2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

അനധികൃത ഹജ്ജ് 7,027 വിദേശികള്‍ക്കെതിരെ നിയമ നടപടി

 

ജിദ്ദ: ഹജ് നിയമ, നിര്‍ദേശങ്ങള്‍ ലംഘിച്ച 7,027 വിദേശികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഹജ് പൊതുസുരക്ഷാ സേനാ വക്താവ് ബ്രിഗേഡിയര്‍ സാമി അല്‍ശുവൈരിഖ് അറിയിച്ചു. ഇവരുടെ വിരലടയാളങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഈ വര്‍ഷം ആകെ 288 വ്യാജ ഹജ് സര്‍വീസ് സ്ഥാപനങ്ങള്‍ സുരക്ഷാ വകുപ്പുകള്‍ കണ്ടെത്തി. ഇവയുടെ നടത്തിപ്പുകാര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചുവരികയാണ്.

ഹജ് അനുമതി പത്രമില്ലാത്ത 40,352 പേരെ കഴിഞ്ഞ ദിവസങ്ങളില്‍ മക്കക്കു സമീപമുള്ള ചെക്ക് പോസ്റ്റുകളില്‍ നിന്ന് തിരിച്ചയച്ചു. നിയമ, നിര്‍ദേശങ്ങള്‍ ലംഘിച്ച് മക്കയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച 2,44,485 വാഹനങ്ങളും ചെക്ക് പോസ്റ്റുകളില്‍ നിന്ന് തിരിച്ചയച്ചു.
ഹജ് അനുമതി പത്രമില്ലാത്തവരെ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കടത്താന്‍ ശ്രമിച്ച 130 പേര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചു. ഹജ് നിര്‍വഹിക്കുന്നതിന് മക്കയില്‍ നിന്ന് പുണ്യസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ഇഹ്‌റാം വേഷത്തിലുള്ള 5,33,006 പേരെ സുരക്ഷാ വകുപ്പുകള്‍ തിരിച്ചയച്ചു.

ഹജ് നിയമം ലംഘിച്ച് പിടിയിലാകുന്നവരെ നിയമ നടപടികള്‍ക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയാണ് ചെയ്യുന്നത്. ഈ വര്‍ഷം വ്യാജ ഹജ് സര്‍വീസ് സ്ഥാപനങ്ങളുടെ എണ്ണത്തില്‍ വലിയ കുറവുണ്ട്. വ്യാജ ഹജ് സര്‍വീസ് സ്ഥാപന നടത്തിപ്പുകാരെ പിടികൂടി അവരുടെ പക്കലുള്ള പണം പിടിച്ചെടുത്ത് നിയമ നടപടികകള്‍ക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
ഇത്തരം സ്ഥാപനങ്ങളുടെ തട്ടിപ്പുകള്‍ക്കിരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ കോടതികളാണ് വിധി പ്രസ്താവിക്കേണ്ടത്. പോക്കറ്റടി കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് പൊതുസുരക്ഷാ വകുപ്പിനു കീഴില്‍ പ്രത്യേക വിഭാഗമുണ്ട്. ബന്ധപ്പെട്ട വകുപ്പുകള്‍ പരസ്പര സംയോജനത്തോടെ പ്രവര്‍ത്തിക്കുന്നതിനാല്‍ പിടിയിലാകുന്നവരുടെ കേസുകളില്‍ വേഗത്തില്‍ തീര്‍പ്പ് കല്‍പിക്കുന്നുണ്ട്. അധിക കേസുകളിലും നിയമ നടപടികള്‍ പൂര്‍ത്തിയാക്കി 24 മണിക്കൂറിനുള്ളില്‍ വിധി പ്രസ്താവിക്കുന്നുണ്ടെന്നും ബ്രിഗേഡിയര്‍ സാമി അല്‍ശുവൈരിഖ് പറഞ്ഞു.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.