2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

അടിയും ഇടിയുമില്ല, ഈ പൊലീസ് സ്റ്റേഷനില്‍ കളിയും ചിരിയും മാത്രം

തിരുവനന്തപുരം: മനസില്‍ കാലങ്ങളായി പതിഞ്ഞ പൊലിസ് സ്റ്റേഷനെക്കുറിച്ചുള്ള ചിന്തകളുമായി ഫോര്‍ട്ട് പൊലിസ് സ്റ്റേഷനിലേക്ക് ചെന്നാല്‍ തെറ്റി. കേരളത്തിലെ ഏത് പൊലിസ് സ്റ്റേഷനും മാതൃകയാക്കാവുന്ന ഒരു കാര്യമാണ് ഇവിടെ യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. സ്റ്റേഷന്‍ കെട്ടിടത്തോടു ചേര്‍ന്ന് കുട്ടികള്‍ക്കായി ഒരു ഉദ്യാനം തന്നെയാണ് കാക്കിക്കുള്ളിലെ അച്ഛനമ്മമാര്‍ ഇവിടെ സാക്ഷാത്കരിച്ചിരിക്കുന്നത്. സ്റ്റേഷനോടു ചേര്‍ന്ന ചുമരിലും മതിലിലും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും നിറമുള്ള ചിത്രങ്ങളും കാഴ്ചക്കാരെ അമ്പരപ്പിക്കും. വന്നുകയറിയത് പൊലിസ് സ്റ്റേഷനിലാണോയെന്ന സംശയവും ഉള്ളില്‍ നിറയും.

പരാതികളും പരിഭവങ്ങളുമായി എത്തുന്നവരുടെ മനസ് കുളിര്‍പ്പിക്കുന്നതാണ് ഇവിടുത്തെ ഉദ്യാനവും സജ്ജീകരണങ്ങളുമെല്ലാം. വൈകുന്നേരങ്ങളിലാണ് സ്റ്റേഷന്‍ പരിസരത്തേക്ക് വരേണ്ടത്. ഒച്ചവച്ചു കളിച്ചുതിമിര്‍ക്കുന്ന കുട്ടികളെ എത്ര നോക്കിനിന്നാലും ആര്‍ക്കും മതിവരില്ല. മുറ്റത്തും പരിസരത്തും നിറയെ ചെടികളും മരങ്ങളും ഇന്റര്‍ലോക്ക് ചെയ്ത നടപ്പാതയും ആരുടെയും മനം കുളിര്‍ക്കും. ജില്ലയിലെ ഏക ശിശുസൗഹൃദ പൊലിസ് സ്റ്റേഷനാണ് ഫോര്‍ട്ട് പൊലിസ് സ്റ്റേഷന്‍. 2017 നവംബറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശിശുസൗഹൃദ പൊലിസ് സ്റ്റേഷനായി പ്രഖ്യാപിച്ച അന്നു മുതല്‍ കേസും അറസ്റ്റും മാത്രമല്ല, കളിയും ചിരിയും കൂടി മുടങ്ങിയിട്ടില്ല ഈ സ്റ്റേഷനില്‍.

അടുത്തിടെയായി ധാരാളം കുട്ടികള്‍ ഇവിടെയെത്തുന്നുണ്ടെന്ന് പൊലിസുകാര്‍, പ്രത്യേകിച്ച് വനിതാ പൊലിസുകാര്‍ പറയുന്നു. കുട്ടികളുടെ അവകാശങ്ങളും സംരക്ഷണങ്ങളും ഉറപ്പുവരുത്തുക, പൊലിസ് സ്റ്റേഷനുകള്‍ ശിശുസൗഹൃദമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ചില്‍ഡ്രന്‍സ് ആന്‍ഡ് പൊലിസ് അഥവാ ക്യാപ് എന്ന പദ്ധതിയുടെ ഭാഗമായാണു ശിശുസൗഹൃദ സ്റ്റേഷനുകള്‍ ആരംഭിച്ചത്. പൊലിസും കുട്ടികളും തമ്മിലുള്ള അകലംകുറയ്ക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ഉദ്ദേശ്യമെന്ന് എസ്.ഐ മഹേഷ് പറഞ്ഞു.

ശാരീരിക വെല്ലുവിളി നേരിടുകയും പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമാകുകയും ചെയ്യുന്ന കുട്ടികളെയും നിയമപരമായ പ്രശ്‌നങ്ങളില്‍ അകപ്പെടുകയോ മറ്റു രീതിയില്‍ നിയമങ്ങളുമായി ബന്ധപ്പെട്ടു നില്‍ക്കുകയോ ചെയ്യുന്ന കുട്ടികളെയും സ്റ്റേഷന്‍ അടിസ്ഥാനത്തില്‍ കണ്ടെത്തുക എന്ന ലക്ഷ്യവും ശിശുസൗഹൃദ പൊലിസ് സ്റ്റേഷന്‍ എന്ന ആശയത്തിനു പിന്നിലുണ്ട്. മാസത്തില്‍ 45 സ്‌കൂളിലെ കുട്ടികള്‍ പാര്‍ക്കില്‍ സമയം ചെലവിടാനായി എത്തുന്നുണ്ട്. ഇങ്ങനെയൊരു സൗകര്യത്തെക്കുറിച്ച് ആളുകള്‍ അറിഞ്ഞുവരുന്നതേയുള്ളൂ. കൂടുതല്‍ പേര്‍ ഇവിടെയെത്തണമെന്നാണ് ഞങ്ങളുടെ ആഗ്രഹമെന്നും എസ്.ഐ മഹേഷ്. കളിക്കോപ്പുകള്‍ക്കു പുറമെ മുന്‍കൂട്ടി ആവശ്യപ്പെട്ടാല്‍ അവര്‍ക്കുവേണ്ടി ശിശുസംരക്ഷണ സമിതിയുമായി യോജിച്ച് ആവശ്യമായ കൗണ്‍സിലിങ് സംഘടിപ്പിക്കുന്നതിനുള്ള സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.

എന്നാല്‍ ഈ സൗകര്യം സ്‌കൂളുകളും രക്ഷിതാക്കളും വേണ്ടത്ര ഉപയോഗപ്പെടുത്തുന്നില്ലെന്നതില്‍ ഇവര്‍ക്കു സങ്കടമുണ്ട്. കുട്ടികളെ പേടിപ്പിച്ച പ്രതിച്ഛായയില്‍നിന്നു മോചനം കിട്ടിയ സന്തോഷത്തിലാണ് ഫോര്‍ട്ട് സ്റ്റേഷനിലെ കാക്കിക്കുപ്പായക്കാര്‍.

ശിശുസൗഹൃദ പാര്‍ക്കിന്റെ ചുമതല കൂടി വഹിക്കുന്ന പാര്‍ക്കില്‍ മാത്രം ഒതുങ്ങുന്നതല്ല സ്റ്റേഷന് പരിധിയിലെ കുട്ടികള്‍ക്കായുള്ള പദ്ധതികള്‍. പഠനം പാതിയില്‍ ഉപേക്ഷിച്ച വിദ്യാര്‍ഥികള്‍ക്കും, കൃത്യമായി സ്‌കൂളില്‍ എത്താത്ത കുട്ടികള്‍ക്കുമായി ഇവരുടെ നേതൃത്വത്തില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു പ്രത്യേക ക്ലാസുകളും നടത്തുന്നുണ്ട്. ഗൗരവതരമല്ലാത്ത കുറ്റകൃത്യങ്ങളില്‍ അകപ്പെടുന്നവര്‍ കൗണ്‍സലിങ് നല്‍കാനും പൊലിസ് ശ്രദ്ധിക്കുന്നു. കോളനികളില്‍ ലഹരി വിരുദ്ധ ക്ലാസുകള്‍ സംഘടിപ്പിക്കുന്നതിലും ബോധവത്കരണം നടത്താനും ഈ പദ്ധതിയിലൂടെ സാധിക്കുന്നുണ്ട്. ഓരോ മാസവും ഓരോ വിഷയങ്ങള്‍ തിരഞ്ഞെടുത്താണു പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതെന്ന് എസ്.ഐ വിശദീകരിച്ചു.

കുട്ടികള്‍ വഴക്കിടുമ്പോഴും അനുസരണക്കേട് കാട്ടുമ്പോഴുമെല്ലാം മുതിര്‍ന്നവര്‍ പൊലിസ് വരുമെന്നു പറഞ്ഞായിരുന്നു ഭയപ്പെടുത്താറ്. കൊമ്പന്‍മീശയും ചുവന്ന കണ്ണുമെല്ലാമുള്ള പൊലിസുകാരെക്കുറിച്ച് കുട്ടികളോടു പറയാത്ത മുത്തശ്ശിമാരും കുറവാവും. എന്നാല്‍ ഈ ഉദ്യാനത്തില്‍ വന്ന് കളിച്ചുല്ലസിക്കുന്ന കുഞ്ഞുങ്ങളോട് ഇതു പറഞ്ഞാല്‍ ചിരിക്കും. ഫോര്‍ട്ട് സ്റ്റേഷന്‍ കൂടാതെ കേരളത്തില്‍ ആറ് പൊലിസ് സ്റ്റേഷനുകളെ ശിശുസൗഹൃദ സ്റ്റേഷനുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം ഈസ്റ്റ്, എറണാകുളം കടവന്ത്ര, തൃശൂര്‍ ഈസ്റ്റ്, കോഴിക്കോട് ടൗണ്‍, കണ്ണൂര്‍ ടൗണ്‍ എന്നിവയാണിത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.