2019 May 22 Wednesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

സ്വകാര്യ ബസുകളെ നിയന്ത്രിക്കാന്‍ പ്രത്യേക സ്‌ക്വാഡ്

 

 

തിരുവനന്തപുരം: കല്ലട ട്രാവല്‍സിന്റെ ബസില്‍ സഞ്ചരിച്ച യാത്രക്കാര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ജനരോക്ഷം ശക്തമായതോടെ സംസ്ഥാനത്തെ സ്വകാര്യ ബസ് ലോബികള്‍ക്ക്‌മേല്‍ നിയന്ത്രണം ശക്തമാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു.
സ്വകാര്യ ബസുകളെ നിയന്ത്രിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കാന്‍ എല്ലാ ആര്‍.ടി ഓഫിസുകള്‍ക്കും നിര്‍ദേശം നല്‍കി. ഗതാഗത കമ്മിഷനര്‍ എ.ഡി.ജി.പി സുധേഷ് കുമാര്‍ ഇത് സംബന്ധിച്ച ഉത്തരവിറക്കി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ തലവനായി മൂന്നംഗ സ്‌ക്വാഡ് രൂപീകരിക്കണം. മിന്നല്‍ പരിശോധന നടത്തി ക്രമക്കേടുകള്‍ കണ്ടെത്തണമെന്നാണ് നിര്‍ദേശം. ജോയിന്റ് ആര്‍.ടി.ഒ യ്ക്കാണ് സ്‌ക്വാഡുകളുടെ മേല്‍നോട്ട ചുമതല. എല്ലാ ബസുകളുടേയും മുന്‍ കേസുകള്‍ കണ്ടെത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

യാത്രക്കാരുടെ ലഗേജ് അല്ലാതെ മറ്റ് ചരക്കുകള്‍ കടത്തുന്നുണ്ടോ എന്നും പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്. കൂടാതെ എല്ലാ അന്തര്‍സംസ്ഥാന ബസുകളുടെയും പെര്‍മിറ്റുകള്‍ പരിശോധിക്കണമെന്നും മിന്നല്‍ പരിശോധന നടത്തുമ്പോള്‍ യാത്രക്കാര്‍ പരാതിപ്പെട്ടാല്‍ ഉടന്‍ ബസ് പിടിച്ചെടുത്ത് പൊലിസിന് കൈമാറണമെന്നും ഗതാഗത കമ്മിഷനര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ നിന്നായി നൂറുകണക്കിന് സ്വകാര്യബസുകളാണ് കേരളത്തിന് അകത്തും പുറത്തുമുള്ള വിവിധ നഗരങ്ങളിലേക്ക് നിത്യവും സര്‍വിസ് നടത്തുന്നത്. എത്ര വണ്ടികള്‍ ഓടുന്നു, ഇതില്‍ ജീവനക്കാര്‍ ആരെല്ലാം എന്ന കാര്യത്തിലൊന്നും കൃത്യമായ വിവരം സര്‍ക്കാരിന്റെ പക്കലില്ല. ഇതിനെല്ലാം ഇനി കൃത്യമായ മാര്‍ഗ നിര്‍ദേശവും പൊതുമാനദണ്ഡവും രൂപപ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കല്ലട ബസിലുണ്ടായതിന് സമാനമായ സംഭവങ്ങള്‍ മുന്‍പും പലതവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അതെല്ലാം ഒറ്റപ്പെട്ട ശബ്ദമായി അവസാനിക്കുകയാണ് ചെയ്തത്. എന്നാല്‍ ഇനി ഇക്കാര്യത്തില്‍ ഉദാസീനമായ നിലപാട് വേണ്ടെന്നാണ് പൊലിസിന്റെയും തീരുമാനം.

കോണ്‍ട്രാക്ട് കാര്യേജ് എന്ന ലൈസന്‍സ് വച്ചാണ് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സര്‍വിസ് നടത്തുന്നത്. ഒരോ വ്യക്തിയില്‍ നിന്നും പണം വാങ്ങി കൊണ്ടുപോകാനുള്ള അനുമതിയല്ല, മറിച്ച് ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് വണ്ടി ഓടിക്കാന്‍ മാത്രമുള്ള അനുമതിയാണിത്. അതായത് ഒരോ യാത്രക്കാരനില്‍ നിന്നുമായി പണം വാങ്ങാന്‍ ബസ് ഉടമകള്‍ക്ക് അനുവാദമില്ല. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാവും എന്നതിനാല്‍ മാത്രമാണ് ഇത്ര കാലവും ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കാതിരുന്നത് എന്നാണ് പൊലിസും ഗതാഗത ഉദ്യോഗസ്ഥരും പറയുന്നത്.

യാത്രാക്കാരില്‍ നിന്നും പണം വാങ്ങാന്‍ പോലും അനുവാദമില്ലാത്ത സ്വകാര്യ ബസുകളാണ് ഉത്സവസമയത്തും മറ്റും തോന്നുന്ന നിരക്ക് ഈടാക്കി കൊള്ളയടിക്കുന്നത്. കഴിഞ്ഞ ഓണക്കാലത്ത് കല്ലട ട്രാവല്‍സിലെ ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയായി വര്‍ധിപ്പിച്ച സംഭവത്തില്‍ ഇവര്‍ക്കെതിരേ വ്യാപക പരാതി വന്നെങ്കിലും കമ്പനിയുടെ സ്വാധീനം മൂലം ഒരു നടപടിയും ഉണ്ടായിരുന്നില്ല.
കല്ലട ബസിലെ സംഭവത്തോടെ കേരളത്തിലെ സ്വകാര്യ ബസുകളെ നിയന്ത്രിക്കാനും നിരീക്ഷിക്കാനുമായി ഒരു സ്ഥിരം സംവിധാനം കൊണ്ടുവരാനാണ് പൊലിസും ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ ഗതാഗത വകുപ്പുമായി പൊലിസ് ആലോചന ആരംഭിച്ചിട്ടുണ്ട്. അന്തര്‍സംസ്ഥാന ബസുകളില്‍ പലതും നിയമവിരുദ്ധമായി സര്‍വിസ് നടത്തുകയാണെന്നും ഇതിനൊരു നിയന്ത്രണം വേണമെന്നുമുള്ള അഭിപ്രായം ഉദ്യോഗസ്ഥര്‍ക്കിടിയില്‍ തന്നെ ഉണ്ടായിട്ടുണ്ട്.

 

കല്ലട ബസില്‍ മര്‍ദനമേറ്റ
വിദ്യാര്‍ഥിയുടെ ബാഗ്
കണ്ടെത്താന്‍ പൊലിസ് സഹായിക്കും

തിരുവനന്തപുരം: കല്ലട ബസില്‍വച്ച് മര്‍ദനമേറ്റ വിദ്യാര്‍ഥിയുടെ നഷ്ടപ്പെട്ട ബാഗ് കണ്ടെത്താന്‍ പൊലിസ് സഹായിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ.
ബസ് ജീവനക്കാരുടെ ആക്രമണത്തിന് ഇരയായ സച്ചിന്റെ പരീക്ഷയ്ക്കുള്ള ഹാള്‍ ടിക്കറ്റ്, ലാപ് ടോപ്, പ്രോജക്റ്റ് റിപ്പോര്‍ട്ട് എന്നിവയടങ്ങിയ ബാഗാണ് നഷ്ടപ്പെട്ടത്. സച്ചിന്‍ കോയമ്പത്തൂരിനു സമീപം ഒരു ആശുപത്രിയില്‍ ചികിത്സയിലാണ്. സച്ചിന്റേയും സുഹൃത്തിന്റെയും മൊഴി രേഖപ്പെടുത്തുന്നതിന് ഒരു ഡി.വൈ.എസ്.പി യെ കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് അയക്കുമെന്നും ഡി.ജി.പി അറിയിച്ചു. സച്ചിനുമായി ഫോണില്‍ സംസാരിച്ചുവെന്നും സംഭവത്തില്‍ കുറ്റക്കാരായ എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഡി.ജി.പി അറിയിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.