2019 December 06 Friday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

ശ്രീലങ്ക സമാധാനത്തിലേക്ക്

കൊളംബോ: ഈസ്റ്റര്‍ദിന സ്‌ഫോടനങ്ങളെ തുടര്‍ന്ന് ശ്രീലങ്കയില്‍ മുസ്‌ലിംകള്‍ക്കെതിരേ വ്യാപകമായി നടന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് താല്‍ക്കാലിക ശമനം.

കൂടുതല്‍ പൊലിസിനെ വിന്യസിക്കുകയും കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും നിരവധിപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതോടെയാണ് അക്രമികള്‍ പിന്‍വലിഞ്ഞത്. കലാപത്തിനുത്തരവാദികളായവരെ പിടികൂടാനുള്ള തിരച്ചില്‍ തുടരുന്നതായി പൊലിസ് പറഞ്ഞു. ഇതിനകം 112 പേരെ കസ്റ്റഡിയിലെടുത്തതായി അധികൃതര്‍ അറിയിച്ചു.

കലാപം പരിധിവിട്ടതോടെ യൂറോപ്യന്‍ രാജ്യങ്ങളുടെ കൊളംബോയിലെ അംബാസഡര്‍മാര്‍ ആശങ്ക പ്രകടിപ്പിക്കുകയും ക്രമസമാധാനം നിലനിര്‍ത്താന്‍ സത്വര നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അതിനിടെ രാജ്യത്ത് മുസ്‌ലിംകള്‍ക്കെതിരേ വ്യാപകമായി നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ സൈന്യത്തിനു പങ്കുണ്ടെന്ന ആരോപണം ശ്രീലങ്കന്‍ സൈനികമേധാവി മഹേഷ് സേനാനായകെ നിഷേധിച്ചു.

ക്രൈസ്തവ-ബുദ്ധ തീവ്രവാദികളുടെ നേതൃത്വത്തില്‍ നടന്ന ആക്രമണങ്ങളില്‍ ഒരാള്‍ കൊല്ലപ്പെടുകയും മുസ്‌ലിംപള്ളികളും മുസ്‌ലിംകളുടെ സ്ഥാപനങ്ങളും തകര്‍ക്കപ്പെടുകയും ചെയ്തിരുന്നു. പലയിടത്തും ആള്‍ക്കൂട്ട ആക്രമണം തടയാതെ പൊലിസും സുരക്ഷാസേനയും നോക്കിനില്‍ക്കുകയായിരുന്നെന്ന് വ്യാപക പരാതിയുണ്ടായിരുന്നു.

സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അക്രമികളുടെ കൂടെ സൈനികരുള്ള ദൃശ്യങ്ങള്‍ ഒന്നും കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ തന്നെ സൈനികര്‍ക്കെതിരേ നടപടിയെടുക്കുന്ന വിഷയം ഉദിക്കുന്നില്ലെന്നും സേനാനായകെ കൂട്ടിച്ചേര്‍ത്തു.
സി.സി ടി.വി ദൃശ്യങ്ങളില്‍ മദ്യപിച്ച യുവാക്കള്‍ അഴിഞ്ഞാടുന്നതാണുള്ളത്. എന്നാല്‍ എവിടെയാണത് നടന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. മുസ്‌ലിംകളുടെ സ്ഥാപനങ്ങള്‍ തകര്‍ത്ത ജനക്കൂട്ടത്തിന്റെ കൈയില്‍ വടിയും പെട്രോള്‍ ബോംബുകളുമുണ്ടായിരുന്നു. അവരെക്കാള്‍ എണ്ണത്തില്‍ കുറവായിരുന്നു പട്ടാളക്കാര്‍.

അതിനിടെ പുതുതായി അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത സാഹചര്യത്തില്‍ കര്‍ഫ്യൂ പിന്‍വലിച്ചതായി പൊലിസ് വക്താവ് റുവാന്‍ ഗുണശേഖര പറഞ്ഞു. പ്രധാന റോഡുകളെല്ലാം തുറന്ന് ഗതാഗതം പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, കടകള്‍ തുറന്നിട്ടുണ്ടെങ്കിലും ആളുകള്‍ നിരത്തിലിറങ്ങാന്‍ മടിക്കുകയാണ്. അക്രമം പടരാതിരിക്കാന്‍ ഏര്‍പ്പെടുത്തിയ സമൂഹമാധ്യമ നിരോധനം പിന്‍വലിച്ചിട്ടില്ല. അതിനിടെ 258 പേര്‍ കൊല്ലപ്പെട്ട ഏപ്രില്‍ 21ലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഒരു സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും അധ്യാപകനെയും അറസ്റ്റ് ചെയ്തു. നാഷനല്‍ തൊഹീദ് ജമാഅത്തുമായി ബന്ധമുള്ളവരാണ് ഇവരെന്ന് പൊലിസ് പറഞ്ഞു. നൂര്‍ മുഹമ്മദ് അദ്ദുല്‍, അജിബുല്‍ ജബ്ബാര്‍ എന്നിവരാണ് അറസ്റ്റിലായത്. മുസ്‌ലിംകളെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് 70 പേരെയാണ് പൊലിസ് ഇതുവരെ അറസ്റ്റ് ചെയ്തത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.