2018 December 18 Tuesday
തന്റെ കൂടി സമ്മതമില്ലാതെ സ്വസ്ഥനാവാന്‍ മനുഷ്യനു പറ്റില്ല

കരിപ്പൂര്‍ യാത്രക്കാര്‍ക്ക് ആശ്വാസമായി ജിദ്ദയില്‍ നിന്ന് ഈ ആഴ്ച മുതല്‍ ഗള്‍ഫ് എയര്‍ സര്‍വീസ്

നിസാര്‍ കലയത്ത്

ജിദ്ദ: ജിദ്ദയില്‍ നിന്ന് ഈ ആഴ്ച മുതല്‍ കരിപ്പൂരിലേക്ക് ഗള്‍ഫ് എയര്‍ സര്‍വീസ് നടത്തും. ജിദ്ദക്ക് പുറമെ, മദീന, റിയാദ്, അബഹ, അല്‍ഖസീം, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നു കരിപ്പൂര്‍ യാത്രക്കാരായ പ്രവാസികള്‍ക്കും, കരിപ്പൂരില്‍ നിന്നു തിരിച്ചും ഈ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കും ഗള്‍ഫ് എയറിന്റെ ബഹ്‌റൈന്‍ വഴിയുള്ള കണക്ഷന്‍ വിമാനം താല്‍ക്കാലിക ആശ്വാസമാകും.

എല്ലാദിവസവും സര്‍വീസുണ്ട് ഗള്‍ഫ് എയറിന്. കൂടാതെ സഊദിയിലെ വിവിധ സെക്ടറുകളില്‍ നിന്നും 6 മുതല്‍ 7,8 മണിക്കൂര്‍ കൊണ്ട് കോഴിക്കോട് എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുകയും ചെയ്യും.

രാവിലെ 5.30ന് പുറപ്പെടുന്ന ഗള്‍ഫ് എയര്‍ വിമാനം രാവിലെ 7.20ന് ബഹ്‌റൈന്‍ എത്തും. അവിടെ നിന്നു രാവിലെ 10.15ന് ജിദ്ദയിലേക്ക് പുറപ്പെടുകയും ഉച്ചക്ക് 12.30ന് ജിദ്ദയില്‍ എത്തുകയും ചെയ്യും. ജിദ്ദയില്‍ നിന്നു വൈകുന്നേരം 5.30നു പുറപ്പെട്ടു 7.20നു ബഹ്‌റൈന്‍ എത്തുകയും 11.25ന് ബഹ്‌റൈനില്‍ നിന്നു പുറപ്പെട്ടു പുലര്‍ച്ചെ 4.30നു കരിപ്പൂരില്‍ ലാന്റ് ചെയ്യുകയും ചെയ്യും.

മിക്ക ദിവസങ്ങളിലും 40 കിലോ ഫ്രീ ബാഗേജ് 10 കിലോ ഹാന്‍ഡ്ബാഗും അനുവദനീയമാണ് കൂടാതെ കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്നു എന്നതും ഗള്‍ഫ് എയറിന്റെ പ്രത്യേകതയാണ്. അത്യാവശ്യം കാര്‍ഗ്ഗോ ക്ഷമതയുള്ള എ 321 വിമാനമാണ് ഗള്‍ഫ് എയര്‍ ഉപയോഗിക്കുന്നതിനാല്‍ എ 320 പോലെ ലഗേജ് ഓഫ് ലോഡ് ചെയ്യുന്ന പ്രവണത ഉണ്ടാവാന്‍ സാധാരണ ഗതിയില്‍ സാധ്യതയില്ല. 194 ഇക്കോണമി ക്ലാസ് ടിക്കറ്റുകളും, 14 ബിസിനസ്സ് ക്ലാസ് ടിക്കറ്റുകളും ലഭ്യമാണ്. അതേസമയം, കോഴിക്കോട് നിന്ന് പുറപെട്ടാല്‍ ബഹ്‌റൈനിലെ 3 മണിക്കൂര്‍ ട്രാന്‍സിറ്റ് വിശ്രമം അനായാസകരമാക്കുവാന്‍ ഗള്‍ഫ് എയര്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.