2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

വിമര്‍ശനവുമായി സ്പീക്കര്‍

തിരുവനന്തപുരം: നിയമ നിര്‍മാണാധികാരം വിനിയോഗിച്ച് സര്‍ക്കാര്‍ യഥാസമയം ചട്ടങ്ങള്‍ പുറപ്പെടുവിക്കുന്നില്ലെന്നും നിയമസഭാ സബ്ജക്ട് കമ്മിറ്റികള്‍ക്ക് ജനതാല്‍പര്യത്തോട് നിഷേധാത്മക സമീപനമാണെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍.

നിയമസഭ പാസാക്കിയ 27 നിയമങ്ങള്‍ അനുസരിച്ചുള്ള ചട്ടങ്ങളുടെ കരട് നിര്‍മിക്കുകയോ, ബന്ധപ്പെട്ട സബ്ജക്ട് കമ്മിറ്റികളുടെ സൂക്ഷ്മ പരിശോധനക്കായി ലഭ്യമാക്കുകയോ ചെയ്തിട്ടില്ലെന്നതാണ് സ്പീക്കറുടെ വിമര്‍ശനത്തിനും പ്രത്യേക റൂളിങ്ങിനും കാരണമായത്. മന്ത്രിമാരാണ് സബ്ജക്ട് കമ്മിറ്റികളുടെ ചെയര്‍മാന്‍മാര്‍ എന്നതിനാല്‍ അവര്‍ക്കുനേരെയാണ് സ്പീക്കറുടെ വിമര്‍ശനമെന്നത് ശ്രദ്ധേയമാണ്. സ്പീക്കറുടെ പ്രത്യേക റൂളിങ്ങിനെ തുടര്‍ന്ന് ചട്ടങ്ങള്‍ രൂപീകരിക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ ചീഫ് സെക്രട്ടറിക്ക് നല്‍കുമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു.
നിയമസഭ പാസാക്കിയ ഒരു നിയമം വിജ്ഞാപനം ചെയ്തു കഴിഞ്ഞാല്‍ 90 ദിവസത്തിനുള്ളില്‍ അതിന്‍പ്രകാരമുള്ള കരട് ചട്ടങ്ങള്‍ തയാറാക്കി ബന്ധപ്പെട്ട സബ്ജക്ട് കമ്മിറ്റിയുടെ സൂക്ഷ്മ പരിശോധനക്കായി സര്‍ക്കാര്‍ ലഭ്യമാക്കേണ്ടതുണ്ട്. ഈ കരട് ചട്ടങ്ങള്‍ അടുത്ത 90 ദിവസത്തിനകം സൂക്ഷ്മ പരിശോധന നടത്തണം. സഭ പാസാക്കുന്ന ഒരു നിയമം എത്രയും വേഗം അതിന്റെ പൂര്‍ണ അര്‍ഥത്തില്‍ പ്രാബല്യത്തില്‍ വരണമെന്ന ലക്ഷ്യമാണ് ഇതിനു പിന്നിലുള്ളത്. പക്ഷേ, എട്ടും ഒന്‍പതും വര്‍ഷം മുന്‍പ് നിയമസഭ പാസാക്കിയ നിയമങ്ങള്‍ അനുസരിച്ചുള്ള ചട്ടങ്ങള്‍ പോലും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.

ഇതില്‍ വീഴ്ചവരുത്തിയ വകുപ്പുതല ഉദ്യോഗസ്ഥരില്‍നിന്ന് തെളിവെടുപ്പ് നടത്തുകയും കുറ്റക്കാരാണെന്നു കണ്ടെത്തുന്നവര്‍ക്കെതിരേ അച്ചടക്ക നടപടിക്ക് സബ്ജക്ട് കമ്മിറ്റികള്‍ ശുപാര്‍ശ ചെയ്യണമെന്നും റൂളിങ്ങിലൂടെ സ്പീക്കര്‍ നിര്‍ദേശിച്ചു.
സബ്ജക്ട് കമ്മിറ്റികളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ചില മാര്‍ഗനിര്‍ദേശങ്ങളും സ്പീക്കര്‍ പുറപ്പെടുവിച്ചു. സബ്ജക്ട് കമ്മിറ്റികള്‍ ചട്ടങ്ങളുടെ സൂക്ഷ്മ പരിശോധന കൃത്യമായി നടത്തുന്നുവെന്നും കുടിശ്ശികയായി അവശേഷിക്കുന്നവ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നുവെന്നും ഉറപ്പാക്കണമെന്നാണ് മാര്‍ഗനിര്‍ദേശത്തില്‍ ഒന്നാമതായി പറയുന്നത്.

നിയമസഭയുടെ ഈ സമ്മേളനം കഴിഞ്ഞാല്‍ സബ്ജക്ട് കമ്മിറ്റികള്‍ പ്രത്യേക അജന്‍ഡ വച്ച് തെളിവെടുപ്പ് യോഗം ചേരണമെന്നും കുടിശ്ശികയായ ചട്ടങ്ങളുടെ നിര്‍മാണവും അവ സംബന്ധിച്ച മറ്റു കാര്യങ്ങളും സമയബന്ധിതമായി ആവിഷ്‌കരിച്ചു നടപ്പാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
എല്ലാ സര്‍ക്കാര്‍ വകുപ്പുകളും കുടിശ്ശികയായിട്ടുള്ള ചട്ടങ്ങളുടെ നിര്‍മാണം രണ്ടുമാസത്തിനകം പൂര്‍ത്തീകരിക്കണം. ഇത് ചീഫ് സെക്രട്ടറി തലത്തില്‍ ഉറപ്പാക്കുകയും തയാറാക്കുന്ന കരട് ചട്ടങ്ങള്‍ ബന്ധപ്പെട്ട സബ്ജക്ട് കമ്മിറ്റികള്‍ക്ക് സൂക്ഷ്മ പരിശോധനക്ക് നല്‍കണം. കമ്മിറ്റികള്‍ ഇവ സമയബന്ധിതമായി പരിശോധിച്ച് നിയമസഭയുടെ അടുത്ത സമ്മേളനത്തിനു മുന്‍പ് സര്‍ക്കാരിന് സമര്‍പ്പിക്കണം. കുടിശ്ശിക ജോലികള്‍ പൂര്‍ത്തീകരിച്ചതു സംബന്ധിച്ച് എല്ലാ സബ്ജക്ട് കമ്മിറ്റികളുടെയും അധ്യക്ഷന്‍മാര്‍ അടുത്ത നിയമസഭാ സമ്മേളനത്തിന്റെ തുടക്കത്തില്‍ സഭയില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും സ്പീക്കര്‍ നിര്‍ദേശിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News