2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

മുസ്‌ലിംകള്‍ മാതൃകാ ജീവിതം നയിക്കണം: ഹമീദലി ശിഹാബ് തങ്ങള്‍

കുവൈത്ത് സിറ്റി: ഉത്തമ സമുദായമെന്നു അല്ലാഹു വിശേഷിപ്പിച്ച മുഹമ്മദ് നബി (സ)യുടെ സമുദായമായ നാം മാതൃകാപരമായ ജീവിതം നയിക്കാന്‍ ശ്രമിക്കണമെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. മുഹമ്മദ് നബി(സ)യും അവിടുത്തെ അനുയായികളും അതിനുശേഷം വന്ന മഹാന്മാരും ഔലിയാക്കളും അവരുടെ ജീവിതം മഹിതമായ ആശയങ്ങള്‍ പകര്‍ന്ന് നല്‍കിയപ്പോള്‍ അവരെ ആദരിക്കാനും ബഹുമാനിക്കാനും അവരില്‍ ആകൃഷ്ടരായി അവരുടെ ദീനിലേക്കു കടന്നു വരാനും ജനങ്ങള്‍ തയ്യാറായി. മുന്‍ഗാമികളുടെ പാത പിന്‍പറ്റി മുഹമ്മദ് നബി(സ)യുടെ ദര്‍ശനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ നമ്മള്‍ തയ്യാറാവണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കുവൈത്ത് കേരളാ ഇസ്‌ലാമിക് കൗണ്‍സില്‍ സംഘടിപ്പിച്ച മുഹബ്ബത്തെ റസൂല്‍ 2018 പൊതു സമ്മേളനത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അബാസിയ്യ ദാറുത്തര്‍ബിയ മദ്രസ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഇസ്‌ലാമിക് കൗണ്‍സില്‍ ചെയര്‍മാന്‍ ഹംസ ബാഖവി അധ്യക്ഷനായിരുന്നു. സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പൊതുസമ്മേളനത്തില്‍ ‘നൂറുന്‍ അലാ നൂര്‍’ എന്ന പ്രമേയത്തില്‍ അഡ്വ. ഓണമ്പിളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. മുഹമ്മദ് നബി (സ) എന്ന പ്രകാശം, പ്രകാശങ്ങളുടെ മേല്‍ പ്രകാശമായിരുന്നുവെന്നും ഹൃദയാന്തരങ്ങളിലൂടെ സഞ്ചരിച്ച് ആ പ്രകാശം എത്രയോ ജനപഥങ്ങളെ സ്വാധീനിച്ച് കൊണ്ട് ഒരു ജനതയെ ഏറ്റവും ഉന്നതം എന്ന് ലോകത്തെ കൊണ്ട് വിളിപ്പിക്കപ്പെടും വിധം സമൂഹത്തെ ഉദ്ധാരണം ചെയ്യുകയായിരുന്നുവെന്നും അഡ്വ. ഓണമ്പിളി മുഹമ്മദ് ഫൈസി പ്രസ്താവിച്ചു. മനുഷ്യത്വം തൊട്ടു തീണ്ടാത്ത കാലത്തിലായിരുന്നു മുഹമ്മദ് നബി(സ)യുടെ ജീവിതം. അക്ഷരങ്ങള്‍ക്കപ്പുറത്ത് ജീവിതം കൊണ്ടാണ് മുഹമ്മദ് നബി (സ) തന്റെ സമൂഹത്തെ മാറ്റിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

യൂസഫ് നായിഫ് അല്‍ശമ്മരി, എം.കെ. അബ്ദുറസാഖ് (KMCC ജനറല്‍ സെക്രട്ടറി), എ.പി. അബ്ദുല്‍സലാം (KKMA വര്‍ക്കിംഗ് പ്രസിഡന്റ്) എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് പുറത്തിറക്കിയ സോവനീര്‍ ‘അല്‍മഹബ്ബ18’ മെട്രോ മെഡിക്കല്‍ കെയര്‍ വൈസ് ചെയര്‍മാന്‍ ഹംസ പയ്യന്നൂര്‍ സാഹിബിനു കോപ്പി നല്‍കി സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. ഇസ്‌ലാമിക് കൗണ്‍സില്‍ കലണ്ടര്‍ 2019 പ്രകാശനം ലുലു റീജിയണല്‍ ഡയറക്ടര്‍ മുഹമ്മദ് ഹാരിസിന് കോപ്പി നല്‍കി കൊണ്ട് അഡ്വ. ഓണമ്പിളി മുഹമ്മദ് ഫൈസി നിര്‍വഹിച്ചു. ഇസ്‌ലാമിക് കൗണ്‍സില്‍ ജന. സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ ഫൈസി സംഘടനയുടെ പദ്ധതി അവതരണം നടത്തി.

ഇസ്‌ലാമിക് കൗണ്‍സില്‍ വൈസ് ചെയര്മാന്‍ ഉസ്മാന്‍ ദാരിമി, ഉന്നതാധികാര സമിതി കണ്‍വീനര്‍ മുഹമ്മദലി ഫൈസി, സയ്യിദ് നിസാര്‍ മശ്ഹൂര്‍ തങ്ങള്‍, സയ്യിദ് ഗാലിബ് മശ്ഹൂര്‍ തങ്ങള്‍, TVS മാര്‍ക്കറ്റിംഗ് മാനേജര്‍ ഗംഗൈ ഗോപാല്‍, സൈനുല്‍ ആബിദ് ഫൈസി, ഇ.എസ് അബ്ദുറഹിമാന്‍ സാഹിബ്, കരീം ഫൈസി, നാസര്‍ കോഡൂര്‍, ഇല്യാസ് മൗലവി, ഇഖ്ബാല്‍ ഫൈസി എന്നിവരും സംബന്ധിച്ചു. ഇസ്‌ലാമിക് കൗണ്‍സില്‍ ‘പ്രവര്‍ത്തന രീതികളിലൂടെ’ സ്ലൈഡ് ഷോ പ്രസന്റേഷന്‍ ശിഹാബ് മാസ്റ്റര്‍, അമീന്‍ മുസ്‌ലിയാര്‍, ഇസ്മായില്‍ വള്ളിയോത്ത്, നിസാര്‍ അലങ്കാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ശിഹാബ് കൊടുങ്ങല്ലൂര്‍ വിഖായ ടീമിനെ നിയന്ത്രിച്ചു.

ഇസ്‌ലാമിക് കൗണ്‍സില്‍ പ്രസിഡന്റ് ശംസുദ്ധീന്‍ ഫൈസി സ്വാഗതവും, ട്രഷറര്‍ ഇസ്മായില്‍ ഹുദവി നന്ദിയും പറഞ്ഞു. നേരത്തെ സംഘടിപ്പിച്ച മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സ്, മൗലിദ് സദസ്സ് എന്നിവക്ക് നേതാക്കളും, പ്രവര്‍ത്തകരുമടക്കം ആയിരക്കണക്കിന് പേര് പങ്കെടുത്തതു. ശേഷം അന്നദാനവും നടന്നു.

കുവൈത്ത് കേരളാ ഇസ്‌ലാമിക് കൗണ്‍സില്‍ മുഹബ്ബത്തെ റസൂല്‍ 2018ന്റെ ഭാഗമായി സംഘടിപ്പിച്ച മൗലിദ് സദസ്സിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നേത്യത്വം നല്‍കുന്നു


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.