2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

നോട്ട് നിരോധനത്തിന്റെ മറ്റൊരു ഭീകരവശം കൂടി പുറത്ത്; 2016-17 വര്‍ഷം നികുതിയടക്കാത്തത് 88 ലക്ഷം പേര്‍, ഇത്രയും പേര്‍ സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടതാവാമെന്ന് റിപ്പോര്‍ട്ട്

 

ന്യൂഡല്‍ഹി: നോട്ട് നിരോധനം ഇന്ത്യയുടെ സാമ്പത്തികമേഖലയെ എത്രമാത്രം പിറകോട്ടടിച്ചുവെന്നു വെളിപ്പെടുത്തി പുതിയ റിപ്പോര്‍ട്ട് പുറത്ത്. യാതൊരുവിധ ആസൂത്രണവും കൂടിയാലോചനയുമില്ലാതെ ഉയര്‍ന്നമൂല്യമുള്ള നോട്ടുകള്‍ നിരോധിച്ചതുവഴി സാമ്പത്തിക വ്യവസ്ഥയിലുണ്ടായ മരവിപ്പ് നിമിത്തം ദശലക്ഷക്കണക്കിനു പേര്‍ പ്രതിസന്ധിയിലാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. നോട്ടുനിരോധനം നടന്ന 2016- 17 സാമ്പത്തിക വര്‍ഷത്തില്‍ നികുതി റിട്ടേണിനു വേണ്ടിയുള്ള അപേക്ഷകളില്‍ വന്‍തോതില്‍ കുറവുണ്ടായി. അതിനു മുന്‍പുള്ള 2015- 16 സാമ്പത്തിക വര്‍ഷത്തില്‍ 8.56 ലക്ഷം പേരാണ് നികുതി റിട്ടേണ്‍ അപേക്ഷ ഫയല്‍ ചെയ്തിരുന്നത്. എന്നാല്‍, നോട്ട് നിരോധിച്ച 2016- 17 സാമ്പത്തിക വര്‍ഷം ഇത് 88.04 ലക്ഷമായി കുതിച്ചുയര്‍ന്നുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട്‌ചെയ്തു. നോട്ട് നിരോധനംമൂലം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലുണ്ടായ ആഘാതത്തെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടവരാവാം ഇവരെന്നാണ് റിപ്പോര്‍ട്ട്.

 

 

നോട്ട് നിരോധനം രാജ്യത്ത് ലക്ഷക്കണക്കിനുപേരുടെ തൊഴില്‍നഷ്ടപ്പെടുത്തിയെന്നും രാജ്യത്ത് വന്‍സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയെന്നും വ്യക്തമാക്കുന്ന കണക്കുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇത്തരത്തില്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടതിനെത്തുടര്‍ന്ന് ജോലിനഷ്ടപ്പെടുകയോ വരുമാനം കുറയുകയോ ചെയ്തവര്‍ നുകിതിയടച്ചിട്ടുണ്ടാവില്ല. ഇക്കാരണത്താലാവും നികുതി റിട്ടേണ്‍ ഫയല്‍ചെയ്യുന്നതില്‍ 2015- 16 വര്‍ഷത്തെ അപേക്ഷിച്ച് നോട്ട് നിരോധനവര്‍ഷം പത്തിരട്ടിയോളം വര്‍ധനവുണ്ടായതെന്ന് പത്രം ചൂണ്ടിക്കാട്ടി.

സാധാരണ നികുതി റിട്ടേണ്‍ നടക്കാത്തത് ആദായനികുതി വകുപ്പിന്റെ നയം നടപ്പാക്കലിലുള്ള പരാജയമായാണ് കണക്കാക്കപ്പെടാറ്. എന്നാല്‍ നികുതിറിട്ടേണ്‍ സമര്‍പ്പിക്കാത്തതില്‍ പത്തിരട്ടി വര്‍ധനവുണ്ടാവാന്‍ കാരണം ഉദ്യോഗസ്ഥരുടെ പ്രശ്‌നമല്ലെന്നും വന്‍തോതില്‍ തൊഴില്‍നഷ്ടമുണ്ടായതാണ് കാരണമെന്നും വിദഗ്ധരെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട്‌ചെയ്തു. എന്നാല്‍, പുതിയ റിപ്പോര്‍ട്ട് സംബന്ധിച്ച് കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് പ്രതികരിച്ചിട്ടില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News