2018 April 13 Friday
ഒരാള്‍ മറ്റൊരാളുടെ ന്യൂനത മറച്ചു വച്ചാല്‍ അന്ത്യ നാളില്‍ അല്ലാഹു അവന്റെ ന്യൂനതയും മറച്ചു വയ്ക്കും
മുഹമ്മദ് നബി(സ)

ബി.ജെ.പി തുറന്നുവിട്ട വര്‍ഗീയതയെ അവര്‍ക്കു തന്നെ നിയന്ത്രിക്കാനാവുന്നില്ല: മുസ്‌ലിം ലീഗ്

ഡല്‍ഹിയില്‍ നാളെ പ്രതിഷേധ പ്രകടനം

ന്യൂഡല്‍ഹി: ബി.ജെ.പി തുറന്നുവിട്ട വര്‍ഗീയതയെ അവര്‍ക്കു തന്നെ നിയന്ത്രിക്കാനാവുന്നില്ലെന്ന് മുസ്‌ലിം ലീഗ്. കുടത്തില്‍ നിന്നു പുറത്തുവന്ന ഭൂതത്തെ തിരിച്ചുകുടത്തിലാക്കാന്‍ വലിയപ്രയാസമാണ്. വിഭാഗീയതയും വര്‍ഗീയതയും തുറന്നുവിട്ടിരിക്കുന്നു. അത് എല്ലാ ചേഷ്ടകളോടെയും അഴിഞ്ഞാടിക്കൊണ്ടിരിക്കുകയാണ്. അതിനെ ഇനി വര്‍ത്തമാനം കൊണ്ടൊന്നും നിയന്തിക്കാന്‍ കഴിയില്ല. ഇതിനെതിരായി ചിന്തിക്കുന്നവരുടെയൊക്കെ വിശാലമായ കൂട്ടായ്മ അനിവാര്യമാണെന്നും ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബശീറും പറഞ്ഞു. കേരളാ ഹൗസില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

യു.പി.എ സര്‍ക്കാരിന്റെ കാലത്ത് സാമ്പത്തികരംഗത്ത് ഉള്‍പ്പെടെ രാജ്യം കൈവരിച്ച നേട്ടങ്ങളെല്ലാം ഇപ്പോള്‍ പിന്നിലേക്കു പോയിക്കൊണ്ടിരിക്കുകയാണെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു. വലിയൊരു രാജ്യമായി വളര്‍ന്നുവരികയാണെന്ന തോന്നല്‍ അന്നുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ആ പ്രതീക്ഷ നഷ്ടമായി. കര്‍ഷകര്‍ വലിയ കഷ്ടപ്പാടിലായി. ചെറുകിടക്കാരുടെ ജീവിതം വഴിമുട്ടി. ഭരണത്തില്‍ ന്യൂനപക്ഷ, ദലിത് വിഭാഗങ്ങള്‍ക്ക് ആത്മവിശ്വാസം നഷ്ടമാവുകയാണ്. കൂടുതല്‍ സമാദുയികവല്‍കരിച്ച് അതു രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. എന്‍.ഡി.എ സര്‍ക്കാരിന്റെ ഈ കഴിവുകേടു മറക്കാനായി അവര്‍ സാമുദായിക ദ്രുവീകരണം നടത്തുകയാണ്. ഇതു ഏറ്റവുമധികം ബാധിക്കുന്നത് രാജ്യത്തെ ദലിതുകളെയും മുസ്‌ലിംകളെയുമാണ്. ഭയാനകമായ സാഹചര്യമാണ് ഇന്ത്യയിലുള്ളത്. ഇത് കൈവിട്ടുപോവുമെന്ന് തോന്നിയപ്പോള്‍ ഗോരക്ഷാപ്രവര്‍ത്തകരുടെ ആക്രമണത്തെ തള്ളിപ്പറഞ്ഞ് പ്രധാനമന്ത്രി തന്നെ രംഗത്തുവരികയുണ്ടായെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കഴിഞ്ഞയാഴ്ച ഇസ്‌റാഈലില്‍ നടത്തിയ ദ്വിദിന സന്ദര്‍ശനത്തില്‍ ഫലസ്തീനെ മാറ്റിനിര്‍ത്തിയ പ്രധാനമന്ത്രിയുടെ നടപടിയെ ഇ.ടി മുഹമ്മദ് ബശീര്‍ ചോദ്യംചെയ്തു. എന്നും മര്‍ദിതരുടെ കൂടെ നിന്ന ചരിത്രമാണ് ഇന്ത്യക്കുള്ളത്. അതില്‍ നിന്നുള്ള നയംമാറ്റമാണ് മോദിയുടെ നടപടി. ഇസ്‌റാഈലുമായി വ്യാപാരസഹകരണമേഖല വലുതായി വരികയാണ്. ലോകത്ത് ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന, വെറുക്കപ്പെട്ടുവരുന്ന ഇസ്‌റാഈല്‍ സന്ദര്‍ശിച്ചു വിവിധ കരാറുകളില്‍ ഒപ്പിടുന്നതു വഴി ആ രാജ്യത്തെ വെള്ളപൂശുകയാണ് മോദി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയാനുള്ള ഭേദഗതി മനുഷ്യന്റെ ജീവനു രക്ഷയില്ലാതാക്കുന്ന സാഹചര്യമാണുള്ളത്. ഈ പുതിയ വിജ്ഞാപനം പശുക്കളുടെ സുരക്ഷിതത്വം ലക്ഷ്യംവച്ചല്ലെന്ന് ഉറപ്പാണ്. മാത്രവുമല്ല, ഈ വിജ്ഞാപനം കൊണ്ട് ഏറ്റവുമധികം അപകടമുണ്ടാവുന്നതും പശുക്കള്‍ക്കു തന്നെയാണെന്നും ഇ.ടി പറഞ്ഞു. ഇന്നു തുടങ്ങിയ മഴക്കാല സമ്മേളനം പുതിയ പ്രതീക്ഷകള്‍ നല്‍കുന്നതാണ്. ബി.ജെ.പിയുടെ രാഷ്ട്രപതിസ്ഥാനാര്‍ഥിക്കെതിരേ 18 കക്ഷികള്‍ ഒന്നിച്ചു നിന്ന് സംയുക്തസ്ഥാനാര്‍ഥിയെ നിര്‍ത്തിയത് ഭാവിയിലേക്കുള്ള പ്രതിപക്ഷ ഐക്യനിരയുടെ ചൂണ്ടുപലകയാണ്. പ്രതിപക്ഷ ഐക്യത്തില്‍ നല്ല പ്രതീക്ഷയുണ്ട്. ചെറിയപാര്‍ട്ടിയാണെങ്കിലും പ്രതിപക്ഷ ഐക്യത്തിന് നല്ല പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂനപക്ഷ, ദലിത് വിഭാഗങ്ങള്‍ക്കു നേരെ രാജ്യത്തു വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കെതിരേ നടത്തിവരുന്ന പ്രതിഷേധപരിപാടിയുടെ ഭാഗമായി ഡല്‍ഹിയില്‍ നാളെ റാലി നടത്തും. രാവിലെ 11ന് മണ്ഡിഹൗസ് മെട്രോ സ്‌റ്റേഷന്‍ പരിസരത്തു നിന്ന് തുടങ്ങുന്ന മാര്‍ച്ച് ജന്തര്‍ മന്ദിറില്‍ സമാപിക്കും. തെരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകരാവും റാലിയില്‍ പങ്കെടുക്കുക. ദേശീയ അധ്യക്ഷന്‍ പ്രൊഫ. ഖാദര്‍ മൊയ്തീന്‍ ഉദ്ഘാടനംചെയ്യും. സംഗമത്തില്‍ വിവിധ കക്ഷിനേതാക്കളും സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകരും അഭിസംബോധനചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ദേശീയ ഖജാഞ്ചി പി.വി അബ്ദുല്‍ വഹാബ് എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, മുസ്‌ലിം യൂത്ത് ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ എന്നിവരും പങ്കെടുത്തു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.