2019 November 12 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ശ്രീലങ്കയില്‍ രാജിവച്ച മുസ്‌ലിം മന്ത്രിമാര്‍ തീരുമാനം പുനപ്പരിശോധിച്ചേക്കും; മന്ത്രിമാരോട് തിരിച്ചുവരാന്‍ മിതവാദ ബുദ്ധിസ്റ്റ് നേതാക്കള്‍

കൊളംബോ: ഏപ്രില്‍ 21ലെ സ്‌ഫോടനങ്ങളും തുടര്‍ന്നുണ്ടായ കലാപങ്ങള്‍ക്കും പിന്നാലെ തുടര്‍ച്ചയായി വംശീയവാദികളായ ബുദ്ധിസ്റ്റ് നേതാക്കള്‍ നടത്തിവന്ന പ്രചാരണത്തിനൊടുവില്‍ രാജിവച്ച ശ്രീലങ്കയിലെ മുസ്‌ലിം മന്ത്രിമാര്‍ തങ്ങളുടെ തീരുമാനം പുനപ്പരിശോധിച്ചേക്കും. രാജി പിന്‍വലിക്കണമെന്നുള്ള മിതവാദികളായ ബുദ്ധിസ്റ്റ് നേതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ച് മുസ്‌ലിം മന്ത്രിമാര്‍ തീരുമാനം പുനപ്പരിശോധിക്കുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്‌ചെയ്തു. ബുദ്ധിസ്റ്റ് നേതാക്കളുടെ അഭ്യര്‍ത്ഥന ചര്‍ച്ചചെയ്യാനായി മുസ്ലിം നേതാക്കള്‍ ഈ മാസം 16ന് യോഗം വിളിച്ചിട്ടുണ്ട്. യോഗത്തില്‍ രാജി പിന്‍വലിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാവുമെന്ന് രാജിവച്ച മന്ത്രി എ.എച്ച്.എം ഹലിം പറഞ്ഞു.

ശ്രീലങ്കയിലെ മൈത്രിപാല സിരിസേനാ സര്‍ക്കാരിലെ കാബിനറ്റ് ചുമതലയുള്ളവരുള്‍പ്പെടെയുള്ള ഒന്‍പത് മന്ത്രിമാരും രണ്ടുഗവര്‍ണര്‍മാരും ഈ മാസം മൂന്നിനാണ് രാജിവച്ചത്. മന്ത്രിസ്ഥാനം ഉപേക്ഷിച്ചെങ്കിലും ഇവര്‍ പാര്‍ലമെന്റംഗങ്ങളായി തുടരാന്‍ തീരുമാനിച്ചിരുന്നു. 225 അംഗ ലങ്കന്‍ പാര്‍ലമെന്റില്‍ 19 മുസ്ലിംകളാണുള്ളത്. രാജ്യത്തെ ഉന്നത പദവികളിലുള്ള മൂന്നു മുസ്‌ലിം രാഷ്ട്രീയ നേതാക്കളെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് തീവ്ര ബുദ്ധസന്യാസിമാര്‍ നടത്തിവന്ന പ്രതിഷേധ പരിപാടികള്‍ക്കൊടുവിലായിരുന്നു ഇവരുടെ രാജി. ഗവര്‍ണാര്‍മാരെയും സിരിസേന മന്ത്രിസഭയിലം മുതിര്‍ന്ന അംഗം വാണിജ്യമന്ത്രി റിഷാദ് ബതിയുദ്ദീനെയും പിരിച്ചുവിടണാവശ്യപ്പെട്ട് ബുദ്ധസന്യാസി അതുരാലിയ രത്‌ന ഒരാഴ്ചയായി തുടര്‍ന്നുവന്ന ‘മരണനോമ്പ് ‘ അനുഷ്ടിച്ചുവരികയായിരുന്നു. മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷപ്രസംഗങ്ങള്‍ നടത്തി കുപ്രസിദ്ധനായ മറ്റൊരു ബുദ്ധസന്യാസി ഗാലഗൊഡാട്ടെ സത്യാഗ്രഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ മാസം പ്രസിഡന്റ് മാപ്പ് നല്‍കിയതിനെ തുടര്‍ന്നാണിയാള്‍ ജയില്‍മോചിതനായത്
.
അതേസമയം, ശ്രീലങ്കയിലെ മുസ്ലിം ന്യൂനപക്ഷവിഭാഗങ്ങള്‍ക്കു നേരെ നടന്നുവരുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ സിരിസേനാ സര്‍ക്കാര്‍ പരാജയമാണെന്ന് ഗ്ലോബല്‍ തമിഴ് ഫോറം ആരോപിച്ചു. 2009ല്‍ ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിച്ചതിന് പിന്നാലെ രാജ്യത്തെ സിംഹള ബുദ്ധിസ്റ്റ് വിഭാഗം മുസ്ലിംകളെ ലക്ഷ്യംവയ്ക്കുകയാണ്. രാജ്യത്തെ ഭൂരിപക്ഷസമുദായത്തിലെ ഒരുവിഭാഗത്തിന്റെ പിന്തുണയോടെയാണ് മുസ്ലിംവിരുദ്ധ നീക്കങ്ങള്‍ നടക്കുന്നത്. മുസ്ലിം സാധാരണക്കാര്‍ മര്‍ദ്ദിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. അവരുടെ വീടുകളും സ്വത്തുക്കളും നശിപ്പക്കപ്പെടുന്നു. ആയിരങ്ങള്‍ ഭവനരഹിതരായി. സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ബുദ്ധിസ്റ്റ് സന്യാസിമാരാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇത്തരത്തില്‍ മുസ്ലിംകള്‍ക്കെതിരെ വ്യാജപ്രചാരണത്തിന്റെ മറവില്‍ വ്യവസ്ഥാപിതമായി ആക്രമണങ്ങള്‍ നടക്കുകയാണെന്നും തമിഴ് സംഘടന ആരോപിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.