2020 June 01 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കശ്മീരില്‍ ബ്രഡ് വാങ്ങാനായി വല്യുമ്മ പറഞ്ഞുവിട്ട ഒന്‍പത് വയസുകാരനെയും വെറുതെവിടാതെ സൈന്യം; രണ്ടുദിവസം തടവില്‍ കഴിഞ്ഞ ഒന്‍പതുകാരന്‍ നേരിട്ടത് ക്രൂര മര്‍ദനം

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സാധാരണനില കൈവന്നുവെന്നും കുട്ടികള്‍ക്കെതിരെ യാതൊരു വിധത്തിലുള്ള അതിക്രമങ്ങള്‍ നടക്കുന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായി അവകാശപ്പെടുമ്പോഴും അതു തെറ്റാണെന്നു വ്യക്തമാക്കുന്ന കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്. മുത്തശ്ശിയുടെ നിര്‍ദേശപ്രകാരം ബ്രഡ് വാങ്ങാനായി പുറത്തുപോയ ഒന്‍പത് വയസുകാരനായ കശ്മീരി ബാലന്‍ സൈന്യത്തിന്റെ അതിക്രമത്തിനിരയായ റിപ്പോര്‍ട്ടാണ് ഏറ്റവും അവസാനമായി പുറത്തുവന്നിരിക്കുന്നത്. ക്രൂരമായ മര്‍ദനത്തിനിരയായ ബാലന്‍ രണ്ടുദിവസം ജയിലില്‍ കഴിയുകയും ചെയ്തു.

നാലാംക്ലാസ് വിദ്യാര്‍ഥിയായ ബാലനെ അബോധാവസ്ഥയിലാവും വരെ മര്‍ദിച്ചതായി ടെലഗ്രാഫ് പത്രം റിപ്പോര്‍ട്ട്‌ചെയ്തു. അഞ്ചുമാസമായപ്പോഴേക്കും മാതാവ് മരിക്കുകയും പിതാവ് ഉപേക്ഷിക്കുകയും ചെയ്ത ഒന്‍പതുകാരന്‍ ഇപ്പോള്‍ വല്യുമ്മയുടെ സംരക്ഷണയിലാണ് കഴിയുന്നത്. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം വകുപ്പ് നീക്കംചെയ്ത ശേഷം സംസ്ഥാനത്ത് രണ്ടുമാസത്തിലേറെയായി ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ക്കിടെ അറസ്റ്റിലായ 144 പ്രായപൂര്‍ത്തിയാവാത്തവരില്‍ ഏറ്റവും പ്രായം കുഞ്ഞ ആളാണ് ഒന്‍പതുകാരന്‍.

കുട്ടികളെ സൈന്യം വ്യാപകമായി തടവിലിട്ടതായുള്ള ആക്ടിവിസ്റ്റുകളുടെ പരാതിയെത്തുടര്‍ന്ന് ഇക്കാര്യത്തില്‍ കഴിഞ്ഞയാഴ്ച സുപ്രിംകോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ഇതുസംബന്ധിച്ച വിവരങ്ങള്‍ ജമ്മുകശ്മീര്‍ ഹൈക്കോടതിയും സംസ്ഥാന ബാലനീതി ബോര്‍ഡും വിവരങ്ങള്‍ ശേഖരിച്ചുവരുന്നതിനിടെയാണ് ഒന്‍പതു വയസുകാരന്‍ നേരിട്ട ക്രൂരതയും പുറത്തുവന്നത്. പരാതി സുപ്രിംകോടതി പരിഗണിക്കവെ പ്രായപൂര്‍ത്തിയെത്താത്ത ഒരാളെയും തടവിലിട്ടിട്ടില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്.

370ാംവകുപ്പ് റദ്ദാക്കിയതിന്റെ രണ്ടാംദിവസം ഓഗസ്റ്റ് ഏഴിനാണ് ഒന്‍പത് വയസുകാരന്‍ സൈന്യത്തിന്റെ പിടിയിലായത്. പ്രക്ഷോഭകരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായ പ്രദേശത്തുനിന്നാണ് സൈന്യം ഒന്‍പതു കാരനെ പിടികൂടിയത്. പിടിയിലായ ഉടന്‍ സൈന്യം തന്നെ മര്‍ദിച്ചെന്ന് കുട്ടി പറഞ്ഞു. മര്‍ദനത്തില്‍ പരുക്കേറ്റ് രക്തം ഒലിച്ചെങ്കിലും അവര്‍ യാതൊരു കരുണയും കാണിച്ചില്ലെന്നും തന്നെ തടവുകേന്ദ്രത്തിലേക്കു മാറ്റിയെന്നും കുട്ടി ടെലഗ്രാഫിനോട് പറഞ്ഞു. എനിക്ക് മാതാപിതാക്കള്‍ ഇല്ലെന്നും മുത്തശ്ശി ബ്രഡ് വാങ്ങാനാണ് തന്നെ അയച്ചതെന്നും പറഞ്ഞ് സൈനികര്‍ക്ക് ബ്രഡ് കാണിച്ചുകൊടുത്തെങ്കിലും അവര്‍ പിടികൂടുകയായിരുന്നു- കുട്ടി കൂട്ടിച്ചേര്‍ത്തു.

ഇനിയും പിടിയിലാവുമോയെന്നു കരുതി ഇപ്പോള്‍ കുട്ടി പുറത്തിറങ്ങാന്‍ ഭയക്കുകയാണെന്ന് അവന്റെ മുത്തശ്ശി പറഞ്ഞു. കുട്ടിയെ അറസ്റ്റ്‌ചെയ്തതറിഞ്ഞ് ഭര്‍ത്താവിനൊപ്പം ജയിലില്‍ പോയെങ്കിലും അവനെ കാണാനായില്ല. രാത്രി 2.30വരെ പൊലിസ് സ്റ്റേഷനു മുന്‍പില്‍ കിടന്നെങ്കിലും കുട്ടിയെ വിട്ടുതന്നില്ലെന്നും മുത്തശ്ശി പറഞ്ഞു.

9-year-old out to buy bread beaten, locked up. The Class IV student was the youngest of the at least 144 minors detained during the 2-month-old clampdown #article 370


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.