2019 October 24 Thursday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാന്‍ യു.പിയില്‍ നിയമഭേദഗതി, ഇര കൊല്ലപ്പെട്ടാല്‍ ജീവപര്യന്തം, പരിക്കേറ്റാല്‍ 7- 10 വര്‍ഷം തടവ്; ഗൂഢാലോചനക്കാരും അഴിയെണ്ണേണ്ടിവരും

 

ലഖ്‌നോ: സുപ്രിംകോടതിയുടെ കര്‍ശന നിര്‍ദേശശങ്ങളെത്തുടര്‍ന്ന് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവരുന്നു. പുതിയ നിയമപ്രകാരം ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ കുറ്റക്കാരെന്നു കണ്ടെത്തിയാല്‍ ഏഴുവര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കും. ഒപ്പം അഞ്ചുലക്ഷം രൂപവരെ പിഴയും ലഭിക്കുന്ന വിധത്തിലാണ് നിയമം പരിഷ്‌കരിക്കുന്നത്. ഇതുസംബന്ധിച്ച ശുപാര്‍ശകളടങ്ങിയ ‘ഉത്തര്‍പ്രദേശ് കോംപാറ്റിങ് ഓഫ് മോബ് ലിഞ്ചിങ് ബില്ല്- 2019’ന്റെ കരട് ഇന്നലെ ഉത്തര്‍പ്രദേശ് നിയമ കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു. കമ്മിഷന്‍ അധ്യക്ഷന്‍ റിട്ട ജസ്റ്റിസ് ആദിത്യനാഥ് മിത്തല്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനാണ് കരട് കൈമാറിയത്.

 

സമൂഹത്തില്‍ വിദ്വേഷവും ഭീതിയും വളര്‍ത്തുന്നതിനാല്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വേറിട്ടു തന്നെ കാണണമെന്നും കരട് ശുപാര്‍ശചെയ്യുന്നു.

കരടിലെ പ്രധാന വ്യവസ്ഥകള്‍ ഇപ്രകാരമാണ്:

* ആള്‍ക്കൂട്ട ആക്രമണത്തിനിരയായി പരിക്കേറ്റാല്‍ പ്രതികള്‍ക്ക് ഏഴുവര്‍ഷം വരെ തടവുശിക്ഷയും ഒരുലക്ഷം രൂപവരെ പിഴയും.

* ഇരക്ക് ഗുരുതരമായി പരിക്കേറ്റാല്‍ പത്തുവര്‍ഷം വരെ തടവും മൂന്നുലക്ഷം രൂപ വരെ പിഴയും.

* ഇര കൊല്ലപ്പെടുകയാണെങ്കില്‍ ജീവപര്യന്തം തടവും അഞ്ചുലക്ഷം രപ പിഴയും.

* കുറ്റകൃത്യത്തിന് ഗൂഢാലോചനനടത്തുകയും പ്രേരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കും ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ നേരിട്ട് പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കുന്ന ശിക്ഷ നല്‍കണം

* ക്രമസമാധാനപാലനത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ കൃത്യനിര്‍വഹത്തില്‍ വീഴ്ചവരുത്തുകയാണെങ്കില്‍ ഒരുവര്‍ഷം മുതല്‍ മൂന്നുവര്‍ഷം വരെ തടവും 5,000 രൂപവരെ പിഴയും.

കരടില്‍ “lynching” (ആള്‍ക്കൂട്ട ആക്രമണം), “mob” (അക്രമാസക്ത ആള്‍ക്കൂട്ടം), “victim” (ഇര) എന്നിവ വ്യാഖ്യാനിക്കുക മാത്രമല്ല, ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും എതിരെ വൈര്യംവളര്‍ത്തുന്നതുള്‍പ്പെടെയുള്ള നടപടികളും വ്യക്തമാക്കുന്നുണ്ട്. വ്യാപാരം ബഹിഷ്‌കരിക്കല്‍, അപാനിക്കല്‍, മൗലികാവകാശങ്ങള്‍ക്ക് തടസം നില്‍ക്കല്‍, വ്യക്തികളെ വീട് ഉപേക്ഷിക്കാനുള്ള സാഹചര്യം സൃഷ്ടിക്കല്‍ എന്നിവയും ഇതിന്റെ പരിധിയില്‍ വരും.

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഇല്ലാതാക്കുന്നതിനു വേണ്ടിയുള്ള കരട് നിയമനിര്‍മാണം സംസ്ഥാന സര്‍ക്കാര്‍ മുന്‍പാകെ സമര്‍പ്പിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും ഇനി സര്‍ക്കാരാണ് തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതെന്നും നിയമകമ്മിഷന്‍ സെക്രട്ടറി സപ്‌ന ത്രിപാഠി പറഞ്ഞു.

7 yrs to life in jail: UP panel drafts tough law on mob lynching, onus on officser


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.