2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

ഗോള്‍വല കാത്ത പോരാളി

പി.കെ.എം ഷഫീഖ്

എന്തിനാണ് ഈ ഗോള്‍കീപ്പര്‍ തലയിലൊരു ഹെല്‍മെറ്റ് ധരിച്ചിരുന്നത്..? പലരും ചോദിക്കാറുണ്ട്. അവരോടെല്ലാമായി പീറ്റര്‍ ചെക്കിന് പറയാനുള്ള മറുപടി ഒന്നാണ്.
‘ഒരാളുടെ കാല്‍ചുവട്ടില്‍ നിന്നും പന്ത് തട്ടിയെടുക്കുമ്പോള്‍ എന്റെ ലക്ഷ്യം ഒന്ന് മാത്രമാണ്, ഒരു ഗോള്‍ രക്ഷിക്കുക. പരുക്കുകള്‍ ഫുട്‌ബോളിന്റെ ഇരുണ്ട വശമാണ് അതിനോട് ഭയമായാല്‍ അന്ന് കളി നിര്‍ത്തണം’. ചവിട്ടേറ്റ് തകര്‍ന്ന തലയോട്ടിയുമായാണ് പീറ്റര്‍ ചെക് ചെക്ക് റിപ്പബ്ലിക്കിന്റെയും ചെല്‍സിയുടെയും അവസാനമായി ആഴ്‌സണലിന്റെയും വല കാത്തിരുന്നത്. 2006 ഒക്ടോബറില്‍ ഒരു ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സ്റ്റീഫന്‍ ഹണ്ടിന്റെ ചവിട്ടേറ്റാണ് ചെക്കിന്റെ തലയോട്ടി തകര്‍ന്നത്.

അതിജീവന പോരാട്ടം

മിഡിസ്‌കി സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ കാല്‍ ലക്ഷത്തോളം വരുന്ന ഫുട്‌ബോള്‍ പ്രേമികളെ നിശബ്ദരാക്കി രക്തം വാര്‍ന്ന് അബോധാവസ്ഥയില്‍ കളംവിട്ട ചെക്കിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ട് വരാന്‍ മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയ വേണ്ടി വന്നു. റോയല്‍ ബര്‍ഷക്ക് ആശുപത്രിയിലെ ന്യൂറോ സര്‍ജന്‍മാരുടെ മികവാണ് ഫുട്‌ബോളിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ക്ക് ജീവിതം തിരികെ നല്‍കിയത്. തലയോട്ടി തകര്‍ന്ന് ഉള്ളിലേക്കുകയറിയ നിലയിലായിരുന്നു ചെക്കിനെ ആശുപത്രിയിലെത്തിക്കുമ്പോള്‍.
ചെക്കിന്റെ തലയോട്ടിയുടെ എം.ആര്‍.ഐ സ്‌കാന്‍ പരുക്കിന്റെ ഭീതിതമായ ദൃശ്യമാണ് നല്‍കുന്നത്.
ആഴത്തില്‍ ഉള്ളിലേക്ക് കുഴിഞ്ഞ തലയോട്ടിയേക്കാള്‍ അപകടകരമായിരുന്നു ചതഞ്ഞരഞ്ഞ രക്തക്കുഴലുകള്‍. പരുക്ക് തലച്ചോറിനെ സാരമായി ബാധിച്ചില്ലെന്നത് മാത്രമാണ് ചെക്കിനെ ഫുട്‌ബോളിന് തിരികെ കിട്ടിയത്. ശസ്ത്രക്രിയക്ക് ശേഷം നിരന്തരമായി തലവേദനയും അലട്ടിയപ്പോള്‍ ഡോക്ടര്‍മാര്‍ ഫുട്‌ബോളിലേക്ക് മടങ്ങുന്നത് വിലക്കി. ഇനി ഗ്ലൗസണിയാനാവില്ലെന്നത് ചെക്കിന് മരണ തുല്യമായിരുന്നു. എന്നാല്‍ മനോവീര്യം വീണ്ടെടുത്ത ചെക്ക്, കരിയറില്‍ കരിനിഴലായി കടന്ന് വന്ന ദുര്‍വിധിയോട് ‘ചെക്ക്’ പറയാന്‍ തന്നെ തീരുമാനിച്ചു. വേട്ടക്കാരന്‍ തന്റെ ഗോള്‍ വലയെ ലക്ഷ്യമാക്കി തൊടുത്തു വിട്ട പന്തിനെ തട്ടിയകറ്റിയ അനുഭവസമ്പത്ത് കൈമുതലാക്കി ആ ദുര്‍വിധിയെ തട്ടിയകറ്റി, കളിക്കളത്തിലേക്ക് തിരികെയെത്താന്‍ തന്നെ ചെക്ക് തീരുമാനിച്ചു. പോംവഴികള്‍ പലതും തേടിയ ചെക്കിനോട് ഫുട്‌ബോള്‍ കളിക്കും കാലം ഹെല്‍മെറ്റ് ധരിക്കണമെന്ന ഉപദേശമാണ് മെഡിക്കല്‍ വിദഗ്ധര്‍ നല്‍കിയത്. അങ്ങനെ ഗോള്‍വലക്ക് കവചമായി നിലകൊണ്ട ചെക്കിന്റെ തലയില്‍ മറ്റൊരു കവചമായി ഒരു കറുത്ത ഹെല്‍മെറ്റ് സ്ഥാനംപിടിച്ചു.

ഗ്ലൗസിനൊപ്പം ഹെല്‍മറ്റും

ആദ്യമൊന്നമ്പരന്നെങ്കിലും പിന്നീട് ചെക്കിനെ പോലെ ഫുട്‌ബോള്‍ ലോകവും ആ യാഥാര്‍ഥ്യത്തോട് പൊരുത്തപ്പെട്ടു. ഹെല്‍മെറ്റ് ചെക്കിനൊരിക്കലും അധിക പറ്റായി മാറിയില്ല. പഴയ പ്രതാപത്തോടെ തെല്ലും ആവേശം ചോരാതെ കളിക്കളത്തില്‍ സജീവമായി. ഗോള്‍ രക്ഷിക്കാനുള്ള പോരാട്ടത്തില്‍ പലപ്പോഴായി ചെക്കിന് പരുക്കേറ്റിട്ടുണ്ട്. ചുണ്ടിന് താഴെയുള്ള അമ്പത് തുന്നുകളുടെ മുറിപ്പാടുകള്‍ ഒരു പോരാളിയുടെ പോരാട്ട വീര്യത്തിന്റെ മുഖപടമായി ചെക്ക് ഇന്നും കൊണ്ട് നടക്കുന്നു.
14 വര്‍ഷം ചെക് റിപ്പബ്ലിക്കിന്റെ വല കാത്താണ് പീറ്റര്‍ ദേശീയ ടീമിന്റെ കുപ്പായമഴിച്ചത്. 2016 യൂറോകപ്പില്‍ ഗ്രൂപ്പ് റൗണ്ടില്‍ ഒരു കളി പോലും ജയിക്കാതെ നാട്ടിലേക്ക് മടങ്ങിയ ശേഷമായിരുന്നു ആഴ്‌സനല്‍ ഗോളിയായ ചെക്കിന്റെ ദേശീയ ടീമില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപനം.
2002ല്‍ ദേശീയ ടീമില്‍ ഇടംനേടിയ പീറ്റര്‍ ചെക് 14 വര്‍ഷത്തിനുള്ളില്‍ നാല് യൂറോകപ്പും ഒരു ലോകകപ്പും ഉള്‍പ്പെടെ 124 മത്സരങ്ങളില്‍ ഗ്ലൗസ് അണിഞ്ഞു. കിരീടമൊന്നും സ്വന്തമാക്കാനായില്ലെങ്കിലും 2004ലെ യൂറോപ്യന്‍ ഇലവനില്‍ ഇടം നേടി. എട്ടുതവണ ചെക് റിപ്പബ്ലിക്കിന്റെ ഏറ്റവും മികച്ച ഫുട്‌ബോളറായും തെരഞ്ഞെടുക്കപ്പെട്ടു. എട്ടു തവണ ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരവും. 11 വര്‍ഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയുടെ ഗോളിയായിരുന്നു.

യുദ്ധം ജയിച്ച പോരാളി

2015ല്‍ ചെല്‍സിയില്‍ നിന്ന് ആഴ്‌സനലിലേക്ക് ചേക്കേറി. നാല് പ്രീമിയര്‍ ലീഗ് കിരീടങ്ങളും, അഞ്ച് എഫ്.എ കപ്പ് ജയവും, ഒരു ചാംപ്യന്‍സ് ലീഗ് നേട്ടവും അടക്കം ആകെ 14 പ്രധാന കിരീടങ്ങള്‍ സ്വന്തമാക്കി. ചെല്‍സിക്കായി 333 ഉം ആഴ്‌സനലിനായി 110 ഉം മത്സരങ്ങള്‍ കളിച്ചു. 200ലധികം മത്സരങ്ങളില്‍ ഗോള്‍വഴങ്ങാത്ത ഏക ഗോള്‍കീപ്പറും ചെക് തന്നെയാണ്.
2004 മുതല്‍ 11 വര്‍ഷം ചെല്‍സിയുടെ ജഴ്‌സിയണിഞ്ഞ ചെക്ക് 2015ലാണ് ആഴ്‌സനലില്‍ എത്തിയത്. ചെല്‍സിക്ക് വേണ്ടി 333 കളിയിലും ആഴ്‌സനലിന് വേണ്ടി 110 കളിയിലും ഗോള്‍വലയം കാത്തിട്ടുണ്ട്.
ദീര്‍ഘകാലം തന്റെ ക്ലബായിരുന്ന ചെല്‍സിക്കെതിരെയായിരുന്നു തന്റെ അവസാന മത്സരം. മെയ് 30ന് അസര്‍ബൈജാനിലെ ബാകുവില്‍ നടന്ന യൂറോപ്പ ലീഗ് ഫൈനലില്‍ വിജയകീരിടവുമായി മടങ്ങാന്‍ സ്വപ്നം കണ്ട ചെക്കിന് റണ്ണേഴ്‌സ് കിരീടം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
1982ല്‍ ചെക് റിപ്പബ്ലിക്കിലെ പ്ലാസെനില്‍ ജനിച്ച പീറ്റര്‍ ചെക്ക് തന്റെ 37-ാം വയസില്‍ ഗ്ലൗസഴിക്കുമ്പോള്‍ ഫുട്‌ബോള്‍ ലോകം കണ്ട ഏറ്റവും മികച്ച ഒരു അതിജീവന സമരത്തിന്റെ നായകന്‍ കൂടിയാണ് കളം വിടുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News