2019 December 13 Friday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

പഴയ നഗരത്തിലേക്ക്

അവള്‍ കൈവീശി പഴയ തെരുവ് ചൂണ്ടിക്കാണിച്ചു. എന്നിട്ട് പൊടിനിറഞ്ഞ മലഞ്ചെരിവിലൂടെ താഴേക്കിറങ്ങാന്‍ തുടങ്ങി. വശങ്ങളിലൊക്കെ പെരുകിയ കടകളും വീടുകളും ശ്രദ്ധിച്ചു. കടകള്‍ക്കുള്ളിലെല്ലാം തലയിട്ടുനോക്കി. അകത്തും പുറത്തും ആളുകളിരിക്കുന്നത് കണ്ടു. കാപ്പിക്കടകളിലാണ് അധികംപേരും ഇരിക്കുന്നത്. ആളുകള്‍ തെരുവുകളിലൂടെ നടക്കുകയും ജനാലകളിലൂടെയും മട്ടുപാവുകളിലൂടെയും താഴേക്ക് നോക്കുകയും ചെയ്യുന്നു. അവരുടെ കണ്ണുകള്‍ തന്നെ ശ്രദ്ധിക്കുകയോ ശ്രദ്ധിക്കാതിരിക്കുകയോ ചെയ്യുന്നത് കണ്ടു. അവള്‍ ഇടവഴി അവസാനിക്കുന്നിടത്തുനിന്ന് സാവധാനം തെരുവിന്റെ വിശാലതയിലേക്ക് നടന്നു. കെട്ടിക്കിടക്കുന്ന വെള്ളം തെരുവില്‍ കവിഞ്ഞൊഴുകി കിടക്കുന്നത് കണ്ടു. തെരുവിന്റെ ഒത്തനടുവില്‍ ദുര്‍ഗന്ധം വമിക്കുന്ന വെള്ളത്തില്‍ ഒരു മരം വളര്‍ന്നുനിന്നിരുന്നു. വീട് അവിടെയുണ്ട്, അവിടെത്തന്നെയുണ്ട്. കെട്ടിമറച്ച ചെറിയ ബാല്‍ക്കണിയും ജനാലകളും അടച്ചുപൂട്ടിയിട്ടിരിക്കുന്നു. അല്‍പം തുറന്നുകിടക്കുന്ന കൊച്ചുഗെയിറ്റിന് ഇപ്പോള്‍ തുരുമ്പുകയറിയിട്ടുണ്ട്. അവളത് തുറിച്ചുനോക്കി അനക്കമറ്റ് നിന്നുപോയി. അവള്‍ വഴിമാറ്റി വീണ്ടും മറ്റേ ഊടുവഴിയുടെ നേര്‍ക്ക് നടത്തം തുടര്‍ന്നു. അപ്രധാനമായ തെരുവുകളിലൂടെ ചുറ്റിത്തിരിഞ്ഞു.
ആ വിദൂരകാലം…താനിവിടെ എന്നും വരുമായിരുന്നു. ചെറിയ കടകളില്‍നിന്ന് പച്ചക്കറികള്‍ വാങ്ങിക്കുമായിരുന്നു. തുരുമ്പുപിടിച്ച ഗെയിറ്റ് തള്ളിത്തുറന്ന് കോണികയറി അപ്പാര്‍ട്ടുമെന്റിലേക്ക് പോകുമായിരുന്നു. അവിടെ എന്തെങ്കിലും പാചകംചെയ്തു കഴിച്ചു. ബാല്‍ക്കണിയില്‍ ചെന്ന് വിശാലമായ ആകാശംനോക്കിനില്‍ക്കുമായിരുന്നു. പലചരക്കു കടക്കാരനോട് ‘സുപ്രഭാതം’ പറയുമായിരുന്നു. മാടക്കടക്കാരനോടും ക്ഷുരകനോടും പച്ചക്കറിക്കാരനോടും അയല്‍വാസികളോടും എല്ലാവരോടും ‘സുപ്രഭാതം’ പറയുമായിരുന്നു. അവിടെ തലയിണമേല്‍ തലചായ്ച്ചു കിടന്നു. കുട്ടികളുടെ ആര്‍പ്പുവിളികളും വഴിപോകുന്നവരുടെ ഒച്ചയനക്കങ്ങളും അയല്‍വാസികളുടെ വര്‍ത്തമാനങ്ങളും കേട്ടു. കാലത്തെ വര്‍ത്തമാന പത്രങ്ങളും മറ്റും വായിച്ചു. പക്ഷേ അവിടെനിന്ന് പോയപ്പോള്‍, അതൊരിക്കലും തിരിച്ചുവരാന്‍ വേണ്ടിയായിരുന്നില്ല. മറ്റൊരു അവസരത്തില്‍ തിരിച്ചുവന്നുവെന്നത് കാര്യമല്ല. കാര്യമല്ലേ എന്നത് ഇപ്പോള്‍ തനിക്കറിയില്ല. പക്ഷേ സത്യത്തില്‍ എന്താണുണ്ടായത് എന്നുവെച്ചാല്‍, അന്ന് വിമാനം ഒരു മണിക്കൂറിനകം പറന്നുയരാന്‍ തയാറായി ഒരുങ്ങിനിന്നു…താന്‍ കുറിയ ഇരുമ്പുവേലിക്കിപ്പുറം തുറിച്ചുനോക്കിനിന്നു. എവിടേയും അനവധിയാളുകള്‍ വരികയും പോകുകയും ചെയ്യുന്നു. തനിക്ക് കരച്ചില്‍വന്നില്ല. ഭൂമിയിലും ആകാശത്തിലും ഇരുട്ടുപരക്കവെ ആളൊഴിഞ്ഞ നടവഴിയിലൂടെ നടത്തം തുടര്‍ന്നു. കൂറ്റന്‍ കാര്‍ അതിവേഗം പാഞ്ഞുപോകുകയാണ്; അത് പിറകോട്ട് വിടുന്ന വെളിച്ചത്തിന്റെ സ്തൂപങ്ങള്‍ തുറിച്ചു തുറിച്ചുനോക്കി. വെളിച്ചത്തിന്റെ സ്തൂപവും ചെറുവൃക്ഷങ്ങളും പിറകോട്ട് പായുന്നു. താന്‍ ചത്വരത്തിന്റെ മധ്യത്തില്‍ നിശ്ചലയായി നിന്നു. അതിന്റെ വലിയ വിളക്കുകളില്‍നിന്നുള്ള മഞ്ഞിച്ച പ്രകാശസ്തൂപങ്ങള്‍ പുറപ്പെടുന്നത് കണ്ടു. ആളുകളും ബഹളവും കാറുകളും ബസുകളും വിശ്രുതമായ ഹോട്ടലും കണ്ടു. എല്ലാം ഓര്‍മിക്കാന്‍ പറ്റുന്നില്ല, പുതുതായി തോന്നുന്നതുമാത്രം ചിന്തിച്ചുനിന്നു. താനൊരു പുസ്തകം മേടിച്ചു കാപ്പിക്കടയിലിരുന്ന് വായിച്ചു. കാപ്പി കുടിച്ചുകൊണ്ട് എന്തോ പ്രതീക്ഷിച്ചിരുന്നു.
അവള്‍ ഊടുവഴിയില്‍നിന്ന് പ്രധാനവഴിയിലേക്ക് തിരിച്ചുനടന്നു. ഒരിക്കല്‍ക്കൂടെ ആ വീട് നോക്കി. അങ്ങോട്ടുനടന്ന് തുരുമ്പുപിടിച്ച ഇരുമ്പുഗെയിറ്റില്‍ തള്ളി. അത് കരകര ശബ്ദത്തോടെ തുറന്നു. കോണിപ്പടികള്‍ കയറിച്ചെന്ന് വാതിലില്‍ നോക്കി. അതിന്റെ കനത്ത താഴ് ശ്രദ്ധിച്ചു; അതില്‍ മെല്ലെ കൊട്ടി. വീണ്ടും കൊട്ടി, വീണ്ടും വീണ്ടും വീണ്ടും. രണ്ടു കൈകള്‍കൊണ്ട് അതില്‍ ശക്തിയായി തട്ടി. താക്കോലിനായി ബാഗിനുള്ളില്‍ പരതി. കെട്ടിടമൂലകളിലും കോണിപ്പടികള്‍ക്കിടയിലും ഇരുമ്പുഗെയിറ്റിന് പിറകിലും എല്ലായിടത്തും തിരഞ്ഞു.
താന്‍ താക്കോല്‍ ബാഗിന്റെ അകത്തെ പോക്കറ്റില്‍ ഇടാറായിരുന്നു പതിവ്. എന്നാല്‍ അതിപ്പോള്‍ അവിടെയില്ല. തനിക്കുവേണ്ടി വാതില്‍ തുറക്കാനാണെങ്കില്‍ അകത്ത് ആരുമില്ലതാനും. ഇവിടെനിന്ന് പോയതില്‍പ്പിന്നെ താക്കോല്‍ എവിടെയാണ് വച്ചതെന്ന് അറിയില്ല. ചിലപ്പോള്‍ നൈല്‍നദിയിലേക്ക് എറിഞ്ഞിട്ടുണ്ടാകും. അല്ലെങ്കില്‍ ബസ് ഓടുമ്പോള്‍ ജനാലയിലൂടെ പുറത്തേക്കെറിഞ്ഞുകാണും. പിന്നെ അതാര്‍ക്കാണ് കിട്ടിയതെന്ന് തനിക്കറിയില്ല. പക്ഷേ അന്നേദിവസം താന്‍ കാപ്പിക്കടയിലെ മേശപ്പുറത്താണ് വച്ചതെന്ന് തോന്നുന്നു, എന്നിട്ട് എടുക്കാതെ പോകുകയും ചെയ്തു. തീര്‍ച്ചയായും മേശപ്പുറത്ത് വച്ചുപോയതാവാനേ സാധ്യതയുള്ളൂ. കാരണം തിരിച്ചുവരണമെന്ന്, അതോ വരേണ്ടെന്നോ, തീര്‍ച്ചപ്പെടുത്തിയിട്ടുണ്ടോ എന്ന് തനിക്കറിയില്ലായിരുന്നു.
നേരുപറഞ്ഞാല്‍, താനീ കാര്യം മറന്നേപോയിരുന്നു. കാരണം താന്‍ ഒന്നിനെക്കുറിച്ചും ചിന്തിച്ചിരുന്നില്ല. എന്നാല്‍, ഇന്ന് തനിക്കീ വാതില്‍ തുറന്ന് അകത്തുകടക്കണമെന്നുണ്ട്. താന്‍ മുട്ടിക്കൊണ്ടേയിരുന്നു; ആരെങ്കിലും തുറക്കുകയാണെങ്കിലോ. എന്നാല്‍ ആരെങ്കിലും തുറക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നില്ല, കാരണം ആരും അതിനകത്തില്ല. അടുത്തവാതിലില്‍നിന്ന് തുറിച്ചുനോക്കുന്ന ഒച്ചയുണ്ടാക്കുന്ന ആ മനുഷ്യനെ സംബന്ധിച്ച്, അയാളാരാണെന്ന് അറിയില്ല; തന്നില്‍നിന്ന് എന്താണ് അയാള്‍ക്ക് വേണ്ടതെന്നും അവള്‍ക്കറിയില്ല. ഇനി താന്‍ കതകില്‍ മുട്ടാന്‍ തുടങ്ങുമ്പോള്‍ ഇയാള്‍ തന്റെ കൈയില്‍ പിടിച്ചുവയ്ക്കാതിരിക്കണം. പക്ഷേ തനിക്കതിന് സാധിച്ചില്ല. താന്‍ മറ്റേ കൈകൊണ്ട് മുട്ടി, അയാളതും പിടിച്ചുവച്ചു. എന്താണയാള്‍ക്ക് വേണ്ടതെന്നറിയാതെ താനയാളെ നോക്കി.
‘പൊയ്‌ക്കോ,’ അയാള്‍ പറഞ്ഞു.
‘സുപ്രഭാതം,’ ഞാന്‍ മൊഴിഞ്ഞു.
പക്ഷേ അയാള്‍ വീണ്ടും ആവര്‍ത്തിക്കുകയായിരുന്നു, ‘പോകാന്‍!’
താനെല്ലാവരോടും ‘സുപ്രഭാതം’ പറയാറുള്ളതാണെന്ന് അയാളോട് പറഞ്ഞു. ‘ഞാന്‍ നിങ്ങളോടും സുപ്രഭാതം പറയുന്നു. ഇതെന്റെ വീടാണ്. പക്ഷേ, സംഭവിച്ചത് എന്താണെന്നുവച്ചാല്‍, ഞാനിവിടെനിന്ന് പോയതില്‍പ്പിന്നെ തിരിച്ചുവന്നില്ല. ഈ വലിയ പൂട്ട് ആരാണ് ഇതിലിട്ടതെന്ന് അറിഞ്ഞുകൂടാ. എനിക്ക് അകത്ത് കടക്കണം, പക്ഷേ എന്റെ കൈയില്‍ ഇതിന്റെ താക്കോലില്ല. ആരും താക്കോല്‍ തന്നില്ല. എല്ലായിടവും ഞാന്‍ നോക്കി, പക്ഷേ കണ്ടുകിട്ടിയില്ല. ആ കരിംപച്ച മരങ്ങള്‍ വളര്‍ന്നുനില്‍ക്കുന്ന ചെളിക്കുണ്ടില്‍ വീണുപോയതാകുമോ? അന്ന് ആ വലിയ ചെളിക്കുണ്ട് അവിടെ ഉണ്ടായിരുന്നില്ല. ചെറിയൊരു പായല്‍പ്രദേശമായിരുന്നു. കരിംപച്ച മരങ്ങള്‍ വേരുപിടിച്ചിരുന്നില്ല.’
എന്നാല്‍ പൊക്കമുള്ള ആ മനുഷ്യന്‍ മൂന്നാമതും തന്നോട് പറഞ്ഞു, ‘പോകാന്‍.’
ആ കടക്കാരനോട് ചോദിച്ചാല്‍ മതി. കശാപ്പുകാരനോട്, മുടിവെട്ടുകാരനോട്, പച്ചക്കറി കച്ചവടക്കാരനോട്, അയല്‍വാസികളോട്, കുട്ടികളോട്, ഇതിലേ നടന്നുപോകുന്നവരോട്. താന്‍ ‘സുപ്രഭാതം’ പറയാറുണ്ടെന്ന് അവരെല്ലാം നിങ്ങളോട് പറയും. അതിലൊരാള്‍പോലും തന്നോട് പോകാന്‍ പറഞ്ഞിട്ടില്ല. എന്റെ കൈയൊന്ന് വിടാമോ, എനിക്ക് കതകില്‍ മുട്ടാനാണ്. ആരെങ്കിലും വന്ന് തുറക്കുമായിരിക്കും.
എന്നാല്‍ അയാള്‍ നാലാമതും അതുതന്നെ പറഞ്ഞു, ‘പോകാന്‍.’
അവള്‍ കോണിയിറങ്ങി തുരുമ്പുപിടിച്ച ഗെയിറ്റിനുനേരെ നടന്നു. ചതുപ്പിലേക്ക് നടന്ന് ദുര്‍ഗന്ധം വമിക്കുന്ന കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൈകളിട്ട് ചെടികള്‍ക്കിടയില്‍ വിരലുകള്‍ ഇഴച്ചു. അവള്‍ എണീറ്റുനിന്നു. അവളുടെ കൈകളില്‍നിന്നും കാലുകളില്‍നിന്നും അപ്പോള്‍ വെള്ളത്തുള്ളികള്‍ ഇറ്റിറ്റുവീഴുന്നുണ്ടായിരുന്നു. അരോചകമായ ദുര്‍ഗന്ധം പുറപ്പെടുവിക്കുന്നുണ്ടായിരുന്നു. അവള്‍ ചെളിക്കുണ്ടില്‍നിന്ന് തിരിച്ചുനടന്നു. മസാലക്കടക്കാരനെ കശാപ്പുകാരനെ പച്ചക്കറിക്കാരനെ മുടിവെട്ടുകാരനെ വഴിപോകുന്നയാളെ കുട്ടികളെ അയല്‍വാസികളെ നോക്കി:
‘സുപ്രഭാതം’, അവള്‍ എല്ലാവരോടുമായി പറഞ്ഞു.
പക്ഷേ അവരെല്ലാം അവളോടായി പറഞ്ഞത് ഇങ്ങനെയാണ്, ‘പോകാന്‍.’

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News