2019 August 20 Tuesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

പ്രകീര്‍ത്തിക്കണം ഈ മഹാമാതൃകയെ

എ. സജീവന്‍

 

ലോകത്തിന് മാതൃകയായ സംഭവങ്ങളും പ്രവൃത്തികളും കണ്ടില്ലെന്നു നടിച്ചാല്‍ ചരിത്രം നമുക്കു മാപ്പു തരില്ല. അതിനാല്‍ത്തന്നെ യു.എ.ഇ ഭരണകൂടം കാണിച്ച ലോകോത്തരമായ മാനവികതാ മാതൃകയെ മനസ്സു തുറന്ന് നമ്മളെല്ലാം അഭിനന്ദിച്ചേ മതിയാകൂ. പ്രത്യേകിച്ച്, സാമുദായിക സ്പര്‍ധ സൃഷ്ടിച്ചു മനുഷ്യരെ തമ്മില്‍ത്തല്ലിക്കാനുള്ള ബോധപൂര്‍വമായ ശ്രമം നമ്മുടെ രാജ്യത്ത്, നമ്മുടെ സംസ്ഥാനത്തുപോലും ഒരു കൂട്ടര്‍ കൈവിട്ട നിലയില്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്. വംശവെറിയും സാമുദായികവിരോധവും പെരുകിവരുന്ന ആഗോളപശ്ചാത്തലത്തിലാണ് ഈയിടെ അബൂദബിയില്‍ ശ്രദ്ധേയമായൊരു മഹാസമ്മേളനം നടന്നത്. അതൊരു ഇസ്‌ലാമിക സമ്മേളനമായിരുന്നില്ല, മാനവസാഹോദര്യ സമ്മേളനമായിരുന്നു. മുസ്‌ലിംനാടുകളില്‍ നിന്നുള്ളവരായിരുന്നില്ല അതിലെ പ്രതിനിധികള്‍.

വിവിധ രാജ്യങ്ങളിലെ വിവിധ മതങ്ങളില്‍പ്പെടുന്ന ആത്മീയാചാര്യന്മാരും ഉന്നതരായ സാമുദായിക നേതാക്കളുമായിരുന്നു. എഴുനൂറോളം പേരുണ്ടായിരുന്നു അവര്‍. മൂന്നു ദിവസം നീണ്ടുനിന്ന സമ്മേളനത്തില്‍ അവര്‍ ചിന്തിച്ചതും സംസാരിച്ചതും ചര്‍ച്ച ചെയ്തതുമെല്ലാം സാമുദായിക സ്പര്‍ധയും അതിന്റെ പേരിലുള്ള അക്രമസംഭവങ്ങളും പെരുകിക്കൊണ്ടിരിക്കുന്ന ഈ ഭൂലോകത്ത് എങ്ങനെ സാഹോദര്യവും സമാധാനവും സ്ഥാപിച്ചെടുക്കാനാകും എന്നായിരുന്നു. ആഗോള കത്തോലിക്കാസഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മുതല്‍ എത്തിയിരുന്നുവെന്നത് ആ മഹാസമ്മേളനത്തിന്റെ മഹത്വം തീര്‍ച്ചയായും വര്‍ധിപ്പിക്കുന്നുണ്ട്. എന്നാല്‍, അതിലല്ല നാം സമ്മേളനത്തിന്റെ ഗരിമ കാണേണ്ടത്. ഇത്തരം സമ്മേളനത്തില്‍ പങ്കെടുക്കുകയെന്നതും അവിടെ മഹത്തായ പ്രഭാഷണം നടത്തുകയെന്നതും അത്ഭുതകരമായ സംഭവമൊന്നുമല്ല.

അത്തരമൊരു സമ്മേളനം സംഘടിപ്പിക്കുകയെന്നതും അത്ഭുതമൊന്നുമല്ല. എന്നാല്‍, അങ്ങനെയൊരു കൂട്ടായ്മ വിളിച്ചുചേര്‍ക്കുന്ന ആതിഥേയരുടെ പെരുമാറ്റത്തിലും പ്രവൃത്തിയിലും ആത്മാര്‍ഥത നിറഞ്ഞു നില്‍ക്കുന്നുണ്ടെങ്കില്‍, വാക്കുപോലെ തന്നെ മാതൃകാപരമാണ് അവരുടെ പ്രവൃത്തിയെങ്കില്‍ അതൊരു മഹത്തായ കാര്യം തന്നെയാണ്. അക്കാരണത്താല്‍ തന്നെയാണ് യു.എ.ഇ ഭരണകൂടം അബൂദബി കിരീടാവകാശിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മാനവസാഹോദര്യ സമ്മേളനം ലോകത്തിനു മാതൃകയാകുന്നത്. ക്രിസ്തീയചരിത്രത്തില്‍ ഒരു മാര്‍പാപ്പ ആദ്യമായാണ് അറേബ്യന്‍ മണ്ണില്‍ കാലുകുത്തുന്നത്. പോപ്പിനെപ്പോലൊരു ആത്മീയാചാര്യന്റെ സാന്നിധ്യം അറേബ്യന്‍ മണ്ണില്‍ വേണമെന്നു ക്രിസ്തീയസമൂഹം പോലും കരുതാതിരുന്നതായിരിക്കാം അതിനു കാരണം.

എന്നാല്‍, മാനവസാഹോദര്യം നേടിയെടുക്കണമെങ്കില്‍ എല്ലാ മതവിഭാഗത്തിന്റെയും ഒരുമയും സൗഹൃദവും ആവശ്യമാണെന്ന് തിരിച്ചറിഞ്ഞാണ് അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനെപ്പോലൊരു നന്മനിറഞ്ഞ ഭരണാധികാരി പോപ്പിനെ ഈ സമ്മേളനത്തിന്റെ വിശിഷ്ടാതിഥിയാക്കി മാറ്റിയത്. രണ്ടു പേരായിരുന്നു ഈ സാഹോദര്യ സമ്മേളനത്തിലെ വിശിഷ്ടാതിഥികളെന്നത് ശ്രദ്ധേയമാണ്. ഒന്ന് ആഗോള കത്തോലിക്കാ സഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പാപ്പ. രണ്ടാമത്തേത്, ലോകോത്തര ഇസ്‌ലാമിക പണ്ഡിതവര്യനായ ഈജിപ്തിലെ അല്‍ അസ്ഹര്‍ പള്ളിയിലെ മുഖ്യ ഇമാമുമായ അഹ്മദ് അല്‍ ത്വയ്യിബ്. ലോകത്തിലെ ഏറ്റവും പ്രബലമായ രണ്ടു മതവിഭാഗങ്ങളുടെ ആത്മീയസാന്നിധ്യം. അവരെ തുല്യ പരിഗണനയോടെയാണ് യു.എ.ഇ എതിരേറ്റത്. ഔദ്യോഗികമായ എല്ലാ കീഴ്‌വഴക്കങ്ങളും മാറ്റിവച്ചുകൊണ്ടായിരുന്നു സാഹോദര്യത്തിന്റെ മഹാസമ്മേളനത്തിനെത്തുന്ന മഹനീയവ്യക്തിത്വങ്ങളെ യു.എ.ഇ വരവേറ്റത്.

അബൂദബി കിരീടാവകാശി നേരിട്ടു വിമാനത്താവളത്തിലെത്തി മാര്‍പാപ്പയെ സ്വീകരിക്കുകയായിരുന്നു. സന്ദര്‍ശനം കഴിഞ്ഞു തിരിച്ചുപോകുമ്പോഴും യാത്രയയക്കാന്‍ വിമാനത്താവളത്തില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ എത്തിയിരുന്നു. യു.എ.ഇ വൈസ്പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെയും സാന്നിധ്യം ഈ മഹനീയവേളകളില്‍ ശ്രദ്ധേയമായിരുന്നു. യു.എ.ഇയുടെ ചരിത്രത്തിലാദ്യമായി 1.80 ലക്ഷം പേര്‍ പങ്കെടുത്ത ക്രിസ്തീയ കുര്‍ബാന നടന്നു. മാര്‍പാപ്പ അതിനു നേതൃത്വം കൊടുത്തു. ഒരു മുസ്‌ലിം രാജ്യത്ത് ഇത്രയും വിപുലമായ രീതിയില്‍ ഒരു ക്രിസ്തീയ മതാചാരണച്ചടങ്ങു നടന്നുവെന്നതു തീര്‍ച്ചയായും, പാശ്ചാത്യലോകത്തിന് അത്ഭുതമായിരിക്കണം.

തങ്ങള്‍ക്കിഷ്ടമില്ലാത്ത മതത്തില്‍ വിശ്വസിക്കുന്നവരുടെ പ്രാര്‍ത്ഥനാ പരിപാടികളും മറ്റും തടസ്സപ്പെടുത്തുകയും പ്രാര്‍ത്ഥനാ നിരതരായിരിക്കുന്നവരെ ശല്യപ്പെടുത്തുകയും അവര്‍ക്കു നേരേ അക്രമത്തിനു മുതിരുകയും ചെയ്ത കഥകള്‍ പല നാടുകളില്‍ നിന്നും നാം കേട്ടുകൊണ്ടിരിക്കുന്നതാണല്ലോ. നമ്മുടെ നാട്ടില്‍പ്പോലും അത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടല്ലോ. ഈ ലോകത്ത് വിവിധ കാലങ്ങളിലായി പിറവിയെടുത്ത സമസ്ത പ്രവാചകന്മാരെയും അംഗീകരിക്കുന്ന മതമാണ് ഇസ്‌ലാം. എല്ലാ പ്രവാചകന്മാരും മനുഷ്യനന്മയ്ക്കായുള്ള ഉദ്‌ബോധനമാണു നടത്തിയിട്ടുള്ളതെന്നും ഇസ്‌ലാം അംഗീകരിക്കുന്നുണ്ട്. അതെല്ലാം ഉള്‍ക്കൊണ്ടു തന്നെയാണു പരിശുദ്ധ ഖുര്‍ആനെയും അന്ത്യപ്രവാചകനെയും അവര്‍ പിന്‍പറ്റുന്നത്.

അത്തരം വിശ്വാസം മനസ്സില്‍ അടിയുറച്ചവര്‍ക്കു മനസ്സില്‍ കളങ്കമോ മനുഷ്യര്‍ക്കിടയിലെ വിവേചന ചിന്തയോ ഉണ്ടാകില്ല. ഇസ്‌ലാം ലോകസാഹോദര്യത്തിന്റെ മതമാണെന്ന ആ ചരിത്രസത്യം ലോകത്തിനു മുന്നില്‍ പ്രവൃത്തിയിലൂടെ തെളിയിക്കുകയായിരുന്നു ഈ സമ്മേളനത്തിലൂടെ യു.എ.ഇ ഭരണാധികാരികള്‍. വെറുതെ ഒരു സമ്മേളനം നടത്തി അവസാനിപ്പിക്കാനല്ല അവര്‍ തുനിഞ്ഞത്. മാനവസാഹോദര്യ സമ്മേളനം കഴിഞ്ഞ് അബൂദബി എമിറേറ്റ്‌സ് പാലസില്‍ നിന്നു പ്രതിനിധികള്‍ വിവിധ രാജ്യങ്ങളിലേയ്ക്കായി പിരിഞ്ഞുപോകും മുമ്പുതന്നെ ലോക മതസൗഹാര്‍ദത്തിന്റെ പുതുയുഗത്തിനു തുടക്കമിട്ട് അബൂദബിയിലെ സാദിയാത്ത് ദ്വീപില്‍ ഒരു സാഹോദര്യഭവനത്തിനു അടിത്തറ പാകി. ഇബ്രാഹീമിന്റെ ഭവനമെന്നാണതിനു പേര്. എബ്രഹാമിന്റെ ഭവനമെന്നും വിളിക്കാം.

എന്തു പേരു വിളിച്ചാലും അതു പരസ്പരവിശ്വാസത്തിന്റെയും സാഹോദര്യത്തിന്റെയും കേന്ദ്രസ്ഥാനമായിരിക്കുമെന്നാണ് യു.എ.ഇ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. അവിടെ പ്രവേശനത്തിനു ജാതി, മത ഭേദമില്ല. കാരണം, അതു സ്‌നേഹഭവനമാണ്. അതു സാഹോദര്യഭവനമാണ്. യു.എ.ഇ ഭരണകൂടത്തിന്റെ ചെയ്തികളുടെ മഹത്വം വ്യക്തമാകുന്നത് അവിടെ അതിഥിയായെത്തിയ മാര്‍പാപ്പ സന്ദര്‍ശക ഡയറിയിലെഴുതിയ വരികളിലൂടെയാണ്, ആ വരികള്‍ ഇങ്ങനെയായിരുന്നു: ‘യു.എ.ഇക്ക് ദൈവം സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും എല്ലാ അനുഗ്രഹങ്ങളും നല്‍കട്ടെ.’നമുക്കു പറയാവുന്നത് അതു തന്നെയല്ലേ. നമുക്ക് ആഗ്രഹിക്കാവുന്നതും ലോകത്തിലെ ഏറ്റവും വലിയ മതേതരരാജ്യമാണെന്നു നാം അഭിമാനിക്കുന്ന ഇന്ത്യക്കും യു.എ.ഇയുടെ മഹനീയ മാതൃക പിന്‍പറ്റാന്‍ കഴിയണമെന്നല്ലേ. ഇത്തരം സല്‍പ്രവൃത്തികള്‍ കണ്ട് നമ്മുടെ ഭരണാധികാരികളുടെയും കണ്ണു തുറക്കണമെന്നല്ലേ നമുക്കു പ്രാര്‍ഥിക്കാനാവുക.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.