക് ജോലി നഷ്ടമായതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട്‌ചെയ്തു. 10 കോടി തൊഴിലാളികളാണ് ഈ രംഗത്ത് ജോലിചെയ്യുന്നത്. ഇതില്‍ മൂന്നുകോടിയിലധികം പേര്‍ക്കു തൊഴില്‍ നഷ്ടമായതാണ് കണക്ക്. തൊഴിലില്ലായ്മ ഇനിയും പെരുകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്ന രണ്ടാമത്തെ തൊഴില്‍മേഖലയാണ് ടെക്‌സ്റ്റൈല്‍സ് വിപണി.

കയറ്റുമതി രംഗത്ത് മാന്ദ്യവും വില്‍പ്പനയില്‍ ഇടിവുമുണ്ടായതോടെ ഉല്‍പ്പാദനം കുറച്ചാണ് തുണിമില്ല് വ്യവസായത്തെ ബാധിച്ചത്. ഇക്കാരണത്താല്‍ മൂന്നിലൊന്ന് സ്പിന്നിങ് മില്ലുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. കോട്ടണ്‍, ചണം, ഫൈബര്‍, കമ്പിളി വിപണികള്‍ സമീപകാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയിലുമാണ്. തമിഴ്‌നാടിനെയാണ് ഈ മേഖലയില്‍ ഏറ്റവുമധികം നഷ്ടം സംഭവിച്ചത്. സംസ്ഥാനത്തെ 300 സ്പിന്നിങ് മില്ലുകള്‍ അടച്ചുപൂട്ടി. 605 എണ്ണം പൂട്ടലിന്റെ വക്കിലാണ്. ഇതുവഴി മാത്രം ഒന്നേകാല്‍ ലക്ഷത്തോളം തൊഴില്‍ നഷ്ടമാണുണ്ടായതെന്ന് തമിഴ്‌നാട് സ്പിന്നിങ് മില്‍സ് അസോസിയേഷന്‍ പ്രസിഡന്റ് പറഞ്ഞു.

രാജ്യത്തെ തുണി വ്യവസായം വന്‍ പ്രതിസന്ധിയിലാണെന്നും അതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച തുണി മില്ല് ഉടമകള്‍ പത്ര പരസ്യം നല്‍കിയിരുന്നു. തുണി വ്യവസായം വലിയ വെല്ലുവിളി നേരിടുകയാണെന്നും മില്ലുകള്‍ അടച്ചു പൂട്ടേണ്ട അവസ്ഥയാണെന്നും ഉടമകള്‍ പരസ്യത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇന്ത്യയിലെ വ്യവസായ മേഖലയില്‍ ഓട്ടോമൊബൈല്‍ വ്യവസായത്തില്‍ നിന്ന് ആരംഭിച്ച പ്രതിസന്ധിയാണ് ഇപ്പോള്‍ അടിവസത്രം, ബിസ്‌ക്കറ്റ് എന്നിവയ്ക്ക് ശേഷം തുണി വ്യവസായത്തെയും ബാധിച്ചിരിക്കുന്നത്. പായ്ക്കറ്റുകളില്‍ ബിസ്‌കറ്റിന്റെ എണ്ണം കുറച്ചും പിടിച്ചുനില്‍ക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കാതിരുന്നതോടെ ഉല്‍പ്പാദനം കുറയ്ക്കാനും ജീവനക്കാരെ വെട്ടിക്കുറയ്ക്കാനും ഈ രംഗത്തെ ഭീമന്‍മാരായ പാര്‍ലെ തീരുമാനിച്ചിരുന്നു. വാഹനവിപണിയിലെ പ്രതിസന്ധി കാരണം സ്റ്റീല്‍ രംഗവും തകര്‍ച്ചയിലാണ്. ബ്രിട്ടാനിയയും സമാന അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്.

ചരിത്രത്തില്‍ ഇന്നോളമുണ്ടായിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തികമേഖലയാകെ മുരടിപ്പിലാണെന്നും, പണലഭ്യതയുമായി ബന്ധപ്പെട്ട് കഴിഞ്ഞ 70 വര്‍ഷത്തിനുള്ളില്‍ ഇത്തരമൊരു സാഹചര്യമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

A third of India’s textile workers  30 million lost their jobs and more could go


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.