2020 August 05 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മഴ കളിമുടക്കിയെങ്കിലും ഇന്ത്യയെ തടയാനായില്ല; രണ്ടിലും വെസ്റ്റിന്‍ഡിസീനെ പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കി ഇന്ത്യ

 

ഫ്‌ളോറിഡ: മഴയും മിന്നലും ചേര്‍ന്ന് കളി മുടക്കിയെങ്കിലും ഇന്ത്യയുടെ വിജയ് തടയാനായില്ല. വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ട്വന്റി 20 ക്രിക്കറ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കി. ആദ്യ കളിയില്‍ നാലുവിക്കറ്റിന് വിജയിച്ച ഇന്ത്യ, ഇന്നലെ നടന്ന രണ്ടാം മല്‍സരത്തില്‍ 22 റണ്‍സിന് വിജയിച്ചാണ് പരമ്പര സ്വന്തമാക്കിയത്.

ആദ്യം ബാറ്റ്‌ചെയ്ത ഇന്ത്യ 20 ഓവറില്‍ ഇന്ത്യ അഞ്ചുവിക്കറ്റിന് 167 റണ്‍സെടുത്തപ്പോള്‍ വെസ്റ്റിന്‍ഡീസ് 15.3 ഓവറില്‍ നാലുവിക്കറ്റിന് 98 റണ്‍സെടുത്തുനില്‍ക്കേ മിന്നലും മഴയും വന്നതിനാല്‍ കളി ഉപേക്ഷിച്ചു. ഡെക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് ഇന്ത്യയുടെ ജയം. മൂന്നാം ട്വന്റി 20 ചൊവ്വാഴ്ച ഗയാനയില്‍ നടക്കും.

ഓപ്പണര്‍ രോഹിത് ശര്‍മ (51 പന്തില്‍ 67), ശിഖര്‍ ധവാന്‍ (16 പന്തില്‍ 23), വിരാട് കോലി (23 പന്തില്‍ 28) എന്നിവര്‍ മുന്‍നിരയില്‍ തിളങ്ങിയപ്പോള്‍ അവസാന ഓവറുകളില്‍ ക്രുണാല്‍ പാണ്ഡ്യ (13 പന്തില്‍ 20) സ്‌കോറിങ് നിരക്ക് ഉയര്‍ത്തി. രണ്ട് നിര്‍ണായക വിക്കറ്റുകളും വീഴ്ത്തിയ ക്രുണാലാണ് കളിയിലെ കേമന്‍.

ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ഒഷെയ്ന്‍ തോമസ് എറിഞ്ഞ ആദ്യ പന്തില്‍ത്തന്നെ ബൗണ്ടറിയടിച്ചാണ് രോഹിത് ശര്‍മ തുടങ്ങിയത്. ഓപ്പണിങ് വിക്കറ്റില്‍ എട്ട് ഓവറില്‍ 67 റണ്‍സ് വന്നു. കോലി രോഹിത് സഖ്യം 36 പന്തില്‍ 48 റണ്‍സടിച്ചു. 51 പന്തില്‍ ആറ് ബൗണ്ടറിയും മൂന്ന് സിക്‌സും അടിച്ച രോഹിത് ശര്‍മ മടങ്ങിയതോടെ സ്‌കോറിങ്ങിെന്റ വേഗം കുറഞ്ഞു.
നാലാമാനായെത്തിയ ഋഷഭ് പന്ത് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അനാവശ്യ ഷോട്ടില്‍ പുറത്തായി. കഴിഞ്ഞദിവസം ആദ്യ പന്തിലായിരുന്നെങ്കില്‍ ഞായറാഴ്ച അഞ്ചാം പന്തിലായിരുന്നു മടക്കം. ഒഷെ്ന്‍ തോമസിന്റെ, കഴുത്തോളം ഉയര്‍ന്ന പന്തില്‍ പാതി മനസ്സോടെ ബാറ്റുവെച്ച് ബൗണ്ടറി ലൈനില്‍ പൊള്ളാര്‍ഡിന് അനായാസ ക്യാച്ച് നല്‍കി. ഇരുപതാം ഓവറിലെ ആദ്യ രണ്ടുപന്തുകളും ക്രുണാല്‍ പാണ്ഡ്യ സിക്‌സടിച്ചു. അഞ്ചാം പന്ത് രവീന്ദ്ര ജഡേജയും നിലംതൊടാതെ പറത്തിയതോടെ ഓവറില്‍ 20 റണ്‍സ് വന്നു.

മറുപടി ബാറ്റിങ്ങില്‍ മൂന്നാം ഓവറില്‍ രണ്ട് വിക്കറ്റിന് എട്ട് എന്ന നിലയില്‍ വിന്‍ഡീസ് തകര്‍ന്നിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ റോവ്മാന്‍ പവലും നിക്കോളാസ് പൂരാനും ചേര്‍ന്ന് 62 പന്തില്‍ 76 റണ്‍സടിച്ച് മല്‍സരത്തിലേക്ക് വിന്‍ഡീസിനെ തിരിച്ചുകൊണ്ടുവന്നെങ്കിലും കൂട്ടുകെട്ട് ക്രുണാല്‍ പാണ്ഡ്യ അവസാനിപ്പിച്ചു. രണ്ടാം പന്തില്‍ പൂരാനെ ബൗണ്ടറി ലൈനില്‍ മനീഷ് പാണ്ഡെ മനോഹരമായ ക്യാച്ചിലൂടെ മടക്കി. ക്യാച്ചെടുത്ത ശേഷം നിലതെറ്റി മനീഷ് ബൗണ്ടറി ലൈന്‍ കടന്നെങ്കിലും അതിനകം പന്ത് അകത്തേക്ക് ഉയര്‍ത്തിയെറിഞ്ഞു. തിരിച്ചെത്തി സ്വന്തം കൈകൊണ്ടുതന്നെ ക്യാച്ചെടുത്തു. ഇതേ ഓവറിലെ അഞ്ചാം പന്തില്‍ പവലിനെ വിക്കറ്റിനുമുന്നില്‍ കുടുക്കി. 34 പന്തില്‍ 54 റണ്‍സടിച്ച പവല്‍ ആറ് ഫോറും മൂന്ന് സിക്‌സറും അടിച്ചിരുന്നു.

 

Krunal Pandya, Rohit Sharma power India to series-clinching victory


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.