2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ആ ‘പക്ഷേ’കളും ഇവിടെ പ്രസക്തമാണ്

വി. അബ്ദുല്‍ മജീദ് 8589984470

പ്രളയ ദുരിതാശ്വാസത്തിനായി മലയാളികളെല്ലാം അവരുടെ ഒരു മാസത്തെ വരുമാനം സംഭാവന ചെയ്യണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തിനു മികച്ച പ്രതികരണമാണു നാട്ടുകാരില്‍ നിന്നു ലഭിച്ചത്. തുടക്കത്തില്‍ത്തന്നെ ഗവര്‍ണറും ഡി.ജി.പിയുമൊക്കെ അതിനുള്ള സന്നദ്ധത പ്രഖ്യാപിച്ചതിനെ തുടര്‍ന്നു നിരവധിയാളുകള്‍ തുക വാഗ്ദാനം ചെയ്യുകയും നല്‍കുകയും ചെയ്തു തുടങ്ങി. പ്രളയ ദുരിതബാധിതരോട് മലയാളി പൊതുസമൂഹം തുടക്കം മുതല്‍ പ്രകടിപ്പിച്ചു വരുന്ന നിസ്വാര്‍ഥമായ ഐക്യദാര്‍ഢ്യം തുടര്‍ന്നുകൊണ്ടിരിക്കുന്നുവെന്നതിന്റെ തെളിവാണിതെല്ലാം.

എന്നാല്‍, തുക വാഗ്ദാനം ചെയ്തവരില്‍ ചിലര്‍ തന്നെ നിലവിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി അതു വിനിയോഗിക്കുന്ന കാര്യത്തിലുള്ള സംശയങ്ങള്‍ സംബന്ധിച്ചും സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന ധൂര്‍ത്തുകളെക്കുറിച്ചും ചില സംശയങ്ങള്‍ ഉന്നയിച്ചത് പുതിയ വിവാദത്തിനു തിരികൊളുത്തിയിട്ടുണ്ട്. ‘പണം തരാം, പക്ഷേ’ എന്ന തുടക്കത്തോടെ അവര്‍ സാമൂഹ്യമാധ്യമങ്ങളിലിട്ട പോസ്റ്റുകള്‍ സംസ്ഥാനഭരണത്തെ നയിക്കുന്ന സി.പി.എമ്മിന്റെ പ്രവര്‍ത്തകരെ വല്ലാതെ പ്രകോപിപ്പിക്കുകയും ചെയ്തു.
സംസ്ഥാനഭരണത്തെയും അതിന്റെ തലപ്പത്തുള്ള നേതാക്കളെയും ന്യായീകരിക്കാന്‍ ചാടിയിറങ്ങിയ അവര്‍ കടുത്ത അസഹിഷ്ണുതയോടെയാണു ചോദ്യമുന്നയിച്ചവരെ നേരിടുന്നത്. ഈ സന്ദര്‍ഭത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ, പ്രത്യേകിച്ചു മുഖ്യമന്ത്രിക്കെതിരേ ആരും മിണ്ടിപ്പോകരുതെന്ന് അവര്‍ പ്രഖ്യാപിക്കുന്നു. സഹായവാഗ്ദാനത്തോടൊപ്പം ‘പക്ഷേ’ പറഞ്ഞവരെ സംഘ്പരിവാറുകാരും യു.ഡി.എഫുകാരുമൊക്കയായി ചിത്രീകരിച്ചുകൊണ്ടുള്ള അധിക്ഷേപവാചകങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറയുന്നു.
അത്തരം വാചകങ്ങളില്‍ പലതിലും പാര്‍ട്ടി ആഭിമുഖ്യത്തിനപ്പുറം നേതാക്കളോടുള്ള ഭക്തി തന്നെ നിറഞ്ഞുനില്‍ക്കുന്നു. ഇതുപോലുള്ള കാര്യങ്ങളില്‍ ‘പക്ഷേ’ പറയുന്നത് ഉപാധിവയ്ക്കലാണെന്നും അതു മനുഷത്വ വിരുദ്ധതയാണെന്നുമൊക്കെ പ്രഖ്യാപിച്ചുകൊണ്ട് അവര്‍ പ്രതിഷേധ ശബ്ദങ്ങളെ നേരിടുന്നു.
ജനാധിപത്യത്തില്‍ ‘പക്ഷേ’കള്‍ക്കു വലിയ പ്രാധാന്യമുണ്ടെന്ന യാഥാര്‍ഥ്യം അവഗണിച്ചുകൊണ്ടാണ് അവര്‍ ഭരണനേതൃത്വത്തിനു പ്രതിരോധനിര തീര്‍ക്കുന്നത്. പക്ഷേകളുടെ ബലത്തിലും കൂടിയാണു ജനാധിപത്യം പുലരുന്നത്. മാറിമാറി കേരളം ഭരിച്ച സര്‍ക്കാരുകളെല്ലാം പക്ഷേയുടെ കൂടി ഉല്‍പ്പന്നങ്ങളാണ്. ഓരോ നിയമസഭാ തെരഞ്ഞെടുപ്പിലും അതുവരെ പ്രതിപക്ഷമായിരുന്നവര്‍ക്ക് സ്ഥിരമായ കക്ഷിരാഷ്ട്രീയ വിധേയത്വമില്ലാത്ത വലിയൊരു വിഭാഗമാളുകള്‍ വോട്ടുചെയ്യുന്നുണ്ട്. അവരുടെ വോട്ടുകൊണ്ടാണു പ്രതിപക്ഷം ഭരണപക്ഷമാകുന്നത്.
തങ്ങള്‍ വോട്ടു ചെയ്തു വിജയിപ്പിക്കുന്നവരുടെ രാഷ്ട്രീയം ഭരണത്തിലിരിക്കുന്ന മറുചേരിയെപ്പോലെ ജനവിരുദ്ധം തന്നെയാണെന്നും ‘പക്ഷേ’ അഞ്ചുവര്‍ഷം ഭരണത്തിലിരുന്നവര്‍ കാട്ടിക്കൂട്ടിയ അരുതായ്മകളോടു പ്രതികരിക്കാന്‍ വേറെ മാര്‍ഗമില്ലാതെയാണു പ്രതിപക്ഷത്തിനു വോട്ടുചെയ്യുന്നതെന്നും അവര്‍ക്ക് അറിയാം. ഇങ്ങനെയുള്ള വോട്ടുകളെയാണു നമ്മള്‍ നെഗറ്റീവ് വോട്ടുകളെന്നു വിളിച്ചുപോരുന്നത്.
ഇങ്ങനെയുള്ള ‘പക്ഷേ’ വോട്ടുകള്‍ ഒട്ടുമില്ലാതെ സ്ഥിരം പാര്‍ട്ടി വോട്ടു കൊണ്ടു മാത്രം ആര്‍ക്കുമിവിടെ ജയിക്കാനാവില്ല. അതുകൊണ്ടു ജനാധിപത്യത്തില്‍ ‘പക്ഷേ’യുടെ പ്രസക്തി ഏറെയാണ്.
നാടു ദുരിതത്തിലകപ്പെടുമ്പോള്‍ സാധ്യമായ സഹായങ്ങളെല്ലാം ചെയ്യേണ്ടതു പൗരധര്‍മമാണ്. അതു മനുഷത്വത്തിന്റെ ലക്ഷണവുമാണ്. അതു നല്‍കാന്‍ മാത്രമായി ഉപാധി വയ്ക്കുന്നതോ മറ്റേതെങ്കിലും തരത്തില്‍ വിലപേശുന്നതോ ശരിയല്ല. എന്നാല്‍, ഭരണകൂട സംവിധാനങ്ങളുടെ നെറികേടുകള്‍ക്കെതിരേ ആരും ശബ്ദിച്ചുപോകരുതെന്നും തങ്ങളുടെ നേതാക്കള്‍ ചോദ്യംചെയ്യപ്പെടാന്‍ പാടില്ലാത്തവരാണെന്നും ശഠിക്കുന്നതു തികഞ്ഞ ഫാസിസമാണ്.
നാട്ടുകാര്‍ നല്‍കുന്ന സഹായങ്ങള്‍ മോഷ്ടിച്ചു വീടുകളിലേയ്ക്കു കടത്തുന്നതടക്കമുള്ള നീചകൃത്യങ്ങള്‍ക്കു മടിക്കാത്ത ഉദ്യോഗസ്ഥരുള്ള, സ്ഥിരമായി അഴിമതിക്കഥകളുടെ ഉറവിടങ്ങളായ സര്‍ക്കാര്‍ സംവിധാനങ്ങളുള്ള, ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ മറവില്‍ കടകള്‍ കൊള്ളയടിക്കുന്ന പ്രാദേശിക രാഷ്ട്രീയനേതാക്കള്‍ പോലുമുള്ള നാട്ടില്‍ അതുമായൊക്കെ ബന്ധപ്പെട്ടു ചോദ്യങ്ങളുയരുന്നതു സ്വാഭാവികമാണ്.
കൂട്ടത്തില്‍ ഭരണതലത്തില്‍ നടക്കുന്ന, അധാര്‍മികമെന്നു തന്നെ പറയാവുന്ന ധൂര്‍ത്തുകളെക്കുറിച്ചും ചോദ്യമുയരുന്നുണ്ട്. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടു ജയിലില്‍ കിടന്നൊരാള്‍ക്കു കാബിനറ്റ് പദവി നല്‍കി അയാളെയും പേഴ്‌സണല്‍ സ്റ്റാഫെന്ന പേരില്‍ ചില അനുയായികളെയും ചെല്ലുംചെലവും കൊടുത്തു സംരക്ഷിക്കുന്നതിന്റെ ചെലവു വഹിക്കേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്നു പൊതുജനം പറയുന്നുണ്ടെങ്കില്‍ അതു കേട്ടേ മതിയാകൂ. നാടിനു പ്രത്യേകിച്ചൊരു ഗുണവുമില്ലാത്ത ഭരണപരിഷ്‌കാര കമ്മിഷന്‍, ചില കോര്‍പറേഷനുകള്‍, മറ്റു ചില സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ പൊതുഖജനാവില്‍ നിന്നു ഭാരിച്ച തുക ചെലവഴിച്ചു നിലനിര്‍ത്തുന്നത് എന്തിനെന്ന ചോദ്യവും പ്രസക്തമാണ്.
നേരത്തെ പുറത്തുവന്ന ചില വാര്‍ത്തകളാണ് ഇത്തരം ചോദ്യങ്ങളുയര്‍ത്താന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. സുനാമി ദുരിതാശ്വാസ ഫണ്ട് വകമാറി ചെലവഴിച്ചതുമായി ബന്ധപ്പെട്ടു വിവാദങ്ങളുയര്‍ന്നിരുന്നു. അന്തരിച്ച ഒരു പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടി നേതാവിന്റെ കുടുംബത്തെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നു പണമനുവദിച്ചതും അധികമാരും മറന്നുകാണില്ല. ഇത്തരം യാഥാര്‍ഥ്യങ്ങള്‍ക്കു മുന്നില്‍ നിന്നുകൊണ്ടു ജനങ്ങള്‍ ഇതുപോലുള്ള ചോദ്യങ്ങള്‍ ഉന്നയിക്കുന്നതു കുറ്റമൊന്നുമല്ല.
ഇതുപോലുള്ള വെള്ളാന സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി നിരവധി രാഷ്ട്രീയനേതാക്കളും പ്രവര്‍ത്തകരും ജീവിച്ചുപോകുന്നുണ്ട്. അതിനെക്കുറിച്ചൊക്കെ ചോദ്യമുയരുമ്പോള്‍ അവര്‍ക്കുണ്ടാവുന്ന ഈര്‍ഷ്യ മനസിലാക്കാം. പൊതുഖജനാവിലെ പണം എങ്ങനെയൊക്കെ ചെലവഴിക്കുന്നുവെന്ന് അന്വേഷിക്കാനും എന്തിനൊക്കെ ചെലവഴിക്കണമെന്നു നിര്‍ദേശിക്കാനും നികുതിദായകര്‍ക്ക് അവകാശമുണ്ട്. അത് ഇത്തരം രാഷ്ട്രീയജീവികള്‍ക്കു വേണ്ടി ഉപേക്ഷിക്കാനാവില്ല.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു മാസത്തെ വേതനം സംഭാവന ചെയ്യുക എന്ന നിര്‍ദേശത്തെ പിന്തുണയ്ക്കുക തന്നെ വേണം. സാധ്യമായവരെല്ലാം അതു ചെയ്യണം. വലിയ സാമ്പത്തികശേഷിയുള്ളവര്‍ സാധിക്കുമെങ്കില്‍ അതില്‍ കൂടുതല്‍ കൊടുക്കണം. അതോടൊപ്പം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടുമിരിക്കണം. ദുരന്തം വരുമ്പോള്‍ റദ്ദായിപ്പോകുന്നതല്ല ജനാധിപത്യവ്യവസ്ഥയിലെ പൗരാവകാശങ്ങള്‍.
പ്രളയത്തിന്റെ പ്രഹരശേഷി കൂടുന്നതിനു കാരണമായെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന പ്രമുഖ രാഷ്ട്രീയ കക്ഷികളുടെ ചില നയനിലപാടുകളെക്കുറിച്ചും ചെയ്തികളെക്കുറിച്ചും ആരെങ്കിലും പറയുന്നതിനെയും കടുത്ത അസഹിഷ്ണുതയാണ് ചില ഭരണ-പ്രതിപക്ഷ കക്ഷികളുടെ പ്രവര്‍ത്തകര്‍ നേരിടുന്നത്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്, പശ്ചിമഘട്ട സംരക്ഷണം എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നേതാക്കളെ അന്ധമായി പിന്‍പറ്റുന്ന പ്രവര്‍ത്തകര്‍ക്ക് ഹാലിളകുന്നു. ഈ വിഷയങ്ങളില്‍ ആ പാര്‍ട്ടികളും അവയുടെ നേതാക്കളും സ്വീകരിച്ച നിലപാടുകളെക്കുറിച്ച് അറിയാവുന്നവര്‍ക്ക് അതിനുള്ള കാരണം വ്യക്തമായി മനസിലാകും.
പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടും പിന്നീട് അതിന്റെ വെള്ളംചേര്‍ത്ത രൂപമായ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും നടപ്പിലാക്കാനുള്ള അന്നത്തെ കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ അവരൊക്കെ ചേര്‍ന്ന് പല്ലും നഖവുമുപയോഗിച്ചാണ് നേരിട്ടത്. താന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അക്കാലത്തു തന്നെ നടപ്പാക്കിയിരുന്നെങ്കില്‍ പശ്ചിമഘട്ടത്തിന് ഇത്രയധികം നാശവും പ്രളയത്തില്‍ ഇത്രയധികം നാശനഷ്ടങ്ങളും ഉണ്ടാകുന്നത് ഒഴിവാക്കാമായിരുന്നെന്ന് കമ്മിറ്റി അധ്യക്ഷനായിരുന്ന മാധവ് ഗാഡ്ഗില്‍ പറയുകയും മറ്റു പലരും അതു ശരിവയ്ക്കുകയും ചെയ്യുന്നത് അവര്‍ക്കു സഹിക്കാനാവാതെ വരുന്നതു സ്വാഭാവികം.
മലയോര ജനതയ്ക്കിടയില്‍ വ്യാജപ്രചാരണം നടത്തി അവരെ പരിഭ്രാന്തരാക്കി ഇളക്കിവിട്ടാണ് ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കാനുള്ള നീക്കത്തെ കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ തകര്‍ത്തുകളഞ്ഞത്. മലയോര കര്‍ഷക ജനതയുടെ പേരുപറഞ്ഞ് നടത്തിയ ഈ പ്രക്ഷോഭത്തിന്റെ ഗുണഭോക്താക്കള്‍ ഫലത്തില്‍ വനം കൈയേറ്റക്കരും ഭൂമാഫിയ-ക്വാറി മാഫിയ സംഘങ്ങളും റിസോര്‍ട്ട് പോലെ വലിയ ലാഭമുണ്ടാകുന്ന പദ്ധതികളില്‍ മുതലിറക്കുന്ന വന്‍കിട മൂലധന ശക്തികളുമൊക്കെ ആയിരുന്നു.
അവര്‍ക്കു പശ്ചിമഘട്ടത്തെ മാന്തിപ്പൊളിച്ച് ലാഭം കൊയ്യാന്‍ വേണ്ടി ജനതയെ കുരുതികൊടുത്തെന്ന ആരോപണം ഈ പാര്‍ട്ടികളുടെ നേതാക്കളെയും അണികളെയും ചെറുതായൊന്നുമല്ല അസ്വസ്ഥരാക്കുന്നത്. അവരൊക്കെ ചോദ്യംചെയ്യപ്പെടേണ്ട സന്ദര്‍ഭം തന്നെയാണിത്. അതുകൊണ്ട് ദുരിതാശ്വാസത്തിനു കൈയയച്ച് സഹായം നല്‍കുന്നതിനൊപ്പം തന്നെ ഈ വിഷയങ്ങളെക്കുറിച്ചൊക്കെ സംസാരിച്ചുകൊണ്ടേയിരിക്കേണ്ടതുമുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.