2020 February 28 Friday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കോടതി വിരട്ടി കേന്ദ്രം വിരണ്ടു

 

 

 

സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: കോടതി ഉത്തരവുകള്‍ നടപ്പാക്കാനാവില്ലെങ്കില്‍ കോടതി അടച്ചുപൂട്ടുകയാണ് നല്ലതെന്ന് സുപ്രിം കോടതി. ടെലികോം കമ്പനികളില്‍ നിന്ന് 1.47 ലക്ഷം കോടി രൂപ എ.ജി.ആര്‍ കുടിശ്ശിക പിരിച്ചെടുക്കാനുള്ള സുപ്രിം കോടതി ഉത്തരവ് തടഞ്ഞ ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് ഡസ്‌ക് ഓഫിസറുടെ നടപടിയില്‍ ഞെട്ടല്‍ പ്രകടിപ്പിച്ചാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ പരാമര്‍ശം.
ടെലികോം കമ്പനികള്‍ ഇതുവരെ ഒരു പൈസ പോലും അടച്ചില്ലെന്നത് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതാണെന്ന് അരുണ്‍ മിശ്ര പറഞ്ഞു. ”ഞങ്ങളുടെ ഉത്തരവ് നിങ്ങള്‍ക്ക് സ്റ്റേ ചെയ്യാന്‍ പറ്റുമെന്നാണോ കരുതുന്നത്? രാജ്യത്തൊരു നിയമമുണ്ട്. ജുഡീഷ്വല്‍ വ്യവസ്ഥയില്‍ ബഹുമാനമില്ലാത്തവര്‍ ഈ രാജ്യം വിട്ടു പോകുന്നതാണ് നല്ലത്”- കോടതി പറഞ്ഞു.

വീഴ്ച വരുത്തിയ കമ്പനികള്‍ക്കും ടെലികോം വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കുതിരേ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കാനും കോടതി ഉത്തരവിട്ടു. കേസ് അടുത്ത തവണ പരിഗണിക്കുന്ന മാര്‍ച്ച് 17നു മുമ്പ് കുടിശ്ശിക അടച്ചിരിക്കണം.
അതില്‍ പരാജയപ്പെട്ടാല്‍ കമ്പനി മാനേജിങ് ഡയരക്ടര്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ കോടതിയില്‍ നേരിട്ട് ഹാജരാകണം. ടെലികോം വകുപ്പിലെ ഉന്നതരും ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു.

രാജ്യത്തെ വിവിധ ടെലികോം കമ്പനികള്‍ അടയ്‌ക്കേണ്ട എ.ജി.ആര്‍ കുടിശ്ശിക അടയ്ക്കുന്നതിന് 90 ദിവസത്തെ സമയപരിധി നിശ്ചയിച്ച് 2019 ഒക്ടോബറില്‍ അരുണ്‍മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ജനുവരി 24ന് സമയപരിധി അവസാനിച്ചു.
ഇതിനിടെ കമ്പനികള്‍ ഉത്തരവില്‍ ഇളവാവശ്യപ്പെട്ട് പുനഃപരിശോധനാ ഹരജിയുമായി സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ജനുവരി 16ന് കോടതി തള്ളിയിരുന്നു. 90 ദിവസം പോരെന്നായിരുന്നു ഭാരതി എയര്‍ടെല്ലിന്റെ ആവശ്യം. കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ തുക അടയ്ക്കാന്‍ നിര്‍വാഹമില്ലെന്ന നിലപാടായിരുന്നു വൊഡാഫോണിന്റെത്.

ഇതിനിടെ സുപ്രിം കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ തുക പിരിച്ചെടുക്കേണ്ടതില്ലെന്ന് ടെലകോം വകുപ്പ് ഡസ്‌ക് ഓഫിസര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. അതോടൊപ്പം സമയപരിധിയുടെ കാര്യത്തില്‍ സമ്മര്‍ദം വേണ്ടതില്ലെന്നാവശ്യപ്പെട്ട് അറ്റോര്‍ണി ജനറലിന് കത്തയയ്ക്കുകയും ചെയ്തു.
ഇതാണ് കോടതിയെ ചൊടിപ്പിച്ചത്. പണത്തിന്റെ ശക്തിയായി മാത്രമേ ഇതിനെ കാണാന്‍ പറ്റൂ എന്ന് അരുണ്‍ മിശ്ര പറഞ്ഞു. ഒരു ഡസ്‌ക് ഓഫിസര്‍ വിചാരിച്ചാല്‍ കോടതി ഉത്തരവ് സ്റ്റേ ചെയ്യാമെന്നാണോ? ആ ഡസ്‌ക് ഓഫിസറെ വിളിച്ചുവരുത്തൂ. നിങ്ങള്‍ അയാള്‍ക്കെതിരേ എന്തു നടപടിയെടുത്തെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് കോടതി ചോദിച്ചു. എല്ലാവര്‍ക്കും കോടതിയലക്ഷ്യ നോട്ടിസ് അയയ്ക്കാനും കോടതി നിര്‍ദേശിച്ചു.
എയര്‍ടെല്‍ 21,682.13 കോടി, വൊഡാഫോണ്‍ 19,823.71 കോടി, റിലയന്‍സ് 16,456.47 കോടി, ബി.എസ്.എന്‍.എല്‍ 2,098.72 കോടി, എം.ടി.എന്‍.എല്‍ 2,537.48 കോടി എന്നിങ്ങനെയാണ് കുടിശ്ശികയുള്ളത്.
ടെലികോം കമ്പനികള്‍ അടയ്‌ക്കേണ്ട ലൈസന്‍സ് ഫീസ്, സ്‌പെക്ട്രം ചാര്‍ജുകള്‍ തുടങ്ങിയവ ചേര്‍ത്താണ് എ.ജി.ആര്‍ തുക കണക്കാക്കുന്നത്. ജസ്റ്റിസുമാരായ അബ്ദുല്‍ നസീര്‍, എം.ആര്‍ ഷാ എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍.

അര്‍ധരാത്രിക്കകം കുടിശ്ശിക
അടയ്ക്കാന്‍ ഉത്തരവിട്ട് ടെലികോം വകുപ്പ്

ന്യൂഡല്‍ഹി: സുപ്രിം കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചതോടെ ഇന്നലെ രാത്രി 11.59ന് മുമ്പായി കുടിശ്ശിക അടച്ചുതീര്‍ക്കാന്‍ ടെലികോം കമ്പനികള്‍ക്ക് ഉത്തരവ് നല്‍കി ടെലകോം വകുപ്പ്.
ഇതു സംബന്ധിച്ച് എയര്‍ടെല്‍. വൊഡാഫോണ്‍, ഐഡിയ എന്നീ കമ്പനികള്‍ക്ക് നോട്ടിസ് നല്‍കി. സോണ്‍ അടിസ്ഥാനത്തിലും കമ്പനികള്‍ക്ക് നോട്ടിസ് നല്‍കിയിട്ടുണ്ട്. അടയ്ക്കാനുള്ളതില്‍ 10,000 കോടി ഈ മാസം 20ഓടെയും ബാക്കി കേസ് അടുത്ത തവണ സുപ്രിം കോടതി പരിഗണിക്കുന്നതിനു മുമ്പും നല്‍കാമെന്നാണ് എയര്‍ടെല്‍ അറിയിച്ചിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.